ഒരാൾ നിങ്ങൾക്കൊരു കവിത അയക്കുന്നു;
നിങ്ങളാ കവിത വായിച്ചിട്ടേയില്ല
എങ്കിലും നിങ്ങളാ കവിത വായിച്ചിട്ടുണ്ട്.
* ”നീയെന്നരികിലുള്ളപ്പോൾ
അകലെയാണെന്നോണം
ഞാൻ നിനക്കായി കൊതിക്കുന്നു” എന്ന്
നിങ്ങളവളോടു പറഞ്ഞിട്ടുണ്ട്.
* “നീ കൈകൾ എൻ്റെ കാൽമുട്ടിൽ വെയ്ക്കുമ്പോൾ
സമയം മധുരതരമാകുന്നു.
എന്നെത്തലോടൂ; അലിഞ്ഞില്ലാതാകട്ടെ ഞാൻ” എന്ന്
അവൾ നിങ്ങളോടും.
എങ്കിലും
പറയാത്തവായാണ് കൂടുതൽ;
കവിതയുടെ പേരിൽ വിചാരണ ചെയ്യപ്പെടുമ്പോൾ
കരച്ചിൽപോലെ ഇല്ലാതായവ.
നിങ്ങൾ തിരിഞ്ഞു നോക്കുന്നു
നിഴലിനു പകരം ചിറകിട്ടടിക്കുന്നു;
ജീവനില്ലാത്ത ഒരു പക്ഷി –
നിങ്ങളുടെ രഹസ്യവിവാഹത്തിൽ
പങ്കെടുക്കാൻ വന്നവരിൽ ഒരുവൾ.
ആ നിമിഷം നിങ്ങളാ കവിയാരെന്നോർക്കുന്നു;
ആ നിമിഷം നിങ്ങളവളെ
മറന്നു പോയെന്നുമോർക്കുന്നു.
*Mahmoud Darwishന്റെ A Shawl Made of Silk എന്ന കവിതയിൽ നിന്ന് . എഴുത്തുകാരനായ കരുണാകരനാണ് ഈ കവിത അയച്ചു തന്നത്
The post കവിതയിൽ മറന്നുവെച്ച ഒരുവൾ appeared first on Indian Express Malayalam.