വാഴയിലയിൽ പൊതിഞ്ഞ് വേവിച്ച സ്പെഷ്യൽ കക്കയിറച്ചി വിഭവമായാലോ ഇന്ന്, കക്കയിറച്ചി കിഴികെട്ടിയത് തയ്‌യാറാക്കാം
ചേരുവകൾ
- കക്കയിറച്ചി- 250 ഗ്രാം
- ചുവന്നുള്ളി അരിഞ്ഞത്- 15 എണ്ണം
- സവാള അരിഞ്ഞത്- ഒന്ന്
- പച്ചമുളക് അരിഞ്ഞത്- അഞ്ചെണ്ണം
- ഇഞ്ചി- ഒന്ന്
- വെളുത്തുള്ളി- അഞ്ചെണ്ണം
- കറിവേപ്പില- രണ്ട് തണ്ട്
- തേങ്ങാക്കൊത്ത്- ചെറിയ കഷണം
- തക്കാളി അരിഞ്ഞത്- ഒന്ന്
- വെളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്
- കടുക്- ഒരു ടീസ്പൂൺ
- പെരുംജീരകം- ഒരു ടീസ്പൂൺ
- മുളകുപൊടി- ഒരു ടീസ്പൂൺ
- മല്ലിപ്പൊടി- ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
- കുരുമുളകുപൊടി- ഒരു ടീസ്പൂൺ
- മീറ്റ്മസാല- ഒരു ടീസ്പൂൺ
- വാഴയില- ഒന്ന്
തയ്‌യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് താളിച്ച് പെരുംജീരകം പൊടിച്ചു ചേർക്കുക. ഇതിലേക്ക് രണ്ടുമുതൽ എട്ടുവരെയുള്ള ചേരുവകൾ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് വഴറ്റുക. ഇനി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മീറ്റ് മസാല എന്നിവയിട്ട് വഴറ്റാം. അതിനുശേഷം കക്കയിറച്ചി ഇട്ട് നന്നായി വേവിച്ച ശേഷം തക്കാളി ചേർത്ത് ഇളക്കുക. വാട്ടിയ വാഴയിലയിൽ കിഴികെട്ടി ഒരു പാത്രത്തിൽ വച്ച് ആവികയറ്റി എടുക്കാം. ചൂടോടെ കഴിക്കാം.
(തയ്‌യാറാക്കിയത്- പ്രജിത്ത്, എക്സിക്യൂട്ടീവ് ഷെഫ്, ദി ഫാമിലി ഷാപ്പ് റസ്റ്റൊറന്റ്, കോഴിക്കോട്)
Content Highlights: Kakka irachi kizhikettiyathu special Karela recipe