അടുക്കള ജോലിക്കിടെ പൊള്ളലുണ്ടായാൽ പെട്ടെന്ന് എന്തുചെയ്‌യണമെന്ന് ആകെ ഒരു കൺഫ്യൂഷൻ ആണ്. അത് അകറ്റാനുള്ള ചില നുറുങ്ങു വിദ്യകൾ
വീടുകളിൽ ഉണ്ടാകുന്ന പരിക്കുകളിൽ നിർഭാഗ്യവശാൽ ഒന്നാം സ്ഥാനം എന്നും പൊള്ളലിനാണ്. ചെറിയ ചെറിയ പൊള്ളലുകൾ ഉണ്ടാകുമ്പോഴാണ് നമ്മൾ അടുക്കളയിൽ സൂക്ഷിക്കേണ്ട ബർനോൾ പോലുള്ള ഓയിന്റ്മെന്റുകളെ കുറിച്ച് ചിന്തിക്കുന്നത്. പൊള്ളലുകൾ മിക്കവാറും ശ്രദ്ധക്കുറവുകൊണ്ടാണ് ഉണ്ടാകുക. ഇനിയിപ്പോൾ പൊള്ളിയാൽ പെട്ടെന്ന് എന്തുചെയ്‌യണമെന്ന് ആകെ ഒരു കൺഫ്യൂഷൻ ആണ്. ആ കൺഫ്യൂഷൻ അകറ്റാനുള്ള ചില നുറുങ്ങു വിദ്യകളെ പരിചയപ്പെടാം.
പൊള്ളൽ എന്നത് അവയുടെ തീവ്രത അനുസരിച്ചാണ് തരംതിരിച്ചിരിക്കുന്നത്. നിസ്സാരവും തൊലിയുടെ പുറമേയുള്ള പൊള്ളലാണ് ഒന്നാമത്തേത് – അതിനെ ഒന്നാംതരം (first-degree burn) പൊള്ളൽ എന്നാണ് പറയുന്നത്. ഇങ്ങനെയുള്ള പൊള്ളൽ തൊലിയുടെ നിറം ചെറിയ തോതിൽ ചുവപ്പിക്കുകയും ചെറിയ വേദനയോടു കൂടിയ വീക്കം ഉണ്ടാക്കുകയും ചെയ്‌യും.
പൊള്ളിയ അവയവമനുസരിച്ച് വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്. ചെറിയരീതിയിൽ കൈകളിലോ, കാലുകളിലോ ഉള്ള പൊള്ളലാണ് (പൊള്ളലേറ്റത് മൂന്ന് ഇഞ്ചിൽ കുറവാണെങ്കിൽ) സാധാരണ വീട്ടിൽ ചികിത്സിക്കാറുള്ളത്. രണ്ടാം തരം (Second-degree burns) പൊള്ളൽ ത്വക്കിന്റെ പുറമേയുള്ള ആവരണത്തെ തുളച്ച് രണ്ടാമത്തെ പാളിയെ (dermis) ബാധിക്കുന്ന പൊള്ളലാണ്. ഈ തരത്തിലുള്ള പൊള്ളൽ ത്വക്കിന്റെ നിറം കടും ചുവപ്പാക്കുകയും കുമിളകൾ കാണപ്പെടുകയും ചെയ്‌യുന്നു. മാത്രമല്ല പോള്ളലേറ്റ ഭാഗത്ത് വേദനയോടുകൂടിയ വീക്കങ്ങളും ഉണ്ടാകും.
പൊള്ളലേറ്റ ഭാഗം മൂന്ന് ഇഞ്ചിൽ കൂടുതലാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടുക. മൂന്നാംതരവും നാലാംതരവും (Third-degree, Fourth-degree) പൊള്ളൽ വളരെ ഗൗരവമുള്ളതും തത്സമയം തന്നെ പ്രൊഫഷണൽ വൈദ്യസഹായം തേടേണ്ടതുമാണ്. ഇങ്ങനെയുള്ള പൊള്ളൽ ചർമത്തെ മാത്രമല്ല സന്ധികൾക്കും അസ്ഥികൾക്കും വരെ ശാശ്വതമായ ക്ഷതം വരുത്തുന്നവയാണ്. ഇവ തീർച്ചയായും ആശുപത്രിയിൽത്തന്നെ ചികിത്സിക്കേണ്ടതാണ്.
മൂന്ന് ഇഞ്ചിൽ താഴെയുള്ള ചെറിയ പൊള്ളൽ ഉണ്ടാകുകയാണെങ്കിൽ താഴെ പറയുന്നവ ചെയ്‌യാവുന്നതാണ്. എന്നാൽ വലിയ രീതിയിലുള്ള പൊള്ളലിന് തീർച്ചയായും വൈദ്യസഹായം തേടുക.
വെള്ളം
പ്രഷർ കുക്കറിൽ തട്ടിയോ, ചൂടുവെള്ളം തെറിച്ചു വീണോ എളുപ്പത്തിൽ പൊള്ളലേൽക്കുന്നത് കൈകളിലാണ്. നമ്മുടെ അടുക്കളയിൽത്തന്നെ പൊള്ളലിന്റെ വേദനയെയും പാടിനെയും കുറയ്‍ക്കുന്ന ചെപ്പടിവിദ്യകളുണ്ട്. ഉദാഹരണത്തിന് ഏതൊരു അടുക്കളയിലും കാണും ഒരു പൈപ്പും അതിലൂടെ വരുന്ന തണുത്ത വെള്ളവും. പൊള്ളലേറ്റു എന്ന് കണ്ടുകഴിഞ്ഞാൽ ഉടനെതന്നെ പൊള്ളലേറ്റ ഭാഗം വെള്ളത്തിൽ മുക്കിവയ്‍ക്കാനോ അല്ലെങ്കിൽ പൈപ്പിലൂടെ വരുന്ന തണുത്ത വെള്ളത്തിന്റെ അടിയിൽ പിടിക്കാനോ നോക്കണം (തണുത്ത വെള്ളമാണ് ഉപയോഗിക്കേണ്ടത്, ഐസ് അല്ല. ഐസ് ഉപയോഗിക്കുകയാണെങ്കിൽ പൊള്ളലേറ്റ ഭാഗത്തെ രക്തപ്രവാഹം പരിമിതപ്പെടുകയും അതു വഴി സൂക്ഷ്മമായ കോശങ്ങൾക്ക് കേടുപാടുണ്ടാകുകയും ചെയ്‌യും).
പൊള്ളൽ ഉണ്ടാകുമ്പോൾ ചർമത്തിന്റെ ഉപരിതലത്തിൽ മാത്രമല്ല ക്ഷതമുണ്ടാകുന്നത്, ചർമത്തിന്റെ അന്തർഭാഗത്തും ക്ഷതമുണ്ടാകുന്നുണ്ട്. ഒഴുകുന്ന തണുത്ത വെള്ളത്തിൽ പൊള്ളലേറ്റ ഭാഗം കാണിക്കുമ്പോൾ രണ്ടു പ്രയോജനമാണ് ഉണ്ടാകുന്നത്. ഒന്നാമതായി ഇന്ദ്രിയാവബോധം ഉണ്ടാക്കുന്ന ഞരമ്പുകളെ (Sensory nerves) ചൂടിൽ നിന്നുള്ള വേദനയിൽനിന്ന് വ്യതിചലിപ്പിക്കുന്നു. മറ്റൊരുപയോഗം, നമ്മുടെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ത്വക്കിന്റെ ആന്തരിക ക്ഷതം വ്യാപിക്കുന്നത് തടയുന്നു.
ഉരുളക്കിഴങ്ങ്
ചൊറിച്ചിലുണ്ടാക്കുന്നതിനെതിരേ പ്രവർത്തിക്കാൻ അത്യുത്തമമായ ഒന്നാണ് ഉരുളക്കിഴങ്ങ്. വെള്ളത്തിൽ കുറച്ചുസമയം വച്ചതിനു ശേഷം, പൊള്ളലുണ്ടായ ഭാഗത്ത് ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗം മുറിച്ചെടുത്തു വയ്‍ക്കുന്നത് (ഉരുളക്കിഴങ്ങിന്റെ ചാറ് പൊള്ളലേറ്റ ഭാഗത്തു വീഴുന്ന വിധത്തിൽ) വേദനയിൽനിന്ന് ആശ്വാസവും കുമിളകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും. മികച്ച ഫലങ്ങൾ ലഭിക്കുന്നതിന്, പൊള്ളൽ സംഭവിച്ചാൽ ഉടൻ ഈ പരിഹാരങ്ങൾ ഉപയോഗിക്കുക.
കറ്റാർവാഴ
പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടില്ലേ, നാടൻ ഒറ്റമൂലികളിൽ ഒന്നാമനാണ് കറ്റാർവാഴ. കറ്റാർവാഴയിൽ അസ്ട്രിൻജന്റ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങൾ സുഖപ്പെടുത്തുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. കറ്റാർവാഴയില ഒരു ചെറിയ കഷണം മുറിച്ച് അവയിൽനിന്നുള്ള ചാറ് പൊള്ളലേറ്റ ഭാഗത്തു വീഴ്ത്തുക. കറ്റാർവാഴയുടെ ചെടി ഇല്ലെങ്കിൽ, കറ്റാർവാഴ ചേരുവയായുള്ള ക്രീം ഉപയോഗിക്കാം.
തേൻ
തുറന്ന മുറിവുകളിൽ പൊള്ളലേൽക്കുന്നത് അണുബാധയ്‍ക്കുള്ള സാധ്യത വളരെ കൂടുതലാക്കുന്നു. പൊള്ളലേറ്റതിനു ശേഷം തണുത്ത വെള്ളത്തിൽ വച്ചതിനു ശേഷം (താപനില കൊടുംചൂടിൽനിന്ന് താഴെ കൊണ്ടുവന്നതിനു ശേഷം) ലേശം തേൻ പൊള്ളലേറ്റ ഭാഗത്തു പുരട്ടുന്നത് അണുബാധ തടയുകയും വേദനയ്‍ക്ക് ആശ്വാസം നൽകുകയും ത്വക്കിനെ പൂർവസ്ഥിതിയിൽ കൊണ്ടുവരുന്നതിന് സഹായിക്കുകയും ചെയ്‌യും.
വെളിച്ചെണ്ണ
പൊള്ളൽ ചികിത്സയിൽ ഏറ്റവും ഫലപ്രദവും നമ്മുടെ അടുക്കളയിൽനിന്ന് എളുപ്പത്തിൽ ലഭിക്കുന്നതുമായ ഒരു സ്വാഭാവിക ചികിത്സാവസ്തുവാണ് വെളിച്ചെണ്ണ. അണുബാധകൾക്കെതിരേ ചർമത്തെ പരിരക്ഷിക്കുകയും രോഗശാന്തി വർധിപ്പിക്കുകയും വേദന, വീക്കം എന്നിവ കുറയ്‍ക്കുകയും ചെയ്‌യുന്നു. കൂടാതെ വെളിച്ചെണ്ണ ഈർപ്പം നൽകി ത്വക്കിന്റെ ജലാംശം നിലനിർത്തുകയും അതുവഴി ശാശ്വതമായ അടയാളങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്‌യുന്നു. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും പോളിഫിനോളും ചർമത്തിൽ ആഴ്ന്നിറങ്ങി കേടുവന്ന കോശങ്ങളെ വേഗത്തിൽ പൂർവസ്ഥിതിയിൽ എത്താൻ സഹായിക്കുന്നു.
വെള്ളത്തിൽ കാണിച്ച് പൊള്ളലേറ്റ സ്ഥലത്തെ താപനില താഴെ കൊണ്ടുവന്നതിനു ശേഷം വെളിച്ചെണ്ണ പുരട്ടി കുറച്ചുസമയം വയ്‍ക്കുക. ഇത് ആവർത്തിച്ച് ചെയ്‌യുകയാണെങ്കിൽ ഫലം നിശ്ചിതം.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്- കേട്ടിട്ടില്ലേ ഈ പഴമൊഴി. അതുപോലെ കുറച്ചു ശ്രദ്ധയോടും അടുക്കും ചിട്ടയോടും കൂടി അടുക്കളജോലിയിൽ ഏർപ്പെടുകയാണെങ്കിൽ പൊള്ളൽ ഉണ്ടാകുന്നത് തടയാവുന്നതാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിലെ ചർമം മുതിർന്നവരുടെ ചർമത്തെക്കാൾ വളരെ മൃദുലമാണ്.
അതിനാൽ അടുക്കളയിൽ കുഞ്ഞുങ്ങൾ ഉള്ളപ്പോൾ അതീവ ജാഗ്രത പുലർത്തുക. ചൂടുള്ള പാത്രങ്ങൾ, കുക്കർ എന്നിവ അടുക്കളയിൽ പെരുമാറുന്ന ഭാഗത്തുനിന്ന് മാറ്റിവയ്‍ക്കുക. ചൂടുവെള്ളം, എണ്ണ എന്നിവ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്‌യുക. ബർനോൾ മുതലായ ഓയിന്റ്മെന്റ്, കറ്റാർവാഴ അടങ്ങിയിട്ടുള്ള ഓയിന്റ്മെന്റ് എന്നിവ തീർച്ചയായും അടുക്കളയിൽ സൂക്ഷിക്കുക.
Content Highlights: Burns during kitchen work