ഛണ്ഡീഗഢ്: വാക്സിൻ വിൽപനയിൽ സംസ്ഥാനങ്ങളോട് നേരിട്ട് കരാറിലേർപ്പെടാൻ സാധിക്കില്ലെന്ന് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം ഇന്ത്യൻ സർക്കാരുമായി മാത്രമേ കരാറിലേർപ്പെടാൻ കഴിയുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കമ്പനികളുമായി അമരീന്ദർ സിങ് സർക്കാർ ബന്ധപ്പെട്ടത്. മൊഡേണ, സ്പുട്നിക് വാക്സിൻ നിർമാതാക്കളായ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ട്, ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുമായി പഞ്ചാബ് സർക്കാർ ബന്ധപ്പെട്ടതായി സംസ്ഥാന കോവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ വികാസ് ഗാർഗ് വ്യക്തമാക്കി. എന്നാൽ ഇതുവരെ മോഡേണ കമ്പനി മാത്രമേപഞ്ചാബ് സർക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂ. നേരിട്ട് കരാറിലേർപ്പെടാൻ സാധിക്കില്ലെന്നാണ് മൊഡേണ അറിയിച്ചിരിക്കുന്നത്.
വാക്സിൻ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബിൽ വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. 4.2 ലക്ഷം ഡോസ് വാക്സിൻ പഞ്ചാബ് ഇതിനോടകം വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ 44 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചതെന്നും വികാസ് ഗാർഗ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 5.34 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 ണിക്കൂറിനിടെ മാത്രം 5300 പുതിയ കേസുകളും 201 മരണവും റിപ്പോർട്ട് ചെയ്തു.