തൃശ്ശൂർ: പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂർ മേയർ എം.കെ.വർഗീസ്. ഔദ്യോഗിക കാറിൽ പോകുമ്പോൾ പോലീസ് സല്യൂട്ട് നൽകുന്നില്ലെന്നും സല്യൂട്ട് തരാൻ ഉത്തരവിറക്കണമെന്നും എം.കെ.വർഗീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോർപറേഷൻ മേയർക്കുള്ളത്. സല്യൂട്ട് നൽകാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നും മേയർ പറഞ്ഞു.
മേയറെ കാണുമ്പോൾ പോലീസുകാർ തിരഞ്ഞുനിൽക്കുന്ന സാഹചര്യമാണ്. എം.കെ.വർഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാൽ മേയർ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കമ്മീഷണറേയും സ്ഥലം എം.എൽ.എ.യേയും കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
content highlgihts:thrissur mayor mk varghese complaint against police