പച്ചക്കറികൾ എന്നാൽ പോഷകത്തിന്റെ കലവറ തന്നെയാണ്. എന്നാൽ എങ്ങനെ പച്ചക്കറികൾ പാചകം ചെയ്യുന്നത് വരെ കേടാകാതെ പുതുമയോടെ സൂക്ഷിക്കും? ഓരോ ആഴ്ചയും വാങ്ങുന്ന പച്ചക്കറികൾ അങ്ങനെ തന്നെ ഫ്രിഡ്ജിൽ എടുത്തു വയ്ക്കും. പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്പോൾ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികൾ ഫ്രിഡ്ജിൽ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ മുഖ്യ കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെ. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികൾ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.
പച്ചക്കറികളും പഴങ്ങളും ഒന്നിച്ചു സൂക്ഷിക്കാമോ?
പഴങ്ങളും പച്ചക്കറികളും അങ്ങനെ ഒന്നിച്ചു വയ്ക്കുന്നത് അത്ര നല്ല ഫലമായിരിക്കില്ല നൽകുന്നത്. എന്തുകൊണ്ട്? പല പഴങ്ങളും എഥിലിൻ എന്ന വാതകം ഉത്പാദിപ്പിക്കുന്നു. ഈ വാതകം പച്ചക്കറികൾ വേഗം പഴുക്കുന്നതിന് വഴിയൊരുക്കുന്നു. അതുപോലെ തന്നെ പുതുമ നിലനിർത്തണമെങ്കിൽ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തിൽ വേണം സൂക്ഷിക്കേണ്ടത്. ഏതൊരു പച്ചക്കറിയും പാചകം ചെയ്യുന്നതിന് മുൻപ് നന്നായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാൽ അപ്പോൾത്തന്നെ പാചകം ചെയ്യുന്നില്ലെങ്കിൽ (ഫ്രിഡ്ജിൽ കുറച്ചു ദിവസത്തേക്ക് സൂക്ഷിക്കുകയാണെങ്കിൽ) കഴുകാതെ സൂക്ഷിക്കുകയോ (പാചകം ചെയ്യുന്നതു മുൻപ് കഴുകി വൃത്തിയാക്കുകയോ), കഴുകിയതിനു ശേഷം ഈർപ്പം തീരെയില്ലാതെ തുടച്ചതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്യാം. ഈർപ്പം ഉണ്ടെങ്കിൽ പച്ചക്കറികൾ വേഗം കേടാകും.
സവാള
സവാളയും വായുസഞ്ചാരം നടക്കുന്ന വിധത്തിൽ സാധാരണ മുറിയുടെ ഊഷ്മാവിൽ വയ്ക്കുന്നതാണ് നല്ലത്. സവാളയും വെളുത്തുള്ളിയും അടുത്ത് വയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാൽ സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ചു വയ്ക്കരുത്. സവാള ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ തണുത്ത താപനിലയിൽ പഞ്ഞിപോലെയായിത്തീരും. വളരെ സൂര്യപ്രകാശമുള്ളയിടത്ത് വയ്ക്കാതിരിക്കുകയാണ് നല്ലത്.
തക്കാളി
പച്ച തക്കാളി ഫ്രിഡ്ജിനു പുറത്തും (സാധരണ മുറിയുടെ താപനിലയിൽ സൂക്ഷിക്കാം), പഴുത്ത തക്കാളി ഫ്രിഡ്ജിലും സൂക്ഷിക്കേണ്ടതാണ്. തക്കാളിയുടെ തണ്ടിന്റെ ഭാഗം ഞെരിഞ്ഞമരാതെ വേണം വയ്ക്കാൻ. തണ്ടു മുറിഞ്ഞ് തക്കാളിയുടെ ചാറു പുറത്തു വരികയാണെങ്കിൽ അത് പിന്നെ വേഗം ഫംഗസ് ബാധിക്കുകയും, കേടാകുകയും ചെയ്യും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയിൽ വയ്ക്കുന്നതാണ് നല്ലത്. പലപ്പോഴും ഉരുളക്കിഴങ്ങ് സവാളയുടെയോ ആപ്പിളിന്റെയോ അടുത്ത് വയ്ക്കുമ്പോൾ പെട്ടെന്ന് മുള വരുന്നതായി കണ്ടിട്ടുണ്ടാകും, ഇതിനു കാരണം സവാള, ആപ്പിൾ എന്നിവയിൽ നിന്നുണ്ടാകുന്ന എഥിലെൻ വാതകമാണ്. അതിനാൽ സവാള, ഉള്ളി എന്നിവയുടെ കൂടെ സൂക്ഷിക്കാതിരിക്കാൻ നോക്കുക.
ചീര, പാലക്
ഇലക്കറികൾ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാൽ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ സൂക്ഷിക്കേണ്ടി വരികയാണെങ്കിൽ ഒരു പേപ്പർ ടവ്വലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്. പേപ്പർ ടവൽ കിട്ടിയില്ലെങ്കിൽ, കട്ടിയുള്ള പത്രക്കടലാസിൽ പൊതിഞ്ഞു സൂക്ഷിക്കാം. അധികമുള്ള ഈർപ്പം ടവ്വൽ ആഗിരണം ചെയ്യുകയും അതു വഴി പുതുമ കുറച്ചു ദിവസത്തേക്ക് നിലനിൽക്കുകയും ചെയ്യും. അതുപോലെ തന്നെ ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുൻപ് വിശദമായി ഒന്ന് പരിശോധിച്ച് കേടായ ഇലകൾ ഉണ്ടെങ്കിൽ എടുത്തു മാറ്റിയതിനു ശേഷം മാത്രം അകത്തു വയ്ക്കുക.
വെളുത്തുള്ളി
വായുസഞ്ചാരം നടക്കുന്ന വിധത്തിൽ വേണം വെളുത്തുള്ളി സൂക്ഷിക്കാൻ. ഉപയോഗിക്കാൻ തുടങ്ങുന്നതിനു തൊട്ടു മുൻപ് മാത്രം വെളുത്തുള്ളി ഞെട്ടി പൊട്ടിച്ച് തൊലി കളഞ്ഞെടുക്കുക.
കറിവേപ്പില
കറിവേപ്പില വെള്ളത്തിൽ നന്നായി കഴുകിയതിനു ശേഷം വെള്ളം തോരാനായി വയ്ക്കുക. കേടായതോ, കറുപ്പ് കലർന്നതോ ആയ ഇലകളെല്ലാം എടുത്തു കളയുക. ഈർപ്പം തീരെയില്ലാത്ത രീതിയിൽ ആയതിനു ശേഷം, തണ്ടിൽ നിന്ന് കറിവേപ്പില ഇലകൾ ശ്രദ്ധയോടെ എടുത്തതിനു ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ആഴ്ചകളോളം ഇങ്ങനെ കറിവേപ്പില കേടാകാതെ സൂക്ഷിക്കാം.
പച്ചമുളക്
പച്ചമുളകിന്റെ തണ്ട് ബാക്ടീരിയ കടന്നു കൂടുന്ന ആദ്യത്തെ ഭാഗമാണ്. അതിനാൽ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാൻ. കേടായ ഏതെങ്കിലും മുളകുണ്ടെങ്കിൽ അത് ആദ്യമേ കളയുക. അല്ലെങ്കിൽ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും. തണ്ടു കളഞ്ഞതിനു ശേഷം പച്ചമുളക് ഒരു പേപ്പർ ടവ്വലിലോ അല്ലെങ്കിൽ പത്രക്കടലാസിലോ പൊതിഞ്ഞതിനു ശേഷം ഒരു സിപ്ലോക്കിൽ ആക്കി സൂക്ഷിക്കുക. നാലാഴ്ച വരെ കേടു കൂടാതെ ഇങ്ങനെ സൂക്ഷിക്കാം.
മല്ലിയില, പുതിനയില
മല്ലിയില സാധാരണ വിപണികളിൽ കാണുന്നത് ഒരു കെട്ടായിട്ടാണ്. ഇവയെ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം വേരുകൾ കെട്ടിന്റെ മുകളിൽ വച്ച് വെട്ടി കളയുക. നല്ല വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. കുറച്ചു സമയം ഒരു അരിപ്പയിൽ വച്ച് വെള്ളം കളയുക. പിന്നീട് ഒരു പേപ്പർ ടവ്വൽ കൊണ്ട് മുഴുവൻ വെള്ളവും ഒപ്പിയെടുക്കുക. ഈർപ്പം തീരെയില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം, കേടില്ലാത്ത എല്ലാ ഇലകളും ഒരു എയർ ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കുക.
ഇഞ്ചി
ഇഞ്ചിയിലെ മണ്ണും മറ്റു അഴുക്കുകളും കളഞ്ഞതിനു ശേഷം ഇഞ്ചി ഒരു സീപ്ലോക്കിൽ (വായു കടക്കാത്ത വിധം) അടച്ചു സൂക്ഷിക്കുകയാണെങ്കിൽ വളരെ ദിവസങ്ങൾ കേടു കൂടാതെയിരിക്കും.
കാബേജ്
നനവില്ലാത്ത കാബേജ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ആഴ്ചകളോളം കേടാകില്ല.
കാരറ്റ്
സാധാരണ രീതിയിൽ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുകയാണെങ്കിൽ കാരറ്റ് കേടുകൂടാതെ ഒരാഴ്ച വരെയിരിക്കും. കൂടുതൽ ദിവസം സൂക്ഷിക്കണമെങ്കിൽ കാരറ്റ് ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുൻപ് കാരറ്റിന്റെ മുകൾ ഭാഗത്തുള്ള പച്ച ഭാഗം വെട്ടിക്കളഞ്ഞിട്ടു സൂക്ഷിക്കുക. ഇവ കാരറ്റിൽ ഉണ്ടെങ്കിൽ കാരറ്റിലെ ജലാംശം മുഴുവൻ ഇത് വലിച്ചെടുക്കുകയും, തൻനിമിത്തം കാരറ്റ് ചുക്കിച്ചുളുങ്ങുകയും ചെയ്യും.
കാപ്സിക്കം
മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നീ കാപ്സിക്കത്തേക്കാൾ പച്ച കാപ്സിക്കം ഏറെ നാൾ കേടുവരാതെയിരിക്കാറുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ശരാശരി 14 ദിവസം വരെ കേടുകൂടാതെ ഇരിക്കാറുണ്ട്.
കിഴങ്ങുവർഗങ്ങൾ
ചേമ്പ്, കാച്ചിൽ, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങൾ ഏറെ നാൾ ഉപയോഗിക്കാതെ വച്ചിരുന്നാൽ ഉണങ്ങിപ്പോകും. പാചകം ചെയ്യാൻ ഉദ്ദേശിക്കുന്നതിന് കുറച്ചു മണിക്കുറുകൾ മുൻപ് ഇവ തണുത്ത വെള്ളത്തിൽ ഇട്ടതിനു ശേഷം ഉപയോഗിക്കുകയാണെങ്കിൽ ഫ്രഷായി കിട്ടും.
Content Highlights: How to keep vegetables and fruits