ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കൂടി 40,300 അപേക്ഷകൾ നൽകിയെന്ന് കമ്പനി. 2020 ജൂലൈ മുതൽ ഡിസംബർ വരെയാണ് പലതരത്തിലുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് സർക്കാരുകൾ അപേക്ഷ നൽകിയത്. ഇതിൽ 37,865 അപേക്ഷകളും നിയമപരമായിരുന്നെന്നും സർക്കാർ അപേക്ഷകളിൽ 52 ശതമാനത്തിനും വിവരങ്ങൾ നൽകിയെന്നും പുതിയ ട്രാൻസ്പെരൻസി റിപ്പോർട്ടിൽ ഫെയ്സ്ബുക്ക് പറഞ്ഞു.
ഈ ആറുമാസ കാലയളവിൽ സർക്കാർ അപേക്ഷകളെ തുടർന്ന് നിയമപ്രകാരം 944 കണ്ടന്റുകളെ നിയന്ത്രിച്ചെന്നും ഫെയ്സ്ബുക്ക് പറഞ്ഞു. 2020 ജനുവരി – ജൂൺ കാലഘട്ടത്തിൽ ഇതേ സ്ഥാനത്ത് 824 കണ്ടന്റുകളാണ് നിയന്ത്രിച്ചത്.
“ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് ഐടി ആക്ടിലെ സെക്ഷൻ 69A ലംഘിച്ച 878 കണ്ടന്റുകൾക്ക് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തി, രാജ്യത്തിന്റെ സുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്നവ ഉൾപ്പടെ. പത്തെണ്ണത്തിന് താത്കാലികമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 54 എണ്ണം കോടതി ഉത്തരവ് പ്രകാരമാണ് ഒഴിവാക്കിയത്.” ഫെയ്സ്ബുക്ക് അവരുടെ റിപ്പോർട്ടിൽ പറഞ്ഞു.
മറ്റു പന്ത്രണ്ട് തവണ ആരുടെ നിർദേശപ്രകാരമാണ് കണ്ടന്റുകൾ തടഞ്ഞതെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഈ കാലഘട്ടങ്ങളിൽ 62,754 ഉപയോക്താക്കളുടെയോ അക്കൗണ്ടുകളുടെയോ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൽ 4,400 അപേക്ഷകൾ 8,530 ഉപയോക്താക്കളുടെ അക്കൗണ്ടുകളിലെ വിവരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ചായിരുന്നു.
Read Also: പുതുക്കിയ സ്വകാര്യതാ നയം വാട്സ്ആപ്പ് പിൻവലിക്കണം; കേന്ദ്രം നോട്ടീസ് അയച്ചു
കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ ആവശ്യപ്പെട്ടതിനേക്കാൾ 13 ശതമാനം കൂടുതൽ വിവരങ്ങൾ സർക്കാർ അവസാന പകുതിയിൽ ആവശ്യപ്പെട്ടു. സർക്കാർ ആവശ്യപ്പെട്ടതിന് പുറമെ ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബോൾസോനാരോയെ പിന്തുണച്ചതിന് ഇന്ത്യയിലും ആഗോളതലത്തിലും പന്ത്രണ്ടോളം പേജുകളും പ്രൊഫൈലുകളും ഫെയ്സ്ബുക്ക് നിരോധിച്ചു.
2013ന് ശേഷം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നൽകുന്ന അപേക്ഷകളിൽ കാര്യമായ വർധന വന്നിട്ടുണ്ട്. 2013 ജനുവരി- ജൂൺ മാസങ്ങൾക്കിടയിൽ 3,250 അപേക്ഷകളാണ് നൽകിയിരുന്നതെങ്കിൽ അതേസമയത്ത് 2020ൽ 35,600 അപേക്ഷകളാണ് സർക്കാരുകൾ ഫെയ്സ്ബുക്കിന് നൽകിയത്. 2013ൽ നിന്ന് 2020ൽ എത്തിയപ്പോൾ അപേക്ഷകളുടെ എണ്ണം പത്തിരട്ടിയായി വർധിച്ചു.
The post കേന്ദ്രവും സർക്കാരുകളും ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് 40,300 അപേക്ഷകൾ നൽകിയെന്ന് ഫെയ്സ്ബുക്ക് appeared first on Indian Express Malayalam.