സമകാലിക കേരളത്തിലെ ധൈഷണിക മേഖലയിൽ മൗലികമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെയ്ക്കുന്ന സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ് പ്രൊഫസർ എം. കുഞ്ഞാമൻ. കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കുഞ്ഞാമനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
ആദ്യഭാഗം: യുഡിഎഫിന്റെ പരാജയം ചെന്നിത്തലയുടെ വീഴ്്ച കൊണ്ടല്ല: എം. കുഞ്ഞാമൻ
ഒരു വശത്ത് അധികാരം കൂടുതലായി കേന്ദ്രീകരിക്കപ്പെടുന്നു. മറുവശത്ത് പ്രതിപക്ഷം ദുർബ്ബലമാവുന്നു. ഈ പരിതസ്ഥിതിയിൽ പുതിയ പ്രതിപക്ഷ നേതാവിന്റെ പങ്ക് എത്രമാത്രം നിർണ്ണായകമാണ്?
41 എം.എൽ.എമാർ മാത്രമുള്ള പ്രതിപക്ഷനിരയാണ് കേരളത്തിലുള്ളത്. ഇതിൽ ഒരു പ്രതിപക്ഷ നേതാവിന് എത്രമാത്രം പ്രസക്തിയുണ്ട് എന്ന ചോദ്യം ആപേക്ഷികമാണ്. ദുർബ്ബലമായ ഒരു പ്രതിപക്ഷത്തിന് കാര്യമായൊന്നും ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം. നിയമസഭയിൽ കാര്യങ്ങൾ ചർച്ച ചെയ്യാം. പല വിഷയങ്ങളും ഉയർത്തിക്കാട്ടാം. പക്ഷേ, പ്രതിപക്ഷത്തിന്റെ ഈ അഭിപ്രായങ്ങളൊന്നും ഗൗനിക്കാതെ സർക്കാരിന് മുന്നോട്ടുപോവാനാവും.
ഇവിടെ ഒരു കാര്യം ഒന്നുകൂടി സവിശേഷമായി പ്രതിപാദിക്കാമെന്ന് കരുതുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിനെ നേരിടാൻ കോൺഗ്രസ് പുതിയ പ്രതിപക്ഷ നേതാവിനെ കൊണ്ടുവരുന്നു. ഈ മാറ്റം ഉപരിപ്ലവമാണെന്നാണോ താങ്കൾ നിരീക്ഷിക്കുന്നത്?
അതെ! ഇവിടെ മാറുന്നത് നടീനടന്മാരാണ്. തിരക്കഥയോ കഥാപാത്രങ്ങളോ മാറുന്നില്ല. അഭിനയിക്കുന്നവരാണ് മാറുന്നത്. കഥയും സംവിധായകനും മാറുന്നില്ല. രമേശ് ചെന്നിത്തലയെ മാറ്റിയതുകൊണ്ട് പരിഹരിക്കപ്പെടാവുന്ന പശ്നമല്ലിത്. അടിസ്ഥാനപരമായി ഘടനാതലത്തിലുള്ള പ്രശ്നമാണിത്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ നോക്കൂ. ഭരണഘടനയുടെ 19-ാം വകുപ്പിന്റെ സാംഗത്യം ഇല്ലാതാവുന്ന സ്ഥിതി വിശേഷമാണുള്ളത്. അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവുമൊക്കെ അപകടത്തിലാണ്. മൃഗീയമായ ഭൂരിപക്ഷം കിട്ടുന്നത് അത് കിട്ടുന്ന പാർട്ടിക്കും നല്ലതല്ല.
കോൺഗ്രസ് സർക്കാരുകൾ ഇന്ത്യയിൽ പുരോഗമനപരമായ പല കാര്യങ്ങളും കൊണ്ടുവന്നിട്ടുണ്ട്. 1951-ൽ ജമീന്ദാരി സമ്പ്രദായം നിർത്തലാക്കി. 1961-ൽ സ്ത്രീധന നിരോധന നിയമം കൊണ്ടുവന്നു. 71-ൽ പ്രിവി പഴ്സ് അവസാനിപ്പിച്ചു. മൻമോഹൻ സിങ് സർക്കാരിന്റെ റെക്കോഡ് പ്രോഗ്രസ്സിവ് മാത്രമല്ല റാഡിക്കലുമായിരുന്നു. വിദ്യാഭ്യാസ അവകാശം, വിവരാവകാശം, തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ- ഇവ നാലും ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക മേഖലയെ പൊളിച്ചെഴുതിയ നടപടികളായിരുന്നു. പക്ഷേ, ഈ നേട്ടങ്ങൾ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ കോൺഗ്രസിനായില്ല. ആയുധം കൈയ്യിലുണ്ടായതുകൊണ്ടു മാത്രമായില്ല. അത് ഉപയോഗിക്കാനറിയണം.
കോൺഗ്രസ് ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി. വളരുകയാണെന്ന പ്രതീതിയുണ്ട്. പക്ഷേ, അവരുടെ കൗണ്ട്ഡൗൺ തുടങ്ങി. കോൺഗ്രസ് ഇന്നലത്തെ പാർട്ടിയാണ്, ബി.ജെ.പി. ഇന്നത്തെ പാർട്ടിയാണ്. നാളത്തെ പാർട്ടി വരാനിരിക്കുന്നതേയുള്ളു. ഇന്നത്തെ നിലയിലുള്ള ദേശീയ പാർട്ടികൾ ആവശ്യമുണ്ടോയെന്നതും ഇന്ന് നിലനിൽക്കുന്ന കേന്ദ്ര – സംസ്ഥാന ബന്ധങ്ങൾ തുടരേണ്ടതുണ്ടോ എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. രാഷ്ട്രീയമായൊരു പൊളിച്ചെഴുത്തിനുള്ള സമയം ഇന്ത്യയിൽ ആഗതമായിക്കഴിഞ്ഞു. അതെങ്ങിനെയാണ് വേണ്ടതെന്ന് ചർച്ചചെയ്യപ്പെടേണ്ടതാണ്. അതുകൊണ്ടാണ് പുതിയൊരാൾ വരുന്നതുകൊണ്ട് പ്രതിപക്ഷം മാറുന്നില്ല എന്ന് പറയേണ്ടി വരുന്നത്. പുതിയൊരു സംവിധാനമുണ്ടാവാതെ പുതിയൊരാൾക്ക് കാതലായ മാറ്റം കൊണ്ടുവരാനാവില്ല.
അഭിനേതാക്കൾ മാറുന്നതുകൊണ്ട് കഥാ ഗതിക്ക് മാറ്റം വരുന്നില്ല. കഥ പുതിയ വഴിയിലൂടെ സഞ്ചരിക്കണമെങ്കിൽ അടിസ്ഥാനപരമായി മാറ്റമുണ്ടാവണം എന്നാണ് താങ്കൾ അർത്ഥമാക്കുന്നത്?
തീർച്ചയായും. പുതിയ പ്രതിപക്ഷ നേതാവ് വരുന്നതുകൊണ്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അംഗബലം 41-ൽ നിന്ന് അമ്പതാവാൻ പോവുന്നില്ല.
പുതിയ പ്രതിപക്ഷ നേതാവ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പത്രസമ്മേളനങ്ങളിൽ ആവർത്തിച്ചു പറഞ്ഞൊരു കാര്യം യു.ഡി.എഫിന്റെ തോൽവിയുടെ കാരണം അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും ഇതിനുള്ള പരിഹാര നടപടികൾ എടുക്കുമെന്നും കോൺഗ്രസിനെ തിരിച്ച് അധികാരത്തിൽ എത്തിക്കുമെന്നുമാണ്?
ഇത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. ഈ ആഗ്രഹത്തെ അഭിനന്ദിക്കേണ്ടതായുണ്ട്. രണ്ടു തരത്തിലുള്ള പരിഹാരങ്ങളുണ്ടെന്നാണ് സാമൂഹിക ശാസ്ത്രജ്ഞർ പറയുക. ഘടനാതലത്തിലും പ്രവർത്തനതലത്തിലും വരുത്തേണ്ട പരിഹാരങ്ങൾ. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ കൂടുതൽ സക്രിയമായി നടത്തിയാൽ മെച്ചപ്പെടും എന്നതാണ് പ്രവർത്തനതലത്തിൽ നടപ്പാക്കുന്ന പരിഹാരം. പ്രവർത്തനതലത്തിലെ മാറ്റത്തിന് പരിമിതികളുണ്ട്. ഈ തരത്തിലുള്ള പ്രവർത്തനം കൊണ്ട് സഭയ്ക്കുള്ളിലെ അംഗബലം വർദ്ധിപ്പിക്കാൻ വി.ഡി. സതീശനാവില്ല. പറ്റിയ തെറ്റ് മനസ്സിലായെന്ന് പറയുമ്പോൾ എന്ത് തെറ്റാണ് പറ്റിയതെന്നാണ് ചോദ്യം. രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയപരമായി പരിഹരിക്കാവുന്ന പ്രശ്നമല്ല കേരളം അഭിമുഖീകരിച്ചത്. അത് ഭരണപരമായ കാര്യക്ഷമതയുടെ പ്രശ്നമായിരുന്നു. ഞാൻ അദ്ധ്യാപകനാണ്. വിദ്യാഭ്യാസ സമ്പ്രദായം മാറണമെന്ന് ഞാൻ പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. അത് വിദ്യാഭ്യാസ വകുപ്പും മന്ത്രിയുമാണ് ചെയ്യേണ്ടത്.
കേരളത്തിൽ പ്രതിപക്ഷത്തിന് മുന്നിലുള്ളത് കടുത്ത ദിനങ്ങളാണെന്നും ബംഗാളിലേതു പോലെ ഇവിടെയും ഭരണത്തുടർച്ച ഇനിയും നീണ്ടേക്കാമെന്നുമുള്ള സൂചനയാണോ താങ്കൾ മുന്നോട്ടുവയ്ക്കെുന്നത്?
സൂചനയുണ്ടോ ഇല്ലയോ എന്ന് പറയാനാവില്ല. ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നത് സ്ഥിരതയല്ല. അവ്യക്തതയും അസ്ഥിരതയുമാണ് മാറ്റം കൊണ്ടുവരുന്നത്. നമുക്കേറ്റവും ഉറപ്പായിട്ടുള്ള കാര്യം മരിക്കും എന്നുള്ളതാണ്. പക്ഷേ, ഞാനോ താങ്കളോ മരിക്കാൻ വേണ്ടിയല്ല ജീവിക്കുന്നത്. നമ്മുടെ മുന്നിലുള്ള അസ്ഥിരതകളെ നേരിടാനാണ് നമ്മൾ ജീവിക്കുന്നത്. ഇവിടെയാണ് സർഗ്ഗാത്മകതയുടെ ആവശ്യം. In Praise of Idleness എന്ന പേരിൽ ബർട്രന്റ് റസ്സൽ പണ്ടൊരു ലേഖനം എഴുതിയിട്ടുണ്ട്. വെറുതെയിരിക്കുമ്പോഴാണ് പല ആശയങ്ങളും മനസ്സിൽ ഉരുത്തിരിഞ്ഞുവരിക. എപ്പോഴും അദ്ധ്വാനിക്കുന്നവർക്ക് അദ്ധ്വാനിക്കാൻ മാത്രമേ നേരമുണ്ടാവൂ.
പുതിയ ആശയങ്ങൾ മുളപൊട്ടണമെങ്കിൽ നിങ്ങൾക്ക് അതിനുള്ള സമയവും സാവകാശവും വേണം. അമേരിക്കയിൽ ചിന്തിച്ചിരുന്നത് കറുത്തവരായ അടിമകളായിരുന്നില്ല. രണ്ട് തരത്തിൽ മാനുഷിക പ്രവർത്തനങ്ങളെ തരം തിരിക്കാമെന്ന് മാർക്സ് പറഞ്ഞിട്ടുണ്ട് . ഇണ ചേരുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്യുകയാണ് ആദ്യത്തേത്. എല്ലാ മൃഗങ്ങളും ചെയ്യുന്നതാണിത്. ബുദ്ധിപരമായ പ്രവർത്തനങ്ങളാണ് രണ്ടാമത്തേത്. ഇത് മനുഷ്യർ മാത്രം ചെയ്യുന്നതാണ്. ഇത് സാധിക്കണമെങ്കിൽ കഠിനാദ്ധ്വാനം കുറയണം. അദ്ധ്യാപകർ പലപ്പോഴും ഇതിൽ കുറ്റവാളികളാണ്. വിദ്യാർത്ഥികളോട് അദ്ധ്വാനിക്കൂ, കഠിനമായി അദ്ധ്വാനിക്കൂ എന്നാണ് ഞങ്ങൾ പറയാറുള്ളത്. വിജയത്തിന്റെ അടിസ്ഥാനം ഹാർഡ് വർക്കല്ല. മൂല്ല്യമുള്ള പ്രവർത്തനമാണ് വേണ്ടത്. അതിന് 24 മണിക്കൂറും പ്രവർത്തിക്കേണ്ട കാര്യമില്ല.
പ്രതിപക്ഷം സർഗ്ഗാത്മകമായി, ബുദ്ധിപരമായി പ്രവർത്തിക്കണമെന്നാണ് താങ്കൾ പറയുന്നത്?
ഇതൊരു പൊതുതത്വമാണ്. നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള ഒരു കാര്യം ഞാൻ ഒന്നുകൂടി പറയുകയാണ്. എമിനന്റ് പ്രൊഫസർ, എമിനന്റ് ജേർണലിസ്റ്റ് എന്നൊക്കെ പറയും. പക്ഷേ, എമിനന്റ് പ്യൂൺ എന്ന് പറയാറില്ല. എമിനന്റ് തൂപ്പുകാരൻ എന്നു വിശേഷിപ്പിക്കാറില്ല. പരിമിതമാണ് നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനം. അവർ ശരിക്കും പ്രവർത്തിക്കേണ്ടത് പുറത്താണ്, സമൂഹത്തിലാണ്. പിണറായി വിജയന്റെ രണ്ട് പ്രഖ്യാപനങ്ങൾ ഞാൻ ഓർക്കുന്നു. ഒന്ന് നമുക്ക് ജനമദ്ധ്യത്തിൽ കാണാം എന്ന് പറഞ്ഞത്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ പ്രതിപക്ഷത്തിനായില്ല.രണ്ടാമത്തേത് ഏതു വമ്പനായാലും നിയമത്തിനതീതനല്ലെന്ന പ്രഖ്യാപനം. ജനമനസ്സിലേക്കിറങ്ങിച്ചെന്ന പ്രസ്താവനകളാണിവ. ശക്തനായൊരു നേതാവിന്റെ പ്രഖ്യാപനമായിരുന്നു അത്. ഇത്തരമൊരു ഇടം കണ്ടെത്തുക എന്നതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളി.
ഇതൊരു അന്വേഷണമാണ്. പ്രതിപക്ഷം സ്വയം കണ്ടെത്തേണ്ട, തുറന്നെടുക്കേണ്ട വഴിയാണിത്. എന്ത് രാഷ്ട്രീയവത്കരിക്കണം, എങ്ങിനെ രാഷ്ട്രീയവത്കരിക്കണം, എപ്പോൾ രാഷ്ട്രീയവത്കരിക്കണം എന്നതാണ് മുഖ്യം. എന്താണ് രാഷ്ട്രീയവത്കരിക്കേണ്ടത്? ഇവിടെയൊരു അണ്ടർ ക്ലാസ്സുണ്ട്. വർക്കിങ് ക്ലാസിനെക്കുറിച്ചല്ല ഞാൻ പറയുന്നത്. വീടില്ലാത്തവർ, ചേരികളിലും പുറമ്പോക്കിലും കഴിയുന്നവർ, തൊഴിലില്ലാത്തവർ – ഇവരെ ഐഡന്റിഫൈ ചെയ്യാൻ നിങ്ങൾക്കാവുന്നുണ്ടോ?
മദർ തെരേസ കർമ്മഭൂമി തിരഞ്ഞെടുത്തത് എങ്ങിനെയാണ്? പ്രശ്നമുള്ള സ്ഥലങ്ങളിലേക്ക് അവർ എത്തുകയായിരുന്നു. നാല് തരത്തിലുള്ള പോരാട്ടങ്ങളാണ് ഇന്ത്യയിൽ നയരൂപീകരണത്തെ സ്വാധീനിച്ചിട്ടുള്ളത് ദളിത് പോരാട്ടങ്ങൾ, ആദിവാസി പോരാട്ടങ്ങൾ, ലിംഗപരമായ പോരാട്ടങ്ങൾ, പരിസ്ഥിതി സംബന്ധമായ സമരങ്ങൾ ഇതുപോലെ നിർണ്ണായകമായൊരു പോരാട്ടമാണ് പ്രതിപക്ഷം ഏറ്റെടുക്കേണ്ടത്. അണ്ടർക്ലാസ്സിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പ്രതിപക്ഷത്തിനാവണം.
ഇന്ത്യയിൽ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും പറ്റിയ ഒരു തെറ്റ് ബി.ജെ.പിയെ എതിർക്കുക എന്നതാണ്. അതൊരു നയമല്ല. അത് റിയാക്റ്റീവാണ്. വേണ്ടത് പ്രൊ ആക്റ്റീവായ നീക്കങ്ങളാണ്. ജനങ്ങൾ രാഷ്ട്രീയപാർട്ടികളെ വിലയിരുത്തുന്ന രീതികൾ മാറി. വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലല്ല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ വിലയിരുത്തുക. സമൂർത്തമായ പ്രവർത്തനങ്ങളാണ് ജനങ്ങൾക്ക് വേണ്ടത്.
ഇതിനൊരു പ്രത്യക്ഷ ഉദാഹരണം കരുനാഗപ്പള്ളി മണ്ഡലം മുന്നോട്ടുവെയ്ക്കുന്നുണ്ടെന്ന് തോന്നുന്നു. അവിടെനിന്ന് ഇത്തവണ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പക്ഷേ, കഴിഞ്ഞ അഞ്ച് വർഷം ഇതേ മണ്ഡലത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളാണ് ഇത്തവണ വിജയിച്ചു കയറാൻ സഹായിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് ?
ജനം ഓരോ സ്ഥാനാർത്ഥിയെയും പാർട്ടിയെയും വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷം നിരവധി ആരോപണങ്ങൾ പിണറായി സർക്കാരിന് നേരിടേണ്ടി വന്നു. പക്ഷേ, അവർ അവരുടെ അടിസ്ഥാന അജണ്ടയിൽ ഉറച്ചു നിന്നു. വികസനം. അവരുടെ വികസന കാഴ്ചപ്പാടുകൾ ശരിയാണോ എന്നത് വേറെ ചോദ്യമാണ്. അടുത്തിടെ കാരവൻ മാസികക്കാർ കേരള മാതൃക വികസനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. കേരള മോഡൽ പ്രാധാന്യം കൊടുത്തത് സാമൂഹ്യ മേഖലയ്ക്കാണ് – വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം. ഇതിന് ഇതിൻേറതായ നേട്ടങ്ങളുണ്ട്. പക്ഷേ, ഇതിന്റെ കോട്ടം ഈ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമായില്ല എന്നതാണ്. പുറന്തള്ളപ്പെടലും നീതി നിഷേധവുമുണ്ടായി.
വൈരുദ്ധ്യാധിഷ്ഠിത വർഗ്ഗീയവാദമാണ് കേരളം നേരിടുന്ന മറ്റൊരു പ്രശ്നം. ചില ശക്തികളെ പ്രീണിപ്പിക്കുന്നു. മത ശക്തികളെയും സാമുദായിക ശക്തികളെയും ജാതി ശക്തികളെയും പ്രീണിപ്പിക്കുന്നു. വർഗ്ഗീയ വാദം എന്നു പറയുന്നത് സവർണ്ണൻ അവർണ്ണനോട് കാണിക്കുന്നത് മാത്രമല്ല . താഴ്ന്ന ജാതിക്കാരനും വർഗ്ഗീയമായി ചിന്തിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ അഭിമുഖീകരിക്കണമെങ്കിൽ ഭാവന ആവശ്യമാണ് , സർഗ്ഗാത്മകത ആവശ്യമാണ്. നേരത്തെ പറഞ്ഞതുപോലെ കഠിനാദ്ധ്വാനമല്ല ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനുമാവണം.
സി.പി.എം. – പിണറായി വിജയൻ – അധികാരം എന്ന പരിപ്രേക്ഷ്യത്തിലേക്ക് തിരിച്ചുവരാമെന്ന് തോന്നുന്നു. സി.പി.എമ്മിന്റെ ഇപ്പോഴത്തെ നയമനുസരിച്ച് അടുത്ത തവണ പിണറായി വിജയൻ മത്സര രംഗത്തുണ്ടാവില്ല. 2026-ൽ പിണറായിക്ക് 81 വയസ്സാവും. പിണറായി രംഗത്തുനിന്ന് മാറുന്നത് സി.പി.എം. എന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയ സാദ്ധ്യതകൾക്ക് തിരിച്ചടിയാവില്ലേ?
ഇപ്പോൾ തന്നെ അത് തിരിച്ചടിയാണ്. പാർട്ടിക്കത് മനസ്സിലായിട്ടുണ്ട്. പക്ഷേ, ഇപ്പോൾ തിരുത്താൻ ശ്രമിക്കുന്നത് ബസ്സ് പോയ ശേഷം കൈകാണിക്കുന്നതു പോലെയാണ്. ബസ്സ് പോയ ശേഷം കൈകാണിച്ചാൽ ബസ്സ് നിൽക്കില്ല.
പാർട്ടിയുടെ നിസ്സഹായാവസ്ഥയിലേക്കാണ് താങ്കൾ വിരൽ ചൂണ്ടുന്നത്?
അങ്ങിനെയൊരു പാർട്ടി ഇപ്പോഴില്ല. They are in a catch 22 ( പരിഹാരം ദുർഘടമാവുന്ന അവസ്ഥ). Where is that party? What is that party ? പ്രത്യയശാസ്ത്രപരമായൊരു പ്രതിസന്ധി ആ പാർട്ടി നേരിടുന്നുണ്ട്. സി.പി.എം. മാറുന്നില്ല എന്ന് പറയുന്നത് ശരിയല്ല. അവർ മാറിയിട്ടുണ്ട്. പാർലമെന്ററി ജനാധിപത്യം അംഗീകരിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുമ്പോൾ വിട്ടുവീഴ്ചകൾ അനിവാര്യമാണ്. മത സംഘടനകളോടും സമുദായ ശക്തികളോടും അനുരഞ്ജനമുണ്ടാവുന്നു. മതം കറുപ്പാണെന്ന് ഇപ്പോൾ അവർക്ക് പറയാനാവില്ല.
എൻ.എസ്.എസ്. നേതാവ് സുകുമാരൻ നായരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോഴും നായർ സമുദായത്തിന് കൂടുതൽ പ്രാമുഖ്യം നൽകുന്നതിൽ സി.പി.എം. മനസ്സിരുത്തുന്നുണ്ട്. ഈ മന്ത്രിസഭയിലുള്ള നായർ സമുദായാംഗങ്ങളുടെ എണ്ണം നോക്കിയാൽ അത് മനസ്സിലാവും. സുകുമാരൻ നായരെ മാറ്റിനിർത്തിയപ്പോഴും ആർ. ബാലകൃഷ്ണപിള്ളയെ ഉൾക്കൊണ്ടുവെന്നത് കാണാതിരിക്കരുത്. സാമ്പത്തിക സംവരണം നടപ്പാക്കിയ ഒരു പാർട്ടിയാണിത്. പാർലമെന്ററി ജനാധിപത്യത്തിന്റെ ഉപോത്പന്നങ്ങളാണ് ഇതെല്ലാം. വ്യക്തികൾക്ക് പാർട്ടിയിൽ കൂടുതൽ പ്രാമുഖ്യം വരുന്നതും ഇങ്ങനെയാണ്. സി.പി.എം. മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ലിത്. ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഈ പ്രശ്നം നേരിടുന്നുണ്ട്. അവരുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര വഴിയിൽ നിന്ന് മാറേണ്ടി വരുന്നതിൽ അവർ പരിഭ്രാന്തരാണ്.
നമ്മൾ നേരത്തെ ശൈലിയെക്കുറിച്ച് പറഞ്ഞു. ശൈലി പ്രധാനമാണ്. ഇവിടെ രണ്ട് ശൈലികളാണുള്ളത്. ഒന്ന് ഭരണപരമായ ശൈലി, രണ്ടാമത്തേത് രാഷ്ട്രീയപരമായ ശൈലി. ഭരണപരമായി കർക്കശമായ ശൈലി വേണം. ഇല്ലെങ്കിൽ നിങ്ങൾ ഉദ്യോഗസ്ഥരുടെ കളിപ്പാവയായി മാറും. മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത് ഇപ്പോൾ ചർച്ചയായിട്ടുണ്ട്. അതൊരു ശരിയായ നടപടിയാണെന്നാണ് ഞാൻ കരുതുന്നത്. ന്യൂനപക്ഷ ക്ഷേമം മാത്രമല്ല പട്ടിക ജാതി – വർഗ്ഗ ക്ഷേമവും മുഖ്യമന്ത്രി ഏറ്റെടുക്കണം. പല വകുപ്പുകളുടെയും ഏകോപനം ആവശ്യമുള്ള വകുപ്പാണിത്. ഇതിന് മുഖ്യമന്ത്രിക്കേ കഴിയൂ. മുഖ്യമന്ത്രിക്ക് എല്ലാ വകുപ്പുകളുടെ മേലും അധികാരമുണ്ട്.
ഇതിനോട് അനുബന്ധമായ ചോദ്യമാണ്. ഈ മന്ത്രിസഭയിൽ കെ. രാധാകൃഷ്ണനുണ്ട്. അദ്ദേഹം സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമാണ്. നേരത്തെ നായനാർ മന്ത്രിസഭയിലുണ്ടായിരുന്നു. പിന്നീട് സ്പീക്കറായി. പക്ഷേ, ഈ രണ്ടാം വരവിലും അദ്ദേഹത്തിന് കിട്ടിയിട്ടുള്ള വകുപ്പുകൾ അത്ര പ്രാധാന്യമുള്ളതല്ല?
ശരിയാണ്. ഞാനൊക്കെ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ വിളിച്ചിരുന്നത് ലംസം ഗ്രാന്റ്(lump sum gratn) മന്ത്രിയെന്നാണ്. ലംസംഗ്രാന്റ് വിതരണം ചെയ്യാനുള്ള അധികാരമേ ഈ വകുപ്പ് കൈാര്യം ചെയ്യുന്നവർക്കുള്ളു. ഭരണപരമായ ശൈലി രാഷ്ട്രീയ ശൈലിയിൽ നിന്നും വ്യത്യസ്തമാണ്. കണിശവും കർക്കശവുമായിരിക്കണം ഭരണപരമായ ശൈലി. പോലീസിനോട് നിങ്ങൾ അപേക്ഷിക്കുകയല്ല ആജ്ഞാപിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അവർ നിങ്ങളുടെ മേൽ കുതിര കയറും. അതേസമയം രാഷ്ട്രീയ ശൈലി എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണം. സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിയിൽ മാറ്റമുണ്ടായിട്ടുണ്ട്. അവർ സ്വീകരിച്ചിരിക്കുന്നത് വർഗ്ഗ സമീപനമല്ല. ഒരു ലിബറൽ സമീപനമാണ് ഇപ്പോൾ അവർക്കുള്ളത്. വർഗ്ഗ നിരപേക്ഷമായ ലിബറൽ സമീപനം. പാർലമെന്ററി ജനാധിപത്യത്തിൽ ഈ സമീപനമാണ് വേണ്ടത്.
ഈ തിരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ബി.ജെ.പിയോട് എന്താണ് പറയുന്നതെന്നാണ് താങ്കൾ കരുതുന്നത്? 35 സീറ്റുകൾ കിട്ടിയാൽ അധികാരം പിടിക്കുമെന്നാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാർത്ഥിയായിരുന്ന ഇ. ശ്രീധരൻ മുഖ്യമന്ത്രിയാവാൻ കച്ചകെട്ടിയിരിക്കുകയായിരുന്നു. പക്ഷേ, ഫലം വന്നപ്പോൾ ഉള്ള ഒരു സീറ്റു പോലും നഷ്ടപ്പെടുന്ന ബി.ജെ.പിയെയാണ് കേരളം കണ്ടത്. ബി.ജെ.പിയുടെ കേരളത്തിലെ ഭാവി എന്താണ്?
മൂന്ന് കാര്യങ്ങളുണ്ട്. മുഖ്യമന്ത്രിയാവാം എന്ന് ശ്രീധരൻ പറയുമ്പോൾ അതൊരു ത്യാഗമൊന്നുമല്ല. എ.കെ. ആന്റണിയോ വി.എസ്സോ പിണറായിയോ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി കസേരയിൽ പോയി ഇരിക്കുകയായിരുന്നില്ല. എത്രയോ കാലത്തെ പ്രവർത്തനത്തിനു ശേഷമാണ് അവർ ആ പദവിയിലെത്തിയത്. 35 സീറ്റ് കിട്ടിയാൽ ഞങ്ങളായിരിക്കും ഭരണം നിയന്ത്രിക്കുക എന്നൊക്കെ പറയുന്നത് ഒരു തരം ആഗ്രഹമാണ്. ആഗ്രഹിക്കാൻ ആർക്കും അവകാശമുണ്ട്. ആഗ്രഹങ്ങൾ പക്ഷേ, കുതിരകളല്ല. മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം കേരളത്തിൽ ഭരണം പിടിക്കാനാവുമെന്ന് ബി.ജെ.പി. തന്നെ കരുതുന്നില്ല എന്നതാണ്. അങ്ങിനെയുള്ള ആത്മവിശ്വാസമൊന്നും ആ പാർട്ടിക്കില്ല. കേരളത്തിന് ബി.ജെ.പിയുടെ അഖിലേന്ത്യ നേതൃത്വം അത്രയേറെ പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ പ്രാദേശിക നേതാക്കൾ ഇതൊരു വലിയ കാര്യമായി കാണുന്നുണ്ടാവാം. പക്ഷേ, അഖിലേന്ത്യ നേതൃത്വം കേരളത്തിൽ അക്കൗണ്ട് തുറന്നതും പൂട്ടിയതും വലിയ കാര്യമായി എടുത്തിട്ടില്ല. അവർക്ക് വേണ്ടത് കോൺഗ്രസിന്റെ പരാജയമാണ്. കോൺഗ്രസ് വിരുദ്ധ നയമാണ് അവർ നടപ്പാക്കുന്നത്.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലൊക്കെ വോട്ടു ചോദിക്കുന്നത് കേരളത്തിൽ വിലപ്പോവില്ല. വിശ്വാസി വേറെ, വോട്ടർ വേറെ. വിശ്വാസം നോക്കിയല്ല ഒരാൾ ഇവിടെ വോട്ടു ചെയ്യുന്നത്. ഇതിപ്പോൾ ബി.ജെ.പിക്ക് മാത്രം പറ്റിയിട്ടുള്ള തെറ്റല്ല. മാറ്റുവിൻ ചട്ടങ്ങളേ എന്നാണ് കുമാരനാശാൻ പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ ഇന്ന് പറയുന്നത് വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരണമെന്നാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കരുത്.
നിലവിലുള്ള അവസ്ഥയിൽ ബി.ജെ.പി. കേരള സമൂഹത്തിൽ വളരുന്നതിനുള്ള സാദ്ധ്യത കുറവാണ്?
അവരും ഒരു വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിൽ അവർക്ക് കാര്യമായൊരു ഇടമില്ല. ദേശീയ തലത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്. എന്തൊക്കെ പറഞ്ഞാലും കോൺഗ്രസ് ദേശീയ തലത്തിൽ ഒരു മതേതര, ലിബറൽ പാർട്ടിയായിരുന്നു. ഇപ്പോൾ ദേശീയ തലത്തിൽ അവർക്ക് പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോഴും അവർ ഒരു ലിബറൽ – സെക്കുലർ പാർട്ടിയാണ്. മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ പുതിയ പാർട്ടികൾ വരണം. പുതിയ കർമ്മപദ്ധതികളുള്ള പാർട്ടികൾ. ഇതെങ്ങിനെയാണ് ഉരുത്തിരിയുക എന്നത് നമ്മൾ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
Content Highlights:Communalism has its root in every sect of Kerala, says Prof. M. Kunhaman