കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു നെക്സ്റ്റ് ജനറേഷൻ വിൻഡോസ് പുറത്തിറക്കാനൊരുങ്ങുന്നവെന്ന സൂചന നൽകുന്ന ടീസറുകൾ മൈക്രോസോഫ്റ്റ് പുറത്തുവിടുന്നുണ്ട്. എന്നാൽ മറ്റൊരു സുപ്രധാന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മൈക്രോസോഫ്റ്റ് പുറത്തിറക്കാൻ പോവുന്നത് കേവലം നിലവിലുള്ള വിൻഡോസ് 10 ന്റെ അപ്ഡേറ്റ് ആയിരിക്കില്ല, പകരം വിൻഡോസ് 11 എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ആയിരിക്കുത്രെ. ദി വെർജ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂൺ 24 ന് മൈക്രോസോഫ്റ്റിന്റെ പുതിയ വിൻഡോസ് ഇവന്റ് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ തിയ്‌യതി പ്രഖ്യാപിച്ചത്. പുതിയ വിൻഡോസ് ലോഗോ എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചന ഈ ഇവന്റിലേക്ക് ക്ഷണിച്ചുള്ള സന്ദേശത്തിനൊപ്പമുണ്ട്.
ലംബമായും തിരശ്ചീനമായുമുള്ള രണ്ട് അഴികളുള്ള ജാലകമാണ് വിൻഡോസ് ഓഎസിന്റെ ചിഹ്നം. പുതിയ ചിത്രീകരണത്തിൽ ഈ ജാലകത്തിലൂടെ പ്രകാശം കടന്നുവന്ന് നിലത്ത് പതിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ ലംബമായുള്ള അഴിയുടെ നിഴൽ താഴെ പതിച്ചിട്ടുണ്ടെങ്കിലും തിരശ്ചീനമായ അഴിയുടെ നിഴൽ ചിത്രത്തിലില്ല. ഇത് മൈക്രോസോഫ്റ്റ് ഡിസസൈനർമാർ മനപ്പൂർവം ചെയ്തതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വരുമ്പോൾ താഴെ പതിച്ചിരിക്കുന്ന പ്രകാശം 11 എന്ന അക്കത്തിന് സമാനമായി വരും. ഇത് വിൻഡോസ് 11 ഓഎസ് പതിപ്പിന്റെ സൂചനായണെന്നും നിരീക്ഷിക്കപ്പെടുന്നു.
ഇത് മാത്രവുമല്ല. മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥനായ യൂസ് വെബ്ദി അടുത്തിടെ പങ്കുവെച്ച ട്വീറ്റിൽ അദ്ദേഹം വിൻഡോസിന്റെ പുതിയ പതിപ്പ് എന്ന് പ്രയോഗിക്കുന്നുണ്ട്.
അങ്ങനെ പുതിയ ഒരു വിൻഡോസ് പതിപ്പിനാണ് മൈക്രോസോഫ്റ്റ് പദ്ധതി ഇടുന്നത് എങ്കിൽ. മുൻ കാലങ്ങളിൽ കണ്ടത് പോലെ കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളോടെ ആയിരിക്കും പുതിയ പതിപ്പ് എത്തുക.
Content Highlights: microsoft ready to launch windows 11, Windows new version, update, launch