ഇഷ്ടഭക്ഷണം എന്നതിനെക്കാൾ സുരക്ഷിത ഭക്ഷണത്തിനാണ് ഈ കോവിഡ്കാലം മുൻഗണന നൽകുന്നത്. അതിനു വേണ്ടി മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും കൂടുതൽ ശ്രമിക്കണമെന്ന് ഓർമപ്പെടുത്തിയാണ് ഇത്തവണത്തെ ഭക്ഷ്യ സുരക്ഷാ ദിനം കടന്നുവരുന്നത്.
സുരക്ഷിത ഭക്ഷണം ഉറപ്പാക്കൽ കോവിഡിനു മുമ്പും ശേഷവും ഏറെ പ്രധാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊറോണ വൈറസിലൂടെയാണ് കോവിഡ് വരുന്നതെങ്കിലും സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. മികച്ച പ്രതിരോധ ശേഷിയുള്ളവർക്കു കോവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. കോവിഡിനു ശേഷമുള്ള കാലത്തും സുരക്ഷിത ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡ് ബാധിച്ചവർക്ക് ആഹാരത്തിനു രുചി തോന്നാത്തതിനാൽ കഴിക്കുന്നതു വളരെ കുറവായിരിക്കും. ഈ അവസ്ഥ മനസ്സിലാക്കി അവർക്കു നല്ല ഭക്ഷണം പരമാവധി കൊടുക്കാൻ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ വിതരണക്കാരും കോവിഡ് കാലത്ത് പ്രത്യേക ശ്രദ്ധ പുലർത്തുന്നതായാണ് ജില്ലയിലെ അവരുടെ ഒരുക്കങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ് ലോക്ഡൗൺ കാലത്ത് ഹോട്ടലുകളിലും മറ്റും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നില്ല. എല്ലായിടത്തും പാർസൽ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ അതിൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമാവധി ഹോട്ടലുകളിൽ പരിശോധന നടത്താനാണു ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വൈറ്റമിൻ എ: പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. മഞ്ഞയും ഓറഞ്ചും കലർന്ന പഴങ്ങളും പച്ചക്കറികളും. ഉദാ. മാമ്പഴം, പപ്പായ, കാരറ്റ് തുടങ്ങിയവ
വൈറ്റമിൻ സി: പ്രതിരോധ ശേഷി വർധിപ്പിക്കും. നാരങ്ങ, ഓറഞ്ച്, മുസംബി തുടങ്ങിയവ
അയൺ: കോവിഡ് പ്രതിരോധത്തിൽ ഏറെ പ്രധാനം. ശരീരത്തിൽ ഓക്സിജൻ അളവ് കൂട്ടാൻ സഹായിക്കും. ഇലക്കറികളും മുട്ടയും മാംസവും ഏറെ കഴിക്കുക
സെലിനിയം, സിങ്ക്, കോപ്പർ: രോഗപ്രതിരോധ ശേഷിക്ക് അത്യുത്തമം. കശുവണ്ടിപ്പരിപ്പ്, ഇലക്കറികൾ, മീൻ എന്നിവയിൽ ധാരാളം
ചുക്ക്, മഞ്ഞൾ, ഇഞ്ചി, കുരുമുളക്: ഇവയെല്ലാം കോവിഡ് കാലത്ത് ഏറെ പ്രധാനം. പ്രതിരോധ ശേഷി വളരെ കൂട്ടുന്ന ഘടകങ്ങൾ.
ചൂടാക്കൽ ഒഴിവാക്കുക
കോവിഡും മഴക്കാലവും ഒരുമിക്കുന്ന ഈ സമയത്ത് ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. ഭക്ഷണം ഉണ്ടാക്കി ചൂടോടെ കഴിക്കാനാണ് ശ്രമിക്കേണ്ടത്. ഫ്രിഡ്ജിൽ ദിവസങ്ങളോളം വെച്ച് ചൂടാക്കി കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. നമ്മുടെ പൂർവികരിലേക്കു നോക്കുക എന്നതാണ് ഇവിടെ പ്രധാനം. ഫ്രിഡ്ജ് ഇല്ലാതെ കഴിഞ്ഞവരല്ലേ അവരെല്ലാം. കോവിഡ് കാലത്ത് ഇത്തരം ശ്രദ്ധകൾക്ക് ഏറെ പ്രാധാന്യമുണ്ട്.
-ജിഷ ജോസഫ്, സീനിയർ ഡയറ്റീഷ്യൻ, കിന്റർ ആശുപത്രി
കോവിഡ് കാലത്തെ പോഷകാഹാരം
ഭക്ഷണത്തിൽ 55-60 ശതമാനം അന്നജവും 15-20 ശതമാനം പ്രോട്ടീനും 20-25 ശതമാനം കൊഴുപ്പുമാണ് വേണ്ടത്. കോവിഡ് കാലത്ത് പ്രതിരോധ ശേഷി ഏറെ പ്രധാനമാണ്. ഒരു ദിവസം 300-350 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴവർഗങ്ങളും കഴിക്കുമെന്ന് ഉറപ്പാക്കുക. അതുപോലെ മുട്ട, മത്സ്യം എന്നിവ കൂടുതൽ കഴിക്കുന്നതും പ്രോട്ടീൻ കൂട്ടാൻ സഹായിക്കും
-ഡോ. അനിത മോഹൻ, മുൻ സംസ്ഥാന പോഷകാഹാര ഓഫീസർ
നാളെയുടെ ആരോഗ്യത്തിന്
ഇന്നത്തെ സുരക്ഷിത ഭക്ഷണം നാളെയുടെ ആരോഗ്യത്തിന് എന്നതാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തിൽ ലോകാരോഗ്യ സംഘടനയുടെ സന്ദേശം. കൊച്ചി അടക്കമുള്ള നഗരങ്ങളിലെല്ലാം ഭക്ഷ്യ സംസ്കാരത്തിൽ ഹോട്ടലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ചിന്തിച്ചു വാങ്ങുക, ശ്രദ്ധിച്ച് വിളമ്പുക എന്നതാണ് ഹയാത്തിന്റെ ഭക്ഷണ നയം. കോവിഡ് കാലത്ത് ഇത്തരം നയങ്ങൾക്കു പ്രസക്തിയേറുകയാണെന്നാണ് ഞങ്ങളുടെ വിശ്വാസം
– ഷോയബ് മുഹമ്മദ്, ഫുഡ് ആൻഡ് ബിവറേജസ് ഡയറക്‍ടർ, ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി