ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കാണാൻ കഴിഞ്ഞെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ കഴിയാതെ വന്നതോടെയാണ് സുരേന്ദ്രൻ ഡൽഹിയിൽ തുടരുന്നത്. കൂടിക്കാഴ്‌ചയ്‌ക്ക് സമയം ചോദിച്ചെങ്കിലും അമിത് ഷാ അനുമതി നൽകിയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെതു. ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും സാധ്യമാകാതെ വന്നതോടെ നാല് ദിവസമായി സംസ്ഥാന അധ്യക്ഷൻ ഡൽഹിയിൽ തുടരുകയാണ്.
കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം ജെ പി നദ്ദയെ കാണ്ടെങ്കിലും വിവാദങ്ങളിൽ പ്രതികരണം അനുകൂലമായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം, കുഴൽപ്പണ വിവാദം എന്നീ വിഷയങ്ങളിൽ നദ്ദ സുരേന്ദ്രനെ അതൃപ്‌തിയറയിച്ചുവെന്നാണ് റിപ്പോർട്ട്.
സംഘടനാ ജനറൽ സെക്രട്ടറിമാരെ നേരിൽ കണ്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനും ദേശീയ നേതൃത്വം നിർദേശം നൽകി. വിവാദങ്ങൾ ശക്തമാണെങ്കിലും നേതൃമാറ്റം ഉണ്ടാകില്ലെന്ന നിലപാട് സുരേന്ദ്രന് ആശ്വാസം പകരുന്നുണ്ട്. എന്നാൽ, പി കെ കൃഷ്‌ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കുകയാണ്. സുരേന്ദ്രൻ്റെ നേതൃത്വം ജനങ്ങളിൽ പാർട്ടിക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം നേതൃത്വ അറിയിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പിലെ തോൽവിക്കും കള്ളപ്പണ വിവാദത്തിനും ഉത്തരവാദി സുരേന്ദ്രൻ ആണെന്ന നിലപാടിലാണ് ഇവർ.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ദേശീയ ശ്രദ്ധയാകർഷിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനിടെ കേരള ഘടകത്തിൽ അഴിച്ചുപണി ആവശ്യമാണെന്ന് വ്യക്തമാക്കി സി വി ആനന്ദ ബോസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊടകര കുഴൽപ്പണ വിവാദമുള്ള സംഭവങ്ങൾ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിലാണ് സുരേന്ദ്രൻ ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയത്.