റോക്കറ്റും പേടകവും അടങ്ങുന്നതാണ് ന്യൂ ഷെപ്പേഡ് സംവിധാനം. മൂന്നാമതൊരാൾക്കുകൂടി യാത്രയ്‍ക്ക് അവസരമുണ്ട്. ഈ സീറ്റ് ലേലത്തിനു വെച്ചിരിക്കുകയാണിപ്പോൾ. 20 കോടി രൂപ(28 ലക്ഷം യു.എസ്. ഡോളർ)യാണ് ലേലത്തിൽ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. സമാഹരിക്കുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കു കൈമാറും.
ഭൗമോപരിതലത്തിനുമുകളിൽ നൂറു കിലോമീറ്റർ ദൂരംവരെ സംഘം സഞ്ചരിക്കും. യാത്ര പത്തുമിനിറ്റോളം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെയും ബഹിരാകാശത്തിന്റെയും അന്തരീക്ഷങ്ങളെ വേർതിരിക്കുന്ന കാർമൻ രേഖയുടെ മുകളിൽ നാലു മിനിറ്റ് സംഘം ചെലവിടും.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് പൂർത്തിയാകുന്നതെന്ന് ജെഫ് ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ബഹിരാകാശത്തുനിന്നും ഭൂമിയെ നോക്കിക്കാണുന്നത് ഏറെ രസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറു യാത്രക്കാർക്കു സഞ്ചരിക്കാനാകുന്ന പേടകം ബഹിരാകാശ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ രൂപകല്പന ചെയ്തതാണ്. വിക്ഷേപണത്തിന്റെ ഭാഗമായുള്ള തയ്‌യാറെടുപ്പുകൾ ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. 2000-ത്തിലാണ് ബ്ലൂ ഒറിജിൻ സ്ഥാപിതമായത്. 2015-ൽ ന്യൂ ഷെപ്പേഡ് പേടകത്തിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചു.