കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ ജനങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് എൽ.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എം.പി.ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റെടുത്തതുമുതൽ ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ദ്വീപിനെയും ജനങ്ങളെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റുകയാണ് ആദ്യം ചെയ്തത്. 2020 വരെ ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന ദ്വീപിൽ വൈറസ് അതിവേഗം വ്യാപിക്കാൻ ഇതിടയാക്കി. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കുകയും ചെയ്തു. സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കി. അംഗനവാടികൾ അടച്ചുപൂട്ടുകയും മദ്യശാലകൾ തുറക്കുകയും ചെയ്തു. ഗോവധവും ഗോ മാംസാഹാരവും നിരോധിച്ചു. ഡയറി ഫാമുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്നു ബീഫ് നീക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്നചട്ടവും കുറ്റകൃത്യങ്ങൾ ഇല്ലാതിരുന്ന ദ്വീപിൽ ഗുണ്ടാ ആക്ടും കൊണ്ടുവന്നു. പൗരത്വ നിയമത്തിനെതിരായ പോസ്റ്ററുകൾ ദ്വീപിൽനിന്നു നീക്കി. ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനും സമ്മർദം ചെലുത്തുകയും ചെയ്യുന്നു. വാർത്താമാധ്യമമായ ദ്വീപ് ഡയറിക്ക് വിലക്കേർപ്പെടുത്തുകയും പ്രതിഷേധങ്ങൾ തടയുകയും ചെയ്തുകൊണ്ട് ഏകാധിപത്യനിലപാടുകളാണ് നടപ്പാക്കുന്നത്. ഇതൊക്കെ അവിടെ ജീവിക്കുന്നവരുടെ സമാധാനമില്ലാതാക്കുന്നതിലേക്കാണ് നയിക്കുക. കാവിവത്കരണം ലക്ഷ്യമിട്ടുള്ള നടപടികളിൽനിന്ന് പിന്മാറണമെന്ന് ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു.