കോവിഡ് മഹമാരി പടർന്നു പിടിച്ചതോടെ വിവാഹമടക്കമുള്ള പലചടങ്ങുകളും വലിയ ആഘോഷമോ ആൾക്കൂട്ടമോ ഇല്ലാതെ ഒതുങ്ങിയ രീതിയിലാണ് നടക്കുന്നത്. എന്നാൽ കോവിഡിന് മുമ്പ് നടന്ന പല ആഘോഷങ്ങളിലെയും രസകരമായ നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അത്തരത്തിൽ വൈറലായ വീഡിയോ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു യുവതിയുടേതാണ്.
കൈകൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതിൽ വൈറലാകാൻ എന്തിരിക്കുന്നു എന്നാവും. എന്നാൽ വീഡിയോ കണ്ടാൽ ആ ധാരണ മാറും. ഏതോ വിവാഹ ചടങ്ങിനിടയിലാണ് സംഭവം. പാത്രത്തിൽ നിന്ന് ഭക്ഷണം കൈനിറയെ വാരി എടുത്ത് ആസ്വദിച്ച് കഴിക്കുകയാണ് യുവതി. എന്നാൽ താൻ ഭക്ഷണം കഴിക്കുന്ന രംഗം വീഡിയോ ഗ്രാഫർ പകർത്തുന്നുണ്ട് എന്ന് കണ്ടതോടെ യുവതിയുടെ ഭാവമാണ് വീഡിയോയെ രസകരമാക്കുന്നത്. കൈയിൽ എടുത്ത് വായുടെ അടുത്തുകൊണ്ടുവന്ന ചോറ് അങ്ങനെ തന്നെ പാത്രത്തിലേക്ക് ഇട്ട ശേഷം സമീപമിരുന്ന സ്പൂണുകൊണ്ട് ഒന്നും അറിയാത്തപോലെ ഭക്ഷണം കഴിക്കുകയാണ് യുവതി ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും തങ്ങൾക്കും ഇതുപോലെ പാർട്ടികൾക്കിടയിൽ പറ്റിയ അബദ്ധങ്ങൾ കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോ ഗ്രാഫർമാർ ഇത്തരത്തിൽ തങ്ങളെ കുടുക്കിയ അവസരങ്ങളാണ് ഏറെയും. ആ സ്ത്രീയെ സമാധാനമായി ഭക്ഷണം കഴിക്കാൻ സമ്മതിക്കൂ എന്നാണ് ചിലരുടെ കമന്റ്.
Content Highlights: A woman was caught on camera eating with hands at a wedding, and what she did next viral video