
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം കോസ്റ്റാ കോഫി എന്ന കാപ്പികടയിൽ പോയി ഒരു ലാറ്റെ കോഫി ഓർഡർ ചെയ്തപ്പോൾ വില്പനക്കാരി ചോദിച്ചു കൊളംബിയൻ കാപ്പികുരു ഉപയോഗിച്ചുള്ള ബ്രൂ ആണോ കാപ്പിയിൽ ചേർക്കേണ്ടതെന്ന്. കൊളംബിയൻ ബ്രൂ ആണെങ്കിൽ കാപ്പിക്ക് വില കൂടും, രുചിയും. എന്നാൽ ആയിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു. സംഗതി സത്യമായിരുന്നു. കൊളംബിയൻ കാപ്പിക്ക് സവിശേഷമായ രുചിയും സുഗന്ധവുമാണ്. എന്താണ് കൊളംബിയൻ കാപ്പിയുടെ പ്രത്യേകത? രുചിക്കും ഗുണത്തിനും പേരുകേട്ടതാണ് കൊളംബിയൻ കാപ്പി ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളിൽ ഒന്നാണ്. എന്തായിരിക്കും കൊളംബിയൻ കാപ്പിയെ മറ്റു കാപ്പികളിൽ നിന്നും മികച്ചതാക്കുന്നത്?
കാപ്പി എന്ന ഉൽപ്പന്നത്തിന്റെ ഗുണമേന്മ നിർണയിക്കുന്നത് മൂന്ന് ഘടകങ്ങളാണ്. അതിൽ ഒന്നാമത്തേത് കാപ്പി കൃഷിചെയ്‌യുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. കാപ്പികൃഷിക്ക് അനുയോജ്യമാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ ഭൂപ്രകൃതി. കൃത്യമായ കാലാവസ്ഥയിൽ വളർന്നാൽ മാത്രം ഗുണമേന്മയുള്ള ഫലം നൽകുന്ന ചെടിയാണല്ലോ കാപ്പി. ചായയും അതുപോലെ തന്നെ. മികച്ച കാപ്പിച്ചെടികൾ വളരാൻ അനുകൂലമായ കാലാവസ്ഥയും മണ്ണും മഴലഭ്യതയുമാണ് കൊളംബിയയുടെ പ്രത്യേകത. 1700 കളിലാണ് കൊളംബിയയിൽ കാപ്പിക്കൃഷി തുടങ്ങുന്നത്.
വർഷത്തിൽ ശരാശരി 200 സെന്റിമീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് കാപ്പിച്ചെടികൾ വളർത്താൻ അനുയോജ്യം. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്താനും പാടില്ല. ഉഷ്ണമേഖലയിൽപ്പെടുന്ന കൊളംബിയയിലെ മലമ്പ്രദേശങ്ങളിൽ കൃത്യമായ സൂര്യപ്രകാശവും ലഭിക്കുന്നു. ചെരിവുള്ള മലനിരകൾ ഉൾപ്പെടെ ഇതും കാപ്പിക്കൃഷിക്ക് ഉതകുന്ന പ്രത്യേകതയാണ്. അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള ലാവ ഒഴുകി സമ്പുഷ്ടമായ മണ്ണാണ് ഈ മലനിരകളിൽ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ഇനം കാപ്പിക്കുരു ഉത്‌പാദിപ്പിക്കാൻ കൊളംബിയയെ പ്രാപ്തമാക്കാൻ ഇനിയെന്തുവേണം! ലോകത്ത് ഏറ്റവുമധികം കാപ്പി ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് കൊളംബിയ (ബ്രസീൽ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നിൽ). വിഖ്യാതമായ ആൻഡീസ് പർവത നിരകളുടെ ചെരിവുകളിലും സാന്ത മാർത്തയിലെ സിയേറ നവാഡ മലമ്പ്രദേശങ്ങളിലുമാണ് കൊളംബിയയിൽ പ്രധാനമായും കാപ്പിക്കൃഷി ഉള്ളത്. കാലി, മെഡലിൻ, ബൊഗോട്ട എന്നീ കൊളംബിയൻ നഗരങ്ങളെ ചേർത്തുവെക്കുന്ന പ്രദേശമാണിത്. ദി കോഫി ആക്സിൽ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

കാപ്പിച്ചെടികൾക്കൊപ്പം വളരുന്ന മറ്റു വൃക്ഷങ്ങളും വാഴക്കൃഷിയും അമിതമായ ചൂടിൽ നിന്നും കൊളംബിയയിലെ കാപ്പിച്ചെടികളെ സംരക്ഷിക്കുന്നു. ഗുണമേന്മയുള്ള കാപ്പി ഉല്പാദിപ്പിക്കാൻ കാപ്പിക്കുരു കൈകൾ ഉപയോഗിച്ചുതന്നെ പറിച്ചെടുക്കണം. ആറുലക്ഷത്തോളം വരുന്ന കൊളംബിയൻ കാപ്പി കർഷകർ കൈകൾ ഉപയോഗിച്ചാണ് തങ്ങളുടെ തോട്ടത്തിലെ കാപ്പി വിളവെടുക്കുന്നത്. ഇതിനാണ് ഇംഗ്ലീഷിൽ ചെറി പിക്ക് എന്നുപറയുന്നത്. കൃത്യമായി വിളഞ്ഞ കുരു മാത്രം പറിച്ചെടുക്കുന്നതാണ് ഈ സമ്പ്രദായം. അതേസമയം ബ്രസീൽ പോലുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പൊതുവെ യന്ത്രം ഉപയോഗിച്ചാണ് കാപ്പി വിളവെടുക്കുന്നത്. ഈ രീതിയെ സ്ട്രിപ്പ് പിക്കിങ് എന്നാണ് പറയുന്നത്.
യന്ത്രം ഉപയോഗിച്ച് കാപ്പി വിളവെടുക്കുമ്പോഴുള്ള പ്രശ്നം എന്താണെന്നല്ലേ? യന്ത്രത്തിന് അറിയില്ലലോ കൃത്യമായി വിളഞ്ഞ കുരു ഏതെന്നും വിളയാത്തത് അല്ലെങ്കിൽ അമിതമായി പഴുത്തത് ഏതെന്നും. കൊളംബിയൻ കാപ്പി കർഷകരുടെ കൈകൾ കാപ്പി വിളവെടുത്ത് കുമളിക്കും. മികച്ച സ്വാദും സുഗന്ധവും നിറയുന്ന കാപ്പി ലോകമെമ്പാടുമുള്ളവർ ആസ്വദിക്കുന്നതിനു പിന്നിൽ കൊളംബിയൻ കർഷകരുടെ പരുപരുത്ത വിരലുകളും വലിയ പങ്ക് വഹിക്കുന്നു. കൃത്യമായി പാകമെത്തതോ അമിതമായി പഴുത്തതോ ആയ കാപ്പിയും കൊളംബിയക്കാർ വിളവെടുക്കുമെങ്കിലും മികച്ച കാപ്പി മാത്രമാണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌യപ്പെടുന്നത്. ബാക്കിയുള്ളവ കൊളംബിയയിൽ തന്നെ വിപണനം ചെയ്‌യപ്പെടുന്നു.
റോബസ്റ്റയും അറബിക്കയുമാണ് മികച്ച കാപ്പി ഇനങ്ങൾ. കൊളംബിയയിൽ നൂറു ശതമാനവും അറബിക്ക മാത്രമാണ് കൃഷി ചെയ്‌യുന്നത്. മികച്ച കാപ്പി എന്ന ഖ്യാതി അറബിക്ക ഇനത്തിനാണ്. കഫീൻ അംശം കുറഞ്ഞ, അമ്ലത്വം അല്പം ഏറിയ അറബിക്ക കാപ്പിക്ക് ഇത്തിരി മാധുര്യം കലർന്ന ലഘുവായ സ്വാദാണ്. അമിതമായി കയ്പ്പ് രുചി കലരാതെ കൂടുതൽ വറുത്തെടുക്കാവുന്നതാണ് കൊളംബിയൻ കാപ്പിക്കുരു. എസ്പ്രെസോ പോലുള്ള കാപ്പിയുണ്ടാക്കാൻ കാപ്പിക്കുരു ഇത്തരത്തിൽ വറുത്തെടുക്കണം. നരകവർഗ്ഗച്ചെടികളുടേതിന് സമാനമായതും എന്നാൽ ലഘുവായതുമായ ഒരു അമ്ലതയാണ് കൊളംബിയൻ കാപ്പിക്ക് സവിശേഷമായ സ്വാദ് പകരുന്നത്. പേരുകേട്ട കാപ്പിക്കടകളിൽ നിന്നോ വീട്ടിലെ കോഫീ മെയ്‍ക്കറിൽ നിന്നോ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഇൻസ്റ്റന്റ് കാപ്പി തരികൾ ചേർത്ത് ഉണ്ടാക്കി അടുത്ത തവണ നിങ്ങൾ കൊളംബിയൻ കാപ്പി ആസ്വദിക്കുമ്പോൾ കാപ്പിച്ചെടികൾ ഇടതൂർന്ന കൊളംബിയയിലെ മലനിരകളും കർഷകരും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകും.
Content Highlights: Colombian coffee the best coffee in the world















