തൃശൂർ > ബിജെപി കുഴൽപ്പണക്കവർച്ചാക്കേസിൽ കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് മൊഴി. യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധർമരാജുമാണ് പ്രത്യേകഅന്വേഷണ സംഘത്തിന് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്.
പണം സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണെന്ന് ഇരുവരും ചോദ്യചെയ്യലിൽ പറഞ്ഞു. പണം ആർക്കാണ് കൊണ്ടുപോയതെന്നും വിവരം ലഭിച്ചു. രേഖകളില്ലാത്ത പണമാണെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തൃശൂരിൽ രഹസ്യ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്.
കുഴൽപ്പണക്കവർച്ചയുമായി ബന്ധപ്പെട്ട ഉന്നത ബിജെപി നേതാക്കളെക്കുറിച്ചും പൊലീസിന് കൃത്യമായ വിവരം ലഭിച്ചു. കേസിൽ പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങും.
കേസിൽ മുഖ്യപ്രതിയുടെ ഭാര്യയടക്കം ഇരുപതോളം പേരാണ് അറസ്റ്റിലായത്. കൂടുതൽപേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി എങ്കിലും പൊലീസ് ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് കാറും പണവും കവർന്നത്.















