കോട്ടയം: എനിക്ക് ഈ അമ്മയെ കണ്ടുകൊണ്ടിരിക്കാനാണ് ഇഷ്ടം. ഒരു ക്ളാസ് എടുക്കുന്നതു പോലെ രസകരവും വിജ്ഞാനപ്രദവും. കുട്ടികൾ ടീച്ചറുടെ വീഡിയോ തീർച്ചയായും കാണണം കുക്കിങ് വിത്ത് സുമ ടീച്ചർ എന്ന യൂട്യൂബ് ചാനലിലെ പാചക വീഡിയോ കണ്ട് ആവേശപ്പെടുന്നവരുടെ പ്രതിനിധികളിലൊരാളായ ജയാ ജേക്കബിന്റെ കമന്റാണിത്.
പാചകത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളി മനസ്സിൽ വേറിട്ട രുചി പകർന്ന റിട്ട. അധ്യാപിക സുമ ശിവദാസിന്റെ യൂട്യൂബ് സബ്സ്ക്രൈബേഴ്സ് രണ്ടര ലക്ഷത്തിലേക്ക്. ഒപ്പം വരുമാനം ആരെയും അദ്ഭുതപ്പെടുത്തും വിധത്തിലും.
പാചകശാസ്ത്രം
വിഭവം തയാറാക്കുന്നതിൽ മാത്രമല്ല ടീച്ചറുടെ പാചകശാസ്ത്രം. അല്പം സയൻസും ചരിത്രവും കഥകളും ഒക്കെ ചേർത്തുള്ള ഒരു പുത്തൻ ചേരുവ.
ചിലർക്കത് സയൻസാകാം. മറ്റ് ചിലർക്ക് മധുരമുള്ള കുട്ടിക്കാല ഓർമയോ എന്നോ നഷ്ടമായ രുചിയുടെ ഓർമപ്പെടുത്തലോ ആകാം.
കോട്ടയം, കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂളിൽനിന്ന് ഹെഡ്മിസ്ട്രസായി വിരമിച്ച ശേഷം ഈ സയൻസ് അധ്യാപിക ആദ്യം പാചക എഴുത്തിലാണ് സജീവമായത്. എന്നാൽ, ലോക്ഡൗൺ കാലത്ത് വീടുകളിലെ വിഭവങ്ങളുടെ കുറവ് മുന്നിൽ കണ്ട് വീട്ടിലുള്ളവകൊണ്ടുള്ള പാചകക്കുറിപ്പുകൾ പകർന്ന് നൽകാനായി ശ്രമം. അത് വിജയിച്ചപ്പോൾ കാഴ്ചക്കാർ മെല്ലെ വർധിച്ചു.
വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും പാചക വീഡിയോകൾ ക്ലാസ്മുറിയിൽ കുട്ടികളെ പഠിപ്പിക്കുന്ന ശൈലിയാണ് ഓർമപ്പെടുത്തുന്നത്. കാര്യങ്ങൾ കാഴ്ചക്കാരുടെ മനസ്സിൽ ഉറപ്പിക്കണമെന്ന് ശാഠ്യം.
ഓരോ ചേരുവയും ചേർക്കേണ്ട സമയമുണ്ടെന്ന് ടീച്ചർ. നെയ്‌യ് ചേർക്കുന്നതിന് ഒരു സമയം. ഒന്നുകിൽ ആദ്യം. അല്ലെങ്കിൽ അവസാനം. ഉപ്പ്, വെള്ളവും അതുപോലെ. ഉപ്പിടുന്നത് കൈ കൊണ്ട് എന്നാണ് ചൊല്ല്. കൃത്യമായ അളവ് കൈയറിയണം. അത് സ്നേഹവും വാത്സല്യവുമാകുമ്പോൾ ശാസ്ത്രീയമുണ്ട്. മറ്റെന്തും അല്പം കൂടിയാലും കഴിക്കാം. പക്ഷേ, ഉപ്പ് കൂടിയാലോ.
വേവിക്കാൻ തീ കൂട്ടുന്നത് നമ്മൾ പുരയ്‍ക്ക് മുകളിൽ തീ കത്തിക്കുന്നതു പോലെയെന്ന് ഈ പാചകക്ളാസ്. അരിയും കടലയും വേവിക്കുമ്പോൾ ശ്രദ്ധിക്കണം.
100 ഡിഗ്രിയിൽ തിളയ്‍ക്കുമ്പോൾ അതിലും കൂടുതൽ ചൂടിട്ടാൽ കഷ്ണം വേകില്ല.
പതിയാണ് ഈ ശർക്കര
പഴം നുറുക്ക് പാകം ചെയ്‌യുമ്പോൾ ശർക്കര താരമാകുന്നു. ഈ ശർക്കരയ്‍ക്കുണ്ട് ഒരു കഥ. ഇതൊരു ഫോറിൻ ശർക്കരയാണ്.
പത്തനംതിട്ട വാഴമുട്ടത്തുനിന്നുള്ളതാണ്. ശർക്കര ഉണ്ടാക്കുന്നതിന്റെ അവസാനഭാഗത്തുള്ളതാണിത്. പതിയെന്നാണ് പറയുന്നത്. പാനിയല്ല. ശർക്കരയുടെ വകഭേദം അറിയുകയായി കാഴ്ചക്കാർ. അഭിപ്രായമിടുന്ന ആയിരക്കണക്ക് ആരാധകരുമായി അടുത്ത ബന്ധമുണ്ട്. ദോശക്കല്ല് മെരുങ്ങാത്തവർക്ക് ഒരു ടിപ്പ്: അധികം ചൂടാകുമ്പോൾ ഇടയ്‍ക്ക് വെള്ളം ഒഴിച്ച് തണുപ്പിക്കൂ. ഏത് കല്ലിനെയും സഹകാരിയാക്കാം. ഇങ്ങനെ പറയുമ്പോൾ ചിലർ കണ്ണുരുട്ടും. ഇതെന്താ പാചകമോ മെകിസ്ട്രിയോ. ടീച്ചർ ചിരിക്കും. പാചകം മൊത്തം ശാസ്ത്രമല്ലേ. ഗോതമ്പിൽ ഗ്ളൂട്ടോമിൻ ഉണ്ട്. പഞ്ചസാര കരിയുന്നതിൽ രസതന്ത്രമുണ്ട്. തൈര് പിരിയുന്നതിൽ ജീവശാസ്ത്രവും. ടീച്ചർ പറയുന്നു.
എഴുത്തുകാരനും പ്രശസ്ത ശാസ്ത്രസാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. എസ്. ശിവദാസാണ് ഭർത്താവ്. മക്കൾ: ദീപു, അപു. മരുമക്കൾ: ദീപ, സരിത.
Content Highlights: Retired Teacher from kerala start a cookery youtube channel