തിരുവനന്തപുരം: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയിൽ നമ്മുടെ നാടാകെ ഒന്നിച്ച് പങ്ക് ചേർന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള ആരോപണങ്ങൾ അസംബന്ധപ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ്. നമ്മുടെ നാട്ടിൽ എന്തും വിളിച്ചുപറയാൻ തയ്യാറായി നടക്കുന്ന ചില അസംബന്ധ പ്രചാരകരുണ്ട്. മറ്റൊന്നും അവർക്ക് പറയാനില്ലെന്നും തരംതാണ പ്രചാരണ മാർഗം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകൾ എന്ന് പറഞ്ഞു നടക്കാൻ നമ്മുടെ നാട്ടിലെ ബിജെപി നേതാക്കന്മാർ തയ്യാറായിട്ടുണ്ട്. അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേൾക്കാൻ കഴിയുന്നത്. ആ കുടുംബത്തിന്റെ വേദനയിൽ നമ്മളെല്ലാം പങ്കുവഹിച്ചതാണെന്നും നാടാകെ ആ കുടുംബത്തോടൊപ്പവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രായേലിന്റെ നിലപാടിനോട് പൊതുവിലുള്ള വിയോജിപ്പ് നമ്മുടെ നാട്ടിലും രാജ്യത്തും ഉള്ളതാണ്. കേന്ദ്ര സർക്കാരിന്തന്നെ പലസ്തീന്റെ പൊതുവായ കാര്യങ്ങൾ തള്ളിക്കളയാൻ കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇസ്രയേലിനോട് വലിയ അനുഭാവം വെച്ച് പുലർത്തുന്നവരല്ലേ, അവരുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്തള്ളിക്കളയാൻ കഴിഞ്ഞോയെന്നും ഇസ്രയേലിനെ പൂർണമായും അംഗീകരിച്ച് പറയാൻ പറ്റിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.