“ഞാൻ ജനാല തുറന്നിട്ടു. അപ്പോൾ എന്റെയുള്ളിൽ നിന്നും ചാടിയിറങ്ങിയ ഫ്രോക്കിട്ട ഒരു പെൺകുട്ടി കടൽക്കരയിലേക്ക് ഓടി.” ഷിമ്മി തോമസ് എഴുതിയ കഥ
“നീ മാത്രം ശരിയെന്ന് നിന്റെ ധാർഷ്ട്യം പറയുന്നു.
നീ വലിയൊരു തെറ്റാണെന്നും കടലിനേക്കാൾ അഗാധമാണതെന്നും ഞാനറിയുന്നു "
വേതാളം പറഞ്ഞത്:
ഞാൻ രാജേഷ്. ഗ്രെഗിന്റെ മാനസപുത്രൻ എന്നും നമ്പർവൺ ചംച്ച എന്നും ദോഷൈകദൃക്കുകൾ പറയാറുണ്ട്. ഞാനൊരു സീനിയർ സൈറ്റ് എഞ്ചിനീയർ മാത്രമാണെങ്കിലും പ്രൊജക്ട് മാനേജർ ഗ്രെഗിന് അന്വേഷിച്ചറിയേണ്ട പല കാര്യങ്ങൾക്കും നേരിട്ട് വിളി വരും. യഥാസ്ഥാനങ്ങളിൽ പോയി എന്തെങ്കിലും നോക്കി ഉറപ്പുവരുത്താനോ ഏതെങ്കിലും അത്യാവശ്യ വാട്സ് ആപ്പ് ഫോട്ടോയ്ക്കോ വേണ്ടിയാണത്. നീൽ ഒ’ കോണർ എന്ന സൈറ്റ് മാനേജറിനാണ് ഞാൻ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും എല്ലായിടത്തും ഒരു പിടിയുള്ളത് നല്ലതല്ലേയെന്നുള്ള ചിന്തയിൽ രണ്ട് കയറേണിയിലും തൂങ്ങി നിത്യാഭ്യാസം നടത്തുന്നു. പി എമ്മിന്റെ വാലിൽ തൂങ്ങി എന്ന അർത്ഥത്തിലും പിന്നാലെ വിടാതെ കൂടിയിരിക്കുന്നതിനാലും സഹമുറിയന്മാർ ‘ വേതാളം’ എന്ന വട്ടപ്പേരും ചാർത്തിത്തന്നു.
വലീദിന്റെ പിക്കപ്പ് വാനും കാത്ത് സെക്യൂരിറ്റിഗേറ്റിന് മുന്നിലാണ് ഇപ്പോൾ. വെള്ളനിറത്തിലുള്ള പഴയ ടൊയോട്ട വൺ ടൺ പിക്കപ്പ്. സൈറ്റിലേക്കുള്ള പ്രവേശനവഴിയിലെ വേഗപരിധിയൊന്നും അങ്ങേർക്ക് ബാധകമല്ല. ഇന്നതിന് സ്പെഷ്യൽ ഡ്യൂട്ടിയാണ്.അഞ്ച് ആടുകളുമായി യൂനിസിന്റെ പിക്കപ്പ് പിന്നാലെ എത്തി. ആ വണ്ടിയിലെ യാത്രക്കാരായ ആടുകളുടെ വെള്ളകലർന്ന ചാര നിറം പൊടിപിടിച്ച വണ്ടിയുടെ നിറവുമായി ചേർന്നു. ഗേറ്റിൽ നിന്ന സെക്യൂരിറ്റിയോട് പറഞ്ഞ് വാഹനം അകത്തേക്ക് കടത്തിവിട്ടു.
”കുറേ കഷ്ടപ്പെട്ടിട്ടാണ് ഇന്നു തന്നെ ഒത്തുകിട്ടിയത്. എന്തേലും കണ കുണാ വർത്തമാനം പറഞ്ഞാൽ ആടിനേയും കൊണ്ട് അവന്മാര് തിരിച്ചു പോകും. പണം കൊടുത്തതാണ്.” രാവിലെ ഫോൺ ചെയ്തപ്പോഴേ വലീദ് മുൻകൂർ ജാമ്യം എടുത്തിരുന്നു.എന്തായാലും വെറുതേ അതിന്റെ പേരിൽ സമയം മെനക്കെടുത്തേണ്ടെന്ന് കരുതിയാണ് അതിരാവിലെ തന്നെ ഗേറ്റിലെത്തിയത്. ഇടറോഡിൽ തിരക്കുമില്ല. സ്റ്റീൽ ഇറക്കാൻ വന്ന ഒരു ട്രെയിലർ സൈഡിൽ നിർത്തിയിട്ടുണ്ട്.
ചൂണ്ടിക്കാണിച്ചതിനടുത്തായി വലീദ് വണ്ടി ഒതുക്കി. യൂനിസും കൂട്ടാളിയും വേണ്ട തയ്യാറെടുപ്പുകൾ നടത്തി. വൃത്തിയാക്കിയിട്ട ഇടത്തിൽ പ്ലാസ്റ്റിക്ക് ഷീറ്റുകൾ വിരിച്ചു. പിന്നെ, നീല ടാർപ്പോളിൻ ഇട്ടു മറച്ച താൽക്കാലിക ഷെഡ്ഡിലേക്ക് കയറി.അതിന്റെ മുകൾവശം തുറന്നു കിടപ്പാണ്.വലീദ് ഇപ്പോൾ ആടുകളുമായി നിൽക്കുന്ന വണ്ടിയുടെ അടുത്താണ്.പ്രൊജക്ടിന്റെ മേൽനോട്ടക്കാരായ നാലുപേരെ വലീദ് അടുത്തേക്ക് വിളിച്ചു.
പുതിയ സൈറ്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് മൂന്നര മാസത്തോളമായി. രണ്ടു ചെറിയ ഭാഗത്തിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റ് കഴിഞ്ഞു. ഓഫീസും സ്റ്റോറും ഒക്കെ അങ്ങോട്ടു മാറ്റണം. ഒരു ഭാഗത്ത്, മുകളിലേക്കുള്ള അടുത്ത സ്ലാബിന്റെ പണികൾ തുടങ്ങാറായി. 42 നില കെട്ടിടം ഉയർന്നു വരുന്ന ഭാഗം ഉൾപ്പെടുന്ന പ്രധാന റാഫ്റ്റിന്റെ കോൺക്രീറ്റ് അടുത്ത മാസം പതിനേഴിനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇനിയങ്ങോട്ടുള്ള ദൈനംദിന പ്രവർത്തനങ്ങൾ ഉയരത്തിലുള്ളതും കൂടുതൽ അപകട സാധ്യത ഉള്ളതുമാണ്. തടസ്സങ്ങൾ മാറാൻ വേണ്ടിയും ആൾക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയുമാണ് ഈ ചടങ്ങ്. ഒരാളുടേയും ജീവൻ നഷ്ടമാകരുത്, അപകടങ്ങൾ ഉണ്ടാകരുത്, പണിസ്ഥലത്ത് ചോര വീഴരുത്. അത്യാപത്ത് മാറിപ്പോകണം.
ഞങ്ങൾ നാലുപേരോട് ആടുകളുടെമേൽ എവിടെയെങ്കിലും സ്പർശിക്കാൻ വലീദ് പറഞ്ഞു. അല്ലെങ്കിൽ അവ നിരന്നു നിൽക്കുന്ന പിക്കപ്പിൽ കൈ പിടിച്ചാലും മതി. ഞാൻ ഒരെണ്ണത്തിന്റെ കഴുത്തിൽ ചെറുതായി തൊട്ടു. കുഞ്ചിരോമങ്ങൾ കൈക്കുഴയുടെ പുറത്ത് അറിയാതെ ഉരസി. ആടുകളുടെ ചെവിയിൽ വലീദ് എന്തോ മന്ത്രിച്ചു. ഞങ്ങൾ കണ്ണുകളടച്ച് ഒരു നിമിഷം ആൾക്കാരേയും പുതിയ പ്രൊജക്ടിനേയും മെഷീനുകളേയും ദിനേനയുള്ള പ്രവർത്തനങ്ങളേയും ഓർത്തു. അരഗ്ലാസ് പനിനീർ വെള്ളം ഞങ്ങൾക്കു കുടിക്കാൻ തന്നു.വലീദ് അറബിയിൽ എന്തോ ഉരുവിട്ടു കൊണ്ടിരിക്കുന്നു.
ടാർപോളിൻ മറയിൽ നിന്ന് യൂനിസും കൂട്ടാളിയും പുറത്തെത്തി.മേൽക്കുപ്പായം ഊരിയിട്ട്, അകംബനിയനിലും പ്രത്യേക കാലുറയിലുമാണവർ. ഇരു കൈകളിലും പിടിച്ചുയർത്തി, ആദ്യത്തെ ആടിനെ തോളിൽ തൂക്കിയെടുത്തു.യൂനിസ് അതിനെ ടാർപോളിൻ മറയ്ക്കുള്ളിലേക്ക് കൊണ്ടു പോയി. ആ ഷെഡ്ഡ് തുറന്നു കിടക്കുന്ന വശത്തിനടുത്തായി ഒരു ചെറിയ കുഴിയുണ്ട്. അതിൽ മണ്ണ് ഇളക്കിയിട്ടിരുന്നു.വലീദിന് പിന്നെയാരോടും ഒരു സംസാരവുമില്ല. വിരലുകൾ തെരുപ്പിടിച്ച്, അതിനു ചുറ്റും നടക്കുന്നു. കുഴിയുടെ അടുത്തേക്ക് ആടിന്റെ തല ഭാഗം കിടത്തി, മെല്ലെ കത്തിയിറക്കി കഴുത്തറത്തു. ഇളകിക്കിടന്ന മണ്ണിലേക്ക് ചോരയൊഴുകി. പിന്നെ, ഒന്നു പിടഞ്ഞു നിശ്ചലമായ ആടിനെ കാലു മുകളിലേക്കാക്കി തൊട്ടടുത്തുള്ള സ്കാഫോൾഡ് പൈപ്പിന്റെ സ്റ്റാൻഡിൽ കെട്ടിത്തൂക്കി.
കൂട്ടാളി അതിന്റെ തൊലി പൊളിക്കാനുള്ള തയ്യാറെടുപ്പിലാണ്..ചടങ്ങുകൾ കഴിയുന്നതുവരെ എല്ലാവരും മൗനത്തിലായിരുന്നു. അവരുടെ ചുണ്ടുകൾ അവ്യക്തമായി അനങ്ങുന്നത് കാണാമായിരുന്നു. മനപാഠംമാക്കിയ ഏതോ ശീലുകൾ ഉരുവിടുന്നതിന്റെ നിർവികാരത. ആംഗ്യഭാഷയിൽ അവർ മൂവരും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടായിരുന്നു. ഇത്തരം അവസരങ്ങളിൽ ഒരെണ്ണത്തിനെയായി ഒരിക്കലും അറുത്തിരുന്നില്ല. ഒറ്റസംഖ്യയാണ് എല്ലായ്പ്പോഴും. മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് വലീദിന്റെ നിഘണ്ടുവിൽ. പ്രൊജക്ടിന്റെ വലുപ്പവും മറ്റു പ്രശ്നങ്ങളുമനുസരിച്ച് ഒൻപത് എണ്ണത്തിനെ വരെ ബലി കൊടുത്ത സമയമുണ്ട്. ഈ ഒറ്റസംഖ്യയുടെ സാംഗത്യത്തെക്കുറിച്ച് ഒരിക്കൽ സംസാരിച്ചു തുടങ്ങിയപ്പോൾ പിടിതരാതെ വലീദ് ചിരിച്ചു കൊണ്ട് കണ്ണിറുക്കി. ഒരു പ്രാർത്ഥന ഉരുവിട്ട് ആകാശത്തക്ക് മിഴികളുയർത്തി. എനിക്കതൊന്നും മനസ്സിലായില്ല.
ഇപ്പോൾ മണ്ണിളക്കിയിട്ടിരിക്കുന്ന കുഴി, പ്ലോട്ട് ലിമിറ്റിനകത്താണ്. അവിടെ കാർ പാർക്കിങ് മേഖല ഉൾപ്പെടെ നാലുനിലകൾ വരുന്ന സ്ഥലമാണ്. ചിലപ്പോൾ ശരിക്കുള്ള നിർമ്മാണ സ്ഥലത്തിനകത്ത് ചെയ്യാനായില്ലെങ്കിൽ, കുഴിയിൽ വീഴുന്ന ചോര പുരണ്ട മണ്ണെടുത്ത് പ്രധാന സ്ഥലങ്ങളിൽ കൊണ്ടിടും.ആദ്യ കോൺക്രീറ്റിനടിയിൽ മേൽമണ്ണ് ഇളക്കി, ഉപരിതലം നിരപ്പാക്കിയെടുക്കുന്നതിന്റെ കൂടെ. അത് ഒരു പ്ലേറ്റ് കോംപാക്ടർ വച്ച് അടിച്ചു നിരപ്പാക്കിയെടുക്കും.പിന്നെ ആദ്യ പിസിസി.-ബ്ലൈൻഡിങ് കോൺക്രീറ്റ് – അതിനു മുകളിൽ വീഴും. ഈ മണ്ണിടലും കൊണ്ടുപോകലും ഒക്കെ രഹസ്യമാണ്. ഫോർമാന്റെ വിശ്വസ്തനായ ഒരാളായിരിക്കും അത് ചെയ്യുക.
എവിടെ എന്ത്, എപ്പോൾ എന്നൊന്നും മറ്റുള്ളവർ അറിയണമെന്നില്ല. ഈ ഞാൻ പോലും. ഇതിപ്പോൾ പ്ലോട്ടിനുള്ളിൽത്തന്നെ ബലി നടന്നതിനാൽ അങ്ങനെയൊരു പ്രശ്നമുദിക്കുന്നില്ല. ചിലപ്പോൾ ഈ മണ്ണ് നാലു മൂലയിലും കൊണ്ടിടും.ഓരോ വിശ്വാസവും മനസ്സിന്റെ ധൈര്യവുമാണത്. പണ്ടു കാലത്ത് പാലങ്ങളും അണക്കെട്ടുകളും ഒക്കെ പണിയുമ്പോഴും, പുതിയ നിർമ്മിതികൾ വരുമ്പോഴും പ്രകൃതിശക്തികളുടെ കോപത്തിനിരയാകാതിരിക്കാൻ ആരോഗ്യമുള്ള മനുഷ്യർ അവയിൽ സ്വയഹത്യ നടത്തിയിരുന്നത്രേ. കങ്കാണിമാരുടേയും മൂപ്പൻമാരുടേയും കർശന നിർദ്ദേശമനുസരിച്ച്. ചിലപ്പോൾ അവരോട് എതിർത്തു നിന്നിരുന്ന ഒരാളെ ആചാരവിശ്വാസങ്ങളുടെ പേരും പറഞ്ഞ്, പൊതുസമൂഹനന്മയ്ക്കായ് ജീവത്യാഗം ചെയ്യാൻ പ്രേരിപ്പിക്കും. മറ്റു ചിലർ പ്രധാന കോൺക്രീറ്റിങ്ങിന്റെയും മറ്റ് വാർക്കപ്പണിക്കളുടേയും ഇടയിൽ സാധാരണ മിസ്സിങ് കേസ് ആയോ അപകടമരണമായോ മാറിയിട്ടുണ്ടാവാം.
വെട്ടി നുറുക്കി വൃത്തിയാക്കിയ ഇറച്ചി പ്ലാസ്റ്റിക് ബാഗുകളിലാക്കി. അത് ഉടനേതന്നെ ലേബർ ക്യാമ്പിലെ അടുക്കളയിലേക്ക് കൊടുത്തുവിടും. ഫ്രീസറിലേക്കും ഐസ് ബോക്സിലേക്കും മാറ്റി, വേണ്ട തൊഴിലാളികൾക്ക് എത്തിച്ചു കൊടുക്കാനാണ്. വളരെ വേഗത്തിൽ തന്നെ യൂനിസും കൂട്ടാളിയും പണി പൂർത്തിയാക്കി. എല്ലാത്തിന്റെയും കരളും തലയും അവരെടുത്തു .ഒരു പങ്ക് ഇറച്ചി വലീദിനും കൊടുത്തു. ഇടയ്ക്കവർ ജലപാനം പോലും ചെയ്തില്ല. ബാക്കി പണ്ടങ്ങളും മാലിന്യങ്ങളുമെല്ലാം കൃത്യമായി ഗാർബേജ് ബാഗിനുള്ളിൽ നിറച്ചു. മാലിന്യങ്ങൾ അതാതിനുള്ള ഡമ്പിങ്ങ് യാർഡിൽ എത്തിക്കണം. വണ്ടി നമ്പറും വിശദാംശങ്ങളും വലീദ് അവർക്ക് എഴുതിക്കൊടുത്തു.
ഉച്ചഭക്ഷണത്തിനുശേഷം ഞാൻ ഗ്രെഗിന്റെ ഓഫീസിന് മുമ്പിൽ തല കാണിച്ചു. വിചാരിച്ചപോലെ തന്നെ, കാര്യങ്ങൾ ഭംഗിയായി നടന്നെന്നു പറഞ്ഞു.
ഷെൽഫിൽ നിന്ന് പഴയൊരു ഡയറി പുറത്തെടുത്ത്, അതിനുള്ളിലെ പുസ്തക അടയാളം ആയ ഒരു ഐ.ഡി.കാർഡ് കാണിച്ചിട്ട് ഗ്രെഗ് പറഞ്ഞു. “കുറേ വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോഴും എന്നെ സങ്കടത്തിലാഴ്ത്തുന്നത് ഇവൻ മാത്രമാണ്. ” ആ തിരിച്ചറിയൽ രേഖയിലുള്ള ഫോട്ടോയും പേരും നോക്കി. രബീന്ദ്ര സാദാ .ഗ്രെഗ് പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു.
പണി നടന്നു കൊണ്ടിരുന്ന ആറ് നില കെട്ടിടത്തിലെ ലിഫ്റ്റ് ഷാഫ്റ്റിനുള്ളിൽ വീഴുകയായിരുന്നു. ആരുടെയോ ഫോൺ വന്നതാണ്. മൊബൈൽ ഫോൺ ഉപയോഗത്തിന് അന്ന് സൈറ്റിൽ നിയന്ത്രണങ്ങളൊന്നുമില്ല. മൊബൈലുമായി ആരും ശ്രദ്ധിക്കാത്ത ഒരിടത്തേക്ക് മാറിയതാണ്. ചാരി വച്ചിരുന്ന, ബാരിക്കേഡ് മാറ്റിയാണ് അകത്തു കയറിയത്.പുറത്തെ പ്ലാറ്റ്ഫോമിൽ ഇരുന്ന് സംസാരിച്ചയാൾ ഇടയ്ക്കെപ്പഴോ അറിയാതെ അകത്തേക്കു നടന്നു. താഴെ പണിയെടുക്കുന്നവരാണ് വീണു കിടക്കുന്നത് കണ്ടത്. മുകളിലത്തെ ബാരിക്കേഡ് തുറന്നു കിടന്നിരുന്നു. വസ്ത്ര ഭാഗങ്ങൾ അകത്തെ പ്ലാറ്റ് ഫോമിലും. ആംബുലൻസ് പെട്ടെന്നു തന്നെ എത്തി. അന്നൊരു വ്യാഴാഴ്ചയായിരുന്നു.റോഡിൽ പതിവിലുമധികം തിരക്ക്. അവസാനം റോഡ് ഗതാഗതം തടസ്സപ്പെടുത്തി, പൊലീസ് ഹെലികോപ്ടർ അവിടെയിറക്കി .പിന്നെ നേരെ ആശുപത്രിയിലേക്ക്. പക്ഷേ നാല് മണിക്കൂർ തികച്ചില്ല, അതിന് മുമ്പ്.
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഗ്രെഗ് തുടർന്നു. “എന്തൊക്കെയുണ്ടെങ്കിലും ആത്മവിശ്വാസം തന്നെയാണ് വലുത്. ചെയ്യുന്ന ജോലിയോടുള്ള ശ്രദ്ധ, അവനവൻ കരുതൽ.ഒരേ പണിയാണ് ചെയ്യുന്നതെങ്കിലും ചിലപ്പോൾ ഓരോ ദിവസവും വ്യത്യസ്ത രീതിയിലാവും ഒരാൾ അത് തുടങ്ങുന്നത്. ഓരോ ദിനവും പുതിയതാണെന്ന തോന്നൽ വേണം.”
ഞാൻ മൊബൈലിൽ വിരലുകൾ തെന്നിച്ച് സമയം നോക്കി. നല്ല മൂഡിലാണെങ്കിൽ ഗ്രെഗ് ചിലപ്പോൾ സംസാരിച്ചുകൊണ്ടിരിക്കും. കഴിഞ്ഞയാഴ്ചത്തെ ‘സൈറ്റ് വാക്കി’ൽ മാഞ്ചസ്റ്ററിലെ തീപിടുത്ത ത്തെക്കുറിച്ച് പറഞ്ഞു. പുകവലി കേന്ദ്രത്തിന് പുറത്ത് ആരോ വലിച്ചിട്ട സിഗററ്റ് കുറ്റി കണ്ടപ്പോഴായിരുന്നു, അത്. പല തരം തീപിടുത്ത ങ്ങളെക്കുറിച്ച് പത്തു മിനിട്ട് ക്ലാസ്സ് മുഖദാവിൽ നിന്നു കിട്ടി. പിന്നെ ആറ് മാസത്തെ യൂറോപ്യൻ ജോലിക്കിടയിൽ മൊബൈൽ ക്രെയിൻ മറിഞ്ഞത്. ആഫ്രിക്കയിലെ ഹോട്ടൽ നിർമ്മാണത്തിനിടയിൽ വാട്ടർലൈനുകൾ തെറ്റായി സ്ഥാപിച്ച പ്ലംബിങ്ങ് സൂപ്പർവൈസറുടെ അബദ്ധങ്ങളെക്കുറിച്ച്. ഗ്രെഗിന്റെ ചെറുപ്പകാലത്ത് കൂടെയുണ്ടായിരുന്നവർ പറ്റിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ കള്ളപ്പണികൾ ചെയ്ത് കാശുവാങ്ങി കടന്നു കളഞ്ഞിട്ടുണ്ടാകും. അതാണ് ആരേയും പൂർണ്ണ വിശ്വാസമില്ലാത്തത്. എല്ലാം തനിയെ ചെയ്യണമെന്ന പിടിവാശിയുടെ പിന്നിൽ അതാകാം. ഞാൻ മനസ്സിലോർത്തു.
“സർ, നിങ്ങൾ പറഞ്ഞുതരുന്നത് നല്ല അനുഭവങ്ങളാണ്. പ്രത്യേകിച്ചും കഴിഞ്ഞ സൈറ്റ് വാക്കിൽ ടീമിനോട് പങ്കിട്ട കാര്യങ്ങൾ. താങ്കളാണ് ഗുരു .” ഞാൻ പറഞ്ഞു. ഗുരു എന്നു കേട്ടതോടെ ഗ്രെഗ് എന്നെ രൂക്ഷമായി നോക്കി.മൂക്കുവിടർന്നു, മുഖം ചുവന്നു.ചെവിയിലെ രോമങ്ങൾ നേർരേഖയിലായി. ഏതോ കൊടുംവനത്തിൽ ജരാനരകളുമായി ധ്യാനിച്ചിരിക്കുന്ന ഗുരുജിയുടെ ഇമേജ് ആവുമോ ഇദ്ദേഹത്തിന്റെ മനസ്സിൽ? അർത്ഥം ശരിയായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം എന്നു കരുതി ഞാൻ ഒരു ചുവട് പിന്നോട്ടു മാറി. കൈ വീശി ഒന്നടിച്ചാൽ എന്റെ തോൾഭാഗത്ത് കൃത്യമായി കിട്ടും. ഒരു ദീർഘനിശ്വാസമെടുത്ത്, ഗൗരവക്കാറ്റ് അയച്ചു വിട്ട് ഗ്രെഗ്, “നീയാ വലതുവശത്തെ ഷെൽഫ് തുറക്ക്. താഴെയുള്ള ഏറ്റവും തടിച്ച ബുക്ക് എടുക്ക്. ചുവന്ന കവർ” . ഞാനെടുത്തു കൊടുത്തു. പുസ്തകം കൈയ്യിലെടുത്ത് ഗ്രെഗ് പുറത്തെ പൊടി ഡസ്റ്റ് ബിന്നിലേക്ക് തട്ടിക്കളഞ്ഞു.
“ഇതാണ് ഗുരു.ശാന്താറാം. നീ സമയം കണ്ടെത്തി വായിക്കണം. ഞാൻ കണ്ടറിഞ്ഞ് മനസ്സിലാക്കിയ കുറച്ച് ആൾക്കാരുണ്ട്. അതിനേക്കാൾ ഏറെപ്പേരെ വായിച്ചും കേട്ടറിഞ്ഞും ഉൾക്കൊണ്ടിട്ടുണ്ട്..ഇതിനുള്ളിൽ അങ്ങനെ ഒരു പാട് പേരുണ്ട്. പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് ഞാനൊന്ന് നോക്കിയത് അപ്പോഴാണ്. ആ ബുക്ക് എന്നെക്കൊണ്ടു തന്നെ യഥാസ്ഥാനത്ത് വെപ്പിച്ച്, കൈ കൊണ്ട് ശരിയെന്നൊരു ആംഗ്യം കാണിച്ചു. മേശപ്പുറത്ത് ചൂണ്ടിക്കാണിച്ച ചെറുടിന്നിൽ നിന്ന് രണ്ട് ബദാമും മൂന്ന് വാൽനട്ടും എടുത്ത് കൈവെള്ളയിലിട്ട് ഞാൻ ‘ ബൈ ‘ പറഞ്ഞു.
സൈറ്റ് ഓഫീസ് റിസപ്ഷനു മുന്നിലും ഗ്രെഗിന്റെ ഓഫീസിലും നാലഞ്ച് പെയിന്റിങ്ങുകൾ വച്ചിട്ടുണ്ട്. ഇടത്തരം വലുപ്പമുള്ള കാൻവാസ് ചിത്രങ്ങൾ. ബാക്കിയെല്ലായിടത്തും മീറ്റിങ്ങ് റൂമിലുമൊക്കെയുള്ളത് പൂർത്തിയായ പ്രൊജക്ടുകളുടെ ഫോട്ടോ ആണ്. അതും പ്രത്യേകം രൂപകല്പന ചെയ്ത ഫ്രെയിമിനുള്ളിൽ. ഗ്രെഗ് സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിൽ ചിലതിൽ e എന്നും എമിലി എന്നും എഴുതിയിരിക്കുന്നത് കാണാം .വലത്തെ മൂലയിൽ ഒരു ചെറിയ കയ്യൊപ്പ് പോലെ.കറുത്ത പ്രതലത്തിൽ താഴേക്ക് പറന്നു വീഴുന്ന തൂവലുകളുടെ ഒരു ചിത്രം.മുൾപ്പടർപ്പുകൾക്കിടയിൽ നിന്ന് ചിറകു വിടർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രാവാണ് മറ്റൊന്നിൽ . തൊട്ടുമുകളിൽ ആകാശനീലിമ .മറ്റൊന്നിലുള്ളത്, കടലിലേക്കു നോക്കി പിൻതിരിഞ്ഞു നിൽക്കുന്ന ഫ്രോക്കിട്ട ഒരു പെൺകുട്ടിയും. അസ്തമയ സൂര്യന്റെ പാതി ഭാഗം മുകളിൽ തെളിഞ്ഞു കാണാം. സൂര്യന് മനുഷ്യ മുഖഭാവവും മീശയും ഉണ്ട്. ഗൗരവഭാവമണിഞ്ഞ ആദിത്യ മുഖം. മീശയ്ക്ക് താഴെയുളള ഭാഗം കടൽ വെള്ളത്തിൽ മറഞ്ഞിരിക്കുന്നു. പ്രതിബിംബങ്ങളോ കടലലകളോ ഒന്നും അപ്പുറമിപ്പുറം പടരാതെ പാതി സൂര്യനേയും കടലിനേയും കൃത്യമായ ഒരു അതിർത്തി രേഖയിട്ട് വരച്ചിരിക്കുന്നു. ശാന്തമായ കടൽ.അതിനടിയിൽ മാത്രം എമിലി ലിയോണാർഡോ എന്നാണുള്ളത്. ലിയോണാർഡോയുടെ അക്ഷരങ്ങൾ പലതും സ്മൈലി ഉപയോഗിച്ചാണ്. പകുതി കളിയായും കാര്യമായും എഴുതിയ പോലെ. കണ്ണിറുക്കിക്കാണിക്കുന്ന ഒരു ഇമോജിയാണ് ‘ഒ’ എന്ന അക്ഷരത്തിൽ. ഇവയൊക്കെ ആരെങ്കിലും പാരിതോഷികം കൊടുത്തതാവും. കാശു മുടക്കി കുറച്ചു ചിത്രങ്ങൾ ഭിത്തിയിൽ തൂക്കിയിടാൻ മാത്രം വിശാലഹൃദയൻ ഒന്നുമല്ലല്ലോ നമ്മുടെ ബോസ്.
ഒരു നക്ഷത്രക്കുഞ്ഞ് പോലുമില്ലാത്ത ആകാശത്ത് കണ്ണും നട്ട് ഞാൻ ടെറസ്സിൽക്കിടന്നു.ഓരോ അഞ്ച് മിനിട്ടിലും ഫ്ലൈറ്റ് കടന്നു പോകുന്നത് കാണാം.ഗുരുവും ശാന്താറാമും തലയ്ക്കുള്ളിൽ മൂളുന്നു. അടുത്ത പരിചയക്കാരനായ ക്ലയന്റിന് ഒരിക്കൽ എന്നെ പരിചയപ്പടുത്തുമ്പോൾ ഗ്രെഗ് പറഞ്ഞത്, ‘ഇന്തി, മലബാറി’ എന്നാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനക്കാരുടേയും സ്വഭാവ വിശേഷങ്ങൾ പുസ്തകങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പഠിച്ചാലും മലയാളിയുടെ സ്വഭാവവിശേഷങ്ങൾ പിടി തരാതെ ഒളിച്ചുകളിക്കും. ജലം പോലെ രൂപരഹിതമായ ഒന്ന്. എത്തിപ്പെടുന്ന പ്രദേശത്തെ ജീവിതശൈലിയുടെ അളവുപാത്രത്തിലേക്കുള്ള രൂപമാറ്റം.ശാന്താറാമിന്റെ വല്ല മലയാള പരിഭാഷയും ഇറങ്ങിയിട്ടുണ്ടാവുമോ? ഒരു മുഴുനീള പുസ്തകം എന്നാണ് അവസാനമായി വായിച്ചു തീർത്തതെന്ന് ഓർത്തെടുക്കാൻ ആവുന്നില്ല.പുതിയ വാട്സ്ആപ്പ് സാഹിത്യം നൽകുന്ന ലോകവിവരങ്ങൾ തന്നെ ധാരാളം. ശരിതെറ്റുകളാണോ എന്നു പോലും നോക്കാതെ എത്ര വേഗമാണ് മനസ്സ് അവയെ ഏറ്റെടുത്ത് സിരകളിലൂടെ കടത്തിവിടുന്നത്.
ഹിറ്റ്‌ലറെക്കുറിച്ച് കേട്ടത്:
എല്ലാക്കാര്യത്തിലും ഗ്രെഗ് നേരിട്ടിടപെടുമായിരുന്നു. ടവർക്രെയിൻ വയ്ക്കേണ്ട സ്ഥാനം വരെ മൂന്നു പ്രാവശ്യം മാറ്റി. അളന്നു മുറിച്ചും കൂലങ്കഷമായി ചിന്തിച്ചും തിരിച്ചും മറിച്ചും സാധ്യതകൾ വിശകലനം ചെയ്തുമായിരുന്നു അത്. ഒന്നും തീരുമാനമാകാതെ വന്നാൽ ‘ഞാനൊന്നു ചിന്തിക്കട്ടെ’ എന്നു ഗ്രെഗ് പറയും. അങ്ങനെ പറഞ്ഞാൽ അന്നത്തെ ചർച്ച അവസാനിച്ചു എന്നാണർത്ഥം. നീൽ ചെയ്യേണ്ട പണിയായിരുന്നു ഈ കൂടിയാലോചനകളും തുടർന്നുള്ള അന്തിമ തീരുമാനമെടുക്കലും. കാര്യങ്ങൾ പേരിന് ഏല്പിച്ചു കൊടുക്കുമെങ്കിലും ഗ്രെഗ് അധികാരത്തിന്റെ കടിഞ്ഞാൺ ഒരിക്കലും വിട്ടുകൊടുത്തിരുന്നില്ല.
ഗൗരവക്കാരനായ ഗ്രെഗിന് ഹിറ്റ്‌ലർ എന്ന വിളിപ്പേരു വരാൻ കാരണമുണ്ട്. രണ്ട് വർഷം മുമ്പ്, മറ്റൊരു സൈറ്റിലാണ് സംഭവം .താഴെ മണ്ണു മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ മുകളിലായി അല്പം മാറി പലകകൾ കൊണ്ടുള്ള ഒരു തട്ട് ഉണ്ടായിരുന്നു.ചെറിയ ഇരുമ്പു പൈപ്പുകൾ വച്ച് വെൽഡ് ചെയ്ത, ഒരാൾക്ക് കയറാൻ പാകത്തിൽ ഉയരത്തിലായി നിൽക്കുന്ന തട്ട്. മണ്ണ് കൊണ്ടു പോകുന്ന ട്രക്കിന്റെ മുകൾവശത്ത് നിന്ന് പൊടിപറക്കാതിരിക്കാൻ പച്ച വിരിപ്പോ ടാർപോളിനോ ഇട്ട് മൂടാൻ ഡ്രൈവർ ഇതിന് മുകളിൽ കയറും. രാത്രിയിൽ വന്ന കച്ചറയെടുക്കുന്ന ടിപ്പർ ട്രക്ക് അമിതവേഗത്തിൽ ഓടിച്ചു പോയി. വണ്ടിയുടെ പിന്നിലുള്ള ഒരു കൊളുത്ത് സൈഡിലേക്ക് ഊരിക്കിടന്നിരുന്നു. അരിക് ചേർന്ന് വണ്ടിയെടുത്തപ്പോൾ ഈ കൊളുത്ത് പ്ലാറ്റ്ഫോമിലെ പലകയിലൊന്നിൽ തട്ടി. വണ്ടി അതും മുന്നോട്ടു വലിച്ചു. പ്ലാറ്റ്ഫോം ഒന്നാകെ മറിഞ്ഞ് താഴേക്ക് വീഴാനായിക്കിടന്നു. ഭാഗ്യത്തിന് അപ്പോഴാരും താഴെ പണിയെടുക്കുന്നുണ്ടായിരുന്നില്ല.
ഗ്രെഗ് രാത്രി തന്നെ വന്ന് സ്ഥലമൊക്കെ കണ്ടു. തെളിവെടുപ്പും കൂട്ടിച്ചോദ്യവും നടന്നത് രാവിലെയാണ് .സേഫ്റ്റി മാനേജർ ബ്രണ്ടൻ ആയിരുന്നു പകൽ ഡ്യൂട്ടി .പാതി കളിയായും കാര്യമായും, ഗ്രെഗ് ഒരു ചെറിയ കല്ലെടുത്ത് ബ്രെണ്ടന്റെ ഹെൽമറ്റിൽ രണ്ടു പ്രാവശ്യം ഇടിച്ചു – “ടേക്ക് കെയർ ” എന്നു പറഞ്ഞു. “ഹെൽമറ്റും വച്ച് എന്നും ഇതിലേ തേരാപാരാ നടന്നാൽപ്പോരാ. താഴെ നിൽക്കുമ്പോൾ ഈ കല്ല് നിങ്ങളുടെ തലയിലേക്കും വീഴാം.കണ്ണു തുറന്ന് നോക്കിക്കൂടേ?” ബ്രണ്ടൻ ഒന്നും മിണ്ടിയില്ല. ഗ്രെഗ് കൊടുത്ത കല്ലും കയ്യിൽ പിടിച്ച ആ അര മണിക്കൂറും അവിടെയുണ്ടായിരുന്നു. റോഡിന് പുറത്തേക്ക് നിന്ന ഒരുപലക ബ്രണ്ടൻ നേരത്തെ കണ്ടുപിടിക്കാത്തതിൽ ഗ്രെഗിന് പരിഭവമുണ്ടായിരുന്നു. പതിവ് സുരക്ഷാ അന്വേഷണങ്ങൾ പൂർത്തിയായി.
ഒന്നും മിണ്ടാതെ ഓഫീസിലേക്ക് പോയ ബ്രണ്ടൻ പിന്നെ രാജിക്കത്തുമായി ഹെഡ് ഓഫീസിലാണ് പൊങ്ങിയത്. കാണേണ്ടവരെ കണ്ടു. ഇനി തിരികെ സൈറ്റിലേക്കും കമ്പനിയിലേക്കും ഇല്ലെന്നറിയിച്ചു. മിലിട്ടറി ജനറലിന്റെ സ്വഭാവമാണ് ഗ്രെഗിന് എന്നു മാത്രം പറഞ്ഞു.
‘അയാളാരാ, ഹിറ്റ്‌ലറോ എന്ന ഉപദേശിക്കാൻ ‘എന്നു മാത്രം അടുപ്പക്കാരോട് പതം പറഞ്ഞു. ഒറ്റയാൾ തീരുമാനങ്ങൾ മാത്രം നടപ്പിലാക്കുന്നിടത്ത് അങ്ങനെയാകട്ടെ എന്നു കൂടി കൂട്ടിച്ചേർത്തു. മറ്റുള്ളവരെ ഉൾക്കൊള്ളാൻ അറിയാത്ത ആളുടെ കൂടെ ഇനി ജോലി ചെയ്യാനില്ലെന്ന് തീർത്തുപറഞ്ഞു. ഗ്രെഗ് അപ്പോഴത്തെ തോന്നലിന് ചെയ്തതാണെങ്കിലും അതെക്കുറിച്ച് പിന്നീട് കൂടുതൽ അന്വേഷണമൊന്നും ഉണ്ടായില്ല. രണ്ടു മിനിറ്റ് കൊണ്ട് ബ്രണ്ടൻ ഒരു തീരുമാനം എടുത്ത് പുറത്തു പോയെങ്കിലും, ആ ഹിറ്റ്‌ലർ പരിവേഷം ഗ്രെഗിനെ വിടാതെ പിന്തുടർന്നു.
എല്ലാവർക്കും ഗ്രെഗിന്റെ രീതികളോട് എതിർപ്പുകൂടാൻ അടുത്തയിടെ പുതിയൊരു കാരണം കൂടെയുണ്ടായി. ശൗര്യക്കാരനായ, ഒരു കുഞ്ഞൻ ജീവിയായിരുന്നു പ്രശ്നക്കാരൻ. നോട്ടീസ് ബോർഡിൽ കാണപ്പെടുകയും ഇ മെയിലിൽ വരികയും ചെയ്ത ഉത്തരവിന്റെ സംഗ്രഹം ഇതായിരുന്നു.
പൂച്ചകളെ പരിപാലിക്കണം
പൂച്ചകളെ ശല്യപ്പെടുത്തരുത്
വിവരമറിഞ്ഞവർ മറ്റുള്ളവരെ വിളിച്ചറിയിച്ചു.ഒന്നോ രണ്ടോ പൂച്ചകളെ സൈറ്റിലെ പുറംവേലിക്കടുത്ത് കണ്ടിട്ടുണ്ടെന്നല്ലാതെ പെട്ടെന്നുണ്ടായ ഈ നവപ്രണയം ആർക്കും മനസ്സിലായില്ല. കിട്ടിയ സമയം കൊണ്ട് രാജേഷ്, പൂച്ചപരിപാലനത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾക്കായി ഗൂഗിൾ ചെയ്തു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പൂച്ചകൾ കളിക്കുന്നുണ്ട്, വാഹനം പതുക്കെ ഓടിക്കുക എന്നെഴുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. മഞ്ഞയും കറുപ്പും നിറത്തിൽ ഉള്ള മുന്നറിയിപ്പു സൂചികകൾ. മുൻകാലുകൾ നിലത്തു കുത്തി, പിൻകാലും വാലും മുകളിലേക്കാക്കി നിൽക്കുന്ന ഒരു പൂച്ചപ്പടം നടുവിലും. പാർക്കിങ്ങ് ലോട്ടിന്റെ പ്രധാന ഭാഗത്ത് ഒരു ചെറു പൂച്ചക്കൂട്. പിന്നെ സമയാസമയം തീറ്റ കൊടുക്കാനുള്ള പാത്രങ്ങളും .അതിനു ശേഷം ഗ്രെഗ് പതിവിലും നേരത്തെ ഓഫീസിൽ വന്നു തുടങ്ങി. ഇപ്പോൾ രാവിലെ ആറ് മണിക്ക് എത്തും. അര മണിക്കൂർ നേരം പൂച്ചകൾക്ക് തീറ്റ കൊടുക്കലും അവയുടെ കളി കാണലും.പൂച്ചകൾ വന്ന് ഷൂസിലുരുമ്മാനും അയാളുടെ മുന്നിൽ ശബ്ദമുണ്ടാക്കി നിൽക്കാനും തുടങ്ങി.
പുതിയ ഉത്തരവിന്റെ കഥ സൈറ്റിലെ തൊഴിലാളികൾ അറിയുന്നതിനു മുമ്പേ മാർജ്ജാരവൃന്ദം മണത്തറിഞ്ഞിട്ടുണ്ടാവണം. അവരുടെ നെറ്റ്‌വർക്ക് സർക്കിളുകളിൽ ആ മുരളൽ ശബ്ദം പടർന്നിട്ടുണ്ടാവും.ആ പ്രവിശ്യയിൽ ഉള്ള അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകളിൽ പകുതിയും അവിടെയെത്തി.രണ്ടു പൂച്ചകളെ കണ്ടിടത്തു നിന്നും പതിനാറ് എണ്ണം, അതും ഒരാഴ്ചക്കുള്ളിൽ. സൗജന്യ ഭക്ഷണവും രാജകീയ താമസ സൗകര്യങ്ങളും കിട്ടിയ പൂച്ചകളുടെ നല്ല കാലമാണിതെന്ന് ഗ്രെഗിന്റെ നല്ല പിള്ള ലിസ്റ്റിൽ ഇടം കിട്ടാത്തവർ പരിഭവം പറഞ്ഞു.
ഒരിക്കൽ ഗേറ്റിനടുത്ത് കാർപ്പന്ററി യാർഡിൽ വച്ചിരുന്ന പ്ലൈവുഡിന്റെ മുകളിൽ ചാടിക്കയറിയ പൂച്ചയുടെ കാലിൽ ആണി കൊണ്ടു .പൂച്ച ഞൊണ്ടിക്കൊണ്ടു നടക്കുന്നത് ഗ്രെഗിന്റെ ശ്രദ്ധയിൽപ്പെട്ടു. നേരെ വെറ്റ് ക്ലിനിക്കിലെത്തിക്കാൻ ഏർപ്പാട് ചെയ്തു. പിറ്റേന്ന് രണ്ട് ബാസ്ക്കറ്റുകൾ ഓഫീസിലും സ്റ്റോറിലും എത്തി. എന്തെങ്കിലും പ്രശ്നമോ ക്ഷീണമോ ഉണ്ടെങ്കിൽ പൂച്ചകളെ എളുപ്പം ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള ഏർപ്പാടായിരുന്നു.ചെറിയൊരു കൂടാണ്. മുകളിൽ തൂക്കിപ്പിടിക്കാൻ ഒരു കൈപ്പിടി ഉണ്ട്. അകത്ത് ചെറിയ പാത്രവും കിടക്കാനുള്ള പതുപതുപ്പുള്ള തുണിയും.
പൂച്ചകൾ പതുക്കെപ്പതുക്കെ സൈറ്റിന്റെ ഒരവിഭാജ്യഘടകമായി മാറി. ഓരോന്നും അവയുടേതായ ഇടവും കണ്ടെത്തി. ചിലത് ഗേറ്റിനു മുന്നിൽ സെക്യൂരിറ്റിക്കൊപ്പം കാവലായ് നിന്നു. വണ്ടികളും ആൾക്കാരും ഇല്ലാത്ത സമയങ്ങളിൽ മുൻ കാലുകൾ നിലത്തു കുത്തി, വാൽ പിന്നിലേക്കാക്കി കുന്തിച്ചിരുന്നു.തലയുയർത്തി അവർക്കൊപ്പം കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്നു. മറ്റു ചിലത് റിസപ്ഷന്റെ പുറത്തു വരെ വിസിറ്റേഴ്സിനെ അനുഗമിച്ചു നടന്നു.ഉച്ചഭക്ഷണസമയത്ത് പാൻട്രിയുടെ പിന്നിലുള്ള ഫുഡ് വേസ്റ്റ് ഇടുന്ന പാത്രത്തിനടുത്ത് നിരയായി ചെന്നു നിന്നു. ഗ്രെഗ് കൊടുക്കുന്ന ഭക്ഷണം കൂടാതെ വല്ല മീൻ കഷണമോ ഇറച്ചിത്തുണ്ടോ കിട്ടിയാൽ അതും ശാപ്പിട്ടു. മീൻ കഴിക്കുന്നവരേയും അല്ലാത്തവരേയും തിരിച്ചറിഞ്ഞു. ഉച്ചഭക്ഷണം കഴിച്ച് ഓഫീസിന് പുറത്തിറങ്ങുന്നവരെ നോക്കി പ്രത്യേക ശബ്ദത്തിൽ കരഞ്ഞു. ഓഫീസ് കാബിന്റെ അടിയിലേക്ക് വലിച്ചുകൊണ്ടു പോയി മീൻമുള്ളുകൾ സൂക്ഷിച്ചു.രണ്ടാം നിലയിലേക്കുള്ള സ്റ്റീൽ പടികളുടെ ചുവട്ടിൽ ഇളവെയിൽ കൊണ്ടു കിടന്നു. പൂച്ചകൾ വളർന്നു. കളിച്ചും തിമിർത്തും ചീറിയും കടി പിടികൂടിയും നടന്നു. ചിലതിന് കുട്ടികളുണ്ടായി. അതിനിടയിൽ, കെട്ടിടത്തിന്റെ പ്രധാന സ്ലാബ് എട്ടാമത്തെ നില വരെയെത്തി.
ആ ബാച്ചിലെ പുതിയ പൂച്ചക്കുട്ടികളിൽ ഒരെണ്ണം തവിട്ടു നിറമുള്ള ഒന്നായിരുന്നു. അതിന്റെ വാലിൽ മാത്രം കറുത്ത ചില പുള്ളിക്കുത്തുകൾ, അടിവയർ ഭാഗത്ത് വെളുത്ത നിറം. ഗ്രെഗ് അതിന് ലിയോ എന്നു പേരിട്ടു. പിന്നെപ്പിന്നെ അതിനു മാത്രം പ്രത്യേക പാത്രത്തിൽ ഭക്ഷണം കൊടുക്കും. പ്രത്യേക ഭക്ഷണവും പാലും ലിയോയുടെ മാത്രം അവകാശമായി മാറി. പഴയ താപ്പാനപൂച്ചകൾ ചിലപ്പോൾ അരിശവും ദേഷ്യവും മുറുമുറുപ്പായി പുറത്തു കാണിച്ചു. ഗ്രെഗിന്റെ ഷൂസിനെ മുൻഭാഗത്ത് നഖം കൊണ്ട് മാന്തി. രാവിലത്തെ ശാന്തതയ്ക്കു പകരം പൂച്ചമുരൾച്ചകൾ കൊണ്ട് അവിടം നിറഞ്ഞു. ചില വൈകുന്നേരങ്ങളിൽ ലിയോയെ കാറിന്റെ മുമ്പിലെ ഒരു കുഷ്യൻ സീറ്റിൽ ഇരുത്തി, പാർക്കിങ്ങിലൂടെ ഒന്നു രണ്ടു വട്ടം ഡ്രൈവ് ചെയ്തു. അങ്ങനെ ഒരു മാസക്കാലം കഴിഞ്ഞു പോയി. മറ്റു ചില പൂച്ചക്കുട്ടികളെ പുറമെയുള്ളവർക്കും നോക്കുമെന്ന് ഉറപ്പുള്ള ആവശ്യക്കാർക്കും കൊടുത്തിരുന്നു. ലിയോയെ ആർക്കും കൊടുക്കാൻ ഗ്രെഗ് സമ്മതിച്ചില്ല.
അപ്പോഴാണ് ആ സംഭവമുണ്ടായത്. ലിയോ ‘മിസ്സിങ്ങാ’വുന്നത്. പിറ്റേന്ന് രാവിലെയാണ് ലിയോ എന്ന പൂച്ചക്കുട്ടിയെ കാണാനില്ലെന്ന് എല്ലാവരും അറിഞ്ഞത്. ഗ്രെഗ് പുറത്തെ ക്യാമറദൃശ്യങ്ങൾ ഒക്കെ പരിശോധിച്ചു. കാബിന്റെ അടിയിൽ നോക്കാൻ ഓഫീസ് ബോയിയെ വിട്ടു. എവിടെയെങ്കിലും പരിക്കുപറ്റി കിടക്കുകയാണോയെന്നും നോക്കി. ചിലപ്പോൾ പുറത്തിറങ്ങി, ഫെൻസിന് അടിയിലൂടെ നൂഴ്ന്നിറങ്ങി റോഡിലേക്ക് പോകാനും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് രാജേഷ് മീറ്റിങ്ങിനായി ഓഫീസിൽ എത്തിയതും സെക്യൂരിറ്റിക്കാരൻ ലാൽജി മടിച്ചു മടിച്ച് അടുത്തെത്തി. ” ഒരു കാര്യം പറയാനുണ്ട് “. പിന്നെ രാജേഷിനെ മാറ്റി നിർത്തി പറഞ്ഞു: “ഒരു സാധ്യതയാണ്. സാറിന്റെ ഫോർ വീൽ ഡ്രൈവിനടിയിൽ പൂച്ച കുടുങ്ങിയോ എന്നു സംശയം. അടിയിൽ ഈച്ച പറക്കുന്നുണ്ട്. ഇന്നലെ ലിയോ അവിടെ കളിക്കുന്നുണ്ടായിരുന്നു. “ഏതായാലും വൈകിട്ടു നോക്കാമെന്ന് രാജേഷ് ഉറപ്പുകൊടുത്തു .” ഇപ്പോൾ ആരും ഒന്നും അറിയേണ്ട. ഞാൻ തന്നെ സമയമാകുമ്പോൾ നേരിട്ട് പറഞ്ഞോളാം.”
വൈകുന്നേരം അൽപ്പം നേരത്തെ രാജേഷ് ഇറങ്ങി. മൊബൈലിലെ ടോർച്ച് തെളിച്ചു നോക്കുമ്പോൾ രാജേഷിലൂടെ ഒരു വിറയൽ കടന്നു പോയി. ചെറിയ മണമുണ്ട്. ടയറിനുമുകളിൽ കയറി, വണ്ടിയുടെ അകത്തെ സൈഡിൽ തണുപ്പടിച്ച് കിടന്നിട്ടുണ്ടാവണം. കയറിയ വഴി പുറത്തിറങ്ങാനായിട്ടുണ്ടാവില്ല. ലാൽജി ചൗഹാനോട് വേണ്ട രീതിയിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഒറ്റുകാരന്റെ മുഖവുമായി അയാൾ ഗ്രെഗിന്റെ മുറിയിലെങ്ങാനും കയറിയാൽ മതി. അതോടെ എല്ലാം തീർന്നു. ഗ്രെഗ് എങ്ങനെ പ്രതികരിക്കുമെന്നോർത്ത് രാജേഷ് വിളറി. മൂക്കിൻ തുമ്പിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
നല്ല മൂഡ് നോക്കി നാളെത്തന്നെ താനിത് അവതരിപ്പിച്ചു കൊള്ളാമെന്ന് സെക്യൂരിറ്റിക്കാരന് ഉറപ്പു നൽകി.’നമ്മളൊന്നും കണ്ടിട്ടില്ലെന്ന് വിചാരിച്ചാ മതി’യെന്ന് ലാൽജിയും പറഞ്ഞു. സെക്യൂരിറ്റിക്കാരനോട് അങ്ങനെ പറഞ്ഞ് ഒഴിവായെങ്കിലും ഗ്രെഗിനോട് അതു തുറന്നു പറയാനുള്ള ശക്തി തനിക്കില്ലെന്ന് രാജേഷിന് പകൽ പോലെ വ്യക്തമായിരുന്നു. ഗ്രെഗിനോട് വിരോധമുള്ള ആരെങ്കിലും ചെയ്തതായിരിക്കുമോ ഇത്? എല്ലാമറിയുന്ന ഗുരു തൃക്കണ്ണാൽകണ്ടുപിടിച്ചെങ്കിൽ മാത്രം തന്റെ അവസ്ഥ ഏറ്റുപറഞ്ഞ് മാപ്പു ചോദിക്കാമെന്ന് രാജേഷ് മനസ്സിലോർത്തു.
എമിലി പറഞ്ഞത് :
ഞാൻ എമിലി .
ഇപ്പോഴാണ് വാട്ട്സ്ആപ്പ് സന്ദേശം കണ്ടത്. പരിചയമില്ലാത്ത ഏതോ ഒരു നമ്പറിൽ നിന്നാണ്. സ്ഥിരം ചെയ്യുന്നതു പോലെ ആദ്യം ആളുടെ പ്രൊഫൈൽ എടുത്തു നോക്കി .ഒരു സാദാ ഡിപി. പണി നടക്കുന്ന കെട്ടിടത്തിനു മുന്നിൽ നിന്ന്, പാതി ചരിച്ചു വച്ച ഹെൽമറ്റോടു കൂടിയ മുഖം. സൈഡ് വ്യൂ ആണ്.
നേരെ മെസ്സേജിലേക്ക് കടന്നു.
” അല്പസമയം മുമ്പായിരുന്നു. സൈറ്റ് ഓഫീസിൽ വെച്ച്. അത്യാഹിത വിഭാഗത്തിൽ വിളിച്ച് ആംബുലൻസ് ഏർപ്പാടാക്കിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.ഞാൻ ഗ്രെഗിന്റെ കൂടെ ജോലി ചെയ്യുന്നയാളാണ്. നീൽ.”
വീണ്ടും സന്ദേശത്തുടർച്ച.
” HR രേഖകളിലൊക്കെ സ്റ്റുവർട്ട് എന്ന സുഹൃത്തിന്റെ നമ്പർ ആണ് ഫസ്റ്റ് കോൺടാക്ട് ആയി കൊടുത്തിരിക്കുന്നത്. അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. പിന്നെ അറിയിക്കണ്ടതായി എമിലി – മകൾ, എന്ന ഒരു പേര് മാത്രമാണ് കണ്ടത്. “
ദുഃഖഭാവങ്ങൾ ഉളള ഒരു ഇമോജി തിരിച്ചയച്ചു.
മറുപടി വേഗം വന്നു. “ഇനി എന്തെങ്കിലും …. “
“വേണ്ട. അവിടുത്തെ ചടങ്ങുകൾ നടക്കട്ടെ.” ഞാൻ പറഞ്ഞു നിർത്തി.
ബാൽക്കണിയിൽ നിന്ന് തിരികെ മുറിയിലെത്തിയപ്പോൾ മമ്മ അവിടെയുണ്ട്. ഏഴ് വയസ്സുള്ള എന്നെയും കൊണ്ട്, സുഹൃത്ത് ലിയോയ്ക്കൊപ്പം കോൺക്രീറ്റ് മണമുള്ള ആ ഓർമ്മത്തിരകളിൽ നിന്ന് ഒരിക്കൽ ഇറങ്ങി വന്നതാണ് മമ്മ. ഗ്രെഗിന്റെ ഇരുപത്തിനാലു മണിക്കൂർ ജോലി ഭ്രാന്തും മമ്മയുടെ ഇരുപത്തിനാലു മണിക്കൂർ പൂച്ചപ്രേമവും എങ്ങനെ ചേർന്നു പോകാനാണ്.
ഞാൻ അയാൾക്ക് ആരോ ഒരാളായിരുന്നു.
എനിക്കയാൾ ആരുമല്ലായിരുന്നെങ്കിൽക്കൂടി.
ഞാൻ ജനാല തുറന്നിട്ടു. അപ്പോൾ എന്റെയുള്ളിൽ നിന്നും ചാടിയിറങ്ങിയ ഫ്രോക്കിട്ട ഒരു പെൺകുട്ടി കടൽക്കരയിലേക്ക് ഓടി.
താൻ മാത്രം ശരിയെന്നു പറഞ്ഞ് കടലിലേക്കു താഴാതെ ദേഷ്യഭാവത്തിൽ നിന്ന അസ്തമയസൂര്യൻ നിത്യതയുടെ ജലരാശിയിലേക്ക് ഊളിയിടുന്നു.
കടൽ അപ്പോഴും ശാന്തമായിരുന്നു.
എന്റെ മനസ്സും.