കഥയില്ലാത്ത പെണ്‍കുട്ടി.
ക്ലാസില്‍,കുടുംബത്തില്‍,പരിചയവൃത്തങ്ങളില്‍ ഒരുപക്ഷേ നിങ്ങളവളെ പരിചയപ്പെട്ടിട്ടുണ്ടാവാം. വലിയ അല്ലലൊന്നുമനുഭവിക്കാതെ, ഭാവിയെക്കുറിച്ച് ഒട്ടും അലോസരപ്പെടാതെ, പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ, പഠിക്കാന്‍ കഴിവുണ്ടായിട്ടും ആരുടെയെങ്കിലും കഴുത്തില്‍തൂങ്ങി ജീവിച്ചാല്‍ മതി എന്നു കരുതുന്ന മടിച്ചിപ്പെണ്‍കുട്ടി.
വിവാഹവും കുടുംബജീവിതവുമൊക്കെയായി വര്‍ഷങ്ങളൊരുപാട് കടന്നുപോകുമ്പോള്‍ കൈവിട്ട ജീവിതത്തെക്കുറിച്ച അവള്‍ക്ക് നഷ്ടബോധം തോന്നിയാലോ. പതിറ്റാണ്ടുകള്‍ക്കു ശേഷം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്നവള്‍ക്ക് തോന്നിയാലോ.
അങ്ങിനെയൊരുവളെക്കുറിച്ചാണിത്.
കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പൂത്തുവിടര്‍ന്നിരുന്ന, ബുദ്ധിയും കഴിവുമുള്ള,അധ്യാപകര്‍ക്ക് പ്രിയപ്പെട്ടവളായിരുന്ന,വലിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാമായിരുന്നിട്ടും ലക്ഷ്യബോധമില്ലാതെ, വിവാഹിതയായി സാധാരണ വീട്ടമ്മയാകാന്‍ തുനിഞ്ഞിറങ്ങിയവള്‍. വിരസത നിറഞ്ഞ് നിറം കെട്ടുപോയ ഒരുപാട് സ്ത്രീകളുടെ പ്രതിനിധിയാണവള്‍.
വര്‍ഷം 1992. ഒന്നാം വര്‍ഷ ബികോം ക്ലാസ്സുകള്‍ തുടങ്ങിയത് ഓഗസ്തിലോ സെപ്തംബറിലോ ആയിരുന്നു.കാമ്പസ് നിറയെ മരങ്ങളാണ്.കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികള്‍. മഴയില്‍ കുതിര്‍ന്നു വീഴുന്ന ചുവന്ന ഗുല്‍മോഹര്‍പ്പൂക്കള്‍ . ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. വിരലിലെണ്ണാവുന്നത്ര പെണ്‍കുട്ടികളും. നേരത്തെ എത്താത്തതു കൊണ്ടാവണം അവസാനത്തെ ബഞ്ചാണ് ഞങ്ങള്‍ക്കു കിട്ടിയത്.തൊട്ടുമുമ്പില്‍ ഇരുന്നിരുന്ന, തുടര്‍ച്ചയായി സംസാരിക്കുന്ന കരിമഷിക്കണ്ണുകളുള്ള സുന്ദരിപ്പെണ്‍കുട്ടിയെ പെട്ടെന്നു പരിചയപ്പെട്ടു. ഗീത. പുഞ്ചപ്പാടം എന്ന സ്ഥലത്തു നിന്നായിരുന്നു അവരെല്ലാം. ആദ്യമായിട്ടായിരുന്നു ആ സ്ഥലപ്പേര് കേള്‍ക്കുന്നത്. പഠിക്കാന്‍ ഏറെ മിടുക്കിയാണെന്നും അവരുടെ കോളജില്‍ പ്രിഡിഗ്രിക്ക് ഒന്നാമതാണെന്നും റാഞ്ചിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതെന്നും കൂട്ടുകാരികള്‍ വിശദീകരിച്ചു.
രണ്ട് ഗീതമാര്‍,സുമ,ലത അങ്ങിനെ വര്‍ത്തമാനവും തമാശയുമായി അവരുടെ ബഞ്ച് സജീവമാണെപ്പോഴും. ഞാനാവട്ടെ കുറേയേറെ മാനസിക സംഘര്‍ഷങ്ങളാല്‍ നട്ടം തിരിയുന്ന കാലവും.ആരോടും വലിയ മിണ്ടാട്ടമൊന്നുമില്ലാത്ത കാലം.കോളജിലെ ഏറ്റവും സുന്ദരമായ കാലം ഡിഗ്രി രണ്ടാം വര്‍ഷമാണെന്ന് മാനേജീരിയല്‍ ഇക്കണോമിക്‌സ് പഠിപ്പിക്കുന്ന ബഷീര്‍ സാര്‍ എപ്പോഴും പറയാറുണ്ട്. ഒന്നാം വര്‍ഷം ആരും തമ്മില്‍ വലിയ അടുപ്പമുണ്ടാവില്ല. പരിചയമായി വരുന്നതേയുണ്ടാവൂ. അവസാനത്തെ വര്‍ഷമാകട്ടെ എല്ലാവരും പഠിത്തം, പരീക്ഷ, തുടര്‍ പഠനം, കല്യാണം ഇങ്ങിനെയൊക്കെ പലവിധ മാനസികാവസ്ഥകളിലാവും. അതിനിടയില്‍ കിട്ടുന്ന രണ്ടാം വര്‍ഷമു ണ്ടല്ലോ അതാണേറ്റവും നല്ല കാലം. ആ വാക്കുകൾ സത്യമായിരുന്നു. രണ്ടാം വര്‍ഷത്തിൽ ഞങ്ങള്‍ -പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ നന്നായി അടുത്തു. ഞാനും ഏകാന്തത ഭഞ്ജിക്കാന്‍ തുടങ്ങിയിരുന്നു.
ഗീത നന്നായി പാടുമായിരുന്നു. റാഞ്ചിയില്‍ പഠിച്ചതിനാല്‍ ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും.എപ്പോഴും പാട്ടുകള്‍ മൂളും. ആഷിക്വി,ദില്‍ ഹൈ കി മാന്‍താ നഹി,വാത്സല്യം,പാട്ടുകളെയും സിനിമകളെയും കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നതില ധികവും. കോളജില്‍ എന്നും പരീക്ഷകളാണ്. മാര്‍ക്ക് കുറഞ്ഞാല്‍ അച്ഛനമ്മമാരെ വിളിപ്പിക്കും.ഓണം, ക്രിസ്മസ് അവധി കഴിഞ്ഞാല്‍ പരീക്ഷയാണ് എല്ലാ വര്‍ഷവും.വെക്കേഷന് ഒരു സ്വസ്ഥതയുമുണ്ടാവില്ല, നന്നായി പഠിക്കുന്ന കുട്ടിയായതിനാല്‍ ഗീതയെക്കുറിച്ച് അദ്ധ്യാപകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അവളാവട്ടെ എപ്പോഴും കളിതമാശ തന്നെ.പാട്ട്, കൂട്ട്, വര്‍ത്തമാനം, ക്രിക്കറ്റ്. ഭക്ഷണം, ഉറക്കം, അമ്മ, അനിയത്തി,മുത്തശ്ശി ഇതൊക്കെയാണ് ഇഷ്ടപ്പെട്ട കാര്യങ്ങളെന്ന് ഇടയ്ക്കിടെ പറയും. അച്ഛനെയവൾക്ക് പേടി കലര്‍ന്ന ബഹുമാനമാ യിരുന്നുവെന്നു തോന്നിയിട്ടുണ്ട്.
രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ത്തന്നെ വിവാഹാലോചനകള്‍ വരാന്‍ തുടങ്ങിയെന്നവള്‍ സൂചിപ്പിച്ചു. “പതിനെട്ടാം വയസ്സിലാണ് അമ്മയ്ക്ക് ഞാനുണ്ടായത്.അതായത് എന്റെ ഇപ്പോഴത്തെ പ്രായം” എന്നു പറഞ്ഞവള്‍ പൊട്ടിച്ചിരിക്കും.
“ഓ,എനിക്ക് പഠിക്കാനൊന്നും വയ്യ. വേഗം കല്യാണം കഴിച്ചാല്‍ മതി” എന്നിടയ്ക്കിടെ പറയുമ്പോള്‍ തമാശയായിട്ടേ കരുതിയിരുന്നുള്ളൂ.
“ആലോചനകള്‍ വരുന്നുണ്ടെങ്കിലും വീട്ടുകാര്‍ ഡിഗ്രി കഴിഞ്ഞിട്ടേ വിവാഹം കഴിപ്പിക്കൂ, ഞാനായിട്ട് ഇപ്പോള്‍ത്തന്നെ വേണം എന്നു പറയുന്നത് മോശമല്ലേ” എന്നവള്‍ ഒരു ദിവസം കാര്യമായിത്തന്നെ പറഞ്ഞപ്പോള്‍ അമ്പരന്നുപോയി. വിവാഹം നടക്കരുതേ എന്നു പ്രാര്‍ത്ഥിച്ച് പഠിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന വലിയൊരു വിഭാഗം കുട്ടികൾ, വീട്ടുകാരോട് വാശി പിടിച്ച് പഠിക്കാന്‍ പോകുന്നവര്‍. പഠിക്കാന്‍ കഴിവുണ്ടായിട്ടും സാഹചര്യമില്ലാതാകുന്നവർ. അപ്പോഴാണ്, നന്നായി പഠിക്കുന്ന ഈ കുട്ടി പഠിത്തം വേണ്ട, കല്യാണം കഴിച്ചാല്‍ മതിയെന്നു പറയുന്നത്. ആ നിലപാടിൽ എന്തോ വല്ലാത്ത നിരാശ തോന്നി.
ഡിഗ്രി അവസാനവര്‍ഷം. ഓരോരുത്തരും പലവിധ തിരക്കിലായി. അക്കാലങ്ങളിലെനിക്ക് കടുത്ത മൂഡ് സ്വിങ്സ് പതിവായിരുന്നു. മിക്ക ദിവസങ്ങളിലും ആരോടും മിണ്ടാതെ എന്നിൽതന്നെ ഒതുങ്ങി കൂടി.
ആ വര്‍ഷാന്ത്യത്തില്‍ ഗീതയുടെ വിവാഹം ഉറപ്പിച്ചു.മുംബൈയില്‍ ഫിലിം സ്റ്റുഡിയോവിലാണ് പ്രതിശ്രുത വരന് ജോലി. വിവരം പറയുമ്പോള്‍ അവളുടെ മുഖം ആഹ്ലാദം കൊണ്ട് തിളങ്ങി. ചെറുപ്രായത്തില്‍ മുഴുവന്‍ സമയ വീട്ടമ്മയായി ജീവിക്കാന്‍ പോകുകയാണവള്‍. വീട്, പാചകം, കുട്ടികള്‍. ഇനി എല്ലാക്കാലത്തേക്കുമായി ഒരേ പതിവുകള്‍.
ഓരോ ദിവസവും അടുത്തതിന്റെ ആവര്‍ത്തനമാവില്ലേ,മടുപ്പു തോന്നില്ലേ അവള്‍ക്ക് എന്നൊക്കെ അത്ഭുതത്തോടെ ആലോചിച്ചു. അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടിങ്, ബാങ്കിങ്, കമ്പനി അഡ്മിനിസ്‌ട്രേഷന്‍. അങ്ങനെ നല്ല മാര്‍ക്കോടെ പഠിച്ചുണ്ടാക്കിയതൊക്കെയും അവള്‍ക്ക് മടുപ്പായിത്തീര്‍ന്നതെങ്ങനെ.
മണിരത്‌നത്തിന്റെ ബോംബെ ഫിലിം റീലിസ് ചെയ്ത കാലമായിരുന്നു. ഭാര്യയായി,അമ്മയായി ഗീത ഇനി ജിവിക്കാന്‍ പോകുന്ന നഗരമായിട്ടാണ് അന്നു മുംബൈയെ കണ്ടത്. തുഹി രേ പാടുന്ന അരവിന്ദ് സ്വാമിക്കും മനീഷ കൊയ് രാളക്കും അന്ന് ഗീതയുടെയും പ്രതിശ്രുത വരന്റെയും മുഖമായിരുന്നു.വിവാഹനിശ്ചയമടുത്തതോടെ സഹപാഠികള്‍ അവളെ കളിയാക്കിക്കൊണ്ടിരുന്നു .അവളത് നന്നായി ആസ്വദിക്കുകയും ചെയ്തു.
വിവാഹ നിശ്ചയം കഴിഞ്ഞു വന്നപ്പോള്‍ അവള്‍ പക്ഷേ വിഷാദവതിയായിരുന്നു. അമ്മയും അനിയത്തിയുമൊത്തു കഴിഞ്ഞ നല്ല കാലങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന്റെ വേദനയില്‍ അവളുടെ മുഖം കരഞ്ഞു തുടുത്തിരുന്നു. ആ ദിവസം വീട്ടിലെത്തിയിട്ടും കരഞ്ഞുതുടുത്ത ആ മുഖം വല്ലാത്തൊരു വേദനയോ ഭീതിയോയായി അലട്ടിക്കൊണ്ടിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികള്‍ കടന്നു പോകുന്ന വഴികള്‍ എത്ര ദുഷ്‌കരമാണെന്ന് മനസ്സ് പിന്നെയും ഓര്‍മ്മപ്പെടുത്തി.
പിറ്റേന്നു തന്നെ അവള്‍ പ്രസരിപ്പ് വീണ്ടെടുത്തു കണ്ടപ്പോള്‍ സന്തോഷം തോന്നി. വരന് അയച്ചു കൊടുക്കാനായി സെറ്റുസാരിയുടുത്ത ഫൊട്ടോയെടുത്തത് അവള്‍ എല്ലാവരെയും കാണിച്ചു.
വിവാഹത്തിന് പോകാന്‍ തോന്നിയില്ല.നല്ല ജീവിതം കൊടുക്കണേ എന്ന് ഉള്ളു നിറയെ പ്രാര്‍ത്ഥിച്ചു. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവിന്റെ മുന്നിലൂടെ എപ്പോള്‍ കടന്നുപോയാലും അവളുടെ വിവാഹത്തിന്റെ താളപ്പെരുക്കങ്ങള്‍ ഭാവനയില്‍ കാണും.
ചിന്തകളൊന്നും ശല്യപ്പെടുത്താതെ,വലിയ വലിയ കാര്യങ്ങളെക്കുറി ച്ചൊന്നും വേവലാതിപ്പെടാതെ,അസ്തിത്വത്തെക്കുറിച്ച് ആകുലപ്പെടാതെ സാധാരണജീവിതത്തിന്റെ അതിസാധാരണമായ സന്തോഷങ്ങളുമായി അവളെപ്പോലെ ജിവിക്കാനായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നു ചിലപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.
അടുത്ത മഴക്കാലം വന്നു. ഞങ്ങള്‍ കുറച്ചു പേര്‍ പോസ്റ്റ് ഗ്രാജ്വേഷന് ചേര്‍ന്നു. പരിചയമുള്ളവരായിട്ടു പോലും വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള,അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ അന്തരം വളരെ കുറഞ്ഞ,ഗൗരവതരമായ പഠനത്തിനു മാത്രം പ്രാമുഖ്യമുള്ള ആ ക്ലാസിനോട് ഇണങ്ങിച്ചേരാന്‍ കഴിഞ്ഞതേയില്ല.നിറം കെട്ട വസന്തകാലത്തിന്റെ ഓര്‍മ്മ പോലെ നഷ്ടപ്പെട്ട ദിനങ്ങള്‍ അലട്ടിക്കൊണ്ടിരുന്നു.ഒടുവില്‍ ഭാവനയും മൗനവും ഏകാകിതയും എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയി. സ്വതന്ത്രവും സ്വന്തവുമായ സമാന്തരലോകം ഉണ്ടാക്കിയെടുക്കാനായതോടെ ജീവിതത്തിനൊരു താളം കൈവന്നു.
ഗീത നാട്ടില്‍ ഉണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ അമ്മയായെന്നും സഹപാഠികള്‍ പറഞ്ഞറിഞ്ഞു.അദ്ധ്യാപികയോ ബാങ്ക് ഉദ്യോഗസ്ഥയോ സി എ ക്കാരിയോ ഒക്കെയായി ചുറുചുറുക്കോടെ ജോലി ചെയ്യുന്ന സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ ഓര്‍ത്ത് അന്നും മനസ്സു വിങ്ങാതിരുന്നില്ല.
ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കിടയില്‍ കത്തുകളും ഫോണ്‍കോളുകളും ഉണ്ടായിത്തുടങ്ങി. ഗീതയുടെ ഭര്‍ത്താവ് എന്റെ കഥകള്‍ വായിക്കാറുണ്ടെന്നു പറഞ്ഞുകേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. മുംബൈക്ക് പോവും വഴി അവള്‍ ഒരുദിവസം കുടുംബസമേതം വീട്ടില്‍ വന്നു. തടിച്ച്,വലിയ കണ്ണട വച്ച്, അലക്ഷ്യമായി സാരിയുടുത്ത ഒരു മുതിര്‍ന്ന സ്ത്രീ.
എനിക്കറിയാവുന്ന ഗീതയ്ക്ക് തീരെ ചേരുന്നുണ്ടായിരുന്നില്ല അവളുടെ പുതിയ രൂപം.സംസാരത്തിലെ ചുറുചുറുക്കും ആത്മാര്‍ത്ഥതയുമെല്ലാം പഴയപോലെ ഉണ്ടായിരുന്നുവെങ്കില്‍ക്കൂടി അവള്‍ ആകെ മാറിപ്പോയിരുന്നു.
മകളുടെ ചോക്കലേറ്റ് കൊതി,മഴക്കാലം തുടങ്ങിയത്, ദീപാവലി ആഘോഷം അങ്ങിനെയൊക്കെ പറഞ്ഞു കൊണ്ട് അവള്‍ ഇടക്ക് കത്തുകളെഴുതും.സ്വയം സംസാരിക്കാത്ത സാധാരണ വിശേഷങ്ങള്‍ മാത്രമുള്ള കത്തുകളായിരുന്നു അവ. ഒരിടവേളക്കു ശേഷം മകന്‍ പിറന്ന വിവരം അറിയിച്ചു കൊണ്ട് അവളെഴുതി.
മൊബൈല്‍ ഫോണ്‍ വന്നതോടെ ഞങ്ങള്‍ ഇടയ്ക്കിടെ സംസാരിക്കാന്‍ തുടങ്ങി. അവള്‍ സന്തോഷവതിയായിത്തന്നെ തോന്നിച്ചു . സോഷ്യല്‍ മീഡിയ വന്നതോടെ കുട്ടികളുടെയും അവളുടെയും പുതിയ വിശേഷങ്ങള്‍,ചിത്രങ്ങള്‍ അറിയാനായി. പഠിത്തം കഴിഞ്ഞ് മകള്‍ക്ക് ജോലിയായി എന്നവള്‍ പറഞ്ഞപ്പോള്‍ കാലം എത്ര വേഗമാണ് കടന്നുപോയതെന്ന് അത്ഭുതം തോന്നി,സന്തോഷവും. മക്കളെ നല്ല നിലയില്‍ വളര്‍ത്തി അവരിലൂടെ അവള്‍ ജീവിതസാഫല്യം തേടുകയാവാം.
ഒന്നു രണ്ടു വര്‍ഷങ്ങളായി അവളുടെ പുതിയ ഫോട്ടോകള്‍ കാണുമ്പോള്‍ വലിയ വ്യത്യാസം കാണാന്‍ തുടങ്ങി.ഇരുത്തം വന്ന ഭാവവും വിരസതയാര്‍ന്ന മുഖവും മാറി പതിയെപ്പതിയെ അവള്‍ സജീവമായിത്തുടങ്ങി. നഷ്ടപ്പെട്ടുപോയ കുസൃതികള്‍, തമാശകള്‍, നിറങ്ങള്‍ എല്ലാം തിരിച്ചെത്തുന്നതു പോലെ. നേര്‍പ്പകര്‍പ്പായ മകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അവള്‍ കൂടുതല്‍ ചെറുപ്പമായിത്തുടങ്ങി.
പരിചയമുള്ള ആ പഴയ ഗീതയെ തിരിച്ചു കിട്ടിയതു പോലെ. കൗതുകത്തോടെ ഞാനത് നിരീക്ഷിക്കുകയും ചെയ്തു. എന്തു ജാലവിദ്യയാണ് അവളെ മാറ്റിമറിച്ചതെന്ന് മനസ്സിലാക്കാനായില്ല.
മിക്ക കുടുംബിനികള്‍ക്കും പറയാനുള്ളത് മടുപ്പും വിരസതയുള്ള ജീവിതത്തെക്കുറിച്ചാണ്. നഷ്ടപ്പെട്ട കൗമാരത്തെച്ചൊല്ലി വേദനിക്കുന്നവരാണ് അധികം പേരും. എന്നിട്ടും ജീവിതം സംതൃപ്തമാണെന്ന് ഭാവിച്ച് കഴിഞ്ഞു കൂടുന്നു.
ആയിടക്ക് ഒരു ദിവസം അവള്‍ പറഞ്ഞു ജോലിക്കു പോകാന്‍ തുടങ്ങിയെന്ന്. ഡോംബിവ്‌ലിയില്‍ അവരുടെ താമസസ്ഥലത്തു നിന്ന് ഏറെ അകലെയല്ലാത്ത ഒരു സ്‌കൂളില്‍ കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നു.കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
നാല്‍പ്പതുകളിലാണ് സ്തീകള്‍ക്ക് സ്വന്തമായി ഒരു ലോകം ആവശ്യമായി വരുന്നതെന്ന് തോന്നിയിട്ടുണ്ട്.കുട്ടികള്‍ മുതിര്‍ന്ന്,വീടിന്റെ വിരസതകള്‍ മുടിത്തുടങ്ങുമ്പോള്‍ മാറി നില്‍ക്കാനൊരിടം. പതിനെട്ടു വയസ്സുമുതല്‍ കുടുംബജീവിതം മാത്രം മതിയെന്നു പറഞ്ഞ് അതാസ്വദിച്ചു ജിവിച്ചവള്‍ക്കു പോലും ഒടുവില്‍ വിരസത വന്നു ജോലിക്ക് പോകേണ്ടി വരുന്നല്ലോ എന്ന ചിന്തയും കൂടെക്കടന്നു പോയി.
ഓരോ ദിവസവും കൂടുതല്‍ ചെറുപ്പമായി,സുന്ദരിയും ഉത്സാഹവതിയുമായി അവള്‍ മാറുന്നത് കണ്ടറിയുകയായിരുന്നു ആത്മവിശ്വാസം അവളുടെ രൂപഭാവങ്ങളില്‍ വലിയ മാറ്റമുണ്ടാക്കി. അമ്മയും മകളും സഹോദരിമാരെപ്പോലെ ഒരേതരം വസ്ത്രങ്ങളില്‍ നിറഞ്ഞാടുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു.
ഒടുവിലവള്‍ ജീവിതത്തെക്കുറിച്ചേറെപ്പറഞ്ഞു.-പഠിക്കാനും ജോലി ചെയ്യാനും നല്ല കഴിവും ബുദ്ധിയും സാഹചര്യവുമുണ്ടായിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ ജീവിച്ച ലക്ഷ്യബോധമില്ലാ ത്തൊരു പെണ്‍കുട്ടിയുടെ കഥ. : പഠിക്കാന്‍,പ്രയത്‌നിക്കാന്‍ വലിയ മടിയായിരുന്നു അന്നെല്ലാം. ക്രിക്കറ്റ്, പാട്ട്, സിനിമ, കൂട്ടുകാര്‍, അമ്മ, അനിയത്തി,മുത്തശ്ശി,ഭക്ഷണം അതൊക്കെയായിരുന്നു അന്നത്തെ സന്തോഷങ്ങള്‍. എങ്ങിനെയെങ്കിലും ഒരു ഡിഗ്രിയെടുത്ത് കല്യാണം കഴിച്ച് സുഖമായി ജീവിക്കണം.അതായിരുന്നു ഏക ലക്ഷ്യം.
വിവാഹം കഴിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ഇനി പരീക്ഷകളും സ്റ്റഡി ലീവും അദ്ധ്യാപകരുടെ ഉപദേശങ്ങളുമൊന്നും ഇല്ലാതെ സുഖമായിക്കഴിയാം. ഭര്‍ത്താവ് വളരെ സ്‌നേഹമുള്ളയാളാണ്. എല്ലാറ്റിനും പിന്തുണ തരുന്നയാള്‍. മുംബൈയില്‍ വന്നപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ പറഞ്ഞതായിരുന്നു. താല്‍പര്യമില്ലെന്നു മനസ്സിലായപ്പോള്‍ ജോലി ചെയ്യാമെന്നായി. മറ്റൊന്നിനും വേണ്ടിയായിരുന്നില്ല പരാശ്രയം കൂടാതെ നഗരത്തില്‍ സഞ്ചരിക്കാനും തനിച്ച് എവിടെയും പോകാനും പ്രാപ്തയാവണം എന്ന് ഭര്‍ത്താവിന് നിര്‍ബന്ധമായിരുന്നു.അതിനായി ഒരു വര്‍ഷത്തോളം ജോലിക്ക് പോയി. ഗര്‍ഭിണിയായതോടെ ജോലി ഉപേക്ഷിച്ചു. മകള്‍ പിറന്നതോടെ അവള്‍ക്കൊപ്പമായി ലോകം.അവള്‍ വലുതായപ്പോഴേക്ക് മകനും ജനിച്ചു. കാലത്തിനെന്ത് വേഗതയായി രുന്നു.
കുട്ടികള്‍ക്കും കുടുംബത്തിനും പിന്നാലെ നടന്ന് സ്വന്തമായ എല്ലാ ഇഷ്ടങ്ങളും മാറ്റിവെച്ചു.തന്നെത്തന്നെ മറന്നുകൊണ്ടൊരു ജീവിതം. കുറച്ചിടയായി ചില നേരങ്ങളില്‍ എന്തോ നഷ്ടപ്പെടുന്ന പോലെയൊരു തോന്നല്‍ ഇടക്കിടെ അലട്ടിത്തുടങ്ങി.ഒന്നിനും കുറവില്ല.കണ്ണൊന്നു നിറഞ്ഞാല്‍ പരിഭ്രാന്തനാകുന്ന ഭര്‍ത്താവ്.കളിചിരിയുമായി കുഞ്ഞുങ്ങള്‍.സ്വന്തം ഫ്ളാറ്റ്.
വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളുമായി എല്ലാ ദിവസവും ഒരുപോലെയായിത്തീര്‍ന്നു.മടുപ്പു വന്നു വല്ലാതെ അസ്വസ്ഥയാവു മ്പോള്‍ എവിടേക്കെങ്കിലും യാത്ര പോകണമെന്നു തോന്നും. സഞ്ചരിക്കാനും സ്ഥലങ്ങള്‍ കാണാനും വലിയ താല്‍പര്യമായി രുന്നു.പക്ഷേ ഒന്നും നടക്കില്ല..ഭര്‍ത്താവിന് യാത്രകളോട് ഒട്ടും താല്‍പര്യമില്ല. മഹാനഗരത്തിന്‍റെ തിരക്കുകളിലൂടെ സ്ഥിരമായി ദീര്‍ഘയാത്ര ചെയ്ത് ജോലി ചെയ്തു മടുക്കുന്നതിന്റെ വിരസതയാവാം. കുറ്റപ്പെടുത്താ നുമാവില്ല.വീട്ടിലിരിക്കാന്‍ സമയം തീരെക്കുറവാണ്. വീട്ടില്‍ത്തന്നെയിരുന്നു മടുത്തുപോയവരെക്കുറിച്ചു പറഞ്ഞാല്‍ മനസ്സിലാക്കാനായിയെന്ന് വരില്ല. എതിര്‍ത്തൊന്നും പറയാറില്ല പെട്ടെന്നു ദേഷ്യപ്പെടുന്ന പ്രകൃതമാണ്. അതുപോലെ ശാന്തനാവുകയും ചെയ്യും.എന്തെങ്കിലും പറഞ്ഞുപോയാല്‍ വിഷമമായെങ്കിലോ.
കുട്ടികള്‍ വലുതായി.മകള്‍ കോളജിലും മകന്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ വിരസമായ മണിക്കൂറുകള്‍ ഒന്നും ചെയ്യാനില്ലാതെ ഫ്ളാറ്റില്‍ത്തന്നെ.ക്ലാസ് കഴിഞ്ഞു വന്നാലും അവര്‍ക്ക് അവരുടേതായ തിരക്കുകളും കൂട്ടുകാരുമുണ്ട്.
കുട്ടികള്‍ ചെറുതാകുമ്പോള്‍ അവര്‍ക്കെല്ലാത്തിനും അമ്മ വേണം. ഒന്നിനും നേരം തികയാത്ത അവസ്ഥയാവും. മുതിര്‍ന്നു കഴിയുമ്പോള്‍ എല്ലാം അവര്‍ സ്വയം ചെയ്തു തുടങ്ങും. അപ്പോള്‍ അമ്മയെ ആശ്രയിക്കാ തെയാവും.
ജീവിതം ചെറിയൊരു വൃത്തത്തിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നത് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല ‘ഒരു ജോലിയുമില്ലാത്ത’ വീട്ടമ്മയൊഴിച്ച് വീട്ടില്‍ ബാക്കിയെല്ലാവരും എപ്പോഴും തിരക്കിലായി. തനിച്ചായിപ്പോകുന്നു എന്ന തോന്നല്‍ ഉള്ളില്‍ കാര്‍ന്നുതിന്നാന്‍ തുടങ്ങി.പണിത്തിരക്കുകള്‍ തീര്‍ന്ന ഏകാന്തതയില്‍ അനാവശ്യ ചിന്തകള്‍ ശല്യപ്പെടുത്തുന്ന മനസ്സ് എഴുതാപ്പുറം വായിച്ചു തുടങ്ങി.
സ്വന്തം അസ്തിത്വം എന്താണെന്നു ചിന്തിച്ചു നോക്കി. ഒട്ടുമിക്ക വീട്ടമ്മമാരുടെയും അവസ്ഥ ഇതൊക്കെത്തന്നെയാണ്.മുതല്‍മുടക്കില്ലാതെ കിട്ടുന്ന സൗജന്യ സേവനങ്ങളെല്ലാം തങ്ങള്‍ക്കര്‍ഹതപ്പെട്ടതാണെന്നു വീട്ടുകാര്‍ ധരിച്ചു കളയും. ഒരു നല്ല വാക്കെങ്കിലും പ്രതിഫലം കിട്ടാതെ വീട്ടമ്മമാര്‍ മടുത്തുപോകുന്നതും.തിരിച്ചൊന്നും പറയില്ലെന്ന ധൈര്യം കൊണ്ടാവാം എല്ലാവരുടെയും ദേഷ്യവും ഇച്ഛാഭംഗവും തീര്‍ക്കുന്നതും അവരുടെ മേലാണ്.ഇതെല്ലാം തുടര്‍ച്ചയായപ്പോള്‍ ആത്മാഭിമാനത്തിന് മുറിവേറ്റു തുടങ്ങി.അതാവട്ടെ അവനവനോടു തന്നെയുള്ള ദേഷ്യമോ വൈരാഗ്യമോ വെറുപ്പോ ആയി പരിണമിക്കുകയും ചെയ്തു.വിഷാദത്തിന്റെ നേര്‍ത്ത വലക്കണ്ണികള്‍ വന്ന് മൂടിത്തുടങ്ങുന്നതറിയാമായിരുന്നു.കഠിനമായ മുഡ് സ്വിങ്സ് . ദേഷ്യം,സങ്കടം,വെറുപ്പ്. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി പലതും ചെയ്തു നോക്കി.പക്ഷേ ഒന്നും ശരിയായില്ല.
സഹികെട്ടൊരു ദിവസം വീണ്ടും ജോലിക്കു പോയാലോ എന്ന മടിച്ചു മടിച്ച് ഭര്‍ത്താവിനോട് ചോദിച്ചു.അമ്പരപ്പോ പുച്ഛമോ തമാശയോ എന്തായിരുന്നു തോന്നിയത് എന്നു തിരിച്ചറിയാനായില്ല.
“നിനക്കിനി ആരു ജോലി തരാനാണ് “എന്നായിരുന്നു മറുപടി.
മിടുക്കിയായ, ചുറുചുറുക്കുള്ള,അധ്യാപകര്‍ പ്രശംസിച്ചിരുന്ന പഴയ പെണ്‍കുട്ടിയുടെ ഉള്ളില്‍ തീരാമുറിവായി അത്.
മകള്‍ പക്ഷേ എല്ലാമറിയുന്നുണ്ടായിരുന്നു അധ്യാപകരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രപരസ്യം കണ്ട് അവളാണ് നിര്‍ബന്ധിച്ച് അഭിമുഖത്തിന് കൂട്ടിക്കൊണ്ടുപോയത്.ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. രണ്ടരപ്പതിറ്റാണ്ടിന് ശേഷമാണ് ജോലിക്ക് പോകാന്‍ തുനിയുന്നത്. മത്സരിക്കാന്‍ എത്രയോ പുതിയ കുട്ടികളുണ്ടാവും.ടീച്ചിങ്ങിലാണെങ്കില്‍ പരിചയവുമില്ല.
ഒട്ടും പ്രതീക്ഷയില്ലായിരുന്നു. പക്ഷേ, ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.ഡെമോ ലക്ചറിന് തയ്യാറായി വരാന്‍ പറഞ്ഞ് യാത്രയാക്കിയപ്പോഴും വിശ്വസിക്കാനായില്ല. എങ്ങിനെയൊക്കെയോ ഡെമോ ലെക്ചര്‍ കൊടുത്തു. പേടികൊണ്ട് മുട്ടുകൂട്ടിയിടിക്കുന്നു ണ്ടായിരുന്നു; കടുത്ത ആത്മവിശ്വാസക്കുറവും.
സെലക്ഷന്‍ കിട്ടി എന്നറിഞ്ഞപ്പോള്‍ അമ്പരന്നു പോയി. മക്കള്‍ക്കും നാട്ടിലുള്ള അച്ഛനമ്മമാര്‍ക്കും വലിയ ആഹ്ലാദമായിരുന്നു.പക്ഷേ ഭര്‍ത്താവിനു മാത്രം ഒട്ടും താല്‍പര്യമില്ല. ഇനിയിപ്പോഴെന്തിനാ ജോലിക്കു പോയി കഷ്ടപ്പെടുന്നത് എന്നൊരു ചിന്ത, കുട്ടികള്‍ തനിച്ചാവുമെന്ന ടെന്‍ഷന്‍. വല്ലാത്ത വിഷമം തോന്നി. ഭര്‍ത്താവ് നിര്‍ബന്ധിച്ചപ്പോഴൊ ന്നും ജോലിക്ക് പോകാന്‍ തോന്നിയിട്ടില്ല. വീടും കുടുംബവും മാത്രം മതിയെന്നായിരുന്നു. ഇപ്പോള്‍ പത്തിരുപത്തഞ്ച് വര്‍ഷം ഒരേ പതിവുകളുമായി ജിവിച്ചു മടുത്തവള്‍ക്ക് പുറംലോകം ആവശ്യമാ ണെന്ന് പറയുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലായില്ല.
കുട്ടികള്‍ ഇപ്പോള്‍ മുതിര്‍ന്നിരിക്കുന്നു.സ്വന്തം കാര്യം നോക്കാന്‍ അവര്‍ക്കാവും.ഇത്രയും കാലം ഭര്‍ത്താവിനോട് എതിര്‍ത്തു സംസാരിച്ചിട്ടേയില്ല. പക്ഷേ ഇത്തവണ മിണ്ടാതിരിക്കാതിരിക്കാനായില്ല.വീട്ടില്‍ നിന്നുമാറി ഒരു ലോകം വേണം.അത് ഒരു വാശി കൂടിയായിരുന്നു. ജോലിക്കു പോകുമെന്നു തന്നെ പറഞ്ഞു. ഭര്‍ത്താവിനെ തീര്‍ച്ചയായും വിഷമിപ്പിച്ചിരിക്കാം അത്.പക്ഷേ ഇത്രയും വര്‍ഷങ്ങള്‍ വീടിനുള്ളില്‍ അനുഭവിച്ച വീര്‍പ്പുമുട്ടല്‍ അതാരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലല്ലോ. വീടിന്റെ താളം തെറ്റുമെന്ന ആശങ്കയാവാം ,ചിറകുകള്‍ മുളച്ചു പറന്നുപോവുമെന്ന ഭയമാവാം. അതിനെത്തുടര്‍ന്ന് കുറേ കുറ്റപ്പെടുത്തലുകളും പൊട്ടിത്തെറികളുമുണ്ടായി.ഒന്നും കാര്യമാക്കിയില്ല. സ്പ്രിങ്ങിന്റെ അവസ്ഥയായിരുന്നു.കുറേ അമര്‍ത്തിപ്പിടിച്ചപ്പോള്‍ വല്ലാതങ്ങു തെറിച്ചുപോയി.
സ്‌കൂള്‍ ഒരു പുതിയ ലോകമായിരുന്നു. കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല എങ്കിലും പെട്ടെന്നു പഠിച്ചെടുത്തു.തോറ്റു കൊടുക്കാന്‍ മനസ്സ് അനുവദിച്ചില്ല. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ചെറിയ അഭിനന്ദനങ്ങള്‍, നല്ല വാക്കുകള്‍ പുറംലോകത്തു നിന്നു കിട്ടിയപ്പോള്‍ വലിയ സന്തോഷം തോന്നി. ഒന്നുകൂടി നന്നായിച്ചെയ്യാന്‍ അത് പ്രേരണയായി. ഒടുവില്‍ ഭര്‍ത്താവും അതുമായി പൊരുത്തപ്പെട്ടു.
ഒരുപാടു വൈകിയിട്ടാണെങ്കിലും ജീവിതത്തില്‍ നിറങ്ങള്‍ മടങ്ങിവരുന്നതറിഞ്ഞു. ഒഴിവുകാലത്ത് കുട്ടികളെയും കൂട്ടി അടുത്തുള്ള മാളില്‍ പോകും.ചെറിയ ഷോപ്പിങ്, സിനിമ. സാമ്പത്തികമായി സ്വതന്ത്രയാകുമ്പോള്‍ ഉള്ളില്‍ നിറയുന്ന അനുഭൂതി. വിവരണാതീതമാണത്. ആയിടക്കാണ് ഒരു സഹപ്രവര്‍ത്തക വിദൂര വിദ്യാഭ്യാസം വഴി ബി എഡ് എടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചത്.
ഭര്‍ത്താവും മക്കളും ഏറെക്കാലം മുമ്പേ പറഞ്ഞിരുന്നതാണിതെല്ലാം. അന്നൊക്കെ മടി കാരണം വേണ്ടെന്നുവച്ചു.ഏതായാലും ഇപ്പോള്‍ കൂട്ടിന് ഒരാള്‍ ഉണ്ടല്ലോ . ഭര്‍ത്താവിനും മക്കള്‍ക്കും ഏറെ സന്തോഷമായിരുന്നു ആ തീരുമാനം. അങ്ങിനെ അധ്യാപികയ്ക്ക് പുറമെ വിദ്യാര്‍ത്ഥിനി കൂടെയാവാം എന്നു തീരുമാനിച്ചു.
നമ്മളെക്കൊണ്ട് ആര്‍ക്കൊക്കെയോ എന്തൊക്കെയോ പ്രയോജനമുണ്ട്, വെറുതെ സമയം പാഴായിപ്പോകുന്നില്ല എന്ന തിരിച്ചറിവുണ്ട് ഇപ്പോള്‍. ലോക്ക് ഡൗണും മറ്റുമായി വീട്ടിലെല്ലാവരും ഓണ്‍ലൈന്‍ ജോലികളിലും ക്ലാസ്സുകളിലുമായി തിരക്കിലാണ്. കോവിഡ് പ്രതിരോധവും മറ്റുമായി ബന്ധപ്പെട്ട് ചെറിയ വീഡിയോക്ലിപ്പുകള്‍ സ്വന്തമായുണ്ടാക്കി ഈ രോഗകാലത്തെ മറികടക്കാന്‍, പോസിറ്റീവ് ആയിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
മറ്റുള്ളവര്‍ക്ക് ഒരുപക്ഷേ കേള്‍ക്കാനാവില്ല, തിരിച്ചറിയാനാവാത്ത ഈ സംഗീതം, അത് തരുന്ന നിറവ്. മനസ്സിനെ മൂടിയിരുന്ന കാര്‍മേഘങ്ങള്‍ എവിടെയാണ് പെയ്‌തൊഴിഞ്ഞത്. വിരസമായി, സ്വയം വെറുത്ത്, ഒന്നിനും കൊള്ളില്ലെന്നു വിഷാദിച്ച് പ്രതിലോമ ചിന്തകള്‍ നിറഞ്ഞ ഒരു കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഭയം തോന്നും. എവിടെച്ചെന്നവസാനിക്കുമായിരുന്നു അത്. “അങ്ങിനെ,ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒരു രണ്ടാം ഇന്നിംഗ്‌സ് തുടങ്ങാന്‍ കഴിയുമെന്ന് എനിക്കു മനസ്സിലായി.” ഗീത പറഞ്ഞവസാനിപ്പിച്ചതങ്ങിനെയാണ്.
സ്വന്തമായി അദ്ധ്വാനിച്ച് പരാശ്രയം കൂടാതെ ജീവിക്കുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്ന്, നല്ലവാക്കുകള്‍ മനുഷ്യരെ കൂടുതല്‍ മികച്ചതാക്കുമെന്ന്, ആത്മവിശ്വാസം പെണ്ണിന്റെ രൂപഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന്, കൗമാരം തിരിച്ചു തരുമെന്ന് അവളിലൂടെ കണ്ടറിയാനായി.
രണ്ടര വയസ്സുള്ള മകള്‍ക്കൊപ്പം രണ്ട് പതിറ്റാണ്ടു മുമ്പു വന്ന തടിച്ച,മുഖം മറയുന്ന വലിയ കണ്ണട വച്ച,അലക്ഷ്യമായി സാരിയുടുത്ത, ഇരുത്തം വന്ന വീട്ടമ്മക്ക് പകരം ബികോം ക്ലാസ്സിലിരുന്നു തമാശകള്‍ പറയുന്ന,പൊട്ടിച്ചിരിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന പഴയ ആ പെണ്‍കുട്ടിയെ ഒടുവില്‍ കാലം മടക്കിത്തന്നിരിക്കുന്നു.
എല്ലാവരിലുമുണ്ട് അങ്ങനെയൊരു പെണ്‍കുട്ടി.പ്രസരിപ്പും ഉത്സാഹവും ബുദ്ധിയും കഴിവുമുള്ള ഒരു കൗമാരക്കാരി.തിരിച്ചറിവില്ലാത്ത പ്രായത്തിലെടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവള്‍ കൊടുക്കുന്ന വില വലുതാണ്. അത് ചിലപ്പോൾ വ്യവസ്ഥാപിത താല്‍പര്യങ്ങളുടെ ചട്ടക്കൂടിനകത്ത്, കുലസ്ത്രീയാക്കി പ്രതിഷ്ഠിച്ച് തേഞ്ഞുപോകുന്ന വിഗ്രഹങ്ങളായി മാറ്റിയേക്കാം.
തകര്‍ന്ന ഭുതകാലത്തെക്കുറിച്ച് ഒന്നുറക്കെ നിലവിളിക്കാന്‍ പോലുമാവാതെ ആ ഏകതാരകളുടെ തന്ത്രികള്‍ ഒരുപക്ഷേ പൊട്ടിത്തകര്‍ന്നുപോയേക്കാം. എങ്കിലും ലോകം അവസാനിക്കുന്നില്ല. വല്ലപ്പോഴുമെങ്കിലും മനസ്സിന്റെ വിളികള്‍ക്കായി കാതോര്‍ക്കുക. ചിറകുകളില്‍ തൂവല്‍ ബാക്കിനില്‍ക്കുന്നുണ്ട്. കണ്ണുകളില്‍ വെളിച്ചവും. പറന്നുയരാന്‍ അതുമാത്രം മതി.
The post കാലം മടക്കി തന്ന ആ പെൺകുട്ടി appeared first on Indian Express Malayalam.