പല പുരാതന ശാസനങ്ങളിലും അതെഴുതപ്പെട്ട വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ അതത് രാജാക്കന്മാരുടെ ഭരണവർഷം ഉപയോഗിച്ചാണെന്ന് കാണാം. ഐക്യരൂപ്മുള്ള ഒരു കാലഗണനാരീതി ഭാരതീയർ സ്വീകരിച്ചില്ലെന്നാണ് ‘ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ’ (1954) എന്ന വിശ്രുതഗ്രന്ഥത്തിൽ എ. എൽ. ബാഷാം പറയുന്നത്. ഇന്നോളം നാം കേട്ടറിഞ്ഞിട്ടുള്ള ഏതാനും വർഷഗണനാരീതികൾ ഇവയാണ്:
- സപ്തർഷി വർഷം ( ബിസി 76 മുതൽ)
- വിക്രമവർഷം ( ബി സി 56)
- ശകവർഷം (എഡി 78)
- കലചൂരിവർഷം ( എഡി 248)
- ഗുപ്തവർഷം (എഡി 320)
- ഹർഷ വർഷം( എഡി 606)
ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന വിവിധങ്ങളായ പ്രാദേശിക വർഷങ്ങൾ ഇവയാണ്. ഇപ്പറഞ്ഞ വർഷങ്ങൾക്കു ശേഷം നിലവിൽ വന്ന പ്രാദേശിക വർഷമാണ് നമ്മുടെ കൊല്ലവർഷം. അത് എഡി 825 മുതൽ ആരംഭിച്ചുവെന്നാണ് പൊതുസമ്മതമുള്ള ധാരണ.
കൊല്ലവർഷം വന്ന വഴി
കേരള ചരിത്രപദ്ധതിയിൽ മാത്രമല്ല, കേരളത്തിന്റെ കാലഗണനാപദ്ധതിയിലും അവിഭാജ്യമായ സംഭവമത്രെ കൊല്ലവർഷാരംഭം. ആ സങ്കല്പനവും ആശയപദ്ധതിയും പ്രചാരത്തിലാവുന്നതിനു മുമ്പുള്ള രേഖകളിൽ, നേരത്തെ പറഞ്ഞ വർഷങ്ങളിലേതെങ്കിലുമൊന്നാവും കുറിച്ചിട്ടുണ്ടാവുക. കൊല്ലവർഷം കുറിച്ചിട്ടുള്ള ആദ്യത്തെ രേഖ മാമ്പള്ളി ശാസനമാണ് – കൊല്ലം 148 എന്ന ഗവേഷകർ ഇത് വായിച്ചെടുത്തിരിക്കുന്നു. വേണാട്ടിലെ ശ്രീവല്ലഭൻ കോതയുടെ പേരിലാണ് അതറിയപ്പെടുന്നത്.
കേരളത്തിന്റെ തെക്കൻഭാഗങ്ങൾ, മധുര, തിരുനെൽവേലി, സിലോൺ എന്നിവിടങ്ങളിൽ വർഷാരംഭം ചിങ്ങം ഒന്നാം തീയതിയാണ്. വടക്കൻ കേരളത്തിൽ വർഷാരംഭം കന്നി ഒന്നാം തീയതിയാണ്- ഈ രീതി കൊല്ലവർഷത്തിന്റെ സവിശേഷതയാണ്. എന്തായാലും, കൊല്ലവർഷം ഉണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് ഒരു തീർപ്പുണ്ടായിട്ടില്ല. കൊല്ലവർഷാഗമനത്തെപ്പറ്റി പല ഗണനാസിദ്ധാന്തങ്ങളുമുണ്ട്:
1) കലിവർഷം 3926- എഡി 825 ആണെന്ന് കണക്കാക്കപ്പെടുന്നു. അക്കാലത്തെ വേണാട്ടുരാജാവായ ഉദയമാർത്താണ്ഡവർമ്മ ഒരു പുതിയ വർഷം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും തീരുമാനമെടുക്കാനും വലിയൊരു സമ്മേളനം കൊല്ലത്ത് വിളിച്ചുകൂട്ടി. പണ്ഡിതന്മാരുടെ ജ്യോതിശാസ്ത്ര പരിചിന്തനങ്ങൾക്കു ശേഷം അക്കൊല്ലത്തെ ചിങ്ങമാസം മുതൽ ഒരു പുതിയ വർഷം ആരംഭിക്കുക എന്ന തീരുമാനം കൊക്കൊണ്ടു. പി ശങ്കുണ്ണിമേനോൻ പറയുന്ന കഥയാണിത്. തിരുവിതാംകൂർ ചരിത്രകാരന്മാർ ഇത് കുറേക്കാലം വിശ്വസിച്ചു. അദ്ദേഹം എടുത്തുകാട്ടിയ പത്മനാഭസ്വാമിക്ഷേത്രത്തിലെ രേഖ തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. പ്രധാനമായ മറ്റൊരു കാര്യം, കൊല്ലവർഷാരംഭത്തിനടുത്ത് ഉദയമാർത്താണ്ഡവർമ്മ എന്ന പേരിൽ ഒരു വേണാട്ട് രാജാവ് ഇല്ലായിരുന്നുവെന്നും ബോധ്യപ്പെട്ടു.
എഡി 825-ൽ കൊല്ലവർഷാരംഭത്തിനായി ഒരു രാജകീയ വിളംബരം ഉണ്ടായെങ്കിൽതന്നെ, തുടർന്നുള്ള കാലങ്ങളിലൊക്കെ അതിൻ്റെ രേഖപ്പെടുത്തലുണ്ടാകുമായിരുന്നു. എന്നാൽ, കൊല്ലവർഷത്തിന്റെ നിരന്തരമായ ഉപയോഗം കാണുന്നത് 12ാം നൂറ്റാണ്ട് മുതൽക്കാണ്. കൊല്ലവർഷം രേഖപ്പെടുത്തിയ ഒരു ശാസനവും ഒമ്പതാം ശതകത്തിലേതായി കണ്ടുകിട്ടിയിട്ടില്ല. അങ്ങനെ കൊല്ലവർഷവുമായി ബന്ധപ്പെട്ട ഉദയമാർത്താണ്ഡവർമ്മയുടെ കഥ തിരസ്കൃതമാകുന്നു.
2) ചരിത്രകാരൻ വില്യം ലോഗൻ പറയുന്നു: കൊല്ലവർഷത്തിന് കേരളത്തിലെ തെക്കുവടക്കുകൾ തമ്മിൽ ഒരു മാസത്തിന്റെ വ്യത്യാസമുണ്ട്. കൊല്ലവർഷം തെക്കൻ കേരളത്തിൽ ചിങ്ങം ഒന്നാം തീയതിയാണ്; വടക്ക് കന്നി ഒന്നിനും. തെക്ക് വേണാടും വടക്ക് കോലത്തുനാടും പെരുമാൾ വാഴ്ചയിൽ നിന്ന് മോചനം നേടിയതിന്റെ ജ്ഞാപകമായിട്ടത്രെ ഇങ്ങനെയുള്ള ഒരു കൊല്ലവർഷരീതി. എന്നാൽ പിൽകാലത്ത് നടന്ന ഗവേഷണങ്ങൾ ഈ ആശയം തിരസ്കരിക്കുന്നു. എ ഡി 12 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുലശേഖര സാമ്രാജ്യം ശിഥിലമായിതിന് ശേഷം മാത്രമാണ് വേണാടും കോലത്തുനാടും സ്വതന്ത്രമാകുന്നത്. ആ നിലയ്ക്ക് ചരിത്രപരമായി ലോഗന്റെ വാദവും അസാധുവാകുന്നു.
3) ശങ്കരാചാര്യരെ ആസ്പദമാക്കിയുള്ള ഒരു കഥയുമുണ്ട്. കേരളോൽപ്പത്തി എന്ന അതിപ്രാചീന ഗ്രന്ഥത്തിലെ കഥാമാതൃകയാണ് ഇതിനാധാരം. ബ്രാഹ്മണർക്കിടയിൽ ശങ്കരാചാര്യർ *അനാചാരങ്ങൾ ഏർപ്പെടുത്തിയതിന്റെ സ്മാരകമായിട്ടത്രെ കൊല്ലവർഷാരംഭം!
ശ്രദ്ധിക്കേണ്ട കാര്യം: നമ്പൂതിരി ജന്മിമാരെകുറിച്ച് പരാമർശിക്കുന്നുണ്ട് ശാങ്കരസ്മൃതി. അത് ഒരു അനന്തരകാലകൃതിയാണ്. എഡി 12ാം ശതകം മുതൽക്കത്രെ കേരള നമ്പൂതിരമാർ ഇവിടുത്തെ ജന്മിമാരാവുന്നത്. അന്നുതൊട്ടാണ് ജന്മിസമ്പ്രദായവും നിലവിൽ വന്നത്. അതു കഴിഞ്ഞ് 12ാം ശതകത്തിനു ശേഷമാണ് ശാങ്കരസ്മൃതി രചിക്കപ്പെട്ടത്. ശങ്കരാചാര്യരുടെ കൃതിയുമല്ല ശാങ്കരസ്മൃതി.
കാലത്തിന്റെ പൂർവ്വാപരക്രമവും ശ്രദ്ധിക്കുക; എഡി 788 മുതൽ 829 വരെയാണ് ശങ്കരാചാര്യരുടെ ജീവിതകാലം. എഡി 825-ലെ സംഭവങ്ങളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തിയിട്ട് കാര്യമില്ല.
4) രണ്ടിടത്തെ കൊല്ലങ്ങൾ: കേരളത്തിന് തെക്ക് കുരക്കേണ്ടിക്കൊല്ലം എന്ന സ്ഥലവും വടക്ക് പന്തലായിനിക്കൊല്ലം എന്ന സ്ഥലവുമുണ്ടല്ലോ. അവ സ്ഥാപിക്കപ്പെട്ട ദിനം മുതൽക്കാണ് രണ്ട് ദേശത്തും കൊല്ലവർഷം നിലവിൽ വന്നത് എന്ന് വാദിക്കപ്പെടുന്നു. ശാസനങ്ങളിൽ കൊല്ലം തോന്റി എന്നൊരു പ്രയോഗം കാണുന്നു. ഈ പ്രയോഗത്തിൻ്റെ അർത്ഥം കൊല്ലം നഗരം നിർമ്മിക്കപ്പെട്ടതിനു ശേഷം എന്നാണെന്ന് ചിലർ വ്യഖ്യാനിക്കുന്നു. വർഷക്കണക്ക് ആരംഭിച്ചത് എഡി 825-ൽ; കൊല്ലം നഗരം സ്ഥാപിതമായും എഡി 825-ൽ, ആ നിലയ്ക്ക് കൊല്ലം എന്ന പേർ ഉചിതമാണെന്നവർ താല്പര്യപ്പെട്ടിരുന്നു.
ഇപ്പറഞ്ഞ അർത്ഥ കലപ്നകൾ ഭ്രംശങ്ങൾ നിറഞ്ഞതാണ്. കൊല്ലം തോന്റി എന്നതിന് കൊല്ലവർഷം തുടങ്ങി എന്നേ അർത്ഥമുള്ളൂ എന്ന വാദവും ഉണ്ടായി. കൊല്ലവർഷം ആരംഭിക്കുന്നിനു മുമ്പ് തന്നെ എഡി എട്ടാം ശതകത്തിൽ കൊല്ലം നഗരം ഉണ്ടായിരുന്നുവെന്ന് ചരിത്രരേഖയുണ്ടല്ലോ.
കൊല്ലം എന്ന പേര് വന്ന വഴിയിലൂടെ നടക്കാം
എ ഡി എട്ടാം ശതകത്തിൽ ഇന്ത്യയുടെ ഉത്തരദേശത്തു നിന്നു വന്ന ബ്രാഹ്മണർ കേരളത്തിൽ പൊറുതിയായപ്പോൾ, തങ്ങൾക്ക് പരിചയമുള്ള സ്ഥലനാമങ്ങൾ ഇവിടുത്തെ സ്ഥലങ്ങൾക്ക് ചാർത്തുകയുണ്ടായി. കൊൽഹാപ്പൂരിനെ- കൊല്ലാപിരിയെ- അനുകരിച്ച് അവർ കൊല്ലത്തിന് പേരിട്ടിരിക്കാനിടയുണ്ട്. സാധുവായൊരു നിഗമനമാണിത്. മറ്റൊരു ശ്രദ്ധേയമായ വസ്തുത- കുരക്കേണിക്കൊല്ലം, പന്തലായിനിക്കൊല്ലം എന്ന രണ്ടും കൊല്ലവർഷാരംഭത്തിന് മുമ്പേ അങ്ങനെതന്നെ അറിയപ്പെട്ട പ്രദേശങ്ങളാണ്. ഇക്കാരണങ്ങളാൽ എ ഡി 825-ൽ തുടങ്ങിയ കൊല്ലവർഷം കൊല്ലം നഗരം സ്ഥാപിച്ചതിന്റെ സ്മാരകമാണെന്ന് വിശ്വസിക്കുക യുക്തിസഹമല്ല.
കൊല്ലം അഴിന്ത ആണ്ട്- എ.ഡി 1096ൽ കൊല്ലത്തിന് നേരിട്ട നാശത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യേക വത്സരക്കണക്ക് ആരംഭിച്ചുവെന്നൊരു വാദമുണ്ട്. ബല്ലാളരായനയുദ്ധം എന്ന കന്നട ഐതിഹ്യഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ വാദം. തന്റെ സേനാനായകനായ നരലോകവീരൻ കൊല്ലം നഗരം നശിപ്പിച്ചതിൻ്റെ സ്മരണയ്ക്കായി കുലോത്തുംഗചോളൻ എ.ഡി 1096-ൽ ഒരു പുതിയവർഷം ആരംഭിച്ചതായിരിക്കാം എന്ന അഭിപ്രായം ഉപരിപരിഗണനയ്ക്കുവേണ്ടി പ്രൊഫസർ വെങ്കടരമണയ്യ നേരത്തെ പറഞ്ഞ ഐതിഹ്യത്തെ ആസ്പദമാക്കി പ്രകടിപ്പിക്കുകയുണ്ടായി എന്ന് ശ്രീധരമേനോൻ വിവരിക്കുന്നു.
കെ.വി. കൃഷ്ണയ്യർ ഇതിനെ അനുകൂലിച്ചു പറഞ്ഞതും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്: “ആകെക്കൂടി ഇങ്ങനെയൊരു പരാമർശമേ ഉള്ളൂ എന്നിരിക്കിലും, ഈ വിഷയത്തെ അധികരിച്ചുള്ള എല്ലാ വാദാപ്രതിവാദങ്ങളേയും അവസാനിപ്പിക്കാൻ പോന്ന സുപ്രധാനമായൊരു തെളിവാണിത്. കൊല്ലം അഴിഞ്ഞ, അതായാത് നശിച്ച, കാലംതൊട്ടാണ് കൊല്ലം അഴിന്ത ആണ്ട് ആരംഭിക്കുന്നതെങ്കിൽ കൊല്ലം തോന്റിയ അഥവാ തുടങ്ങിയ ആണ്ട്, കൊല്ലം നഗരത്തിന്റെ ആവിർഭാവം തൊട്ടായിരിക്കണമെല്ലോ ആരംഭിക്കുക. “
കെ വി. കൃഷ്ണയ്യർ മറ്റൊരു സിദ്ധാന്തവും അവതരിപ്പിച്ചിട്ടുണ്ട്: ദക്ഷിണകേരളത്തിലെ ആയ് രാജാവ് ശത്രുക്കളാൽ നിരന്തരം തോൽവി നേരിടുകയായിരുന്നു. പാണ്ഡ്യരാജാവായ ശ്രീമാറ ശ്രീവല്ലഭൻ(815-862) ആയ് രാജാവിനെ നിരന്തരം പരാജയപ്പെടുത്തി. ഒടുവിൽ ആയ് രാജാവ് തന്റെ ആസ്ഥാനമായ വിഴിഞ്ഞത്ത് നിന്ന് പലായനം ചെയ്തു. എത്തിച്ചേർന്നിടത്ത് കൊല്ലം നഗരം സ്ഥാപിച്ചു. ആ അധിഷ്ഠാനത്തിന്റെ ഓർമ്മയ്ക്കായി എഡി 825ൽ കൊല്ലവർഷം ആരംഭിക്കുകയും ചെയ്തു. കൃഷ്ണയ്യരുടെ ഈ വാദം കേട്ടാൽ വിശ്വസിക്കാൻ തോന്നും. പക്ഷേ, ഈ വാദം സാങ്കല്പികമാണെന്ന് പ്രൊഫ. എ. ശ്രീധരമേനോൻ വിശദമാക്കുന്നുണ്ട്.
കേരളോൽപ്പത്തി പോലുള്ള ഒരു ഐതിഹ്യ ഗ്രന്ഥമാണ് നേരത്തെ പറഞ്ഞ ബല്ലാളരായനയുദ്ധം. എന്തായാലും, കൊല്ലത്തിന്റെ നാശത്തെ അനുസ്മരിച്ചുകൊണ്ട് ഒരു പുതിയ സംവത്സരം ആരംഭിച്ചു എന്ന വാദം അംഗീകരിച്ചാൽത്തന്നെയും ഈ നഗരം സ്ഥാപിച്ചതിന്റെ സ്മാരകമായിട്ടാണ് വർഷം ആവിർഭവിച്ചത് എന്ന വാദത്തിന് അതു ബാധകമല്ല തന്നെ.”
മറ്റുവാദങ്ങൾ
ചേരമാൻ പെരുമാൾ ഇസ്‌ലാം മതം സ്വീകരിച്ച് മക്കയിൽ പോയതിന്റെ ഓർമ്മയ്ക്കായി തുടങ്ങിയതാണ് കൊല്ലവർഷം എന്ന പെരുമാൾക്കഥ കെട്ടുകഥയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
എഡി 825-ൽ ക്രിസ്ത്യൻ സമുദായം കൊല്ലത്ത് സ്ഥിരവാസം ഉറപ്പിച്ചതിന്റെ സ്മാരകമായിട്ടാണ് കൊല്ലവർഷം ആരംഭിച്ചത് എന്നൊരുവാദമുണ്ട്. എന്നാൽ, ക്രൈസ്തവരല്ലാത്ത മറ്റെല്ലാ ജനങ്ങളും കൂടി ഈ ക്രിസ്ത്യൻ വാസം ഒരു മഹാസംഭവമായി കണക്കാക്കാൻ സാധ്യതയില്ല.
ഓണത്തിന്റെ സ്മാരകമാണ് കൊല്ലവർഷം എന്നൊരു വാദമുണ്ട്. എന്നാൽ സംഘകാലത്തുപോലും കേരളത്തിലും തെക്കേഇന്ത്യയിലെ മറ്റുഭാഗങ്ങളിലും ഓണം വ്യാപകമായി കൊണ്ടാടിയിരുന്നു. പിന്നെ, കാലങ്ങൾ എത്രയോ കടന്നുപോയശേഷം, ഓണം എന്ന പ്രാചീന ഉത്സവത്തിന്റെ പേരിൽ എഡി 825 ലോ ഇങ്ങനെയൊരു ആരംഭസൂചകമായൊരു സ്മാരകം?
കൊല്ലത്തെ ഒരു ശിവക്ഷേത്ര നിർമ്മിതിയുമായി ബന്ധപ്പെടുത്തിയാണ് ഗുണ്ടർട്ട് കൊല്ലവർഷാരംഭത്തെപ്പറ്റി പറയുന്നത്. എന്നാൽ, തെക്കൻ കൊല്ലത്തോ വടക്കൻ കൊല്ലത്തോ അത്രയ്ക്ക് പ്രശസ്തവും അതിപ്രാചീനവുമായ ശിവക്ഷേത്രങ്ങൾ ഇല്ല എന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നു. വമ്പിച്ച ദേശീയ പ്രാധാന്യമുള്ള മഹത്തരമായ സംഭവവികാസങ്ങളല്ലാതെ ക്ഷേത്രനിർമ്മാണം പോലുള്ള സാധാരണമായ ഒരേർപ്പാട് ഒരു പുതിയ വർഷഗണനാസമ്പ്രദായത്തിന് പ്രേരകമാവുക അസാധ്യമാണെന്ന പൊതുവാദത്തെ എ. ശ്രീധരമേനോൻ ഉയർത്തിപ്പിടിക്കുന്നു.
കൊല്ലവർഷം ആര്യാധിനിവേശത്തിലൂടെ
പ്രൊഫസർ സുന്ദരംപിള്ളയുടെ നിരീക്ഷണം കൊല്ലവർഷാരംഭസംബന്ധിയായ വാദങ്ങൾക്ക് വിരാമമിടുന്ന ഒന്നാണ്. അത് സപ്തർഷിവർഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്യന്മാരുടെ ശാസ്ത്രസംവത്സരമാണ് സപ്തർഷി വർഷം . അതിന് ലൗകികവർഷം എന്നും പേരുണ്ട്. ഇതിന്റെ പരിഷ്‌കൃതസമ്പ്രദായമത്രെ കൊല്ലവർഷം എന്ന കാലഗണനാ പദ്ധതി. കാശ്മീർ, മുൾട്ടാൺ, സൗരാഷ്ട്രം എന്നിവിടങ്ങളിലും മധ്യോത്തരഭാരതത്തിന്റെ മറ്റുഭാഗങ്ങളിലും സപ്തർഷി വർഷം പ്രചാരത്തിലുണ്ടായിരുന്നു.
ഈ വർഷഗണനയ്ക്കുള്ള പ്രത്യേകത ശ്രദ്ധേയമാണ്. അത് നൂറുവർഷം കൊണ്ട് ഒരാവൃത്തി പൂർത്തിയാക്കുന്നു. തുടർന്ന് പുതുതായൊരു ആവൃത്തി ഒന്ന് എന്ന് ആരംഭിക്കുന്നു. സപ്തർഷി വർഷത്തിന്റെ ആദ്യത്തെ ആവൃത്തി ആരംഭിച്ചത് ബിസി 76ലാണ്. നമ്പൂതിരി ബ്രാഹ്മണർ സഞ്ചരിച്ച് കൊല്ലത്തെത്തിയപ്പോൾ സപ്തർഷി വർഷത്തിന്റെ ഒമ്പതാമത്തെ ആവൃത്തി പൂർത്തിയായി. തുടർന്ന് പത്താമത്തെ ആവൃത്തിയുടെ ആരംഭമായി. അത് എഡി 825 ചൈത്രമാസം ഒന്നാം തീയതി ആരംഭിക്കുകയും ചെയ്തു. അങ്ങനത്തെ അവസ്ഥയിൽ, ആ ഒടുവിലത്തെ ആവൃത്തി കൊല്ലം നഗരത്തിന്റെ നാമധേയത്തിൽ അറിയപ്പെടുന്നുവെന്ന് കരുതാൻ യുക്തിയുണ്ട്.
പിന്നെ സംഭവിച്ചതെന്താണ്? സപ്തർഷിവർഷത്തിന്റെ പ്രത്യേകത, ഓരോ നൂറുവർഷം കഴിയുമ്പോഴും അത് പുനരാവർത്തിക്കുക എന്നതാണല്ലോ. എന്നാൽ, കേരളത്തെ സംബന്ധിച്ചടത്തോളം ആ സങ്കല്പനം പ്രസക്തമല്ലാതാവുകയും വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കാം, പ്രാദേശിക കാലഗണനയ്ക്കു പാകത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരിക്കാം. പ്രൊഫസർ സുന്ദരംപിള്ളയുടെ സിദ്ധാന്തത്തിൽ അംഗീകാരയോഗ്യമായ ഏറെ നിരീക്ഷണങ്ങളുണ്ട്. കെ. പി പത്മനാഭമേനോൻ അവയെ അംഗീകരിക്കുന്നു.
(History of Kerala Vol. IV.P271). പ്രൊഫ. സുന്ദരംപിള്ളയുടെ വാക്കുകൾ: കൊല്ലവർഷം 99 ആം ആണ്ട് ജീവിച്ചിരുന്ന കേരളീയർ, അക്കാലത്തെ പഞ്ചാംഗരചയിതാക്കളുടെ മനസ്സിൽ അവശേഷിച്ചിരുന്ന ജ്യോതിശാസ്ത്ര സ്മൃതികളുടെ കാര്യം എന്തായിരുന്നാലും, അടുത്ത വർഷം ശൂന്യവർഷമായിപരിഗണിക്കാതെ 100 ആം ആണ്ടായി കണക്കാക്കുകയാണ് ചെയ്തത് എന്ന് പറയുന്നത് കടന്ന കൈയ്യാവുകയില്ല. യഥാർത്ഥത്തിൽ അതിനേക്കാൾ സ്വാഭാവികമായി മറ്റൊരു തരത്തിൽ സംഭവിക്കാൻ ഇടയില്ലായിരന്നു താനും. ഈ രീതിയിൽ കണക്കാക്കാൻ ഒരിക്കൽ അനുവദിക്കപ്പെട്ടു കഴിഞ്ഞാൽ, ഇന്ന് നമുക്കുള്ളതുപോലെ തന്നെ സ്വതന്ത്രമായ ഒരു വർഷഗണനാസമ്പ്രദായം അനിവാര്യമാണ്. ഇളംകുളം കുഞ്ഞൻ പിള്ളയും ഇത് സമ്മതിക്കുന്നുണ്ട്.
ഒരു കാര്യം ചരിത്രപരമായി ശ്രദ്ധാർഹമാകുന്നു- എ ഡി 12 ആം ശതകത്തിനു ശേഷം മാത്രമാണ് ശാസനങ്ങളിലും മറ്റ് രേഖകളിലും കൊല്ലവർഷം നിരന്തരമായി പ്രയോഗിച്ചു കാണുന്നത്. അതിനർത്ഥം, സപ്തർഷി വർഷത്തിന്റെ പത്താമത്തെ ആവൃത്തിയുടെ തുടർച്ചയാണ് കൊല്ലവർഷം എന്നാണ്.
അനുബന്ധം
ഒരു കോഡീകൃത ലേഖനത്തിന് അനുബന്ധമായി ഡോ. വി.എൻ. ഭട്ടതിരിയുടെ പഠനത്തിലെ എതാനും നിരീക്ഷണങ്ങൾ കൊടുക്കുന്നു. ജീവശാസ്ത്രപരമായ സമീപനമാണ് കൊല്ലവർഷ ഗവേഷണത്തിൽ അദ്ദേഹം ഉപയോഗിക്കുന്നത്. (Jpirna; Yajnp[aviitham From XIC-8, August 2019 to to XX.7 , Ju;y 2020).
വിറ്റെക്കർ അൽമനാക്ക് പ്രകാരം കേരളത്തിന്റെ കൊല്ലവർഷം എന്ന കലണ്ടർ ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴെണ്ണത്തിലൊന്നാണത്രെ. ആഗസ്ത് 25 എ ഡി 824 ആണ്, ഇതിന്റെ തുടക്കം. ( പിന്നീടത് ആഗസ്ത് 15 ആക്കി. ചില ലേഖനങ്ങളിൽ 825 എന്നും പറയുന്നു). ജ്യോതിശാസ്ത്രപ്രകാരം കണക്കുകൂട്ടിയെടുത്തതാണത്രെ 25 ആഗസ്ത് 824.
ചിങ്ങം ഒന്ന് മുതൽ ഡിസംബർ 31വരെ കൊല്ലവർഷത്തോടു 824 കൂട്ടുക. ജനുവരി ഒന്ന് മുതൽ കർക്കിടകം അവസാനം വരെ 825 കൂട്ടുക, അപ്പോൾ അതിൻ്റെ ക്രിസ്തുവർഷം കിട്ടും. കൊല്ലവർഷം/ആണ്ട്, മലബാർ, വടക്കൻ കലണ്ടർ, കൊളംബ( സംസ്കൃതം) കൊല്ലം തോണ്ടി എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു.
കൊല്ലവർഷാരംഭത്തെപ്പറ്റിയുള്ള രേഖകളൊന്നും കിട്ടിയിട്ടില്ല. കൊല്ലവർഷം തുടങ്ങയതിന് ശേഷംമാത്രമാണ് കേരളത്തിൽരേഖകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കൊല്ലവർഷം തുടങ്ങി ഏകദേശം 150 വർഷങ്ങൾക്ക് ശേഷമുള്ള എഡി 973 ലെ മാമ്പള്ളി രേഖയിൽ മാത്രമാണ് കൊല്ലവർഷത്തെ കുറിച്ചുള്ള ആദ്യപരാമർശം. അതുംകൊല്ലം തോന്റി ( കൊല്ലം തോണ്ടി) എന്ന പേരിൽ. അതിനുമുമ്പുള്ളവയിൽ – ഇന്ന രാജാവിന്റെ ഇത്രാമാണ്ട്, എന്നെഴുതിക്കാണാം. ചിലതിൽ കലിവർഷസംഖ്യയും മാസങ്ങൾ( രാശികൾ), ദിവസങ്ങൾ(ഗ്രഹങ്ങൾ) എന്നിവയുടെ പേരുകളും കാണും. ഇവ സംക്രാജിതോറുമാണെന്ന സൂചനയും നൽകിയിട്ടുണ്ടാവും.
മാമ്പള്ളി രേഖയ്ക്കു ശേഷമുള്ള രേഖകളിൽ കൊല്ലം തോന്റി, കൊല്ലം… ഇത്രാമാണ്ട് /കൊല്ലം എന്നൊക്കെ കാണാം. എഡി 1480ലെ തിരിക്കുറുംകുടി ക്ഷേത്രരേഖയിൽ കൊളംബവർഷം എന്നെഴുതിക്കാണുന്നു. വർഷം എന്ന പദം കാലസൂചകമായി ആദ്യം വരുന്നതും ഇതിലാണ്.
കൊല്ലവർഷത്തിലെ കൊല്ലം/കൊല
കൊല്ലം വർഷം എന്നല്ല, എഴുതുന്നതും പറയുന്നതും. സ്ഥലനാമം ആയിരിക്കില്ലെന്നതിന്റെ സൂചനയാണിതെന്ന് ഭട്ടതിരി ചൂണ്ടിക്കാട്ടുന്നു. കൊല് എന്ന ധാതുവിൽ നിന്നാണ് കൊല്ല എന്ന അനുമാനത്തിൽ ഊന്നിയാണ് ജൈവശാസ്ത്രപരമായ ഒരു വ്യാഖ്യാനത്തിന് ഭട്ടതിരി മുതിരുന്നത്. കൊല്ല എന്ന പദം ജനനത്തെ സൂചിപ്പിക്കുന്നുവെന്നാണ് ഭട്ടതിരി വ്യാഖ്യാനിക്കുന്നത്. വാഴകൊലയ്ക്കൽ /കുലയ്ക്കൽ ജനനപ്രക്രിയയാണ്. കൊല, കുല ഫലമാണ് എന്നൊക്കെ വിചാരിക്കുകയാണെങ്കിൽ കൊല, കൊല്ലം ജനനസൂചകമായ പദമാണ്. പ്രൊഫ. സുന്ദരംപിള്ളയുടെ യുക്തിവിചാരം അനുസരിച്ച് നോക്കിയാൽ കൊല്ലവർഷം കൊല്ലം എന്ന സ്ഥലത്തു നടന്ന ചരിത്രസംഭവമാണ്. ഭട്ടതിരിയുടെ ജീവശാസ്ത്രവിചാരം നോക്കിയാൽ ചരിത്രബാഹ്യമായ ഒരു അർത്ഥ നിഷ്പ്പത്തിയല്ലേ സാധിക്കുന്നുള്ളൂ എന്ന് ചോദിക്കാൻ തോന്നും.
അനാചാരാവാദം
ശങ്കരാചാര്യർ കൊല്ലത്തുവച്ച് കേരള ബ്രാഹ്മണർക്ക് ജനനം, പ്രസവം മുതലായിട്ടുള്ള അനാചാരങ്ങളെ കുറിച്ച് ഉപദേശിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് കൊല്ലവർഷം ആരംഭിച്ചതെന്ന വാദം തീർത്തും തെറ്റാണ്. കൊല്ലവുമായി ബന്ധപ്പെടുത്തി ഒന്നും തന്നെ കേരളോൽപ്പത്തിയിൽ പറയുന്നില്ല. ശങ്കരാചാര്യർ കൊല്ലത്തു വന്നതായി തെളിവില്ല. കൊല്ലവർഷം തുടങ്ങുന്നതിന് മുമ്പ് എഡി 820 ൽ അദ്ദേഹം മരിച്ചതായി കരുതപ്പെടുന്നു.
ഭാർഗ്ഗവസ്മൃതിയുടെ സംക്ഷിപ്തരൂപമാണ് ലഘുധർമ്മ പ്രകാശിക എന്ന ശാങ്കരസ്മൃതി. ഭാർഗവനാൽ വർണിക്കപ്പെട്ടിരിക്കുന്ന അനാചാരങ്ങളെയാണ് ഇവിടെ വിവരിക്കുന്നത്. ആകായാൽ ശാങ്കരസ്മൃതി പരശുരാമകൃതമാണ് വിവരിക്കുന്നത്. കൊല്ലം- ജനനസൂചകമായ ഒരു അനാചാരപദമാണ് എന്ന ഭട്ടതിരിയുടെ വാദത്തിലും പൊരുളുണ്ട്.
* ജീവിതത്തിന്റെ- പ്രായത്തിന്റെ- ഒരു നിശ്ചിതഘട്ടംവരെ മാത്രം പുലർത്തിപ്പോരുന്ന ആചാരങ്ങളാണ് അനാചാരങ്ങൾ
(പ്രൊഫ എ ശ്രീധരമേനോൻ, ഇളംകുളം, വില്യം ലോഗൻ മുതലായവരുടെ നിരീക്ഷണങ്ങൾ ക്രോഡീകരിച്ചാണ് ഈ ലേഖനം)