ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെയും മറ്റു പോഷകഘടകങ്ങളുടെയും ഒരു പ്രകൃതിദത്ത ഉറവിടമാണ് മുട്ട. മുട്ടയുടെ തനതായ പോഷക ഘടനയും, മിതമായ വിലയും, ലഭിക്കാനുള്ള സൗകര്യവും നോക്കുമ്പോൾ, വളർന്നുവരുന്ന കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ തങ്ങളുടെ പോഷകാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു ഉത്തമ സമ്പൂർണ്ണ ഭക്ഷണമാണ് മുട്ട.
ഒരു സാമാന്യം വലിപ്പമുള്ള മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് എന്നാൽ ഇതെല്ലം കൂടി എഴുപത് കലോറിയാണ് എന്നതാണ് കൗതുകകരമായ വസ്തുത. മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീന്റെ തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്‌യാൻ കഴിയുന്നതാണ്. ഇത് കാരണം പ്രോട്ടീൻ ജൈവ ലഭ്യത സ്കെയിലിൽ മുട്ടയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കുട്ടികളിൽ പ്രോട്ടീൻ വളർച്ചയ്‍ക്ക് വളരെ പ്രധാനമാണ്. മുതിർന്നവരിൽ ലീൻ (Lean) ടിഷ്യു , രോഗപ്രതിരോധ ശേഷി എന്നിവ നിലനിർത്താനും പ്രോട്ടീൻ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഗർഭിണികൾ മുട്ട കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ തലച്ചോർ വികാസത്തെ സഹായിക്കും. മുട്ടയുടെ വെള്ളയിൽ (എഗ്ഗ് വൈറ്റ്) ചില ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, റൈബോഫ്ലാവിൻ, സെലിനിയം എന്നിവ അടങ്ങിയിരിക്കുമ്പോൾ, മുട്ടയുടെ പോഷകഗുണത്തിന്റെ ഭൂരിഭാഗം മഞ്ഞക്കരുവിലാണ് (Yolk ) കാണപ്പെടുന്നത്.
പോഷകഗുണങ്ങൾ
വിറ്റാമിൻ ഡി (Vitamin D) അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും വേണ്ടി നിർണ്ണായകമായ ഒന്നാണ്. വിറ്റാമിൻ ഡി നൈസർഗ്ഗികമായ അടങ്ങിയിട്ടുള്ള ഒരേയൊരു ഭക്ഷണമാണ് മുട്ട.
കോളിൻ (Choline) ശരീരത്തിലെ കോശങ്ങളുടെ സ്വാഭാവികമായ പ്രവർത്തനത്തിന് അത്യാവശ്യമായ പോഷകമാണ് കോളിൻ. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA) മാർഗനിർദേശം അനുസരിച്ചു ഗർഭിണികൾക്കു അത്യന്തം ആവശ്യമായ ഒന്നാണ് കോളിൻ. ഗർഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെ വളർച്ചയ്‍ക്കും, മസ്തിഷ്ക വികസനത്തിനും, ജനന വൈകല്യങ്ങളുടെ എണ്ണം കുറയ്‍ക്കുവാനും ഇത് സഹായിക്കും.
ല്യൂട്ടീൻ & സിയാസെന്തിൻ (Lutein and zeaxanthin) എന്നീ ആന്റിഓക്സിഡന്റുകൾ കണ്ണുകളുടെ ആരോഗ്യത്തിനു വളരെ നല്ലതാണു. തിമിരം വരാതിരിക്കാനും ഇത് സഹായിക്കും. ഇവ റെറ്റിനയുടെ(retina) ആരോഗ്യം ഉറപ്പാക്കുന്നു.
ഒമേഗ 3s (Omega-3s) ഇവ തലച്ചോറിന്റെ വളർച്ചയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്ന ഫാറ്റി ആസിഡുകളാണ്. മാത്രമല്ല പുതിയ കോശങ്ങൾ നിർമിക്കുന്ന പ്രക്രിയയുടെയും,കേന്ദ്ര നാഡീവ്യൂഹം, കാർഡിയോവാസ്കുലർ പ്രവർത്തനങ്ങൾക്കും ഒമേഗ 3 സഹായിക്കും.
പ്രോട്ടീൻ കോശങ്ങളുടെ പുനരുൽപ്പാദനത്തിനും ആവശ്യമായ പ്രോട്ടീൻ മുട്ടകളിൽ അടങ്ങിയിട്ടുണ്ട്. ഒരു ശരാശരി സാധാരണ വലിപ്പമുള്ള മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ എങ്കിലും അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ പ്രയോജനങ്ങൾ
ആരോഗ്യമുള്ള മുടിക്കും നഖങ്ങൾക്കും
മുടിയുടെ വളർച്ചയ്‍ക്ക് വേണ്ടി മുട്ട രണ്ട് വിധത്തിൽ ഉപയോഗിക്കാം. മുട്ട നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി മുട്ടയിൽ അടങ്ങിയിട്ടുള്ള 9 അമിനോ ആസിഡുകൾ ശരീരത്തിൽ എത്തുകയും, ആരോഗ്യമുള്ള നഖങ്ങൾ, മുടി എന്നിവയുടെ വളർച്ചയ്‍ക്കാവശ്യമായ എല്ലാ പോഷകങ്ങൾ ലഭിക്കുകയും ചെയ്‌യുന്നു. മുട്ടയുടെ മറ്റൊരുപയോഗം അതിനെ ഒരു കണ്ടീഷണർ പോലെ ഉപയോഗിക്കുകയാണ്. പ്രോട്ടീൻ പാക്കുകൾ മുടിയുടെ വളർച്ചയ്‍ക്ക് വളരെ നല്ലതാണു.
ശരീരഭാരം കുറയ്‍ക്കാൻ
മുട്ടയിൽ ആവശ്യമായ അനുപാതത്തിൽ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചയാപചയ പ്രക്രിയ (മെറ്റബോളിസം) വർധിപ്പിക്കും. ഭക്ഷണത്തിലെ പ്രോട്ടീൻ ചയാപചയത്തിന് അധിക ഊർജ്ജം ആവശ്യമാണ്. അങ്ങനെ ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വഴി ദിവസംപ്രതി 80-100 കലോറി വരെ നീക്കാൻ കഴിയും. പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കുന്നത് വഴി നിങ്ങൾക്ക് വയറു നിറഞ്ഞതായി തോന്നുകയും , അത് വഴി കൂടുതൽ കലോറിയുള്ള ഭക്ഷണം ഉടനെ കഴിക്കുന്നത് തടയുകയും ചെയ്‌യും.
എല്ലുകളുടെ ബലം
മുട്ട സൾഫർ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. അസ്ഥികളുടെ ഘടന പരിശോധിച്ചാൽ മനസിലാകും അതിലെ മുഖ്യ ചേരുവയാണ് കൊളാജൻ (collagen) എന്ന്. കൊളാജൻ സൃഷ്ടിക്കുന്ന പ്രക്രിയയ്‍ക്ക് വളരെ അത്യാവശ്യമായ ഒന്നാണ് സൾഫർ. വിറ്റാമിൻഡി ധാരാളമായി മുട്ടയിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം ആഗിരണം ചെയ്‌യാനും രക്തത്തിൽ ക്രമീകരിക്കാനും വിറ്റാമിൻഡി സഹായിക്കുന്നു. കൂടാതെ, മുട്ടകളിൽ കാത്സ്യം (calcium), ഫോസ്റസ് (phosphorus) എന്നിവ സമ്പുഷ്ടമായിട്ടുണ്ട്, അത് അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മുട്ടകളുടെ മറ്റു ആരോഗ്യ ഗുണങ്ങൾ
മുട്ടകളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വളർത്തിയെടുക്കാൻ സഹായിക്കും.
മുട്ടയിലടങ്ങിയിട്ടുള്ള സെലീനിയം ആന്റിഓക്സിഡന്റാണ്. ഇത് ബ്രെസ്റ്റ് കാൻസറിനെ പ്രതിരോധിക്കും.മുട്ടയിൽ അടങ്ങിയിട്ടുള്ള അയൺ രക്തത്തിൽ ഓക്സിജൻ വഹിക്കുന്നതിനും ഊർജ്ജം നിലനിർത്തുന്നതിനും സഹായിക്കുന്നു.
കുറച്ചു നാളുകൾ മുൻപ് വരെ നമ്മുടെ ഇടയിൽ പൊതുവെയുള്ള ഒരു സംസാരമായിരുന്നു മുട്ട കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ അളവ് കൂടുമെന്നും, ഹൃദ്രോഗമുണ്ടാകുമെന്നും. ഒരു വലിയ മുട്ടയ്‍ക്ക് 186 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ട്, ആകെ ഏകദേശം 5 ഗ്രാം കൊഴുപ്പു (അതിൽ സാച്ചുറേറ്റഡ് കൊഴുപ്പു 1.5 ഗ്രാം) ആണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിലവിൽ ശുപാർശ ചെയ്‌യുന്നത് പ്രതിദിനം 300 മില്ലിഗ്രാമിൽ കുറവ് ഭക്ഷണ കൊളസ്ട്രോളിന്റെ ഉപയോഗമാണ് (ഹൃദ്രോഗം മൂലമുള്ളവർ, ഉയർന്ന എൽ.ഡി.എൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ നിലകൾക്ക് 200 മില്ലിഗ്രാമിൽ താഴെ). നിങ്ങളുടെ കൊളസ്ട്രോളിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ അല്ലെങ്കിൽ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യാവസ്ഥയ്‍ക്കു സുരക്ഷിതമാണോ എന്ന് ഉറപ്പില്ലെങ്കിൽ ദയവായി നിങ്ങളുടെ ഡോക്‍ടറോട് ചോദിക്കുക.
മുട്ട നല്ലതോ ചീത്തയോ എന്നെങ്ങനെ തിരിച്ചറിയാം
മുട്ട എടുത്തു ഒരു പാത്രത്തിൽ വച്ചിരിക്കുന്ന തണുത്ത വെള്ളത്തിൽ ഇടുകയാണെങ്കിൽ, നല്ല മുട്ട വെള്ളത്തിൽ താഴ്ന്നു പോകും. എന്നാൽ പഴകിയ മുട്ട വെള്ളത്തിൽ പൊങ്ങി കിടക്കും.
Content Highlights: benefits of egg