കോഴിക്കോട്: ആഗോള സുറിയാനി സഭകളുടെ പരമമേലദ്ധ്യക്ഷനായ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായ്ക്ക് രക്തബന്ധമുള്ള ഹിന്ദുസംന്യാസിയാണ് കഴിഞ്ഞദിവസം ചെന്നൈയിൽ സമാധിയായ സ്വാമി ജഗദീശ്വരാനന്ദ സരസ്വതി (87). ഇവരുടെ ബന്ധുവായി മറ്റൊരു സഭയിലെ മലയാളി ബിഷപ്പും കേരളത്തിലുണ്ട്.
സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യപരമ്പരയിലുള്ള സ്വാമി ജഗദീശ്വരാനന്ദ സരസ്വതിയും മാർത്തോമ്മ സഭയിലെ കൊട്ടാരക്കര ഭദ്രാസന എപ്പിസ്ക്കോപ്പ ഡോ.യൂയാക്കിം മാർ കൂറിലോസും സിറിയയിലെ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായി ജീവരക്തബന്ധമുള്ളവരാണ്. പുരാതന കാലം മുതൽ കേരളത്തിലെ യാക്കോബായ ക്രൈസ്തവർക്ക് സിറിയായിലെ അന്ത്യോഖ്യാ പാത്രിയർക്കീസുമായി അഭേദ്യമായ ബന്ധമുണ്ട്. ആത്മീയവും സഭാഭരണപരവുമായ ബന്ധമാണിത്.
മാർ കൂറീലോസും പാത്രിയർക്കീസ് ബാവായും അഞ്ചാം തലമുറയിലെ സഹോദരങ്ങളാണ്. മാർ കൂറീലോസിന്റെ അമ്മ സാറാമ്മയുടെ സഹോദരനാണ് ഭാരതീയ ദർശനങ്ങളിൽ അഗാധപാണ്ഡിത്യമുള്ള സ്വാമി ജഗദീശ്വരാനന്ദ സരസ്വതി. നേരമ്മാവൻ. പാത്രിയർക്കീസ് ബാവായ്ക്ക് സ്വാമി നാലാം തലമുറയിലെ മാതുലൻ.
സഭകൾ നിസ്സാരകാര്യങ്ങൾക്ക് തെരുവിൽ പൊരുതുന്ന ഇക്കാലത്ത് അപൂർവ്വമായ ഈ ബന്ധുത്വസംഗമത്തിന്റെ ചരിത്രം തുടങ്ങുന്നത് 1846ൽ. സിറിയയിൽനിന്ന് കേരളത്തിൽ എത്തിയ വിശുദ്ധൻ യൂയാക്കിം മാർ കൂറീലോസ് ഒപ്പം തന്റെ സഹോദരൻ ഗബ്രിയേൽ യൂയാക്കീം മക്കുദിശായേയും ഒപ്പം കൊണ്ടുവന്നു.
ഗബ്രിയേൽ തിരുവല്ലായിലെ പ്രശസ്തമായ ചാലക്കുഴി കുടുംബത്തിൽനിന്ന് വിവാഹം കഴിച്ച് കേരളത്തിൽ വേരുറപ്പിച്ചു. യൂയാക്കിം മാർ കൂറീലോസ് ബാവ കാലം ചെയ്ത് മുളന്തുരുത്തി പള്ളിയിൽ കബറടങ്ങി. ഇവരുടെ ബന്ധുക്കൾ കുന്നംകുളത്തുമുണ്ട്.
സ്വാമി ജഗദീശ്വരാനന്ദ സരസ്വതിയും ബിഷപ്പ് യൂയാക്കിം മാർ കൂറീലോസും ഉമ്മൻ ചാണ്ടിയും(ഫയൽചിത്രം)
ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിൽ സ്വാമി പ്രഭാഷണം നടത്തിയിട്ടുണ്ട്. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. ചിത്രകലയിലും സ്വാമി അതീവ തൽപരനായിരുന്നു. 1984-ൽ ഗുരുവായൂരിൽനിന്ന് ഋഷികേശ് വരെ ആറുമാസവും 18 ദിവസവും കൊണ്ട് സ്വാമി കാൽനട തീർഥയാത്ര നടത്തിയിട്ടുണ്ട്. യോഗ ഗുരുവായിരുന്നു. ഒട്ടേറെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
സ്ക്കൂൾ കാലങ്ങളിൽത്തന്നെ സംസ്കൃതം പഠിച്ച സ്വാമിയുടെ പൂർവ്വാശ്രമത്തിലെ പേര് മൽക്ക് മാത്തൻ എന്നായിരുന്നു. ചെന്നൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കെ ഹിന്ദുമതം സ്വീകരിച്ചു. പിന്നീട് സംന്യാസദീക്ഷയും. സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളിൽ അഗധപാണ്ഡിത്യമുണ്ടായിരുന്നു സ്വാമിക്ക്. കേരളത്തിൽ വച്ചും സിറിയയിൽ വെച്ചും അമേരിക്കയിൽ വെച്ചും വംശവൃക്ഷത്തിൽ വ്യത്യസ്തതകളോടെ വിരിഞ്ഞ ഈ തളിരിലകൾ പലവട്ടം കണ്ടുമുട്ടിയിട്ടുണ്ട്. അധികമാരേയും അറിയിക്കാതെ.
പുത്തൻ കുരിശിൽ വച്ച സ്വാമിയും ബിഷപ്പും കേരളത്തിലെ ബന്ധുക്കളോടൊപ്പം പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തിയപ്പോൾ സന്ദർശിച്ചിരുന്നു. ഇതൊരു കുടുംബസംഗമമായി മാറി. തലമുറകൾക്കിപ്പുറവും രക്തം, രക്തത്തെ അറിഞ്ഞ ധന്യനിമിഷം എന്നാണ് അപ്പോൾ ശ്രേഷ്ഠകാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ ഈ സംഗമത്തെ വിശേഷിപ്പിച്ചത്.
കുരിശുമാല സ്വാമിക്കും ആനക്കൊമ്പുള്ള മാല പാത്രിയർക്കീസിനും അന്ന് പരസ്പരം സമ്മാനിച്ചു. ബിഷപ്പ് കൂറീലോസ് അമേരിക്കൻ ഭദ്രാസന ചുമതലയുള്ളപ്പോൾ പാത്രിയർക്കീസ് ബാവ അവിടെ യാക്കോബായ സഭയുടെ ബിഷപ്പായിരുന്നു. സുറിയാനിയിൽ സംസാരിക്കാനാവുന്ന മൂവരിലും ദേശങ്ങൾക്കും മതങ്ങൾക്കും സഭകൾക്കും അപ്പുറമുള്ള സാഹോദര്യത്തിന്റെ സ്നേഹഭാഷാപ്രവാഹവുമുണ്ടായിരുന്നു.175 വർഷം പഴക്കമുള്ള ആ ബന്ധുത്വത്തിന്റെയും സാഹോദര്യത്തിന്റെയും ജീവിതകഥ ഇനി നിത്യതയിലെ ജ്വലിക്കുന്ന ഓർമ്മ.