തിരുവനന്തപുരം
പ്രതിപക്ഷനേതാവു സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ നാണം കെടുത്തി മാറ്റിയതിനെതിരെ അണികളിൽ രോഷം. ചെന്നിത്തലയെ ഇരയാക്കിയെന്ന് നേതാക്കളും പ്രവർത്തകരും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു. വി ടി ബൽറാമടക്കം ചെന്നിത്തലയ്ക്ക് പിന്തുണച്ച് രംഗത്തെത്തി.
കേരളത്തിലെ നേതാക്കളെ വിശ്വാസത്തിൽ പോലുമെടുക്കാതെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതാണ് പ്രതിഷേധം പടർത്തിയത്. നേതാക്കളെ നേരിട്ടുകണ്ടും ഫോണിൽ വിളിച്ചും പ്രവർത്തകർ പ്രതിഷേധം അറിയിച്ചു.
‘ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള നേതാവിനെ ഇതുപോലെ നാണം കെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ആദ്യമേ തന്നെ മാറാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ, ഒരവസരം കൂടി ഉണ്ടാകുമെന്ന് സൂചന നൽകിയതിനാലാണ് സ്വയം ഒഴിയാത്തത്. കഴിഞ്ഞ അഞ്ചുവർഷവും ഏറ്റവും മികച്ച നിലയിൽ പ്രവർത്തിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തല. തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏൽക്കുകയാണ് വേണ്ടത്, ഒരാളെ ഇരയാക്കുകയല്ല വേണ്ടത്. ’ –-ഇത്തരത്തിലാണ് പ്രതികരണങ്ങൾ.
ഐഎൻടിയുസിയുടെ പത്തനംതിട്ട ജില്ലാ നേതാവ്, തിരുവനന്തപുരത്തെ കലാരംഗത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് മഹിളാ നേതാവ് തുടങ്ങി ഒട്ടേറെ പേർ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷവും ചെന്നിത്തല യുഡിഎഫ് പ്രവർത്തകരെ ഒറ്റക്കെട്ടായി നിർത്തി. ഇനി അതു സാധിക്കുമോയെന്നും പ്രവർത്തകർ ചോദിക്കുന്നു.തൃത്താലയിലെ തോൽവി അംഗീകരിച്ച് മെയ് രണ്ടിന് പോസ്റ്റിട്ടശേഷം ശനിയാഴ്ചയാണ് വി ടി ബൽറാം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
വി ഡി സതീശന്റെ നിയമനം അംഗീകരിച്ചുകൊണ്ട് ചെന്നിത്തലയിട്ട പോസ്റ്റിന് കമന്റിട്ടു. അഞ്ച് വർഷം വിശ്രമരഹിതമായി ചെന്നിത്തല പ്രവർത്തിച്ചെന്നും കേരളീയ മനസ്സാക്ഷിയുടെ സംരക്ഷകനായെന്നും ബൽറാം കുറിച്ചു. മികച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചരിത്രം താങ്കളെ വിലയിരുത്തുമെന്ന് ഉറപ്പാണെന്നും ബൽറാം പറഞ്ഞു.
അതേസമയം, മുതിർന്ന നേതാക്കളുടെയെല്ലാം പിന്തുണ ചെന്നിത്തലയ്ക്കായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഐ ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ മറിച്ചാണ്.
ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ ചെന്നിത്തലയെ ‘വലിപ്പിച്ചെ’ ന്നും ഐ ഗ്രൂപ്പ് നേതാക്കളുടെ അടുത്ത അനുയായികൾ പ്രതികരിച്ചിട്ടുണ്ട്.