ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തജക പാക്കേജ് അധിക ചെലവ് അല്ലെ? കുടിശിക കൊടുത്തു തീർക്കൽ എങ്ങനെ ഉത്തേജക പാക്കേജ് ആകും? 21,715 കോടി അധിക ചെലവ് ആയേനെ. റവന്യു കമ്മി 36,000 കോടി ആവേണ്ടതായിരുന്നു. ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും വി ഡി സതീശൻ പറഞ്ഞു.
5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. തോമസ് ഐസക്ക് നേരത്തെ അവതരിപ്പിച്ച 2021-22 ലേക്കുളള ബജറ്റ് നിർദ്ദേശങ്ങൾ കേരളം ആഴത്തിൽ ചർച്ച ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുളളതാണ്. ആ ബജറ്റിലെ നിർദ്ദേശങ്ങൾ എല്ലാം തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്.
രണ്ടാം തരംഗത്തിന്റെന്റെ പശ്ചാത്തലത്തില്‍ ഉയർന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പാക്കേജിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉണ്ട്.