ഭക്ഷണം പാകം ചെയ്‌യുക എന്നത് ഒരു കല തന്നെയാണ്. എല്ലാ കൂട്ടുകളും കൃത്യമായി ചേർന്ന് നാവിൽ രുചിയായി മനസ്സിനെ സന്തോഷിപ്പിക്കുന്ന വയറുനിറയ്‍ക്കുന്ന അനുഭവം. എന്നാൽ ഭക്ഷണം ഉണ്ടാക്കാൻ അത്ര ഇഷ്ടമില്ലാത്തവരുണ്ട്, താൽപര്യമുണ്ടായിട്ടും പാചകം ശരിയാവാത്തവരും ഉണ്ട്. അത്തരത്തിൽ ഭക്ഷണമുണ്ടാക്കൽ എന്ന കലയിലെ തന്റെ അനുഭവം പങ്കുവയ്‍ക്കുകയാണ് എഴുത്തുകാരനും സംവിധായകനും നടനുമെല്ലാമായ രഘുനാഥ് പലേരി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ.
രുചിയുടെ അദൃശ്യ പ്രതലത്തിൽ സ്വാദെന്ന മൊണാലിസ ചിത്രം വരക്കുന്ന കൈപ്പുണ്യ മികവാണ് പാചകം. എന്തൊരു സ്വാദെന്ന്.., രുചിച്ചവർ പറയുമ്പോൾ, തിളങ്ങുന്ന മുഖത്ത് തെളിയുന്ന ഭാവം ഒരാൾക്കും അഭിനയിച്ചു കാണിക്കാൻ കഴിയില്ല. അത് അനുഭവിച്ചുതന്നെ തെളിയണം. സ്വാദിന്റെ മികവാർന്ന ഭാവം പ്രതിഫലിക്കുക കുഞ്ഞുങ്ങളുടെ മുഖത്താണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പവിത്രവും ശുദ്ധവും നിർമ്മലവുമായ സ്വാദ് കിട്ടിയോ, പിന്നെ കുഞ്ഞുങ്ങൾ അത് കോരിയെടുത്ത വിരലിനോ സ്പൂണിനോ പിറകെയായിരിക്കും. വീണ്ടും രുചിക്കാതെ വിട്ടുകൊടുക്കില്ല അവർ.
പാചക കാര്യത്തിൽ നിസ്സഹായനാണ് ഞാൻ. തനിച്ചാകുമ്പോൾ മുന്നിലെ അടുപ്പിൽ പാകമാവുന്ന ഭക്ഷണം എന്റെ വിശപ്പിനായി ഭക്ഷണത്തിന് തോന്നുന്ന രീതിയിൽ പാകപ്പെടുന്നതല്ലാതെ എന്റെ കരവിരുതൊന്നും ഭക്ഷണത്തിൽ പ്രകാശിക്കാറില്ല. മുളകിന് സ്വാഭാവികമായ എരുവ് ഉള്ളതുപോലെ ഞാൻ പാകം ചെയ്യുന്ന എന്തിനും അതിന്റെതായ ഒരു സ്വാദുണ്ടാവുംന്ന് മാത്രം. അതെന്ത് സ്വാദായിരിക്കും എന്ന് കഴിച്ചു നോക്കുമ്പോഴേ പ്രശ്നമാവൂ. മക്കൾക്കും അവരുടെ അമ്മക്കും, എന്റെ അച്ഛനും അമ്മക്കും ചങ്ങാതിമാർക്കും ഞാൻ ഭക്ഷണം പാകം ചെയ്തു കൊടുത്തിട്ടുണ്ട്. അവർ കഴിച്ചിട്ടും ഉണ്ട്. ഇനി ഉണ്ടാക്കണ്ട എന്നു പറഞ്ഞിട്ടും ഉണ്ട്. ഞാൻ ചിരിക്കും. വിരൽ പൊള്ളിയതും കണ്ണ് നിറഞ്ഞതും എനിക്കു മാത്രമുള്ള സ്വാദായ് മാറി നിൽക്കും.
ഒരിക്കൽ ഒരു മനോഹര അനുഭവമുണ്ടായി.
മകൾ ഒന്നാം ക്ലാസിൽ ഓടിക്കളിക്കുന്ന കാലം. അമ്മയായ സ്മിതയ്‍ക്ക് തീരെ വയ്‌യ. അടുക്കളയും അവളും മോളും എന്റെ പരിലാളനയിൽ.അമ്മയുടെ വേദന കണ്ട് മോള് സങ്കടത്തോടെ എന്നോട് രഹസ്യമായി ചോദിച്ചു.
അഛാ അമ്മ മരിച്ചു പോവ്വോ..?
എനിക്ക് സങ്കടം വന്നു. മോൾക്കെന്തെങ്കിലും പേടിയുണ്ടോ. ഞാനവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.
ഇല്ല മോളേ. അമ്മ മരിച്ചൊന്നും പോവില്ല. അമ്മക്ക് മരിക്കാൻ തീരെ ഇഷ്ടംല്ല്യ. ഇഷ്ടംല്ല്യാത്തത് അമ്മ ചെയ്‌യില്ല.
മോള് കാര്യമായി ചോദിച്ചു.
അമ്മ മരിച്ചാ എനിക്കാരാ ഭക്ഷണംണ്ടാക്കി തര്യാ..?
എനിക്ക് സമാധാനായി. ഭക്ഷണമാണ് മോളുടെ പ്രശ്നം.
അയ്‌യോ. മോൾക്ക് ഭക്ഷണം അഛനുണ്ടാക്കി തരൂലേ.
യാതൊരു മടിയുമില്ലാതെ അവൾ തുറന്നു പറഞ്ഞു.
അഛനുണ്ടാക്കുന്ന ഭക്ഷണം എനിക്കിഷ്ടല്ല.
എന്നിലെ നളൻ അന്ന് ബോധംകെട്ടതാണ്. ഇതുവരെ ഉണർന്നിട്ടില്ല. ഏറ്റവും സ്വാദുള്ള ഭക്ഷണമേതാണ്..?
അത് അഹങ്കാരമേതുമില്ലാതെ നിർമ്മമം രുചിക്കുന്ന ഏതോ നാവിന്നറ്റത്ത് എവിടെയോ ഉണ്ട്.
*ചിത്രത്തിൽ ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ സംവിധായകനും, നേരാം വണ്ണം ചട്ടകംപോലും പിടിക്കാനറിയാത്തൊരു ചങ്ങാതിയും. കലത്തിൽ ഷാനവാസ് ഭക്ത്യാദരപൂർവ്വം സമർപ്പിച്ച എന്തൊക്കെയോ വേവുന്നുണ്ട്. അരികിൽ ഈർന്നെടുത്ത തേക്കിൻ കഴ വണ്ണത്തിലുള്ള അയക്കുറ പൊരിയുന്നുണ്ട്. ഒടുക്കം വിളമ്പുക ഫിഷ് ബിരിയാണെന്നാണ് ഷാനവാസ് പറഞ്ഞത്. ഏറ്റവും സ്വാദുള്ള അടുക്കളയിലാണ് പാചകം നടക്കുന്നത്. അതുകൊണ്ടൊരു ആത്മധൈര്യം എനിക്കുണ്ട്.
സ്വാദുണ്ടാവും. മോശാവില്ല.
Content Highlights: Writer and Director Raghunath Paleri share about his cooking experience in Facebook