ന്യൂഡൽഹി
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനാണ് കൂടുതൽ പിന്തുണയെന്ന് അറിയിച്ചുള്ള റിപ്പോർട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ സോണിയാ ഗാന്ധിക്ക് കൈമാറി. സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം കേട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിവര് എതിര്പ്പറിയിച്ചു.
സുധാകരന് പുറമെ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, കെ വി തോമസ്, പി ടി തോമസ് തുടങ്ങിയ പേരുകൾ പരിഗണിക്കപ്പെട്ടിരുന്നു. മുരളീധരൻ അധ്യക്ഷസ്ഥാനത്തേക്ക് വരാൻ താൽപ്പര്യം കാട്ടിയില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ ആരുടെ പേരും നിർദേശിച്ചില്ല. തങ്ങളുടെ അഭിപ്രായം മാനിക്കാതെ വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള അതൃപ്തി നേതാക്കൾ തുടരുന്നു. സുധാകരൻ അധ്യക്ഷനാകുന്നതിനോട് സതീശനും യോജിപ്പാണ്.
പുതിയ അധ്യക്ഷനെത്തുന്നതോടെ കേരളത്തിലെ നിലവിലെ ഗ്രൂപ്പ് സമവാക്യം മാറും. എ, ഐ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയിരുന്ന ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇപ്പോൾ പല കാര്യങ്ങളിലും യോജിപ്പിലാണ്. ഇവരുടെ പിന്തുണയില്ലാതെ സംഘടനയെ ചലിപ്പിക്കുകയെന്നതാവും സുധാകരനുള്ള വെല്ലുവിളി.