തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ മേയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നാളെ രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ തുടരും. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗൺ ഇന്നത്തെ നിലയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ കൊണ്ട് രോഗവ്യാപനം കുറഞ്ഞില്ല. അത് പ്രത്യേകം പരിശോധിക്കുകയുണ്ടായി. അവിടെ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങേണ്ടുതുണ്ടെന്നാണ് കണ്ടിട്ടുള്ളത്. എ.ഡി.ജി.പി.(ലോ ആൻഡ് ഓർഡർ) മലപ്പുറത്ത് പോയി കാര്യങ്ങൾ അവലോകനം ചെയ്യും. പോലീസ് ഐ.ജി. മലപ്പുറത്ത് കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
content highlights:lockdown in kerala extended upto may 30