തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് മരണം നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുന്നു. പ്രതിപക്ഷം സഭയിൽ ഉന്നിയിച്ച വിമർശനത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനം. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കവേയാണ്പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ കോവിഡ് മരണം നിശ്ചയിക്കുന്നതിൽ അപാകതയുണ്ടെന്ന് ഉന്നയിച്ചത്.
കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർക്ക് വിട്ടതായി മുഖ്യമന്ത്രിസഭയെ അറിയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ സർക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തി.
പ്രതിപക്ഷ നേതാവിന്റെ ഫെയ്സ്ബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങൾ.
സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് മരിക്കുന്നവരുടെ വിവരങ്ങൾ കോവിഡ് മരണങ്ങളുടെ ലിസ്റ്റിൽ വരുന്നില്ലെന്ന പരാതി കഴിഞ്ഞ രണ്ട് ദിവസമായി നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡങ്ങൾ അനുസരിച്ചിട്ടാണ് കോവിഡാണ് മരണ കാരണം എന്ന് നിശ്ചയിക്കുന്നത്.
ഒരു ഡോക്ടർ 24 മണിക്കൂറോ അതിൽ കൂടുതലോ ഒരു രോഗിയെ ചികിത്സിച്ചിട്ടുണ്ടെങ്കിൽ ആ രോഗിയുടെ മരണം എന്തുകൊണ്ടാണെന്ന് നിശ്ചയിക്കാനുള്ള അവകാശം ആ ഡോക്ടർക്കാണ്. എന്നാൽ സർക്കാർ ഇതുവരെ ചെയ്തിരുന്നത് തിരുവനന്തപുരത്ത് ഒരു മാനേജിങ്ങ് കമ്മിറ്റിയെ നിയോഗിക്കുകയും രോഗിയെ ഒരിക്കൽ പോലും കാണാത്തവർ മരണ കാരണം നിശ്ചയിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഇത് ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മുഴുവൻ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ്.
ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി രണ്ടുകാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന് ചികിത്സിക്കുന്ന ഡോക്ടറായിരിക്കും കോവിഡ് മരണം നിശ്ചയിക്കുക. അതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. കാരണം ഞങ്ങൾ ആവശ്യപ്പെട്ട പ്രധാനകാര്യം അതായിരുന്നു. രണ്ടാമത്തേത് സംസ്ഥാന തലത്തിൽ നിന്ന് ജില്ലാ തലത്തിലേക്ക് കോവിഡ് മരണത്തിൽ തീരുമാനം എടുക്കുന്നത് മാറ്റുമെന്നായിരുന്നു. ഇത് പൂർണമായും സമ്മതം അല്ലെങ്കിലും എറണാകുളത്തോ കാസർകോടോ മരിക്കുന്ന ഒരാളുടെ മരണകാരണം തിരുവനന്തപുരത്ത് നിശ്ചയിക്കുന്നതിനേക്കാൾ നല്ലതാണ് ജില്ലാ ആസ്ഥാനത്ത് നിശ്ചയിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവ് ബിജുവിന്റെ കാര്യം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ബിജു കോവിഡ് മൂലം മരിച്ചതാണെന്ന് എല്ലാവരും വ്യക്തമാക്കിയിരുന്നു. ബിജുവിന്റെ മരണം ആശുപത്രിയിൽ വെച്ച് കോവിഡ് മൂലമാണ് മരിച്ചതെങ്കിൽ പോലും സർക്കാരിന്റെ ലിസ്റ്റിൽ കോവിഡ് മരണം അല്ലായിരുന്നു.
മരണ നിരക്ക് കുറച്ച് കാണിക്കാനുള്ള ബോധപൂർമായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.
ഇതുമൂലം കോവിഡ് മൂലം മരിക്കുന്നവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കാതെ വരും. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു പോലും ഉപയോഗിക്കേണ്ടിവരുന്ന ഇത്തരം കണക്കുകൾ തെറ്റായി രേഖപ്പെടുത്തുന്നത് ശരിയല്ല.
മഹാമാരിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിരുപാധിക പിന്തുണ നൽകുമ്പോൾ തന്നെ സർക്കാരിന്റെ വീഴ്ചകൾ ശ്രദ്ധയിൽപ്പെടുത്തും. ക്രിയാത്മകമായി പ്രതിപക്ഷം പെരുമാറിയതിന്റെ റിസൽട്ടായി ഞാൻ ഇതിനെ കാണും-സതീശൻ പറഞ്ഞു
അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞ പ്രധാനപ്പെട്ടകാര്യം മരണ നിരക്കിലെ ആശങ്കയായിരുന്നു. മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്മെന്റ് കമ്മിറ്റിയല്ല മറിച്ച് ഡോക്ടർമാരാണ്. ഡോക്ടർമാർ മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലെ പ്രധാന ആവശ്യം. മരണനിരക്കിലെ പരാമർശത്തെ ചൊല്ലി ആരോഗ്യമന്ത്രിയും പ്രതിപക്ഷവും നേരിട്ട് സഭയിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അടിയന്തിര പ്രമേയത്തിലെ പരാമർശങ്ങളോട് ആരോഗ്യമന്ത്രി വൈകാരികമായാണ് പ്രതികരിച്ചത്. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിമർശനം. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേ വ്യക്തമാക്കിയിരുന്നു. എന്നാൽ മനപ്പൂർവ്വം കോവിഡ് മരണ നിരക്ക് കുറച്ചുകാണിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Contenth Highlight: Determining covid mortality; VD satheesan facebook live