ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ നമ്മുടെ ജീവിതം ഏറെ എളുപ്പമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇഷ്ടഭക്ഷണം ഫുഡ് ഡെലിവറി ഏജന്റുകൾ നമ്മുടെ വീട്ടുമുറ്റത്തെത്തിക്കും. എന്നാൽ നമ്മൾ ഭക്ഷണം ഓഡർ ചെയ്യുന്ന രീതികൾ പലപ്പോഴും ഈ ഡെലിവറി ബോയിസിനെ കുഴപ്പത്തിലാക്കാറുണ്ട് എന്ന് തുറന്നു പറയുകയാണ് അമേരിക്കക്കാരിയായ ഒരു ഫുഡ് ഡെലിവറി ഏജന്റ്.
ദി ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഫുഡ് ഡെലിവറി ഏജന്റായ അമേരിക്കൻ സ്വദേശിനി ആനീ സ്മിത്ത് ഉപഭോക്താക്കൾ വരുത്തുന്ന ചെറിയ തെറ്റുകൾ തങ്ങളുടെ ജോലിയെപ്പോലും ബാധിക്കാറുണ്ടെന്ന് തുറന്നു പറയുന്നത്. ആപ്പുകൾ വഴി ഭക്ഷണം ഓഡർ ചെയ്യുമ്പോൾ വരുത്തുന്ന ചില ഉദാസീനതകൾ ഭക്ഷണം വിതരണം ചെയ്യുന്നവരെ ബാധിക്കാറുണ്ടെന്നാണ് ആനിയുടെ അനുഭവം.
തന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നതെന്നും ആനി സമ്മതിക്കുന്നു. പല ഉപഭോക്താക്കളും കൃത്യമായ വിലാസം നൽകാറില്ലെന്നാണ് ആനിയുടെ പരാതി. ജി.പി.എസ് ഉപയോഗിച്ച് ലൊക്കേഷൻ ആക്സസ് ചെയ്ത് കൊണ്ടുവരട്ടെ എന്നാണ് പലരും കരുതുന്നത്. ആരും ഞങ്ങളുടെ സുരക്ഷയെ പറ്റി ചിന്തിക്കാറില്ലെന്നും ആനി പറയുന്നു. രാത്രിയിൽ വീടിന് മുന്നിലെ ലൈറ്റ് ഇടുകയോ ഗേറ്റിന് അടുത്ത് വന്ന് വാങ്ങാൻ തയ്യാറാകുകയോ ചെയ്യാത്തവരും ഉണ്ടെന്നും ആനി. അതുപോലെ വീടോ, ഫ്ളാറ്റോ വേഗം തിരിച്ചറിയാനുള്ള നമ്പരുകളും അഡ്രസ്സിൽ നൽകാറില്ല. പിന്നീട് ലൊക്കേഷനിലെത്തി വിളിച്ച് ചോദിച്ച് കണ്ടെത്തേണ്ടി വരുന്നതും ഈ ജീവനക്കാരെ കുഴപ്പത്തിലാക്കാറുണ്ടെന്നാണ് ആനിയുടെ അനുഭവം. ഇതെല്ലാം കൃത്യസമയത്ത് ഭക്ഷണം എത്തിച്ചു നൽകുന്നതിൽ നിന്ന് തങ്ങളെ തടയുന്ന ഘടകങ്ങളാമെന്നും ആനി തുറന്നു സമ്മതിക്കുന്നു.
ആനിയുടെ പരാതികൾ നമ്മുടെ നാട്ടിലെയും മിക്ക ഫുഡ് ഡെലിവറി ഏജന്റുകളുടെയും അനുഭവമാണ്. പോസ്റ്റ്മേറ്റ്സ് എന്ന് ഫുഡ് ഡെലിവറി കമ്പനിയിലായിരുന്നു ആനി ജോലി ചെയ്തിരുന്നത്.
Content Highlights: Food Delivery Agent Reveals Greatest Mistakes Customers Do While Ordering From Apps