“ഉറങ്ങാറാവുമ്പോള്‍ തെരുവുകളൊക്കെയും എകര്‍ന്ന കെട്ടിടങ്ങളുടെ ഇത്തിരിയിരുളിലേക്ക് മുഖമമര്‍ത്തിക്കിടക്കും” രാജൻ സി എച്ച് എഴുതിയ കവിത
1
ഏകാന്തതയില്‍
പശു പുല്ലു തിന്നും.
തേട്ടിയരയ്ക്കും
ഏകാന്തതയില്‍.
ഞാനെന്നെത്തന്നെ
തിന്നും.
ചവിട്ടിയരയ്ക്കും
ഏകാന്തതയില്‍.
2
കൂട്ടില്ലാതെ
വല്ലപ്പോഴും
ഒറ്റയ്ക്കൊരു
കൂട്ടമായും നടക്കും
ഞാന്‍.
3
തെരുവുറക്കം
ഉറങ്ങാറാവുമ്പോള്‍
തെരുവുകളൊക്കെയും
എകര്‍ന്ന കെട്ടിടങ്ങളുടെ
ഇത്തിരിയിരുളിലേക്ക്
മുഖമമര്‍ത്തിക്കിടക്കും.
ഒച്ചയൊട്ടുമുയരാതെ
അവ കൂര്‍ക്കം വലിക്കുകയാണെന്ന്
പാതിരാ നിശ്ശബ്ദത
സാക്ഷ്യപ്പെടുത്താതിരിക്കില്ല.
4
ജനലഴികള്‍
പുലര്‍വെയിലില്‍
ജനലഴികളുടെ നിഴല്‍
കിടപ്പറയില്‍ വീഴുന്നു.
അഴികളുടെ നിഴല്‍
അവയ്ക്കിടയിലെ വെയില്‍
കിടക്കയില്‍.
കിടന്ന കിടപ്പില്‍
ഞാനതിലൂടെ
പുറത്തേക്കു നോക്കാന്‍
പണിപ്പെടുന്നു.
5
ആകാംക്ഷ
ജിറാഫിനൊപ്പം
കഴുത്ത് നീട്ടുന്നു_
ണ്ടൊരാളെനിക്കുള്ളില്‍.
ഇതെന്തൊരാകാംക്ഷ!
6
വായന
മറ്റുള്ളവരുടെ മനസ്സ്
വായിക്കുന്നത്
ഇന്ദ്രജാലമൊന്നുമല്ല.
എന്നാല്‍
അവനവന്‍റെ മനസ്സ്
വായിക്കുന്നതെങ്ങനെ?
7
വര്‍ത്തമാനം
ചിലരങ്ങനെയാണ്,
വര്‍ത്തമാനത്തില്‍ നിലയ്ക്കും.
പിന്നെ,നമ്മള്‍ ഭാവിയിലും
അവരെ നിലച്ച
വര്‍ത്തമാനത്തില്‍ മാത്രം
കണ്ടുകൊണ്ടിരിക്കും.
8
യാത്ര
ദീര്‍ഘദൂരയാത്രയില്‍
ബസില്‍
രണ്ടുപേര്‍ക്കിരിക്കാവുന്ന
സീറ്റിലുള്ള തനിച്ചിരിപ്പാണ്
ജീവിതമെന്ന്
ബസിറങ്ങിക്കഴിഞ്ഞാലും
ഓര്‍ത്തെടുക്കാനാവുകയില്ല
ഒരാള്‍ക്കും.
9
കടന്നു പോക്ക്
തീവണ്ടിയിലിരിക്കുന്ന ആള്‍
പാലം കടക്കുന്നതു കാണും.
പാലത്തിലിരിക്കുന്ന ആള്‍
തീവണ്ടി കടക്കുന്നതു കാണും.
തീവണ്ടിയിലും പാലത്തിലുമിരിക്കുന്നവര്‍
പരസ്പരം കടക്കുന്നതു കാണും.