സിമന്റുണങ്ങിപ്പറ്റിയ കൈകൾ നീട്ടിവീശി, മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ അവസാനഘട്ടത്തിലെത്തിയ കുരങ്ങനെ പോലെ, നടുവളച്ച് യക്ഷിമൂല ഇടവഴി കയറിയത് വിനയനാണെന്ന് തിരിച്ചറിഞ്ഞതോടെ ചേരപ്പാമ്പിന്റെ ചോര നിലച്ചു. ഒപ്പം പോത്തില്ലെങ്കിലും മുന്നിലുള്ളത് കാലനാണെന്ന് അതിനുറപ്പായിരുന്നു. അവസാനവട്ട ശ്രമമെന്നോണം കാരമുൾച്ചെടികൾക്കിടയിലേക്ക് ഇഴഞ്ഞ പാമ്പിനെ വിനയൻ വാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.
അന്നേരം, പറങ്കിമാങ്ങകൾ നിറച്ച സഞ്ചിയുമായി പ്രത്യക്ഷപ്പെട്ട ബാറ്ററി ബിന്ദു ‘അത് അണലിയല്ലെന്ന്’ അലറിയതും വിനയൻ ചേരയെ വായുവിൽ കറക്കി കൈയകലത്തുള്ള മുരിക്കിൻ മരത്തിലടിച്ചതും ഒരുമിച്ചായിരുന്നു! ശിരസുതകർന്ന ചേരയുടെ നാക്കിൻതുഞ്ചത്ത് ഉരുണ്ടുകൂടിയ ചോര തറയിൽ ഇറ്റുവീണു. വലിച്ചെടുത്തപ്പോൾ അതിന്റെ ദേഹത്തുതറച്ച ഒന്നുരണ്ട് കാരമുള്ളുകൾ ഉയർന്നുനിന്നു.
”ഇങ്ങനേണ്ടോ പൊട്ടന്മാര്,” പിറുപിറുത്തുകൊണ്ട് ബിന്ദു യക്ഷിക്കല്ല് നോക്കി തൊഴുതു.
സഞ്ചിയിലെ പഴുത്തളിഞ്ഞ പറങ്കിമാങ്ങയിൽ നിന്ന് ബിന്ദുവിന്റെ പൊക്കിളിന്മേലേക്ക് പറന്ന ഈച്ചയെ വിനയൻ അസൂയയോടെ നോക്കി. അവനെ വായിച്ച ബിന്ദു ഒന്ന് ഊറിച്ചിരിച്ച ശേഷം, മുറുക്കാൻ നീട്ടിത്തുപ്പി നടന്നകലുന്നതിനിടെ പറഞ്ഞു: ”ചെക്കാ, ഒറ്റക്ക് ഈവഴി നിക്കണ്ടാ. അറിയാല്ലോ?”. എന്നത്തേയും പോലെ വിനയന്റെ വായ മലർക്കെ പിളർന്നു…
***
പുലരുവോളം ഉറക്കമൊഴിഞ്ഞ് ഡൗൺലോഡ് ചെയ്ത വീഡിയോ, വൈകുന്നേരത്തെ ഫുട്ബോൾ കളിക്ക് ശേഷം ഉമ്മറിനും ഹരിക്കും അയച്ചുകൊടുക്കുന്നതിനിടയിലാണ് വിനയന്റെ വരവ്. ചത്ത ചേരയെ പതിവുപോലെ ഗ്രൗണ്ടിനരികിലുള്ള പൊട്ടക്കിണറ്റിലേക്ക് അവൻ വലിച്ചെറിഞ്ഞു. നീർക്കോലി മുതൽ കരിമൂർഖൻ വരെയുള്ള പാമ്പുകളുടെ അസ്ഥികൂടങ്ങളും തുകൽ കീറി നാശമായ ഫുട്ബോളുകളും മദ്യക്കുപ്പികളും നിറഞ്ഞ പൊട്ടക്കിണറിന്റെ ഉൾചിത്രം എന്റെ മനസ്സിലന്നേരം തെളിഞ്ഞു.
”ഇവൻ പറക്കുംതളികേലെ ഹരിശ്രീ അശോകനേക്കാളും കഷ്ടാണല്ലോ! അണലി കടിച്ച് അമ്മ വടിയായേപ്പിന്നെ മണ്ണിര പോലും ചെക്കനിപ്പോ അണലിയാ…”
വീഡിയോ റിസീവായെന്ന ‘ഷെയർ ഇറ്റ്’ നോട്ടിഫിക്കേഷൻ കണ്ടതും അത് ആവേശത്തോടെ പ്ലേ ചെയ്യുന്നതിനിടയിൽ ഹരി പറഞ്ഞു. ലെബനീസ് സുന്ദരിയുടെ ഈണത്തിലുള്ള കരച്ചിൽ ഫോണിൽ നിന്നുയരുന്നത് കേട്ട് വിനയൻ വെറിയോടെ ഞങ്ങളെ നോക്കി. എന്നിട്ട് അരയിൽ തിരുകിവച്ച സെക്കന്റ് ഹാന്റ് ചൈന ഫോണെടുത്ത് എന്റെ നേരെ നീട്ടി. ബാറ്ററി ഊരി വീഴാതിരിക്കാൻ റമ്പർ ബാന്റ് കൊണ്ടൊരു കെട്ടും ദീർഘനാളായുള്ള സ്വപ്നത്തിന് അവൻ നൽകിയിട്ടുണ്ട്. പാമ്പിൻ ചോര പുരണ്ട കൈ ലുങ്കിയിൽ തുടച്ചുകൊണ്ട് വിനയൻ ലെബനീസ് സുന്ദരിയെ സ്വാഗതം ചെയ്തു.
”ടച്ച് ഫോണൊക്കെ സെറ്റാക്കിയല്ലോ വിനയാ! ചുവര്മ്മേലെ പല്ലീന്റെ കണ്ണ് കളയോ നീ?’
ഉമ്മർ പറഞ്ഞതിലെ ‘ചിരി’ മനസിലായില്ലെങ്കിലും വിനയൻ കുലുങ്ങിച്ചിരിക്കുകതന്നെ ചെയ്തു. കണ്ണില്ലാതെ തപ്പിത്തടഞ്ഞ് വീണ് വാവിട്ട് കരയുന്നൊരു പല്ലി അന്നേരം അവന്റെ തലയിൽ മിന്നിയിട്ടുണ്ടാവണം.
ഇംഗ്ലീഷ് അക്ഷരം കൂട്ടിവായിക്കാനറിയാത്തതിനാൽ ഞങ്ങളുടെ നമ്പറുകൾ, ഹരിയുടെ പേര് ‘H’ എന്നും ഉമ്മറിന്റെ പേര് ‘U’ എന്നും എന്റെ പേര് ‘M’ എന്നും ഫോണിൽ സേവ് ആക്കി നൽകിയിട്ടും ദേഹത്തെ സിമന്റുരച്ച് കളയാൻ പഞ്ചായത്ത് കുളത്തിലേക്കോടാതെ പരുങ്ങി നിന്ന വിനയന് മറ്റെന്തോകൂടി പറയാനുണ്ടെന്ന് എനിക്ക് തോന്നി. തെല്ലും വൈകാതെ, അത് അസ്ഥാനത്ത് തന്നെയെന്ന് തെളിയിച്ചുകൊണ്ട് അവൻ വാ തുറന്നു.
”പെണ്ണിന്റെ നമ്പറ്ണ്ടാ ഉമ്മറ്ക്കാ?”
തീപ്പെട്ടിയുരയ്ക്കാനോങ്ങിയ ഉമ്മറിന്റെ ചുണ്ടിൽ നിന്നും സിഗരറ്റ് താഴെ വീണു. ഹരിയാകട്ടെ, പൊട്ടിച്ചിരി മറച്ചതുമില്ല. മുൻപൊരു വേൾഡ് കപ്പ് രാത്രി, ക്ലബിന് പിറകിലെ പേരമരം ചാരി അരുണിമയുടെ പ്രേമം ലൗഡ് സ്പീക്കറിലിട്ട് സുഹൃത്തുക്കൾക്ക് കേൾപ്പിച്ചുകൊടുത്തുകൊണ്ടിരുന്നപ്പോൾ, വിനയൻ ഇരുട്ടിൽ മറഞ്ഞിരുന്ന് വെള്ളമിറക്കിക്കൊണ്ട് മുഴുവൻ കേട്ടതും മദ്യലഹരിയിൽ ഞാനവന്റെ കോളറിന് കുത്തിപ്പിടിച്ചപ്പോൾ കുട്ടിയെ പോലെ നിന്ന് കരഞ്ഞതും എനിക്കോർമ്മ വന്നു.
എന്നത്തെയും പോലെ, ഒരുതവണയെങ്കിലും തന്നെ ഗോളി സ്ഥാനത്ത് നിന്ന് മാറ്റി കയറി കളിക്കാൻ അവസരം നൽകണമെന്ന് വിനയന് പറയാം. കല്ലുകെട്ടിന് വന്ന ബംഗാളിപ്പെണ്ണിന്റെ കൂടെ ഒളിച്ചോടിയ അച്ഛൻ വിജയന്റെ കഥ വിളമ്പി ചൊറിയുന്ന തന്റെ മേസ്തിരിയേയും മറ്റ് കൈപ്പണിക്കാരേയും അറിയാവുന്ന തെറി വിളിക്കാം. പക്ഷെ, പെണ്ണ്? അതും വിനയന്!
”വീട്ടീപ്പോ വിനയാ,” ഉമ്മർ ശബ്ദം കനപ്പിച്ചു.
”വല്യ ഗ്ലാമറൊന്നും വേണംന്ന്ല്യാ… ” – മൂക്കള വലിച്ചുകേറ്റി ചിണുങ്ങിക്കൊണ്ടുള്ള വിനയന്റെ മറുപടികേട്ട് പല്ല് കടിച്ച് ചാടിയെഴുന്നേറ്റ ഹരിയുടെ കൈ ഞാൻ മുറുകെ പിടിച്ചു. എന്റെ മനസ്സിലെന്തായിരിക്കുമെന്ന് നിമിഷനേരത്തിനുള്ളിൽ അപഗ്രഥിച്ച ഹരി ‘അത് വിനയന്റടുത്ത് വേണോ’ എന്ന ഭാവത്തിൽ എന്നെയും ഉമ്മറിനെയും മാറിമാറി നോക്കി.
മുപ്പതിന് മുൻപേ വിരുന്നെത്തിയ കഷണ്ടിയും തൊട്ടാൽ ചോരപൊടിയുന്ന തരത്തിലുള്ള തൊലിവെളുപ്പും മാത്രമല്ല, സ്ത്രെെണത കലർന്ന ശബ്ദവും എനിക്ക് പാരമ്പര്യമായി കിട്ടിയിരുന്നു. അച്ഛന്റെയും എന്റെയും ശബ്ദം ഏകദേശം ഒരേ മീറ്ററിലാണ്. എങ്കിലും ഒരുപൊടിക്ക് ഞാൻ തന്നെ മുന്നിൽ. മരിച്ചുപോയ അപ്പൂപ്പൻ സംസാരിക്കുന്നത് കേട്ടാൽ യഥാർത്ഥ പെണ്ണുങ്ങൾ തോറ്റുപോകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ശ്വാസഗതിയിലൊരു കുഞ്ഞ് കുടുക്കിടുന്ന നേരം എനിക്കും അപ്പൂപ്പനെപ്പോലെ പെൺനാദമാകാൻ കഴിഞ്ഞിരുന്നു. കുടുക്കിട്ടാൽ മാത്രം. അല്ലാത്തപ്പോൾ സ്ത്രീ ശബ്ദത്തോട് തൊണ്ണൂറ് ശതമാനത്തോളം സാദൃശ്യമുള്ള പുരുഷ ശബ്ദമാണ് എന്നിൽ നിന്നും ഉത്ഭവിച്ചിരുന്നത്.
”ഒരാളുണ്ട് വിനയാ, ഞാനൊന്ന് മുട്ടിനോക്കാ. ഒത്താൽ ഇന്ന് രാത്രി അവള് നിന്നെ വിളിക്കും…’ എന്നെ പറഞ്ഞു മുഴുമിപ്പിക്കാൻ വിട്ടില്ല. അതിനു മുന്നേ വിനയൻ ആവേശത്തോടെ ഞങ്ങൾ മൂന്ന് പേരുടെയും കൈകൾ പിടിച്ചുകുലുക്കി. സ്ലീവ്ലെസ് ചിക്ക് മെലീസ കുര്യനും കാച്ചെണ്ണയുടെ മണമുള്ള അനുപമ നായരും തുടങ്ങി, മുമ്പ് ശബ്ദം കൊണ്ട് പരകായ പ്രവേശം നടത്തിയ അനേകം സാങ്കൽപ്പിക സുന്ദരിമാർ തലയ്ക്കകത്ത് നിന്ന് ഓൾ ദി ബെസ്റ്റ് പറയുന്നതായി എനിക്ക് അനുഭവപ്പെട്ടു.
റാഗ് ചെയ്ത് നാറ്റിച്ച ഒട്ടകം സ്റ്റീഫനെന്ന സീനിയർ കൂറ്റനായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഇര. കാലം കോളേജ് ഫസ്റ്റ് ഇയർ. പ്രിൻസിപ്പാൾ ഉലഹന്നാൻ സാർ പോലും മുട്ടുമടക്കിയ ഒട്ടകത്തെ, വെറും നാലേനാല് ഫോൺ കോളിനുള്ളിൽ ആട്ടിൻകുട്ടിയാക്കാൻ കഴിഞ്ഞതോടുകൂടിയാണ് ശബ്ദം കൊണ്ടുള്ള കളിയുടെ അനന്തസാധ്യതയെ കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങുന്നത്. കോളേജ് ഡേയ്ക്ക് മദ്യപിച്ച് സ്റ്റേജിൽ കയറിയത് വീട്ടിൽ വിളിച്ചു പറഞ്ഞ കടുത്ത മദ്യവിരോധിയായ മലയാളം അധ്യാപകൻ ശേഖരൻതമ്പിയെ, ‘പ്രതീക്ഷ’ ബാറിലെ അരണ്ട വെളിച്ചത്തിന്റെയും കവി അയ്യപ്പന്റെയും ആരാധകനാക്കി മാറ്റിയ ചരിത്രം വരെ ഞങ്ങൾക്കുണ്ട്. ഒരിക്കൽ പോലും കാലിടറയില്ല. ഉന്നംതെറ്റിയതുമില്ല.
”ഒരു മയത്തിലൊക്കെ വേണംട്ടാ വിനയാ, പാമ്പിനെ കാണുമ്പോ തുള്ളുന്ന മാതിരി എടുത്ത് ചാടരുത്. ചെലപ്പോ തിരിഞ്ഞ് കൊത്തും!”
ഉമ്മർ വിനയന്റെ ഹോർമോർണുകളിൽ എരിവ് പുരട്ടി. പാമ്പിനെ എവിടുന്നു കിട്ടിയെന്ന അടുത്ത ചോദ്യത്തിന് മറുപടിയായി വിനയൻ ‘യക്ഷിമൂല’ എന്ന് പറഞ്ഞതും ഹരിയുടെ മുഖം വാടി. തലകുനിഞ്ഞു. അതേ നിമിഷത്തിൽ തന്നെ, പൊട്ടക്കിണറ്റിനകത്തു നിന്ന് ഒരു വവ്വാൽ അവന്റെ മൂക്കിലുരസിക്കൊണ്ട് ഇരുട്ടിലേക്ക് പറന്നലിഞ്ഞു. വികൃതശബ്ദത്തോടെ മുഖം തുടച്ചശേഷം, പോക്കറ്റിൽ നിന്നും ഇൻഹേലറെടുത്ത് ഹരി വായിൽ തിരുകി.
മുൻപൊരു രാത്രി മൂന്ന് പെഗ് റമ്മിന്റെ ധെെര്യത്തിൽ യക്ഷിക്കല്ല് തൊടാൻ ഇറങ്ങിപ്പുറപ്പെട്ട, മുൻ യുക്തിവാദിയും ഇപ്പോഴത്തെ അമ്പലക്കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറുമായ കൂട്ടുകാരന്റെ അവസ്ഥയോർത്തപ്പോൾ എനിക്കും ഉമ്മറിനും ചെറുതല്ലാത്ത രീതിയിൽ കുറ്റബോധം തോന്നി. അന്ന് രാത്രി വള്ളിക്കാടിനുള്ളിലെ യക്ഷിക്കല്ലിന് മുകളിൽ വെള്ള മുണ്ട് പുതച്ചിരുന്നത് ഉമ്മറാണെന്നും ആകാശഗംഗയിലെ ദിവ്യ ഉണ്ണി തോൽക്കുന്ന മാതിരി അട്ടഹസിച്ചത് ഞാനാണെന്നുമുള്ള സത്യം, ആ സമയം ഉറക്കംഞെട്ടി അതുവഴി വന്നൊരു കുറുക്കനൊഴികെ മാറ്റാർക്കും ഇതുവരെ അറിയില്ല!
കാറ്റിൽ ഇലഞ്ഞിയുടെ മണം…
***
അത്താഴത്തിന് ശേഷം കോണിപ്പടികൾ കയറുന്നതിനിടെ, അമ്മൂമ്മയും അമ്മയും അടക്കം പറയുന്നത് കേട്ട് രണ്ട് പടികൾ ഞാൻ തിരികെയിറങ്ങി. പണ്ട് യക്ഷിമൂലയ്ക്കടുത്ത് വച്ച് അപ്പൂപ്പന് വഴിതെറ്റിയ അതേ കഥ തന്നെ. പലതവണ കേട്ടത്. ബാറ്ററി ബിന്ദുവിന്റെ അമ്മ ശാരദയുടെ സന്നിധിയിലേക്ക് അപ്പൂപ്പന് ഒരു പോക്കുവരവുണ്ടായിരുന്നത് നാട്ടിലെ പട്ടികൾക്ക് പോലുമറിയാം. യക്ഷിമൂലയ്ക്കരികിലായിരുന്നു അവരുടെ വീട്. സംഭവം നടന്ന രാത്രി ശാരദാമ്മയൊഴിച്ച വാറ്റ് കുറച്ചധികം അപ്പൂപ്പൻ കേറ്റിക്കാണണം. അടിച്ച് പഴമായി ഒടുക്കം യക്ഷിമൂല ഇടവഴിയിൽ കിടന്നത് നാട്ടുകാരിലാരേലും കണ്ടപ്പോൾ കള്ളക്കെളവൻ യക്ഷി വഴിതെറ്റിച്ചെന്ന് തള്ളിയിരിക്കണം. എല്ലാ യക്ഷിക്കഥകൾക്കും പിന്നിൽ അപ്പൂപ്പനെപോലുള്ള നെെറ്റ് റെെഡേഴ്സിന്റെ കാഞ്ഞ ബുദ്ധിതന്നെ ആയിരിക്കാനേ തരമുള്ളൂ. അത് വിശ്വസിക്കുകയും വിളക്ക് വയ്ക്കുകയും ചെയ്യുന്ന മണ്ടന്മാർ ഇക്കാലത്തുമുണ്ടെന്നതാണ് അത്ഭുതം! മുറിയിൽ കയറി ഞാൻ കതകടച്ചു.
വിനയന്റെ പെണ്ണിനെന്ത് പേരിടും? പത്മരാജൻ സമ്പൂർണ കഥകളെന്ന തടിയൻ പുസ്തകത്തിനുള്ളിൽ നിന്നും പഴയ സിം തപ്പിയെടുത്ത് ഫോണിലിടുന്നതിനിടെ ഞാൻ നഖംകടിച്ചുതുപ്പി. അധികനേരം തലപുകയ്ക്കേണ്ടി വന്നില്ല. ”ഭക്താ, നാം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. എന്തുവരമാണ് വേണ്ടത്?” എന്ന സീരിയൽ ഡയലോഗ് താഴെ ടിവിയിൽ നിന്നും പുറപ്പെട്ട് കോണിപ്പടികൾ കയറി മുകളിലെത്തിയപ്പോൾ എനിക്ക് പേര് കിട്ടി. ‘വരദ!’ വരം നൽകുന്നവൾ! സ്വന്തം അമ്മയൊഴിച്ച് മറ്റൊരു സ്ത്രീയെ ഇന്നുവരെ തൊട്ടുപോലും വിനയന് ശബ്ദത്തിലൂടെയാണെങ്കിൽ പോലും ഞാൻ നൽകാൻ പോകുന്നത് ഒരർത്ഥത്തിൽ മുറ്റനൊരു വരം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ മിഷൻ വിനയനിലെ നായികയ്ക്ക് ഇതിലും ചേരുന്ന പേര് ഇനി കിട്ടാനുമില്ല. ആവേശത്തോടെ ഞാൻ കീപ്പാഡിലൂടെ വിരലുകൾ ചലിപ്പിച്ചു. സമ്പൂർണ കഥകളുടെ കവറിലിരുന്ന് പത്മരാജൻ എന്നെനോക്കി കണ്ണിറുക്കി…
മഴപെയ്ത് തോടും വയലും ഒന്നായ രാത്രി, വെട്ടുകത്തിയുമെടുത്ത് അരയോളം വെള്ളത്തിൽ നിന്ന് ചേറുമീനിനെ നോട്ടമിടുന്ന നേരത്ത് വിനയന്റെ ഫോൺ ശബ്ദിച്ചു. ടോർച്ച് വെട്ടത്തിൽ തെളിഞ്ഞൊരു മീനിന്റെ വഴുവഴുപ്പിന് നേരെ കത്തിയോങ്ങിയ വിനയന്, മറുതലയ്ക്കൽ നിന്നുള്ള ശബ്ദത്തിലെ മൃദുലത തിരിച്ചറിഞ്ഞപ്പോൾ ഉന്നം പിഴച്ചു. വെട്ടുകത്തി വെള്ളത്തിൽ തട്ടി പാളി സ്വന്തം കാലിൽ കൊണ്ടു!
”പേരെന്താ?” – ചുറ്റുമുള്ള വെള്ളം ചുവക്കുന്നത് കാര്യമാക്കാതെ, വിക്കിവിക്കി വിനയൻ ചോദിച്ചു.
”പേര് വരദ… ആട്ടേ വിനയേട്ടനെന്തിനാ എപ്പോഴും ഗോളി നിക്കുന്നേ? കേറിക്കളിച്ചൂടെ?”
”സത്യേട്ടൻ വിടൂല്ല. ചോയ്ച്ചാ ചത്തുപോയ അമ്മേനെ ചീത്തവ്ളിക്കും…”
”ആ തുരുമ്പിനോട് പോവാൻ പറ! നാളെ വിനയേട്ടൻ കേറിക്കളിക്കണം. ഗോളടിക്കണം. എന്നിട്ട് ഗ്രൗണ്ടിന് പിറകിലെ കവുങ്ങിൻതോപ്പിലേക്ക് വാ, അവിടെ ഞാനുണ്ടാകും…”
”വന്നിറ്റോ?”
”വിനയേട്ടന് ഞാൻ കെട്ടിപ്പിടിച്ചൊരു കിസ് തരും!”
‘ആരാ, എന്താ, ഇതൊക്കെ എങ്ങനെയറിയാം’ തുടങ്ങിയ സ്വാഭാവിക സംശയങ്ങൾ പോലും മിന്നാത്ത തല ചൊറിഞ്ഞുകൊണ്ട് വിനയൻ നാണത്തോടെ ചിരിച്ചു. ആദ്യദിവസം തിരികൊളുത്താനേ പാടുള്ളൂ. പൊട്ടാൻ അനുവദിക്കരുത്.
ഫോൺ കട്ട് ചെയ്ത് സിം മാറ്റിയശേഷം, നാളെ വെെകുന്നേരം ഗ്രൗണ്ടിൽ വച്ച് വിനയനും തുരുമ്പ് സത്യനുമിടയിൽ സംഭവിക്കാൻ പോകുന്നതെന്തായിരിക്കുമെന്ന് ഞാൻ സങ്കൽപിച്ചുനോക്കി. ആദ്യറൗണ്ട് തെറിപറച്ചിലിന് ശേഷവും വിനയൻ വാശിപിടിക്കുകയാണെങ്കിൽ തുരുമ്പ് പൊട്ടിക്കുക തന്നെ ചെയ്യും! രണ്ടെണ്ണം കിട്ടട്ടെ. നാളെ എന്തായാലും വിനയനുള്ള ടീമിൽ കളിക്കേണ്ട. കരഞ്ഞുകലങ്ങിയ ഗോളിയുടെ ശ്രദ്ധ ഉറപ്പായും മാറും. ഗോൾ വീഴും. ടീം തോൽക്കുകയും ചെയ്യും.
വയലിൽ നിന്നും വരമ്പത്തേക്ക് കയറിയ വിനയൻ നനഞ്ഞപുല്ലിൽ മുഖം ചേർത്ത് കിടന്നു. പാറ പോലെ ഉറച്ച വയറിനിപ്പോൾ പഞ്ഞിയുടെ മാർദ്ധവമാണെന്നും ഐസിന്റെ തണുപ്പാണെന്നും അവനു തോന്നി. നിർത്താതെ കരഞ്ഞുകൊണ്ട് തവളകളും ചീവിടുകളും പ്രേമത്തിന് പശ്ചാത്തലസംഗീതമൊരുക്കി.
***
ആദ്യത്തെ ചവിട്ട് തുരുമ്പിന്റെ അടിവയറ്റിൽ! കുനിഞ്ഞുപോയ തുരുമ്പ് തലയുയർത്തിയതും കണ്ടുനിൽക്കുന്നവനാരായാലും അറിയാതെ സ്വന്തം കവിളിൽ കെെവച്ചുപോകുന്ന തരത്തിൽ മുഖമടച്ച് അടുത്തത്! പിടിച്ചുമാറ്റേണ്ട കാര്യമുണ്ടായില്ല. മൂന്നാമതും വിനയൻ കെെയോങ്ങുന്നത് കണ്ട തുരുമ്പ് സത്യൻ ഗ്രൗണ്ടിൽ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടെ ഒരുതവണ നെഞ്ചുംതല്ലി വീഴുകയും ചെയ്തു!
മുഖത്ത് പറ്റിയ സത്യന്റെ പാൻപരാഗ് തുപ്പൽ അതിനുശേഷമാണ് വിനയൻ തുടച്ചുകളഞ്ഞത്. ഗ്രൗണ്ടിനകത്തും പുറത്തും കരുത്തുകൊണ്ട് കളിക്കുന്ന കൂറ്റന്റെ ഓട്ടം കണ്ട് താനേ തുറന്ന സഹകളിക്കാരുടെ വായ അടയാൻ സമയമെടുത്തു. നിർത്താതെ വീശിക്കൊണ്ടിരുന്ന മഴക്കാറ്റ് പോലും അൽപനേരം മൗനംപാലിച്ചു. മുള പൊട്ടിയിട്ടും മണ്ണ് നീക്കി പുറത്തേക്ക് വരാൻ കഴിയാതിരുന്ന വിത്തായിരുന്നു വിനയനെന്ന് അന്നേരം എനിക്ക് തോന്നി. ചെറിയൊരു നനവ് തട്ടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ… വരദ വിനയനെ നനച്ചുകഴിഞ്ഞു!
”വരദ വ്ളിച്ച്…” – പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും തന്നെയില്ലാതെ സെന്റർ ലെെനിലേക്ക് നടന്നുവന്നശേഷം വിനയൻ എന്നോട് പറഞ്ഞു. അങ്ങേയറ്റം അവിശ്വസനീയമായ രംഗം കണ്ട് നെഞ്ചുവേദനയിളകിയ ഹരി ഗോൾകീപ്പർ സ്ഥാനത്തേക്ക് വലിഞ്ഞു. പന്തുരുണ്ടു. വിനയൻ രണ്ട് സുന്ദരൻ ഗോളുകൾ നേടി. കളിക്കിടെ അബദ്ധത്തിൽ ഉമ്മറിന്റെ കാൽതട്ടി വിനയൻ വീണതും, തെറ്റ് തന്റെ ഭാഗത്തല്ലായിരുന്നിട്ടുകൂടി ഉമ്മർ വിനയനോട് സോറി പറഞ്ഞു. ഓരോ ഗോളിന് ശേഷവും കവുങ്ങിൻതോപ്പിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് അവൻ ആഹ്ലാദപ്രകടനം നടത്തി.
വിയർപ്പുണങ്ങിയ ശേഷം എല്ലാവരും വീടുപിടിക്കാൻ തുടങ്ങി. അവസാനത്തെ ബെെക്കും ഗ്രൗണ്ട് വിട്ടതോടെ വിനയൻ ചുറ്റുപാടുമെന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം കവുങ്ങിൻതോപ്പിലെ ഇരുട്ടിലേക്കോടി. തല്ലുകൊള്ളിക്കൽ പദ്ധതി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിൽ പാളിപ്പോയ വിഷമം അകമേ കല്ലിച്ചുകിടക്കുന്നുണ്ടെങ്കിലും, ആർത്തിപിടിച്ചുള്ള വിനയന്റെ ഓട്ടം കണ്ടതോടെ പൊട്ടക്കിണറിന്റെ കല്ലുകളിളകിയ ആൾമറയ്ക്ക് പിറകിൽ ഒളിച്ചിരുന്ന ഞങ്ങൾ പൊട്ടിയ രസച്ചരട് വീണ്ടും കെട്ടിമുറുക്കി.
”ഇവനെനി കവുങ്ങിന്റെ മണ്ടേലെങ്ങാനും കേറി തപ്പുന്നുണ്ടാകുവോ? ” – സമയംകടന്നുപോകെ, ആഴംകുറഞ്ഞ കിണറ്റിനകത്തു നിന്നുയരുന്ന ചത്ത പാമ്പുകളുടെ ദുർഗന്ധവും കൊതുക് കടിയും സഹിക്കാനാകാതെ ഉമ്മർ പറഞ്ഞു. ഹരി കൃത്യമായ ഇടവേളകളിൽ ശബ്ദം താഴ്ത്തി തെറിപറഞ്ഞുകൊണ്ടിരുന്നു.
”പറയാൻ പറ്റില്ല, ചെക്കന് നല്ലോണം മൂത്തിട്ടുണ്ട്!”
പറഞ്ഞുമുഴുമിപ്പിക്കുന്നതിന് മുന്നേ ചുവന്നുതുടുത്ത മുഖവുമായി വിനയൻ പുറത്തേക്ക് വന്നു.
”മോന്ത കണ്ടാ, കരഞ്ഞ് പിഴിഞ്ഞ് തക്കാളിപോലായി,” അടക്കി ചിരിച്ചുകൊണ്ട് ഉമ്മർ പറഞ്ഞു.
”ദേ വിനയൻ ചിരിക്കുന്നു!”
ഹരി പറഞ്ഞത് കേട്ട് ഞങ്ങൾ സംശയത്തോടെ പരസ്പരം നോക്കി. യക്ഷിമൂല സംഭവത്തിന് ശേഷം ഹരിയിങ്ങനാണ്. ഇല്ലാത്തത് കാണും. അനാവശ്യ സംശയങ്ങൾ വിളമ്പും. തമാശയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും കൂട്ടുകാരന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞങ്ങളാണ്. അവനെ നല്ലൊരു കൗൺസിലിങ്ങിന് കൊണ്ടുപോകുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നി.
ഇടിമിന്നലിന്റെ രൂപത്തിൽ മുന്നറിയിപ്പ് നൽകിക്കൊണ്ട് മഴ മര്യാദ കാണിച്ചു. പതിവിലും വേഗത്തിൽ ഞങ്ങൾ വീട്ടിലേക്ക് ഓടി.
***
ജേഴ്സി മുറ്റത്തെ അയയിലിട്ട് ട്രൗസർ മാത്രം ധരിച്ച് ഉമ്മറത്തേക്ക് കയറാനൊരുങ്ങിയ എന്നെക്കണ്ട് അമ്മ വെപ്രാളത്തോടെ ഓടിവന്നു. അമ്മൂമ്മ ചുക്കിച്ചുളിഞ്ഞ മുഖത്ത് ആവുംവിധം ഭാവമാറ്റങ്ങൾ വരുത്തി എന്തോ പറയാൻ ശ്രമിച്ചു. പരിചയമില്ലാത്ത ലേഡീസ് ചെരുപ്പ് മുറ്റത്ത് കണ്ട് ഞാൻ സംഗതി മനസ്സിലാക്കുന്നതും അകത്തുനിന്നു അരുന്ധതി പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
ഏതാണ്ട് പത്ത് മീറ്ററോളം ദൂരത്ത് നിന്ന് ഒരു നീളൻ തോർത്ത് അമ്മ എന്റെ നെഞ്ചിന് നേരെ നീട്ടിയെറിഞ്ഞു. അമ്പെയ്ത്ത് വിദഗ്ധനെ പോലും വെല്ലുന്ന അമ്മയുടെ ഉന്നം കണ്ട് അരുന്ധതി പൊട്ടിച്ചിരിച്ചു. കണ്ടിട്ട് നാളുകളേറെയായ അമ്മാവന്റെ മകളുടെ മുന്നറിയിപ്പില്ലാത്ത ആഗമനത്തിന്റെ കാരണമെന്തായിരിക്കുമെന്ന് ആലോചിച്ചുകൊണ്ട് ഞാൻ കുളത്തിനരികിലേക്ക് നടന്നു.
എന്നെക്കാൾ രണ്ടുവയസിനു മൂത്തതാണ് അരുന്ധതി. ഇളയതായിരുന്നെങ്കിൽ കെട്ടാനൊക്കുന്ന മുറപ്പെണ്ണ്. താഴെയൊരു പെങ്ങളുള്ളത് കാര്യമാക്കാതെ, ബോംബയിൽ കൂടെ ജോലി ചെയ്തിരുന്ന ഹിന്ദിക്കാരിയുമായി അമ്മാവൻ നടത്തിയ ലിവിങ് ടുഗദറിന്റെ ഭംഗിയുള്ള ബാക്കിപത്രം. അമ്മ നേരത്തെ മരിച്ചു. ഒരിടത്തും ഉറച്ചുനിൽക്കാതെ അമ്മാവൻ യാത്ര തുടർന്നു. ഇടയ്ക്ക് വന്നു. ഏറ്റവുമൊടുവിൽ നടത്തിയ ഗുജറാത്ത് യാത്രയ്ക്ക് ശേഷം തിരിച്ചുവന്നതുമില്ല.
ഗുജറാത്ത് ഭൂകമ്പത്തിൽ പെട്ട് തിരിച്ചറിയാൻ കഴിയാതെപോയ അനേകം ശവശരീരങ്ങളിൽ ഒന്ന് അമ്മാവന്റേതായിരിക്കാം എന്ന നിഗമനത്തിൽ വിശ്വസിക്കുന്നവർ അദ്ദേഹം തിരിച്ചുവരും എന്ന് കരുതിയവരെക്കാൾ കൂടുതലായിരുന്നു. തലതെറിച്ച മകന്റെ വിത്താണെങ്കിലും അമ്മൂമ്മ അവളോട് മുഖം തിരിച്ചില്ല; അമ്മയും.
പ്ലസ് ടുവിന് പഠിക്കുമ്പോൾ മുട്ടോളം നീണ്ട തന്റെ മുടിവെട്ടിക്കൊണ്ടാണ് അരുന്ധതി ആദ്യ സൂചന നൽകിയത്. ഡിഗ്രി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയ അന്നുതന്നെ സിരകളിലോടുന്ന ചോരയുടെ ഗുണം പൂർണമായും പുറത്തുകാട്ടുകയും ചെയ്തു. രണ്ടു ജോഡി വസ്ത്രങ്ങൾ മാത്രമെടുത്ത്, തറവാടുമായി കെട്ടുപിണഞ്ഞുകിടക്കുന്ന നേർത്ത നൂൽ അറുത്തെറിഞ്ഞ് അവൾ പോയ രാത്രി അമ്മൂമ്മയ്ക്ക് നെഞ്ചുവേദന ഇളകിയിരുന്നു.
പിന്നീട് ദീർഘകാലം കല്യാണത്തലേന്നുകളിലെ തേങ്ങ പിഴിച്ചിലുകാരുടെയും തൊഴിലുറപ്പ് പെണ്ണുങ്ങളുടെയുമൊക്കെ പണിയെടുക്കാനുള്ള ഊർജം അരുന്ധതിയെക്കുറിച്ചുള്ള കഥകളായിരുന്നു. തന്തയെ പോലെ കല്ല്യാണം കഴിക്കാതെ പൊറുതി തുടങ്ങിയെന്നും പെറ്റ കൊച്ചിനെ ഓർഫനേജിൽ ആക്കിയെന്നും നാട്ടുകാർ പറഞ്ഞു. ഒരു പോൺ വീഡിയോയിൽ അരുന്ധതിയുടെ തല കണ്ടെന്നുവരെ, അവർ പറഞ്ഞു.
വല്ലപ്പോഴുമുള്ള അവളുടെ തിരിച്ചുവരവുനേരത്തൊക്കെയും അമ്മൂമ്മ ആദ്യം കണ്ണീരിന്റെയും പിന്നെ ഭീഷണിയുടെയും ഭാഷ പരീക്ഷിച്ചു പരാജയപ്പെട്ടു. അമ്മയാകട്ടെ, വെള്ളംതൊടാതെ വിഴുങ്ങിയ കഥകളെമ്പാടും സത്യമാണെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് പരമാവധി എനിക്കും അരുന്ധതിക്കുമിടയിൽ മതിൽ തീർത്തു.
അവളതൊന്നും ശ്രദ്ധിക്കാതെ ഒരു സ്റ്റീപിൾ ചേസ് താരത്തെപോലെ മുന്നോട്ടുകുതിച്ചുകൊണ്ടിരുന്നു. ഹഡിലുകൾ വരുന്നേരം ഉയർന്നുചാടി. വെള്ളത്തിൽ വീഴുന്നേരം തളർന്നുപോകാതെ, കൂടുതൽ കരുത്തോടെ ഓട്ടം തുടർന്നു.
“ഹണി ബാഡ്ജർ എന്നൊരു ജീവിയുണ്ട്. ഡിസ്ക്കവറീലെങ്ങാനും കണ്ടതാ. നിന്നെക്കാണുമ്പോ എനിക്കിപ്പോ അതിനെയാ ഓർമ്മവരുന്നേ…”
അവശേഷിച്ച ഒരേയൊരു പശുവും കഴിഞ്ഞമാസം ചത്തതോടെ അനാഥമായ തൊഴുത്തിലിരുന്ന് ഒരു പെഗ് നീട്ടിയടിച്ച ശേഷം ഞാൻ പറഞ്ഞു. റമ്മിന്റെ ചുവ നാവിൽ നിന്ന് മാറ്റാനായി പ്രഷർ കുക്കർ വിസിൽ വിട്ടത് പോലെ ശബ്ദമുണ്ടാക്കിയപ്പോൾ അവൾ മുഖം ചുളിച്ചു. ശേഷം കയ്യിലിരുന്ന ഗ്ലാസ് സ്റ്റൈലായി ചുണ്ടിനോട് ചേർത്തുകൊണ്ട് ബാക്കി പറയാൻ ആംഗ്യം കാട്ടി.
“സാധനം നമ്മുടെ കീരീനെ പോലെയാ. പക്ഷെ സിംഹക്കൂട്ടം വന്ന് വളഞ്ഞാലും ദിൽ ഇറുന്താ തൊട്റാ പാപ്പോം എന്ന മട്ടിൽ രജ്നി സ്റ്റെെലിൽ നെഞ്ചും വിരിച്ചൊരു നിപ്പാ! പേടീന്ന് പറഞ്ഞ വാക്ക് ആശാന്റെ നിഘണ്ടുവിലില്ല. സൈസും സ്വഭാവോം വച്ചു നോക്കിയാ കറക്റ്റ് നീ തന്നെ!”
”ഹണി ബാഡ്ജർ… പൊളി പേര്! ഒരെണ്ണത്തെ സംഘടിപ്പിക്കാൻ പറ്റ്വോന്ന് നോക്കിയാലോ? ചുമ്മാ പോറ്റാൻ.”
യൂട്യൂബ് തുറന്ന് ഹണി ബാഡ്ജറിന്റെ വീഡിയോ കാണുന്നതിനിടെ എന്നത്തെയും പോലെ കളിയോ കാര്യമോ എന്ന് നിർവചിക്കാനാകാത്ത വിധം അരുന്ധതി പറഞ്ഞു.
“നിന്നെ കുറിച്ച് നാട്ടാരെന്തൊക്കെയാ പറയുന്നേന്നു വല്ല പിടുത്തോണ്ടോ? നീ കണ്ടവമ്മാര്ടെ കൂടെ കെടപ്പാണ് പോലും! നിനക്കൊരു കൊച്ചുണ്ട് പോലും! എന്നേം ബാക്കി കുടുംബക്കാരേമൊക്കെ വിട്, പക്ഷെ തീട്ടോം മൂത്രോം കോരിയ അമ്മൂമ്മേനെങ്കിലും ഓർക്കായിരുന്നു.”
മദ്യം തലയ്ക്ക് പിടിച്ചു ശബ്ദത്തിൽ അതിനാടകീയത കടന്നുവന്നപ്പോൾ എന്റെ തുടയിൽ അമർത്തി നുള്ളി അരുന്ധതി കണ്ണുരുട്ടി. പിന്നെ ഞാൻ പറഞ്ഞതോർത്തു ചിരിതുടങ്ങി. ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ താനേ അടഞ്ഞുപോകും. വലത്തേ കൺപോളയിലുള്ള കറുത്ത മറുക് അന്നേരം മാത്രമാണ് തെളിഞ്ഞുകാണുക. ഈച്ചയാണെന്ന് കരുതി കുട്ടിക്കാലത്ത് ഞാനവളുടെ കണ്ണിൽക്കുത്തിയതും പ്രതികാരമായി അവളെന്റെ കൈത്തണ്ട കടിച്ചുമുറിച്ചതും എനിക്കോർമ്മവന്നു.
“നാട്ടുകാരോട് നീ പറ, അരുന്ധതിക്കിപ്പോ നാല് കാമുകന്മാരുണ്ടെന്ന്… ഒരുത്തനെക്കൂടെ ഒപ്പിച്ച് പാഞ്ചാലി ആകാനുള്ള പ്ലാനിലാണെന്ന്. പിന്നെ കൊച്ചുങ്ങളുടെ കാര്യത്തീ കുറഞ്ഞത് ഗാന്ധാരിയെ എങ്കിലും വെട്ടിച്ചിട്ടേ പ്രസവം നിർത്തൂന്നും! ഗാന്ധാരിയെ പോലെ ഉപ്പിലിട്ട് വച്ച് മുറിച്ചെടുക്കുന്ന പരിപാടിയല്ലാട്ടോ, അന്തസായി പെറുക തന്നെ ചെയ്യും!”
തഞ്ചത്തിൽ നീട്ടിയ സദാചാര ലേഹ്യം നാവിൽപുരണ്ട മാത്രയിൽ അവൾ തുപ്പിക്കളഞ്ഞു. ഇനിയും തുടർന്നാൽ ‘മല്ലു മുറച്ചെറുക്കന്റെ സംശയങ്ങൾ,’ എന്ന തലക്കെട്ടിനൊപ്പമെങ്ങാനും നാളെയവൾ ഫേസ്ബുക്കിൽ സർക്കാസിച്ചേക്കും! കാണാൻ കൊള്ളാവുന്നവളുമാരുടെ പോസ്റ്റ് മാത്രം തിരഞ്ഞുപിടിച്ചു ലൈക്കി മെഴുകുന്ന ചെറ്റകൾ തെരുവ് പട്ടികൾക്ക് എല്ലിൻ കഷ്ണം കിട്ടിയ പോലെ കടിച്ചുകുടഞ്ഞേക്കും.
“അതൊക്കെ വിട്, നീയിതിപ്പോ എവിടുന്നാ? എത്ര ദിവസം കാണും വീട്ടിൽ,” ഞാൻ വിഷയം മാറ്റി.
“നാട്ടീ തന്നെ ഉണ്ടായിരുന്നെടാ… പഠിക്കാനുള്ള പൂതി പെട്ടെന്ന് പിന്നേം കേറിയപ്പോ കാലടീല് പിഎച്ഡി.ക്ക് ചേർന്നു. അതിന്റെ ഡാറ്റാ കളക്ഷൻ ഒക്കെ ആയിട്ട് കറക്കായിരുന്നു. ഇവിടുന്നും കുറച്ചു ഡീറ്റെയിൽസ് എടുക്കാനുണ്ട്. അതാ വന്നേ. നിനക്കിപ്പോ പ്രത്യേകിച്ച് പണിയൊന്നൂല്ലാലോ, കാര്യമായ ഹെൽപ് വേണ്ടി വരും.”
“ആരുപറഞ്ഞു പണിയില്ലാന്ന്! ഒരുത്തനെ എണ്ണയിലിട്ട് വറുത്തുകോരിക്കൊണ്ടിരിക്കുവാ! അതിന്റെടേല് സമയം കിട്ടുവോന്നൊന്നും പറയാൻ പറ്റൂല്ലാ.”
“ഓ… നിന്റെ ഈ തൊലിഞ്ഞ ഒച്ച വച്ചുള്ള കളിയായിരിക്കും. നിർത്താറായില്ലാ, ല്ലേ?”
പുരികംചുളിച്ചുള്ള അരുന്ധതിയുടെ ചോദ്യത്തിനെ ഒരു സിനിമാറ്റിക്ക് ചിരികൊണ്ട് ഞാൻ നേരിട്ടു. പെട്ടെന്ന് അമ്മൂമ്മയുടെ മുറിയിൽ ലെെറ്റ് ഒരാവർത്തി മിന്നിയണഞ്ഞപ്പോൾ ഞങ്ങൾ ഒരേപോലെ ചുണ്ടിന് മീതെ വിരൽവച്ചു. തൊഴുത്തിലെ ഇരുട്ടിൽ പരമാവധി കുനിഞ്ഞിരുന്നു.
“നിനക്കീ ഓണംകേറാ മൂലേന്ന് എന്ത് ഡീറ്റെയിൽസ് എടുക്കണമെന്നാ?”
“കേൾക്കുമ്പോ നീ ചിരിക്കും. എന്റെ റിസേർച്ച് യക്ഷികളെ കുറിച്ചാ! സ്വഭാവം വച്ച് പെട്ടെന്ന് അടുത്ത പരിപാടീലേക്ക് ചാടുമെന്നാ കരുതിയേ. പക്ഷെ, ഈ വിഷയത്തിന് മാരക കിക്കാ മോനേ! എല്ലാം വഴിയേ പറഞ്ഞുതരാം.”
“മനസിലായി… ഇവിടുത്തെ യക്ഷിമൂലയെ പറ്റി കൂടുതലറിയണമെന്നായിരിക്കും? എടീ ഈ നാട്ടാർക്ക് മുഴുവൻ വട്ടാ! പണ്ടാരാണ്ട് വെടിവെയ്പിന് മുട്ട് വരാതിരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഉഡായിപ്പ് കഥയെ ഇന്നും കെട്ടിപ്പിടിച്ചോണ്ടിരിക്കുവാ! ഇത്രേം പഠിച്ച നിനക്കെനി ഞാൻ ഇതൊക്കെ പറഞ്ഞുതരണോ?”
എന്റെ ശബ്ദം വീണ്ടും ഉയർന്നെങ്കിലും ഇത്തവണ അരുന്ധതി തുടയിൽ നുള്ളിയില്ല. പകരം തല കാൽമുട്ടുകൾക്കിടയിൽ പൂഴ്ത്തി കാര്യമായ ആലോചനയിലേക്ക് അവൾ വീണു.
“ഈ നാട്ടിലെ ഏറ്റോം പ്രായമുള്ള ആളാരാ? ഐ മീൻ അതിനെക്കുറിച്ചൊക്കെ അൽപം ഡീപ്പ് ആയി അറിയാവുന്ന,” കണ്ണട തെല്ലൊന്ന് ഒതുക്കിയ ശേഷം, തമാശയുടെ അംശം തരിപോലും കലരാതെ അരുന്ധതി ചോദിച്ചു.
അവളുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുചോദ്യമെറിഞ്ഞിട്ട് കാര്യമില്ല.
“അതിപ്പോ? ആ ശാരദാമ്മ കറക്റ്റ് ആയിരിക്കും. ഒരു നൈന്റി ഫൈവ് പ്ലസ് വരും. പിന്നെ അവര് പണ്ട് താമസിച്ചിരുന്നത് യക്ഷിമൂലയ്ക്കരികിലാ.”
“ഓ… ദി ഗ്രേറ്റ് കോമ്രേഡ് രാമരാജ വർമ്മയുടെ വാരിയെല്ല്! പറങ്കിമാങ്ങേടെ മണമുള്ള ശാരദാമ്മ!” – കണ്ണെത്തും ദൂരത്തുള്ള, നിലാവിൽ മുങ്ങിനിൽക്കുന്ന അപ്പൂപ്പന്റെ സ്മാരകം നോക്കി അരുന്ധതി പറഞ്ഞു. അതിനുശേഷം, ഇയർഫോണെടുത്ത് ചെവിയിൽ തിരുകി അവൾ വെെക്കോൽകൂനയിലേക്ക് വീണു. എനിക്കുള്ള സൂചന.
കാലിയായ മിനറൽ വാട്ടറിന്റെ കുപ്പിയും ബീഫ് വരട്ടിയതിന്റെ അവശിഷ്ടങ്ങളും ചുരുട്ടിയെടുത്ത് ഞാൻ തെളിവുകൾ നശിപ്പിച്ചു. അവളുടെ കെെതട്ടി മൊബെെലുമായുള്ള ഇയർഫോണിന്റെ ബന്ധം വേർപെട്ടപ്പോൾ അപരിചിതമായൊരു ബംഗാളി ഗാനം പശ്ചാത്തലത്തിൽ മുഴങ്ങി.
ശബ്ദമുണ്ടാക്കാതെ കോണിപ്പടികൾ കയറി വാതിലടച്ച ശേഷം ജനാലയിലൂടെ ഞാൻ തൊഴുത്തിലേക്ക് നോക്കി. ഫോണിന്റെ മിന്നാമിനുങ്ങ് വെട്ടം കാണാം. നിർവചിക്കാനാകാത്തൊരു ഒരു അപൂർണത മനസിൽ നിറയുംപോലെ. ശ്രദ്ധ വീണ്ടും ഞാൻ വിനയനിലേക്ക് തിരിച്ചു. ഒരൊറ്റ റിങ്ങ്, അതിനുള്ളിൽ കാത്തിരിപ്പിന്റെ സമസ്തഭാവങ്ങളും ലയിച്ചുചേർന്ന ‘ഹലോ’ മറുതലയ്ക്കൽ മുഴങ്ങി.
“വിനയേട്ടന് പട്ടികളെ ഇഷ്ടാണോ,” മുഖവുരയൊന്നുമില്ലാതെ ഞാൻ നേരെ കളിയിലേക്ക് കടന്നു.
“വീട്ടിലൊരെണ്ണം ഉണ്ടായിരുന്നു… വിജയൻ ന്നാ അമ്മ അയ്നെ വിളിക്കാ. അച്ഛന്റെ പേരാ. മൂപ്പര് ഒളിച്ചോടിപ്പോയന്ന് തന്നെ അമ്മ പണി കയിഞ്ഞ് വരുമ്പോ അയ്നെ കൊണ്ടന്നു. കയ്യോടെ വിജയൻന്ന് പേരും വിളിച്ച്! ഹി ഹി…”
കവുങ്ങിൻതോപ്പ് ചുംബനം നഷ്ടപ്പെട്ടതിന്റെ പരിഭവങ്ങളോ കരയിപ്പിച്ചതിന്റെ പരാതിയോ ഒന്നും കേൾക്കേണ്ടി വന്നില്ല. അസ്സലൊരു അരണയായി വിനയൻ മാറിക്കഴിഞ്ഞു!
“എന്നിട്ട് ആ പട്ടി ഇപ്പഴും ഉണ്ടോ?”
“ഇല്ല. അമ്മ ചത്തന്ന് കൊറേ നേരം അമ്മേടെ വിണ്ടുകീറിയ കാൽവെള്ള മണപ്പിച്ചും നക്കീം നിന്ന്. ആള് കൂടിയപ്പോ എങ്ങോട്ടോ പോയി. പിന്നെ വന്നില്ല.”
“എന്നാ നമ്മളീ രാത്രി അതിനേക്കാൾ സൂപ്പറൊരു പട്ടിക്കുട്ടനെ കിഡ്നാപ്പ് ചെയ്യാൻ പോണു!”
“ഏഹ്! ഇപ്പഴോ? ഇത്രേം നേരം വെെകീല്ലേ? വരദ ഇനി പുറത്തിറങ്ങുവോ?”
“ഇറങ്ങും. നമ്മളൊന്നിച്ച് ശാരദാമ്മാന്റെ വീട്ടിലെ ലാബ്രഡോറിനെ അടിച്ചുമാറ്റും!” – മറുവശത്ത് പ്രതീക്ഷിച്ച മൗനം. പക്ഷെ, അധികനേരം നീണ്ടുനിന്നില്ല.
“കടിച്ചാലോ?”
“വിനയേട്ടനെ ഞാനല്ലാതെ മറ്റാരും കടിക്കൂല്ലാ! എന്റെയൊരു നോട്ടം മതി. ഏത് പട്ടീം വാലു ചുരുട്ടും. ധെെര്യായിട്ട് വാ. വേലി ചാടി പട്ടിക്കൂടിനടുത്തെത്തുമ്പോഴേക്കും ഞാൻ വരും…”
ഫോൺ കട്ട് ചെയ്ത ശേഷം ഹരിയേയും ഉമ്മറിനെയും കോൺഫറൻസ് കോളിലിട്ട് ഞാൻ കളിയുടെ പുതിയ കെെവഴി അറിയിച്ചു. കണ്ടമാനം ഇഞ്ചക്ഷനടിച്ച് നാളെ ഇതേസമയം ജില്ലാ ആശുപത്രിയിൽ കിടക്കുന്ന വിനയനെക്കുറിച്ചോർത്ത് ഉമ്മർ ഏറെ നേരം പൊട്ടിച്ചിരിച്ചു.
ഹരി ആദ്യം ചിരിച്ചെങ്കിലും വിനയന് ഗുരുതരമായി വല്ല പരുക്കും പറ്റിയേക്കുമോ എന്ന ആശങ്ക ഇടയ്ക്കിടെ പങ്കുവച്ചുകൊണ്ടിരുന്നു. കൂട്ടുകാരൻ പറഞ്ഞത് ഭൂമുഖത്തുള്ള യാതൊന്നിനെയും ബാധിക്കാത്ത കാര്യമായതിനാൽ ഞങ്ങളത് അവഗണിച്ചു. ഉറങ്ങുന്നതിന് മുൻപ് ഒരുതവണകൂടി ഞാൻ തൊഴുത്തിലേക്ക് നോക്കി. മിന്നാമിനുങ്ങ് വെട്ടം പൂർണമായും അണഞ്ഞിരിക്കുന്നു.
കണ്ണിൽതറയ്ക്കുന്ന ഇരുട്ട്. പറന്നുയരുന്ന ഏതോ പക്ഷിയുടെ ചിറകടി ശബ്ദം.
***
തലച്ചോറിലെ ചിതലുകളെ തട്ടിക്കുടഞ്ഞ്, ചിതറിപ്പോയ ഓർമ്മകൾ ചികഞ്ഞെടുക്കുന്ന ശാരദാമ്മയേയോ പരസ്പരബന്ധമില്ലാതെ അവർ പുലമ്പുന്നതെല്ലാം ഫോണിൽ റെക്കോർഡ് ചെയ്യുന്ന അരുന്ധതിയേയോ ഞാൻ ശ്രദ്ധിച്ചില്ല. ചായ്പിൽ കൂട്ടിയിട്ട പറങ്കിമാങ്ങകളോ, വാറ്റുകലങ്ങളോ ഒന്നും കണ്ണിന് കൗതുകമായില്ല. എന്റെ നോട്ടം ഇവിടേക്ക് വന്ന നിമിഷം മുതൽ തറച്ചുനിന്നത് ഒഴിഞ്ഞ പട്ടിക്കൂടിലേക്കായിരുന്നു. കരഞ്ഞുവീർത്ത മുഖവുമായി കൂടിന് പിറകിലുള്ള ശീമക്കൊന്നക്കൂട്ടങ്ങൾക്കിടയിലൂടെ കണ്ണോടിക്കുന്ന ബിന്ദുവിനരികിലേക്ക് ഞാൻ നടന്നു.
“പുലി വന്നാപ്പോലും തൊരത്തുന്ന ചെക്കനായിരുന്നു…” – പട്ടിയെ ഓർത്ത് ബിന്ദു മൂക്ക് പിഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ്, ഡോഗ് ഷോയുമായി നാട്ടിൽ കറങ്ങിയ തമിഴൻ കാര്യം കഴിഞ്ഞ് കാശില്ലെന്ന് കെെമലർത്തിയപ്പോൾ അവന്റെ ഒക്കത്ത് നിന്നും പറിച്ചെടുത്ത് വളർത്തിയ ബിന്ദുവിന്റെ ഹൃദയത്തെയാണ് വിനയൻ അവിശ്വസനീയമാംവിധം കടത്തിയിരിക്കുന്നത്.
വേവിച്ച മീന്തലയ്ക്കും ചോറിനുമൊപ്പം കാശുള്ളവനെയും ഇല്ലാത്തവനെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ള കഴിവുകൂടി ഊട്ടിയാണ് ബിന്ദു പട്ടിയെ വണ്ണം വയ്പിച്ചത്.
പറ്റുകാരുടെ എണ്ണം പട്ടിയുടെ വരവോടെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കവലയിലെ ചായക്കടയിലിരുന്ന് വെറുതെ പത്രമരിച്ചുപെറുക്കി നേരം പോക്കുന്ന ആൽമരങ്ങളെ നോക്കി പരസ്യമായി ബിന്ദു പറഞ്ഞത് എനിക്കോർമ്മ വന്നു. തത്കാലം മിണ്ടാതിരിക്കുന്നതാണ് നല്ലത്. സ്വന്തം തലയിലുള്ള നാമമാത്രമായ ബുദ്ധി ഉപയോഗിച്ച് വിനയൻ പട്ടിയെ കടത്തില്ലെന്ന് ബിന്ദുവിനറിയാം. ഇപ്പോൾ അവന്റെ പേരുപറഞ്ഞാൽ എരികയറ്റിയത് ആരാണെന്ന സത്യം എളുപ്പം പുറത്താവുകയും ചെയ്യും.
ബിന്ദുവിനരികിൽ ഞാൻ ചുറ്റിത്തിരിയുന്നത് കണ്ട് ശാരദാമ്മ സംസാരം നിർത്തിയതും അരുന്ധതിയെന്നെ കടുപ്പിച്ച് നോക്കി. കെെകൊണ്ട് സിഗ്നൽ കാട്ടി തിരികെ വിളിച്ചു.
“നാട്ടാര്ക്ക് മൊത്തം പേടിയാണേലും യക്ഷീനെക്കൊണ്ട് എനിക്ക് ഉപകാരം മാത്രേ ഉണ്ടായുള്ളൂ മോളേ…”
ശാരദാമ്മയുടെ മുഖത്ത് നാണം നിറയുന്നതും കവിളിലെ ചുളിവുകൾക്കുള്ളിൽ നിന്നും നുണക്കുഴി പുറത്തേക്ക് തെളിയുന്നതും കണ്ട് അരുന്ധതിയുടെ കണ്ണുകൾ തിളങ്ങി. എന്റെ കാലിൽ അമർത്തിയൊന്ന് ചവിട്ടി അവൾ ശാരാദാമ്മയുടെ മുഖത്ത് ഓർമ്മകൾ ഉരുണ്ടുകൂടുന്നത് കാട്ടിത്തന്നു.
“അതെന്താ ഗുട്ടൻസ്? പറ, ഞങ്ങളും കൂടിയൊന്ന് കേൾക്കട്ടേന്ന്.”
കുഴമ്പിന്റെ മണമുള്ള കട്ടിലിനരികിലേക്ക് അരുന്ധതി കസേര അൽപംകൂടി നിരക്കി.
“പണിക്ക് പോയ കണ്ടത്തീത്തന്നാ ന്റെ അച്ഛന്റേം അമ്മേടേം ശവം പൊങ്ങീത്! ദേഹം മുഴവൻ തിണർത്ത് ചളീ പൊതഞ്ഞ് കെടപ്പായാര്ന്ന്… റാക്ക് കുടിച്ചാ അച്ഛന് ഇല്ലാത്ത ധെെര്യൊക്കെ വരും. അങ്ങനെ ഒരു നേരത്ത് ഉടമക്കെതിരെ ഒച്ചപ്പാടുണ്ടാക്കീതാ പാവം…”
പറയുന്നതിനിടെ ചുവരിലൊട്ടിച്ച മാർക്സിന്റെ പഴയൊരു ചിത്രത്തിൽ കണ്ണുടക്കിയ ശാരദാമ്മ അൽപനേരം മിണ്ടാതിരുന്നു. തൊണ്ടയിൽ കുരുങ്ങി ശബ്ദത്തിന് പോറലേൽപിച്ചുകൊണ്ടിരുന്ന കഫം കിടന്ന കിടപ്പിൽ പുറത്തേക്ക് നീട്ടിത്തുപ്പിയശേഷം അവർ തുടർന്നു:
“എനക്കന്ന് പൊറത്തായി തുടങ്ങീറ്റേള്ളൂ. എന്നാലും കാണാൻ നല്ല മൂപ്പാ… ഓരോര്ത്തര് തേടി വന്ന് തൊടങ്ങീപ്പഴാ തടീമ്മല് എറച്ചി കൊറച്ചധികം തൂങ്ങീത് നന്നായീന്ന് മനസിലായേ… പിന്നെ അത് വച്ച് തന്നെ ഞാൻ ചോറുണ്ടു. ഇന്നേവരെ ഒരുതെറ്റും അയില് തോന്നീട്ടൂല്ലാ…”
“അപ്പോ യക്ഷി ഹെൽപ് ചെയ്തത്, അല്ലാ സഹായിച്ചതെങ്ങനാ?”
“ഹെൽപ്, താങ്ക് യൂ, സോറി, മെെ നെയിം ഈസ് ശാരദ… മൂന്നാല് ഇംഗ്ലീഷ് വാക്കൊക്കെ എനിക്കും അറിയാ മോളേ…”
സംസാരത്തിൽ കടന്നുവന്ന ഇംഗ്ലീഷ് വാക്ക് മലയാളീകരിച്ച അരുന്ധതിയെ നോക്കി മോണമുഴുവൻ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് ശാരദാമ്മ പറഞ്ഞു. ഏറെ സ്നേഹത്തോടെ ‘ഭയങ്കരീ’ എന്ന് വിളിച്ചുകൊണ്ടവൾ ശാരദാമ്മയുടെ കവിളിൽ നുള്ളി.
“ങ്ങടെ അപ്പൂപ്പൻ പഠിപ്പിച്ച് തന്നതാ. പാവായിരുന്നു മൂപ്പര്. എല്ലാരോടും സ്നേഹോം എല്ലാരേം പേടീം ഉണ്ടായിരുന്ന ഒരു സാധു…”
കാൾ മാർക്സിനെ നോക്കി ശാരദാമ്മ പിന്നെയും മൗനത്തിലേക്ക് വീണു. ഞങ്ങളുടെയുള്ളിലെ മിഥ്യാധാരണകളുടെ ചില്ലുപാത്രം അവർ എറിഞ്ഞുടക്കാൻ പോവുകയാണെന്ന് ഉറപ്പായതോടെ ഒന്നും മിണ്ടാതെ ഞാനും അരുന്ധതിയും പരസ്പരം നോക്കുക മാത്രം ചെയ്തു.
“യക്ഷിമൂലേനോട് മുട്ടീട്ടായിരുന്ന് ന്റെ പഴേ വീട്. രാത്രീല് പാത്തുംപതുങ്ങീം വരുമ്പോ ആൾക്കാര് പേടിയങ്ങോട്ട് മറക്കും. ഓര്ടെ മനസിലന്നേരം ഞാൻ മാത്രായിരിക്കൂല്ലോ. അല്ലേലും ദേഹം ചൂടാവുമ്പോ മനുഷമ്മാർക്കെന്ത് പേടി! പിന്നെ തിരിച്ചുപോവാൻ നേരത്താ കൂത്ത്. അങ്ങനെ തലയുയർത്തി നിക്കുന്ന യക്ഷിമൂലേലെ വള്ളിക്കാടും ഇരുട്ടും മൂങ്ങകൾടെ കരച്ചിലും കുറുക്കമ്മാര്ടെ ഓരീം എല്ലാംകൂടിയാവുമ്പോ ഒക്കത്തിന്റേം മുട്ടിടിക്കും! പെെസ തരാതെ തിണ്ണമിടുക്ക് കാണിക്കുന്നവമ്മാര് വരുന്നേരത്താ ശരിക്കും യക്ഷി തുണയാവ്ന്നേ…”
“എങ്ങനെ?”
“മുടിയഴിച്ച് ചിറി ചെറുതായി കടിച്ച് ചോര വരുത്തി അലറിച്ചിരിച്ചോണ്ട് ഞാൻ അസ്സലൊരു യക്ഷിയാകും! ഒറപ്പായും അന്നേരം ഏതേലും കാലൻകോഴിയോ കുറുക്കനോ കൂവേം ചെയ്യും. പെെസ തരാൻ മടിച്ചവനൊക്കെ ആ നേരത്തെ എന്നെക്കണ്ടാ കെടപ്പാടം വരെ എഴുതിത്തരും!”
ഇടുപ്പ് വരെ നീണ്ടിരുന്ന തിരമാല മുടിയോർത്തുകൊണ്ട് അങ്ങിങ്ങായി ഏതാനും വെള്ളിനാരുകൾ മാത്രമവശേഷിച്ച തല ശാരദാമ്മ പതുക്കെ തടവി. അവരുടെ കുഴിഞ്ഞ് പീളനിറഞ്ഞ കണ്ണുകൾക്ക് മുൻപില്ലാത്തവിധം തിളക്കം കെെവരുന്നതായി എനിക്ക് തോന്നി.
“പക്ഷെ, നെറിയുള്ളോനായിരുന്നു ങ്ങടെ അപ്പൂപ്പൻ. ന്നെ വല്യ ഇഷ്ടായിരുന്നു. കണ്ടത്തിലെ പണിക്കാർക്കൊപ്പം നിന്നതോണ്ട് ങ്ങടെ കൂട്ടക്കാർക്ക് പോലും പാവത്തിനെ കണ്ടൂടായിരുന്നു. ചാവുംവരെ എനിക്കും മോൾക്കും ചോറ് തന്നു. പറഞ്ഞിട്ടെന്ത് കാര്യം, മൂപ്പര് പോയതോടെ എല്ലാം പഴേ പോലെത്തന്നായി… അല്ലേലും കൂടെ കെടക്കാനല്ലാതെ കൂടെ നിക്കാൻ ഒരു ചെറ്റേം കാണൂല്ലാല്ലോ! ദേ, ഈ ഫോട്ടം മൂപ്പരൊട്ടിച്ചതാ…”
മാർക്സിനെ ചൂണ്ടി ശാരദാമ്മ പറഞ്ഞു. ഒഴിഞ്ഞ പട്ടിക്കൂടിലേക്ക് നോക്കി കണ്ണുതുടച്ചുകൊണ്ട് വാറ്റുകലങ്ങൾ കഴുകുന്ന ബിന്ദുവിന്, പൊടുന്നനെ അമ്മയുടെയും അമ്മാവന്റെയും ഛായ കെെവരുന്നത് ഞാനറിഞ്ഞു. അന്നേരം അരുന്ധതിയെന്റെ ചെവിയിൽ പറഞ്ഞു: “മൂക്ക് കണ്ടാലറിഞ്ഞൂടെ, കോമ്രേഡിന്റെ തന്നാ… നമ്മുടെ ഇളയമ്മയാ!”
“നമ്മടെ കൂട്ടക്കാരിയാ മൂലേലെ യക്ഷിയെന്ന് അമ്മ പറഞ്ഞ് പണ്ട് ഞാൻ കേട്ടിട്ട്ണ്ട്. എന്നെപ്പോലെ എണ്ണക്കറുമ്പിയൊന്നുമായിരുന്നില്ല പോലും! നല്ല വെളുത്ത്, കാട്ടുതീ പടർന്ന മാതിരിയുള്ള മുടിയും ചളിപുരളാത്ത നീളൻ നഖങ്ങളുമൊക്കേള്ള ആരും കണ്ണുവെക്കുന്ന സുന്നരിക്കോതയായിരുന്നൂത്രേ! നല്ല തന്റേടോം! ഒടുക്കം ആ ബർക്കത്ത് തന്ന്യാ പാവത്തിന്റെ ജീവനെടുത്തതും…”
സിനിമയിലും സീരിയലിലും പലയാവർത്തി പറഞ്ഞുപഴകിയ അതേ യക്ഷിക്കഥ. എന്നിട്ടും അരുന്ധതി താൽപര്യത്തോടെ കേട്ടിരിക്കുകയാണ്. വിട്ടാൽ ശാരദാമ്മയുടെ മടിയിലവൾ കയറി ഇരുന്നേക്കും! വിരസത മുഖത്തുകാട്ടാതെ മൊബെെൽഫോൺ പുറത്തെടുത്ത് ഞാൻ ഫേസ്ബുക്ക് തുറന്നു.
“സമ്മതം ചോദിക്കാതെ കെടപ്പറേല് കേറി വന്ന കെഴവൻ നമ്പൂരീനെ ചാണകവെള്ളത്തീ മുക്കിയ ചൂലോണ്ട് അടിച്ച് പൊറത്താക്കി മിടുക്കി! അന്നുതന്നെ ഇഷ്ടക്കാരന്റൊപ്പം നാട് വിടാനായിരുന്നു തീരുമാനം. പക്ഷെ, രാത്രി മൂലേലെ ഇടവഴീ കാത്തുനിന്ന ഓളെ നമ്പൂരീന്റെ വാല്യക്കാര് കണ്ടുപിടിച്ച് കടിച്ചുകീറിക്കളഞ്ഞു! ഇഷ്ടക്കാരൻ ചെക്കനെ അവര് നേരത്തേ കൊന്ന് എവിടെയോ താഴ്ത്തീത്രേ! പ്രേമം ദാഹിച്ച് ചത്തോളല്ലേ, പെണ്ണ് മൂന്നാംനാൾ മുറികൂടി വന്ന് നമ്പൂരീനേം വാല്യക്കാരേം കുടല് കീറി കൊന്നു! ചങ്ക് പറിച്ച് സ്നേഹിച്ചോന്റെ ശവം തേടി പിന്നെയീ ദേശം മുഴുവൻ കറങ്ങാനും തുടങ്ങി. ഒടുക്കം ഏതോ മന്ത്രവാദി വന്ന് തലേംകുത്തി നിന്ന് കഷ്ടപ്പെട്ടിട്ടാപോലും മൂലേല് തളച്ചത്!”
“കടമറ്റത്ത് കത്തനാരായിരിക്കും ആ മന്ത്രവാദി. ഇപ്പോ വിളിച്ച് പറഞ്ഞാ ഏഷ്യാനെറ്റുകാര് ഈ കഥ വച്ച് സെക്കന്റ് സീസൺ ഇറക്കും.”
ശബ്ദംതാഴ്ത്തി അരുന്ധതിയുടെ ചെവിയിൽ ഞാൻ പറഞ്ഞു. ചിരിക്കാനുള്ള വകയുണ്ടായിട്ടും എന്നെ ഒന്നുനോക്കുക പോലും ചെയ്യാതെ അവൾ ശാരദാമ്മയുടെ നെറ്റിയിന്മേൽ കെെപ്പടം ചേർത്ത് അൽപനേരമിരുന്നു.
“പ്രേമം ദാഹിച്ച് ചത്തോളാ… പ്രേമം ദാ..ഹി..ച്ച്…” – ഉറക്കത്തിലേക്ക് വീഴും മുൻപ് ശാരദാമ്മ അവ്യക്തമായി പിറുപിറുത്തു. ഇരുട്ട് വീണിട്ടും ഞങ്ങൾ സ്ഥലം വിടാത്തതിന്റെ അനിഷ്ടം കുളിച്ചൊരുങ്ങി ഉമ്മറത്തേക്ക് വന്ന ബിന്ദു മുഖത്ത് കാട്ടി. വേലിക്ക് പുറത്ത് തോർത്തുമുണ്ട് കെട്ടിയ തലകളും ടോർച്ച് വെട്ടങ്ങളും തെളിയാൻ തുടങ്ങി…
“എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലെ യക്ഷികള് തന്നാ കാണാൻ മൊഞ്ച്! ഹോളിവുഡിലെ പ്രേതങ്ങളൊക്കെ ഒരുമാതിരി… കോഞ്ച്യൂറിങ്ങിലെ ആ കന്യാസ്ത്രീ തള്ള വാലക്കിന്റെയൊക്കെ കോലം കണ്ടാ തന്നെ ഛർദ്ദിക്കാൻ മുട്ടും! നമ്മുടെ വെള്ള സാരീടേം മുറുക്കിച്ചുവന്ന ചുണ്ടിന്റേം ദേവരാജൻ മാഷെ പാട്ടിന്റേമൊക്കെ കിക്ക് ഒന്ന് വേറെ തന്നാ…”
ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതെ പ്രബന്ധത്തിൽ ചേർക്കേണ്ട പോയിന്റ് ഫോണിൽ വോയ്സ് മെസേജായി അരുന്ധതി റെക്കോർഡ് ചെയ്തു:
“പുരുഷനാൽ, സമൂഹത്താൽ ചതിക്കപ്പെട്ട് പ്രതികാരദാഹിയായിത്തീർന്നവളാണ് യക്ഷി…”, ബെെക്ക് യക്ഷിമൂലയ്ക്കരികിലെത്തി. പിറകിലിരുന്ന് അവളെന്റെ ചുമലിൽ മുഖം ചേർത്തു. ഷർട്ടിൽ നനവ് പടർന്നു. വള്ളിക്കാടിൽ നിന്നും വീശിയ തണുത്ത കാറ്റ് ഒട്ടും വൈകാതെ ആ നനവുണക്കി.
വിനയന്റെ വീടിനരികിലെത്തിയപ്പോൾ സോപ്പുപതയിൽ മുങ്ങി അലക്കുകല്ലിന് മുകളിൽ അനുസരണയോടെ നിൽക്കുന്ന ലാബ്രഡോറിനെ കണ്ട് ഞാൻ ബെെക്കിന്റെ വേഗം കുറച്ചു. പിന്നാലെ ഒരുബക്കറ്റ് വെള്ളവുമായി വിനയൻ പ്രത്യക്ഷപ്പെട്ടു.
വിനയൻ ചിരിച്ചു.
ലാബ്രഡോർ കുരച്ചു.
***
യക്ഷിമൂലയിലെ വിളക്കുവയ്പ്പ് ദിവസമോർപ്പിച്ചുകൊണ്ട് ഒന്നിനു പിറകെ ഒന്നായി മൂന്ന് കതിനപൊട്ടിയപ്പോൾ കിടക്കവിട്ട് ഞാനെഴുന്നേറ്റു. തലേന്ന് കഴിച്ച റമ്മിന്റെ ചുവ നെഞ്ചിലേക്കും വിനയൻ മനസിലേക്കും തികട്ടിവന്നു. ഇന്നത്തോടെ എല്ലാം അവസാനിക്കും. അതിനുള്ള തിരക്കഥ തയ്യാറായിക്കഴിഞ്ഞു.
ഒരു നേരംപോക്കിന് തുടങ്ങിയ കളി എത്രവേഗത്തിലാണ് അഭിമാനത്തിൽ കേറി കൊളുത്താൻ തുടങ്ങിയത്! എതിരാളി ആരായാലും നിഷ്പ്രയാസം ചുരുട്ടിക്കൂട്ടാൻ സാധിച്ചിരുന്ന ഞങ്ങൾക്ക് നിസ്സാരനായ വിനയന്റെ കാര്യത്തിൽ ചെയ്തതെല്ലാം തിരിച്ചടിച്ചത് എന്തുകൊണ്ടായിരിക്കും? ഒരർത്ഥത്തിൽ ഈ കളി തുടങ്ങിയശേഷം ഗുണമുണ്ടായത് അവന് മാത്രമാണ്.
കല്യാണവീടുകളിൽ മിണ്ടാതെ ഉള്ളിയരിഞ്ഞിരുന്ന ചെക്കൻ പാട്ടുപാടാൻ തുടങ്ങി. ക്ലബ് ഓണാഘോഷത്തിന് പഞ്ചഗുസ്തിയിൽ എല്ലാവർഷവും ചാമ്പ്യനാകാറുള്ള ഉമ്മറിനെയുൾപ്പടെ മലർത്തിയടിച്ചു. പാമ്പുപിടുത്തം പാടേ ഉപേക്ഷിച്ചു. അച്ഛനെ വെള്ളിക്കെട്ടൻ കടിച്ചത് വിനയൻ പാമ്പുപിടുത്തം നിർത്തിയ ശേഷമാണെന്നാണ് ഹരി പറയുന്നത്. എന്തിനധികം, കൂനിക്കൂടിയുള്ള അവന്റെ നടത്തംവരെ നിവർന്നു.
ഏറ്റവുമൊടുവിൽ, സഹികെട്ട് ലാബ്രഡോറിനെ വിനയൻ രഹസ്യമായി വീട്ടിൽ പാർപ്പിക്കുന്നണ്ടെന്ന വിവരം ബിന്ദുവിനോട് തഞ്ചത്തിൽ പറഞ്ഞതായിരുന്നു. വെട്ടുകത്തിയുമെടുത്ത് അവന്റെ വീട്ടിലേക്കോടിയ ബിന്ദു, പട്ടിയ്ക്ക് വിനയനോടുള്ള സ്നേഹം കണ്ടതോടെ അലിഞ്ഞു.
ഹരിയുടെ വെപ്രാളത്തിൽ നിന്നും സംഭവത്തിന് പിന്നിലെ തല ആരുടേതെന്ന് വായിച്ചെടുക്കാൻ അവൾക്ക് പ്രയാസമുണ്ടായതുമില്ല. കഴുത്തിൽ വെട്ടുകത്തി ചേർത്ത നിമിഷത്തിൽതന്നെ ഹരിയ്ക്ക് ബോധക്ഷയം സംഭവിച്ചതിനാൽ ദേഷ്യംമുഴുവൻ കാർക്കിച്ചൊരു തുപ്പിലും മുഴുത്തൊരു തെറിയിലും ബിന്ദു ഒതുക്കി. കാര്യമൊന്നും മനസിലായില്ലെങ്കിലും ആ നേരത്തും വിനയൻ പട്ടിയുടെ വയറും ചൊറിഞ്ഞ് വാപിളർത്തി ചിരിച്ചിരുന്നു.
അപമാനത്തിൽ വേരൂന്നി വളരുന്ന പകയ്ക്ക് കടുപ്പംകൂടും! അതുകൊണ്ടാണ് അവസരം നോക്കി നടക്കുകയായിരുന്ന തുരുമ്പ് സത്യനെ കൂടി കഴിഞ്ഞ ദിവസം കളിയിൽ ചേർത്തത്. തന്റെ ആക്രിക്കടയിൽ പണിയെടുക്കുന്ന ഹിന്ദിക്കാർക്ക് കഞ്ചാവ് കൊടുത്ത് ഇളക്കി വിട്ടിട്ടും തുരുമ്പിന് വിനയനെ ജയിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അഴീക്കോടൻ കപ്പ് ഫ്ലഡ്ലെെറ്റ് സെവൻസിന്റെ അന്ന് കിറുങ്ങി നിൽക്കുന്ന ഭായിമാരുടെ വ്യൂഹത്തിൽപെട്ട വിനയൻ ആദ്യമൊന്ന് പകച്ചെങ്കിലും കയ്യിൽ മെെക്ക് സ്റ്റാൻഡ് തടഞ്ഞതോടെ ചങ്കുറപ്പോടെ വീശിയടി തുടങ്ങി. വിനയനെ വളഞ്ഞത് ഹിന്ദിക്കാരാണെന്ന് വ്യക്തമായതോടെ നാട്ടുകാരുണർന്നു.
‘നമ്മടെ ചെക്കനെ തൊടുന്നോടാ ബംഗാളി മെെ*** ‘ എന്നാർത്തുകൊണ്ട് അവരും ഒപ്പം ചേർന്നു. ജീവൻ കൊടുത്തും തുരുമ്പിനെ സംരക്ഷിക്കും എന്ന ശപഥമൊന്നും ഭായിമാർ ചെയ്തിട്ടില്ലാത്തതിനാൽ കൂടുതൽ ദേഹോപദ്രവം ഏൽക്കുംമുന്നേ അവർ പണിയേൽപിച്ചതാരെന്ന് വെളിപ്പെടുത്തി. അന്നുതന്നെ നാട്ടുകാർ തുരുമ്പിനെ വിചാരണ ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്തു.
രാത്രി ഏഴുമണിയോടെയാണ് യക്ഷിമൂലയിൽ വിളക്കുവയ്പ്പ് തുടങ്ങുക. ഇലക്ട്രിക് ബൾബുകൾ മുഴുവനായും ഒഴിവാക്കി പന്തവും മൺചിരാതുകളും മാത്രം കത്തിച്ചാണ് ചടങ്ങ്. കൃത്യം പന്ത്രണ്ടുമണിയ്ക്ക് നേർച്ചയും മറ്റും അവസാനിക്കും. വള്ളിക്കാട്ടിലും പരിസരത്തും അതിനുശേഷം മനുഷ്യസാമിപ്യം ഉണ്ടാവുകയില്ല. വിളക്കുകളെല്ലാം അണച്ച് പരമാവധി വേഗത്തിൽ നാട്ടുകാർ വീടുപിടിക്കും. അതിനുള്ളിലാണ് പദ്ധതി നടപ്പിലാക്കേണ്ടത്.
വെെകുന്നേരം ഒരു അവസാനവട്ട തയ്യാറെടുപ്പെന്നോണം ഞങ്ങൾ തുരുമ്പിന്റെ വീട്ടിൽ ഒത്തുചേർന്നു. മറ്റ് ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും നിരവധിയാളുകൾ, പ്രത്യേകിച്ച് അവിവാഹിതരായ സ്ത്രീകൾ വിളക്കുവയ്പിനെത്താറുണ്ട്. അതിലേതെങ്കിലും സുന്ദരിയെ കാട്ടി വരദയെന്ന് പറയുന്നു, കൊതിമൂത്ത് അടുക്കുന്ന വിനയനെ ആദ്യം പെൺകുട്ടിയും പിന്നാലെ സത്യനും കെെവയ്ക്കുന്നു, അതിനിടയിൽ ഞങ്ങൾ മൂന്ന് പേരും വിളയ്ക്കുവയ്പിന് വന്ന പെൺകുട്ടിയെ വിനയൻ കയറിപിടിച്ചു എന്ന വാർത്ത പരത്തുന്നു, ഒടുക്കം നാട്ടുകാരും അവനെ പൂശുന്നു. പദ്ധതി ഇപ്രകാരമാണ്.
സംഗതി പെണ്ണുകേസായതുകൊണ്ട് ഇത്തവണ നാട്ടുകാർ വിനയനൊപ്പം നിൽക്കുകയുമില്ല. പിറകിലൂടെ വന്ന് കെട്ടിപ്പിടിക്കുന്നത് ഇഷ്ടമാണെന്നും കാണുന്നേരം അങ്ങനെ ചെയ്യണമെന്നും വരദ പറഞ്ഞിട്ടുണ്ട്. വിനയനത് അനുസരിച്ചാൽ അടിയുടെ കനം കൂടും. മിഷൻ വിനയൻ ക്ലെെമാക്സ് ഗംഭീരമാവുകയും ചെയ്യും.
”ആ പൊട്ടനെ ചെറുതായൊന്ന് പറ്റിച്ച് വിടണംന്നേ ഉണ്ടായുള്ളൂ… ചെക്കൻ പൂച്ചേനെ പോലെ നാല് കാലേൽ വീഴാൻ തുടങ്ങിയപ്പോഴാ വാശികേറിയേ! എന്തായാലും ഇന്നത്തെ പ്ലാൻ ഉദ്ദേശിച്ച പോലെ നടന്നാൽ എല്ലാ ക്ഷീണോം അങ്ങ് മാറും,” പുറപ്പെടുന്നതിന് മുൻപ് ഒരു ചുവന്ന കുപ്പിക്ക് ചുറ്റും തീർത്ത വൃത്തിലിരുന്ന് ഞാൻ പറഞ്ഞു.
വിനയന് സാരമായ പരിക്ക് പറ്റാതെ നോക്കണമെന്ന സ്ഥിരം പല്ലവി ഹരി പിന്നെയും പാടി.
വീടുപൂട്ടിയിറങ്ങാൻ നേരം ഉമ്മറപ്പടിയിൽ നിന്നും ഒരു പിച്ചാത്തിയെടുത്ത് തുരുമ്പ് സത്യൻ എളിയിൽ തിരുകി.
”കത്തിയോ അതെന്തിന്,” ഉമ്മർ ചോദിച്ചു.
”അരയേല് ഇതിന്റെ തണുപ്പ് തട്ടിയില്ലേൽ എന്തോ ഒരു കുറവ് പോലാ… അതോണ്ട് പൊറത്തിറങ്ങുമ്പോ വെറുതെ എടുത്ത് തിരുകും. ഒരു സുഖം.”
ഞങ്ങളെ നോക്കി കണ്ണിറുക്കിക്കൊണ്ട് തുരുമ്പ് മുന്നിൽ നടന്നു. ദൂരെ, യക്ഷിമൂലയുടെ വള്ളിപ്പടർപ്പുകളിൽ തീമൊട്ടുകൾ വിരിയാൻ തുടങ്ങി.
***
”ഏത് കൂതറ സാധനമാടാ കേറ്റീത്? കെട്ട സ്മെല്ല്! അമ്മൂമ്മേന്റെ മുന്നിൽ ചെന്ന് ചാടാതെ നോക്കിക്കോട്ടാ,” ഹാൻഡിക്യാമുമായി വിളക്കുവയ്പിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്ന അരുന്ധതി എന്നെ കണ്ടതും അരികിൽ വന്ന് അടിമുടിയൊന്ന് ഉഴിഞ്ഞുനോക്കിയ ശേഷം പറഞ്ഞു.
അൽപം മാറി വിളക്ക് വച്ചുതൊഴുന്ന അമ്മയും അമ്മൂമ്മയും പെട്ടെന്ന് തിരിഞ്ഞുനോക്കിയതും അതിവിദഗ്ധമായി ഞങ്ങൾ ‘കട്ടമറിഞ്ഞാൽ കാണുന്ന പടം’ കളിക്കുന്നവരുടെ കൂട്ടത്തിലേക്ക് മുങ്ങാംകുഴിയിട്ടു.
”ങ്ങള് നേര്ത്തേ എത്തിയാ? ”
ആൾക്കൂട്ടത്തിൽ നിന്നും പരിചിതശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഞങ്ങൾ ആദ്യമൊന്ന് അമ്പരന്നു. പിന്നെ ഉച്ചത്തിൽ ചിരിച്ചു. തുരുമ്പാകട്ടെ, ആമ തലവലിയും പോലെ വള്ളിപ്പടർപ്പുകൾക്കിടയിലേക്ക് വലിഞ്ഞു. വിളിച്ചത് വിനയനാണ്. അവന്റെ കോലമാണ് ചിരിക്കാൻ കാരണം. സ്ഥിരം വേഷമായ സിമന്റ് പുരണ്ട കെെലിയും തോൾബനിയനും വിട്ട് ഇന്ന് മിന്നുന്നൊരു വെൽവെൽറ്റ് ടീഷർട്ടിലേക്കും നീളൻ ജീൻസിലേക്കും ചേക്കേറിയിരിക്കുകയാണ്. എണ്ണപുരട്ടി മുടി മുകളിലേക്ക് സ്പെെക്ക് ചെയ്തു വച്ചിരിക്കുന്നു. കയ്യിലൊരു സമ്മാനപ്പൊതിയും.
”ഇതെന്താടാ ബ്രേക്ക് ഡാൻസാ?”
വിനയന്റെ നാണം കണ്ടാൽ ഉമ്മറിന്റെ ചോദ്യം ബഹുമതിയായാണ് സ്വീകരിച്ചതെന്ന് തോന്നും. മുന്നിലേക്ക് വീണ മുടി ശ്രദ്ധാപൂർവ്വം മുകളിലേക്ക് ഒതുക്കിവച്ചുകൊണ്ട് വിനയൻ പറഞ്ഞു:
”വരദ വരുംന്ന് പറഞ്ഞിട്ടിണ്ട്. ഇതോൾക്ക് വാങ്ങീതാ… ശരിക്കും ങ്ങള് മൂന്നാളോടും എത്ര നന്ദി പറഞ്ഞാലും തീരൂല്ലാട്ടോ.” കയ്യിലെ സമ്മാനപ്പൊതി അവൻ നെഞ്ചോട് ചേർത്തു.
മുന്നിലുള്ളത് പുലിക്കൂട്ടമാണെന്നറിയാതെ കുടമണികുലുക്കി തുള്ളിച്ചാടുന്ന ആട്ടിൻകുട്ടിയെ എനിക്കോർമ്മ വന്നു. വിനയൻ മാറിയ ഉടൻ വള്ളിപ്പടർപ്പിനകത്തേക്ക് വലിഞ്ഞ് ഞങ്ങൾ തുരുമ്പിനൊപ്പം കുത്തിയിരുന്നു. ഇവിടെ നിന്നുനോക്കിയാൽ വളരെ വ്യക്തമായി യക്ഷിക്കല്ല് കാണാം; വിളക്കുവയ്ക്കുന്ന സുന്ദരിമാരെയും. വരദയാകാൻ പറ്റിയൊരു മുഖം തേടി ഞങ്ങളുടെ കണ്ണുകൾ ഓരോ യുവതികളിലും കയറിയിറങ്ങി.
”വരദ!” – ഇലഞ്ഞിമരത്തിന് ചുവടെ വിളക്കുവയ്ക്കുന്ന പെൺകുട്ടിയെ ചൂണ്ടി ഹരി പറഞ്ഞു. മൺചിരാതിന്റെ വെട്ടത്തിൽ അവളുടെ മുഖം വ്യക്തമായി കണ്ടപ്പോൾ ഞങ്ങൾ നാലുപേരുടെയും തൊണ്ടയിലൂടെ ഒരേപോലെ ഉമിനീരിറങ്ങി. എന്റെ ചുമലിൽ അമർത്തിയ ഉമ്മറിന്റെ ഉള്ളംകെെയിൽ ചൂടേറുന്നത് ഞാനറിഞ്ഞു.
”കേറിപ്പിടിക്കേണ്ട കാര്യൊന്നൂല്ല, ഈ പെണ്ണിനെ എങ്ങാനും അവൻ നോക്കീന്ന് പറഞ്ഞാ പോലും അടിയൊറപ്പാ!”
ആവേശം കയറിയ തുരുമ്പ്, തുട മാന്തിക്കൊണ്ട് പറഞ്ഞു. അൽപം മാറിത്തന്നെ നാലുപാടും കണ്ണോടിച്ചുകൊണ്ട് വിനയനും നിൽക്കുന്നുണ്ട്. സമയം പാഴാക്കാതെ ഞാൻ ഫോൺ കെെയിലെടുത്തു.
”വരദേ, എവ്ടെ മോളേ?”
പതിവുപോലെ ഒറ്റ റിങ്ങ്. അതിനുള്ളിൽ കോൾ അറ്റൻഡ് ചെയ്ത വിനയൻ പരിഭവത്തോടെ ചോദിച്ചു.
”ഞാൻ വിനയേട്ടന്റെ തൊട്ടരികിൽ തന്നെ ഉണ്ടല്ലോ? കാണുന്നില്ലാ?”
”എവ്ടെ?”
”ദേ, ഇലഞ്ഞിമരത്തിന്റെ അടുത്ത്. മഞ്ഞ ഹാഫ് സാരി. പിന്നേയ് ഞാൻ തിരിഞ്ഞു നിൽക്കുന്നതെന്തിനാന്ന് അറിയാല്ലോ? വിനയേട്ടന് ധെെര്യുണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ.”
പെൺകുട്ടിയിൽ വിനയന്റെ കണ്ണുടക്കിയതും ഞാൻ ഫോൺ കട്ട് ചെയ്തു. ഇലഞ്ഞിമരത്തിന് അഭിമുഖമായി നിൽക്കുകയാണവൾ. ഒപ്പം കുറച്ചുപരും. ബന്ധുക്കളായിരിക്കും. കൂട്ടത്തിലെ തടിയൻ തന്നെ മതിയാകും. വിനയൻ പെൺകുട്ടിക്കരികിലേക്ക് നടന്നടുത്തു.
എന്നത്തെയും പോലെ വാപിളർത്തി ചിരിച്ചുകൊണ്ട്. നേരം പന്ത്രണ്ടാകുന്നു. ഇപ്പോൾ വിളക്കുകളണയും. ശ്വാസമടക്കി ഞങ്ങൾ കാത്തിരുന്നു. അരയിൽ തിരുകിയ പിച്ചാത്തിയിൽ ആരുമറിയാതെ തുരുമ്പ് സത്യൻ പിടുത്തം മുറുക്കി.
പെൺകുട്ടിയുടെ അടുത്തെത്തിയ വിനയൻ അരയിലൂടെ കെെചേർത്ത് അവളെ പൊക്കിയെടുത്ത് ഇരുട്ടിലേക്ക് കുതിച്ചതും വിളക്കുകൾ ഒന്നൊന്നായി അണയാൻ തുടങ്ങി. വള്ളിപ്പടർപ്പിനുള്ളിൽ നിന്നും പുറത്തുചാടിയ ഞങ്ങൾ തിരക്കിട്ട് വീടുകളിലേക്ക് മടങ്ങുന്ന നാട്ടുകാരെ വകഞ്ഞുമാറ്റി മുന്നോട്ട് കുതിച്ചു.
”വിനയൻ ആ പെണ്ണിനെ കാര്യായിട്ട് വല്ലോം ചെയ്താ കേസ് വേറെയാകൂട്ടോ! ”
ശൂന്യമായ ഇലഞ്ഞിമരച്ചുവട്ടിൽ നിന്ന് കിതപ്പോടെ ഹരി പറഞ്ഞതും എന്റെ അടിവയറിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. കെട്ടുതുടങ്ങിയ പന്തങ്ങളുടെയും നിലാവിന്റെയും വെട്ടത്തിൽ വിനയനെയും പെൺകുട്ടിയെയും തേടി ഞങ്ങൾ ഓടി.
യക്ഷിമൂല ഇടവഴി തുടങ്ങുന്ന, ഇരുവശത്തും കാരമുള്ളുകൾ വളർന്നുനിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ ഞങ്ങൾ നിന്നു. മുന്നിലെ കാഴ്ച കണ്ട് തുരുമ്പിന്റെ കെെയിൽ നിന്നും ഊരിപ്പിടിച്ച പിച്ചാത്തി താനേ ഊർന്നുവീണു. ശ്വാസോച്ഛ്വാസത്തിൽ വ്യതിയാനം അനുഭവപ്പെട്ട ഹരി പോക്കറ്റ് തപ്പി ഇൻഹേലർ പുറത്തെടുത്തു.
പെൺകുട്ടി വിനയനെ ആർത്തിയോടെ ചുംബിക്കുകയാണ്! അവളുടെ കരവലയത്തിനുള്ളിൽ വിനയൻ അനുസരണയുള്ള കുഞ്ഞിനെപോലെ, ചിരിക്കുന്നൊരു പാവയെ പോലെ അനങ്ങാതെ നിൽക്കുന്നു. ഇണചേരലിനിടെ മരത്തിന് മുകളിൽ നിന്നും രണ്ട് ജീവികൾ താഴേക്ക് വഴുതിവീണ് ഒച്ചവച്ചപ്പോൾ വിനയനും പെൺകുട്ടിയും വേർപെട്ടു. ഒരാവർത്തികൂടി വിനയനെ ആഴത്തിൽ ചുംബിച്ച ശേഷം അവൾ പൊട്ടിച്ചിരിച്ചു.
ഇടവഴിയിലൂടെ കെെകൾ ചേർത്തുപിടിച്ച് നടക്കുന്ന കമിതാക്കൾക്ക് പിന്നാലെ ഒരക്ഷരം പോലും മിണ്ടാതെ വിളറിയ മുഖവുമായി ഞങ്ങൾ പതുക്കെ നടന്നു; അവർ പറയുന്നത് ശ്രദ്ധിച്ചുകൊണ്ട്.
”കവുങ്ങുംതോപ്പീ വച്ച് അന്ന് നീയെന്നെ മാന്തീല്ലേ? ന്റെ മുഖം ചോപ്പ് നെറായിപ്പോയായിരുന്നു…”
പെൺകുട്ടിയുടെ കവിളിൽ നുള്ളിക്കൊണ്ട് വിനയൻ പറഞ്ഞു. കെെയ്യിലെ നീളൻ നഖം കാണിച്ച് അവൾ വിനയനെ നോക്കി കണ്ണിറുക്കി.
”നമ്മുടെ പട്ടിക്കുട്ടന് സുഖല്ലേ? അന്ന് ഞാനില്ലായിരുന്നേൽ വിനയേട്ടൻ കടികൊണ്ട് ചത്തേനെ.”
കളിയാക്കിക്കൊണ്ട് പെൺകുട്ടി ചിരിച്ചു. കുശുമ്പ് കയറിയ വിനയൻ വേഗത്തിൽ നടന്നു.
കൂടുതൽ കേൾക്കാനുള്ള ശക്തി നഷ്ടപ്പെട്ട ഞങ്ങൾ ഇടവഴിയിലെ ഇരുട്ടിലിരുന്നു. ശരീരം അപ്പൂപ്പൻതാടി പരുവത്തിലായപോലെ. പിന്നിൽ നിന്നും ആരോ നടന്നുവരുന്നു. പൊട്ടിച്ചിരിക്കുന്നു. ആരാണത്? അരുന്ധതി?
The post യക്ഷിമൂലയിലെ കമിതാക്കൾ-സുനു എ വി എഴുതിയ കഥ appeared first on Indian Express Malayalam.