തിരുവനന്തപുരം: ന്യൂനപക്ഷ മോർച്ചാ ഭാരവാഹിയോട് ബി.ജെ.പി. നേതാവ് അസഭ്യമായി സംസാരിച്ചെന്ന് പരാതി. ന്യൂനപക്ഷ മോർച്ചാ നേതാവ് തങ്കച്ചി ഏണസ്റ്റാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരം തന്നെ അറിയിക്കാതിരുന്നത് മണ്ഡലം ഭാരവാഹിയായ ബാലുവിനെ വിളിച്ചു ചോദിച്ച സമയത്താണ് തന്നെ അസഭ്യം പറഞ്ഞതെന്നാണ് തങ്കച്ചി ഏണസ്റ്റ് പറയുന്നത്.
വി. മുരളീധരനെതിരെ നിൽക്കുന്ന ആളുകളല്ലേയെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ചതെന്ന് ഇവർ പറയുന്നു. തന്നെ വീടുകയറി ആക്രമിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും തങ്കച്ചി ഏണസ്റ്റ് പറയുന്നു. സംഭവത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 19-ന് കേന്ദ്രമന്ത്രി വി. മുരളീധരൻ തീരദേശ മേഖലകൾ സന്ദർശിച്ചതിന് പിന്നാലെ വിവരം അന്വേഷിച്ച് തങ്കച്ചി, ബാലുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തെറിവിളിയും ഭീഷണിയും മുഴക്കിയതെന്ന് പരാതിയിൽ പറയുന്നത്.
തുടർന്ന് തങ്കച്ചി കഴക്കൂട്ടം എ.സി.പിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലിസ് തങ്കച്ചിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ പ്രചരിക്കുന്ന ശബ്ദം തന്റെതല്ലെന്നും ഇതിനെതിരെ പാർട്ടിയിൽ പരാതി കൊടുത്തിട്ടുണ്ടെന്നും ബാലു പ്രതികരിച്ചു
തലസ്ഥാനത്ത് ബി.ജെ.പിയിൽ നിലനിൽക്കുന്ന ഗ്രൂപ്പുതർക്കങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് പിന്നിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനു വേണ്ടി സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു തങ്കച്ചിയും ഭർത്താവ് ഏണസ്റ്റും. തെരത്തെടുപ്പ് പരാജയത്തിന് ശേഷം ശേഷം കഴക്കൂട്ടത്ത് ഗ്രൂപ്പ് രാഷ്ട്രീയം മറനീക്കി പുറത്തുവരുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
content highlights:bjp leader abused and threatened via phone alleges minority morcha leader