ചെറുപ്പത്തിൽ ഞാൻ പാമ്പുകളെ സ്വപ്നം കണ്ടിരുന്നു, അതും സ്ഥിരമായി. ചിലപ്പോൾ നായ്ക്കളേയും ഭവനഭേദനം നടത്താൻ സാധ്യതയുള്ള സങ്കൽപ്പത്തിലെ കള്ളന്മാരെയും. ചിലതെല്ലാം പഴയ ഡയറികളിൽ എഴുതി വെച്ചിരുന്നതു കൊണ്ട് ഇപ്പോൾ ഓർമ പുതുക്കാൻ സാധിച്ചു. ഒരിക്കൽ ” സ്വപ്നങ്ങൾ” എന്ന പേരിൽ ഒരു ബ്ലോഗ് സ്പോട്ടും ഞാൻ തുടങ്ങിയിരുന്നു. എന്തുകൊണ്ടോ, രണ്ട് ബ്ലോഗിൽ കൂടുതൽ അത് തുടർന്നില്ല. സ്വപ്ന വിവരണം എത്ര അസഹ്യമാണെന്ന് ഒരിക്കൽ ഒരു സുഹൃത്തു പറഞ്ഞു. ശരിയായിരിക്കും എന്ന് ഉൾക്കൊണ്ട്, പിന്നീട് സ്വപ്നങ്ങൾ ഉള്ളിൽ തന്നെ എഴുതി തീർത്തു. രാവിലെ ചായ തിളപ്പിക്കുമ്പോഴും ദോശ പരത്തുമ്പോഴും ഞാൻ അത് ഉള്ളിൽ എഴുതിക്കൊണ്ടിരുന്നു. എഴുതി തീർത്തു കളയുന്ന അസ്വസ്ഥതകൾ പോലെ. അമ്മ രാവിലെ തന്നെ ദേഷ്യത്തിലാണെന്ന് കുട്ടികൾ അടക്കം പറഞ്ഞു. ചമ്മന്തിക്ക് എരിവ് കൂടുതലാണെന്ന് പറഞ്ഞ് അവർ എന്റെ ചിന്തകളെ തടസ്സപ്പെടുത്തുന്നുണ്ട്.
അവബോധങ്ങളിൽ അലയടിക്കുന്ന ഉപ്പുരസം ബോധത്തിലും അബോധത്തിലും തലച്ചോറിൽ ചലനങ്ങളുണ്ടാക്കി. ഉറക്കത്തിലും ഉണർവിലും ആ അന്തർദർശനം എന്നിൽ മറ്റ് പല ലോകകാഴ്ചകളുടെ ചിത്രങ്ങൾ തൊടുത്തിയിട്ടു. ചില ഞൊടിയിടകളുടെ ദൈർഘ്യദശകം;. നിമിഷങ്ങളുടെ കണികകൾ ദശകങ്ങളായി മാറുന്ന സ്വപ്ന ലോകം. മന്ത്രവും മായവുമല്ല വെറും സ്വപ്നം, യഥാർത്ഥ സ്വപ്നം.
കഥകളിൽ സ്ഥിരമായി സ്വപ്നങ്ങൾ എഴുതാറുള്ള ഒരു എഴുത്തുകാരനെ ഞാൻ വളരെ താൽപ്പര്യത്തോടെയാണ് കണ്ടത്. ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കല്ല എന്ന് അയാളുടെ കഥകൾ വായിച്ചപ്പോൾ തോന്നിയിരുന്നു. ഫേസ് ബുക്കിൽ അയാളുടെ പേര് കണ്ടു പിടിച്ച് ഞാൻ ഒരു മെസേജ് അയച്ചു.
” _ കഥ എനിക്ക് ഇഷ്ടപ്പെട്ടു”
ഒരു നന്ദി കുറിപ്പ് തിരിച്ചു വന്നു.
” സ്വപ്നങ്ങൾ, അതാണ് എനിക്ക് പിടിച്ചത്. നിങ്ങൾ ഇത്തരത്തിൽ സ്വപ്നങ്ങൾ കാണുന്നുണ്ടല്ലോ!”
” ഹ! ഹ! സ്വപ്നങ്ങൾ ഉണ്ടാക്കാൻ പഠിക്കണം” ഇതും പറഞ്ഞ് ദുരൂഹമായ ചില ചിരികളുടെ ഇമോജികൾ അയാൾ തൊടുത്തു വിട്ടു.
സ്വപ്നങ്ങൾ ഭാവനയിൽ കണ്ട് എഴുതാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സമാനമായ സന്ദർഭം ഷുസെ എദ്വാർദു അഗ്വാ ലൂസയുടെ ഒരു നോവലിൽ ഉണ്ട്. അത് ഇങ്ങനെയാണ് –
“സ്വപ്നങ്ങൾ അതിലോലമായ പുരാവസ്തുക്കൾ ആണ് ” അയാൾ പിറുപിറുത്തു.
” വെളിച്ചത്തിൽ മിക്കവയും വേതാളത്തിന്റെ തൊലി പോലെ പൊടിഞ്ഞു പോവുന്നു, ചാരം പോലും അവശേഷിക്കാതെ. പലർക്കും സ്വപ്നം കാണേണ്ടത് എങ്ങിനെയെന്ന് അറിയില്ല. നിങ്ങൾക്ക് അതിനുള്ള പ്രേരണയുണ്ട്, പക്ഷെ പരിശീലനത്തിന്റെ കുറവുണ്ട്.”
” പരിശീലനം ?”
” സ്വപ്നം കാണാൻ സ്വയം പരിശീലിപ്പിക്കൂ. നിങ്ങളുടെ സ്വപ്നത്തിൽ വിശ്വസിക്കൂ. ഇപ്പോൾ ഉണരൂ , മനുഷ്യാ “
” ഇല്ല. ഇപ്പോഴില്ല! മരണത്തെ കുറിച്ച് പറയൂ “
” എന്ത്?”
“രണ്ട് പ്രാവശ്യം മരിച്ചു എന്ന് നിങ്ങൾ പറഞ്ഞു. രണ്ടാമത്തെ പ്രാവശ്യം മരിച്ചപ്പോൾ നിങ്ങൾ സമയം ഇല്ലാത്ത ഒരു സ്ഥലത്ത് ഉണർന്നുവെന്നും.”
” അതെ, സമയം ഒരു നുണയാണ്. പക്ഷെ, അനിവാര്യമായ ഒന്ന്. മരണവും.
ഉണരൂ, ഉണരൂ, ഉണരൂ!
ഇനി നിങ്ങൾ ഉണർന്നില്ലെങ്കിൽ ഈ സ്വപ്നം നിങ്ങൾക്കു നഷ്ടപ്പെടും. മറ്റൊന്ന് ഈ രാത്രിയിൽ നിങൾക്കില്ല താനും.”
ഞാൻ ഉണർന്നു. ബദ്ധപ്പെട്ട് എഴുന്നേറ്റ് നിന്ന് ജനാലക്കരികിലേക്ക് നടന്നു.പുറത്ത്, മഴ പെയ്യുന്നുണ്ടായിരുന്നു. വെള്ളം ശക്തിയിൽ ചൊരിഞ്ഞു കൊണ്ടിരുന്നു.
ചില സ്വപ്നങ്ങൾ മറന്നു പോവാതിരിക്കാൻ ഞാൻ ഡയറിയിൽ വിശദമായി എഴുതി വെക്കാറുണ്ട്. മല മുകളിലെ സ്വപ്നം പല തവണ വന്നതായി മനസിലാക്കിയത് അങ്ങിനെയാണ്. ഞാൻ സന്ദർശിച്ച മലകൾക്കു മുകളിലെല്ലാം ഒരു അമ്പലം ഉണ്ടായിരുന്നു. അമ്പലത്തിൽ കയറാതെ ഞാൻ ഒരു പാറക്കല്ലിൽ കാൽ പിണച്ച് ഇരുന്നു. കോടമഞ്ഞ് കാഴ്ചയെ മറച്ചു കൊണ്ടിരുന്നു. ഹെയർ പിൻ വളവുകളിലൂടെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചം മാത്രം കാണാൻ കഴിയും. എന്തിനാണ് ഇത്രയും ആളുകൾ മലമുകളിലേയ്ക്ക് വരുന്നത്?
എന്നെ സംബന്ധിച്ച് മല കയറ്റത്തേക്കാൾ ആയാസകരമാണ് ഇറങ്ങുന്നത്. കാലുകൾ തളരും, മുട്ടു വിറയ്ക്കും, താഴേയ്ക്കുള്ള കാഴ്ചയിൽ ധൈര്യം ചോർന്നു പോവും. പക്ഷെ, എനിക്ക് ഇറങ്ങിയേ തീരൂ. മഞ്ഞിനെ മറികടന്ന് താഴോട്ട് നടക്കുമ്പോഴാണ് മകൻ റോഡ് ക്രോസ് ചെയ്ത് എന്റെ നേർക്ക് ഓടി വരുന്നത്. അവൻ തീരെ ചെറുതാണ്. തിരിച്ച് ഓടാൻ കാലും കൈയ്യും അനങ്ങുന്നില്ല. ഒരു വാഹനം വന്നാൽ പോലും അറിയാത്ത അത്രയക്ക് മഞ്ഞ് കാഴ്ചയെ മൂടിയിരിക്കുന്നു. നിസ്സഹായമായ ഒരു അവസ്ഥയിൽ ഞാൻ കിടക്കയിൽ തന്നെ കിടക്കുന്നു, ഉറക്കം കഴിഞ്ഞിട്ടും. ക്ഷീണത്തോടെ കിടന്ന ചില ഉച്ചയുറക്കങ്ങളിലാണ് ഈ സ്വപ്നം പല തവണ വന്നത്. പിന്നീട് വൈകുന്നേരത്തെ ചായക്കൊപ്പം വീണ്ടും ഓർത്തു കൊണ്ടിരുന്നത്. ചെറുപ്പത്തിൽ പല തരം സ്വപ്നങ്ങൾ കണ്ടിരുന്നുവെങ്കിൽ, ഇപ്പോൾ ഞാൻ ആ ബാല്യത്തിന്റെ നിസ്സഹായാവസ്ഥയാണ് പലപ്പോഴും രാത്രികളിൽ അനുഭവിക്കുന്നത്.ടോവ് ഡിട്ൽവ്സണിൻ്റെ “Childhood, Youth, Dependency ” എന്ന പുസ്തകത്തിൽ ബാല്യത്തെ കുറിച്ച് പറയുന്നുണ്ട്: –
” ബാല്യകാലം ഇരുണ്ടതാണ്. കൂട്ടിൽ പൂട്ടിയിട്ട് മറന്നു പോയ ഒരു ചെറിയ മൃഗത്തെ പോലെ അത് കേഴുന്നു. തണുപ്പിലെ നിശ്വാസം പോലെ അത് തൊണ്ടയിൽ നിന്ന് പുറത്തു വരുന്നു, ചിലപ്പോൾ വളരെ ചെറുതായി, ചിലപ്പോൾ വളരെ വലുതായി. അത് ഒരിക്കലും കൃത്യമാവുന്നില്ല. അത് അകന്നു പോവുമ്പോൾ മാത്രമെ നിങ്ങൾക്ക് ശാന്തമായി അതിനെ നോക്കി കാണാനും അതെക്കുറിച്ച് സംസാരിക്കാനും സാധിക്കുകയുള്ളൂ, നിങ്ങൾ അതിജീവിച്ച ഒരു അസുഖം പോലെ. തങ്ങൾക്ക് ഒരു സന്തോഷകരമായ കുട്ടിക്കാലം ഉണ്ടായിരുന്നു എന്ന് മുതിർന്നവർ മിക്കവരും പറയുന്നു, അവർ അങ്ങിനെ തന്നെ സ്വയം വിശ്വസിക്കുന്നു. പക്ഷെ, എനിക്ക് അങ്ങിനെ തോന്നുന്നില്ല. എനിക്ക് തോന്നുന്നത് അവർക്ക് അതെല്ലാം മറവിയിലേക്ക് തള്ളാൻ കഴിഞ്ഞു എന്നു മാത്രമാണ് ”
ലോക്ക് ഡൗൺ കാലത്ത് തന്റെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പ് സജീവമായി എന്ന് ഒരു കൂട്ടുകാരി പറഞ്ഞു. അവൾ അതിൽ കഥകൾ എഴുതി പല കാലിക പ്രശ്നങ്ങളും തൽക്കാലത്തേക്കെങ്കിലും ഓർക്കാതിരിക്കുന്നു വെന്നും. വീട്ടിൽ നിന്നും സ്കൂളിലേയ്ക്കുള്ള വഴിയിൽ മാന്തോപ്പിൽ ഓടിക്കളിക്കുന്നതും മറ്റും രസകരമായി എഴുതി അവൾ അയച്ചു തന്നു. എന്റേത് മറ്റൊരു തരം കുട്ടിക്കാലം ആയിരുന്നു. ഏഴ് വർഷം വീട്ടിൽ നിന്ന് അകന്നു നിന്നത് കൊണ്ട് അത് മറ്റൊരു ജന്മമായി എനിക്ക് തോന്നി. നാട്ടിലെ മറ്റ് കുട്ടികളെ പോലെ രാവിലെ സ്ക്കൂൾ ബസിൽ കയറി പോവുകയും പകൽ സമയം മാത്രം സ്കൂളിൽ ചെലവിടുകയും വൈകുന്നേരം വീട്ടിലെത്തി പുറത്തെ തെരുവിൽ കൂട്ടുകാരോടൊത്ത് കളിക്കാൻ പോവുകയും എന്റെ രീതികൾ ആയില്ല. ഹോസ്റ്റലിൽ നിന്ന് മാറി നിൽക്കുന്ന നിൽക്കുന്ന രണ്ടു മാസ വെക്കേഷൻ കാലത്ത് തിരക്കിട്ട ബസ്സിൽ കയറാനും മുകളിലെ കമ്പിയിൽ തൂങ്ങി നിൽക്കാനും ആവാതെ ഞാൻ പകച്ചു. റോഡിലൂടെ നടക്കുമ്പോൾ വലത് ഏത് ഇടത് ഏത് എന്നൊക്കെ ഓർത്ത് പരുങ്ങി.
” നിലാവത്ത് അഴിച്ചു വിട്ട കോഴിടെ പോലെ ആണ് ഇവൾടെ കാര്യം ” _ അമ്മ പലപ്പോഴും കളിയാക്കി.
ശരിയായിരുന്നു. കമ്പിവേലിക്കുളളിലെ റെസിഡൻഷ്യൽ സ്ക്കൂൾ ജീവിതവും പുറത്തെ ജീവിതവും രണ്ടും രണ്ടായിരുന്നു. അതു കൊണ്ടു തന്നെ, ഏഴു വർഷങ്ങൾക്കു ശേഷം നഗരത്തിലെ ഗവൺമെന്റ് കോളജിൽ പഠനത്തിനു ചേർന്നപ്പോൾ പൊടുന്നനെ വന്നു ചേർന്ന സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി. എന്നിലേക്കു തന്നെ ഉൾവലിഞ്ഞു. അന്തർമുഖത്വമാണ് എനിക്കു വേണ്ട സ്വാതന്ത്ര്യം എന്ന് സ്വയം തിരിച്ചറിഞ്ഞു.
ഒരു ജന്മം എന്നിൽ നിന്ന് പതുക്കെ പടിയിറങ്ങി പോയി. മറ്റൊരാളായി ജീവിച്ച ഒരു കാലത്തെ, അന്നത്തെ മനുഷ്യരെ എല്ലാം മറക്കാൻ ശ്രമിച്ചു. എങ്കിലും സ്വപ്നങ്ങളിൽ ഒരു ഗ്രെ ആൻഡ് വൈറ്റ് ജന്മം വന്നു പൊയ്ക്കൊണ്ടിരുന്നു. പലപ്പോഴും ഉറക്കത്തിൽ ഞാൻ നിസ്സഹായയായി. തനിച്ചു നിൽക്കുന്ന മലഞ്ചെരിവുകൾ, കുത്തിയൊഴുകുന്ന മഴവെള്ളപ്പാച്ചിൽ, ഒറ്റപ്പന, വിജനമായ മണൽപരപ്പ്, ഇരുളടഞ്ഞ ഹോസ്റ്റൽ മുറികൾ, ഡബ്ബിൾ ഡക്കർ കട്ടിലുകൾ, എപ്പോഴും എന്നെ തന്നെ നോക്കുന്ന രണ്ട് കണ്ണുകൾ, മറന്നു പോയ മനുഷ്യർ.. മറ്റൊരു ജന്മത്തിൽ നിന്ന് ഇങ്ങനെ ഓരോന്നും രാത്രികളിൽ എന്നെ സന്ദർശിച്ചു കൊണ്ടിരുന്നു. ഇരുപത്തി മൂന്ന് കൊല്ലങ്ങൾക്കു ശേഷം പഴയ കൂട്ടുകാർ ഫേസ് ബുക്കിലും വാട്സാപ്പിലും ഒത്തു കൂടി കഥകൾ പങ്കുവെക്കാൻ തുടങിയപ്പോൾ സ്വപ്നങ്ങളുടെ അസ്വസ്ഥത ഒന്നു കൂടി വർദ്ധിച്ചു. ” ഇതൊന്നും ഒഴിഞ്ഞു പോവുന്നില്ലല്ലോ ” എന്ന് കൂട്ടത്തിലെ ഒരാൾ തന്നെ ആവലാതിപ്പെട്ടതും കണ്ടു.
അജയ് പി മങ്ങാട്ട് ഒരു ലേഖനത്തിൽ (1) എഴുത്തുകാരനായ റോളണ്ട് ബാർത്തിനെ പരാമർശിച്ചതു വായിച്ചപ്പോൾ, ഇത് തന്നെയല്ലേ എനിക്കും പറയാനുള്ളത് എന്നു തോന്നി. ആരോടൊക്കെയോ, ചിലപ്പോൾ എന്നോടു തന്നെയും. അത് ഇങ്ങനെയാണ് –
”നിങ്ങൾ പണ്ട് കണ്ടയിടത്തിൽ ഇന്നും എന്നെ പ്രതീക്ഷിക്കരുത്. ഞാൻ അവിടെ നിന്നു പുറപ്പെട്ടു പോയിരിക്കുന്നു.” റോലോങ് ബാത്തിന്റെ (Roland Barthes) വിവർത്തക കേററ് ബ്രിഗ്സ് അതെപ്പറ്റി ഇങ്ങനെ പറയുന്നു – ” ബാത്ത് പറഞ്ഞത് ശരിയാണ്. കണ്ണാടിയിൽ എന്നെ കാണുമ്പോൾ എനിക്കും അതറിയാം – നിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആളല്ല ഞാൻ ഇപ്പോൾ. നിന്നെ പണ്ടു പ്രേമിച്ച ആളല്ല, നിന്നോട് പണ്ട് കലഹിച്ച ആളുമല്ല. അന്ന് കൊടി പിടിച്ച് പിറകിൽ നടന്ന ആളല്ല. ഇന്നു ഞാൻ ആ സ്ഥലങ്ങൾ, ആ ഒച്ചകൾ, ആ വേദനകൾ ഒക്കെയും ഉപേക്ഷിച്ചു പോന്നിരിക്കുന്നു. ഇന്നെനിക്ക് പുതിയ ശൂന്യതകളുണ്ട്, പുതിയ ആവലാതികളുണ്ട്. പക്ഷെ മനുഷ്യർ ഇപ്പോഴും എന്നെ പഴയ ഇടങ്ങളിൽ തിരയുന്നു” (1)
കേറ്റ് ചോപ്പിന്റെ “The Story of an Hour” എന്ന ഒരു കഥയുണ്ട്. ഭർത്താവിന്റെ മരണവിവരം അറിഞ്ഞിട്ടുള്ള ഒരു മണിക്കൂർ നേരം ലൂയിസ് എന്ന സ്ത്രീ അനുഭവിക്കുന്ന സമ്മിശ്ര വികാരങ്ങളാണ് വെറും മൂന്നു പേജ് മാത്രമുള്ള കഥയിൽ. ആദ്യ നിമിഷങ്ങളിൽ നിയന്ത്രണം വിട്ട് സഹോദരിയുടെ കൈകളിൽ കിടന്ന് പൊട്ടിക്കരഞ്ഞ അവർ ആ സങ്കട കൊടുങ്കാറ്റ് കഴിഞ്ഞപ്പോൾ തന്റെ മുറിയിലേക്ക് ഒറ്റയ്ക്ക് പോവുന്നു. അവിടെ ഒറ്റയ്ക്ക് തുറന്ന ജനാലയ്ക്ക് മുന്നിൽ തന്റെ ചാരു കസേരയിലിരിക്കുമ്പോൾ വല്ലാത്ത ഒരു ആനന്ദം അവരിലേക്ക് പ്രവഹിക്കുന്നു. തന്റെ ശരീരവും മനസും സ്വതന്ത്രമായെന്ന് അവർ പതുക്കെ പറയുന്നു. കയ്പേറിയ ഒരു നിമിഷത്തിനപ്പുറത്ത് അവരുടേത് മാത്രമായ വരാനിരിക്കുന്ന വർഷങ്ങളുടെ ഒരു നീണ്ട നിര അവർ കാണുന്നു. അവയെ സ്വീകരിക്കാൻ കൈകൾ വിരിച്ചു നിൽക്കുന്നു. എന്നാൽ, ഒരു മണിക്കൂറിന് ശേഷം ഇതൊന്നും അറിയാതെ വീട്ടിലേക്ക് വന്നു കയറുന്ന ഭർത്താവിനെ കണ്ട് അവർ ഹൃദയാഘാതത്തിൽ മരിക്കുന്നു. “കൊല്ലുന്ന സന്തോഷം” കൊണ്ടാണ് അവർ മരിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.
എന്തിനാണ് ഞാൻ ഈ കഥ ഇവിടെ പറഞ്ഞത്? ഒരിക്കൽ കഴിഞ്ഞു പോയി എന്ന് ധരിച്ചു വെച്ചിരുന്ന നിസ്സഹായതയുടെ ഒരു കാലം സ്വപ്നത്തിൽ വരുമ്പോഴെല്ലാം ഞാൻ ഈ കഥ ഓർത്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആകാശം എന്ന ഒരു അവസ്ഥയില്ല എന്ന് ഓർമിപ്പിക്കും മട്ടിൽ. കഴിഞ്ഞ ദിവസം നൊമാഡ് ലാൻഡ് എന്ന സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ വീണ്ടും ഈ കഥ ഓർത്തു. നെവാഡയിലെ ജിപ്സം ഫാക്ടറി അടച്ചു പൂട്ടുന്നതിനെ തുടർന്ന് ആദ്യം ജോലിയും പിന്നീട് ഭർത്താവിനെയും നഷ്ടപ്പെട്ട് വർഷങ്ങളോളം താമസിച്ചിരുന്ന സ്ഥലം ഉപേക്ഷിച്ച് ഒരു വാനിൽ നാടോടിയായി സഞ്ചരിക്കുന്ന അറുപതുകാരിയായ ഫേണിന്റെ കഥ, ദൃശ്യ കവിത പോലെയാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ജീവിതം മറിച്ചായിരുന്നെങ്കിൽ കേറ്റ് ചോപ്പിന്റെ ലൂയിസ് എന്ന കഥാപാത്രവും നൊമാഡ് ലാൻഡിലെ ഫേണും ഒരാൾ തന്നെ ആയിരുന്നേനെ!
പറഞ്ഞു വന്നത് സ്വപ്നങ്ങളെ കുറിച്ചാണ്. ജീവിതം ഉപേക്ഷിച്ചു പോയ ആത്മാക്കളെ പോലെ അവ എന്റെ ഉറക്കത്തെ കാർന്നു തിന്നുന്നു. ദൂരെ രണ്ട് പേർ നടന്നു നീങ്ങുന്നു. മഞ്ഞിന്റ പുകമറയ്ക്ക് അപ്പുറത്ത് നിന്ന് എനിക്കവരെ കാണാൻ സാധിക്കുന്നില്ല, തന്നെ. എങ്കിലും ഒരാൾക്ക് സ്വന്തം നിഴലുപോലെ വിദൂരഛായ!
” അടുത്തു ചെല്ലുവാൻ വയ്യ!
ജനാലയ്ക്ക്, ജന്മങ്ങൾക്കു
പുറത്തു ഞാൻ വ്യഥ പൂണ്ടു
കാത്തു നിൽക്കുന്നൂ ” (2)
(1) “എഴുത്തുകാരന്റെ പിറവിയും വിവർത്തകന്റെ ഭാവനയും ” – അജയ് പി മങ്ങാട്ട് (മനോരമ ഓൺലൈനിൽ എഴുത്തു മേശ എന്ന കോളത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ)
(2) ഒരു സ്വപ്നം – സുഗതകുമാരി
The post സ്വപ്നം കാണാനുള്ള പരിശീലനം appeared first on Indian Express Malayalam.