ഏതു നാട്ടിൽ ജീവിച്ചാലും സ്വന്തം നാടിനൊരാവശ്യം വന്നാൽ ഒറ്റക്കെട്ടാണു മലയാളികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തുക കണ്ടെത്താൻ മലയാളികൾ ലണ്ടനിൽ നടത്തിയത് ബിരിയാണി ചലഞ്ച്.
നോർതാംപ്ടണിലെ സമീക്ഷ മലയാളി സമാജമാണ് ചലഞ്ച് നടത്തിയത്. മലയാളികൾക്കു മാത്രം പരിചയമുള്ള ബിരിയാണി ചലഞ്ച് ബ്രിട്ടീഷുകാർക്കു പുതുമയായി.
രുചി നാട്ടിലേതുപോലെയാണെങ്കിലും ലണ്ടനിൽ ബിരിയാണിക്ക് ഗമയും വിലയും കൂടുതലാണ്. മലയാളികൾതന്നെ അപൂർവമായാണ് ബിരിയാണി തയ്‌യാറാക്കാറുള്ളത്. 600 ബിരിയാണിപ്പൊതിയാണു ചലഞ്ചിലൂടെ വിറ്റത്. ഒരു പൊതിക്ക് ആറുപൗണ്ട്. നമ്മുടെ നാട്ടിലെ 600 രൂപയ്‍ക്കുമേൽ.
മലയാളി ബിരിയാണി ഇംഗ്ലീഷുകാർക്കിടയിലും പ്രിയമുള്ളതാണ്. ബ്രിട്ടീഷുകാരും ബിരിയാണി വാങ്ങി ചലഞ്ചിൽ പങ്കാളികളായി. മലയാളികളുടെ സേവനപാതയിലെ വേറിട്ടവഴി അവർക്കു കൗതുകമായി. ബിരിയാണി തയ്‌യാറാക്കിയതും വിതരണംചെയ്തതും സമാജം പ്രവർത്തകർ തന്നെയാണ്.
ചലഞ്ചിലൂടെ രണ്ടുലക്ഷം രൂപയിലേറെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകാനായെന്നു സമീക്ഷ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ മിക്ക ജില്ലയിലുള്ളവരും ചലഞ്ചിന്റെ ഭാഗമായതായി സമാജം പ്രസിഡന്റ് അഡ്വ. ദിലീപ്കുമാർ പറഞ്ഞു.
ഭാരവാഹികളായ ശരത് രവീന്ദ്രൻ, ആന്റോ കുന്നിപറമ്പിൽ, ഡെന്നീസ് ജോസഫ്, നാഷി പൂക്കോടൻ, നജീബ് തുടങ്ങിയവർ നേതൃത്വംനൽകി.
Content Highlights: Biryani Challenge was held in London by the Malayalees