കാസർകോട്:വിശപ്പിന്റെ സമയമാകുമ്പോൾ കാസർകോട് പുതിയ ബസ്സ്റ്റാൻഡിലെ അടച്ചിട്ട ഹോട്ടൽ മുറിക്കരികിൽ ഒരുകൂട്ടമെത്തും, എല്ലാം അടച്ചപ്പോൾ എവിടെയും വാതിൽ തുറന്നുകിട്ടാത്തവർ. പിന്നേ അവിടെ അന്നവും വിശപ്പും തമ്മിൽ സ്നേഹം പങ്കിടും. അടുക്കത്ത്ബയൽ സ്വദേശി ചരൺരാജും സുഹൃത്തുക്കളുമാണ് അടച്ചിട്ട കാലത്ത് നഗരത്തിൽ അന്നമൂട്ടുന്നത്.
ലോക്ഡൗൺ കാലത്ത് വിശന്നുവലഞ്ഞ വൃദ്ധന്റെ കണ്ണീര് കണ്ട് അധികമിട്ട കുറച്ചുപിടി അരിയാണ് ഇന്ന് നഗരത്തിലെ അൻപതോളം പേരുടെ വിശപ്പകറ്റുന്നത്. 10 ദിവസം മുന്നേ വിശന്നുവലഞ്ഞ ഒരു വൃദ്ധൻ ഭക്ഷണം കിട്ടാത്ത കാര്യം കരഞ്ഞുപറഞ്ഞു. അന്നുവരെ അവർ പൊരിയാണ് കഴിച്ചത്. ഇതിനിടെ മടിക്കുത്തിൽവെച്ച പൊരി താഴെ വീഴുകയും ചെയ്തു. അന്നു മുതലാണ് ഭക്ഷണവിതരണം ആരംഭിച്ചത് -ചരൺരാജ് പറഞ്ഞു. പുതിയ ബസ്സ്റ്റാൻഡിലെ സ്വാമി കൊറഗജ്ജ ഹോട്ടലുടമ ചരൺരാജ് ലോക്ഡൗൺ മുതൽ ഹോട്ടലടച്ചിരിക്കുകയാണ്. കളക്‍ടറേറ്റിൽ കാന്റീൻ നടത്തുന്ന ഇദ്ദേഹം അവിടെ ജീവനക്കാർക്കായി ഉണ്ടാക്കുന്ന ഭക്ഷണത്തിനൊപ്പമാണ് തെരുവിൽ കഴിയുന്നവർക്കും അന്നമൂട്ടുന്നത്.
തുടക്കത്തിൽ റോഡരികിൽ കഴിയുന്നവർക്ക് അവരുടെ അടുത്തെത്തിയാണ് ഭക്ഷണം നൽകിയത്. പിന്നീട് എല്ലാവരും പുതിയ ബസ്സ്റ്റാൻഡിലെ സ്വാമി കൊറഗജ്ജ ഹോട്ടലിലേക്ക് എത്തുന്ന രീതിയാക്കി. ഉച്ചയ്‍ക്ക് ഒരുമണിക്കും വൈകിട്ട് ആറ്ിനുമാണ് ഭക്ഷണ വിതരണം. ദിവസേന ഇതിനായി ആറുകിലോ അരിയിടും. രണ്ടുതരം കറി, അച്ചാർ, പപ്പടം എന്നിങ്ങനെയാണ് വിഭവങ്ങൾ. ദിവസവും ഉച്ചയ്‍ക്ക് 35-ഓളം പേരും വൈകിട്ട് 45-ലധികം പേരും ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്.
ഇതരസംസ്ഥാനക്കാരും തെരുവിൽ കഴിയുന്നവരുമാണ് ഇവിടെ കൂടുതലായുമെത്തുന്നത്. സമൂഹ അടുക്കള പോലുള്ള സംവിധാനങ്ങൾ ഇത്തവണ ശക്തമാകാത്തതിനാൽ ഇത്തരക്കാർ പലയിടക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ട്.
കളക്‍ടറേറ്റിൽ കാന്റീൻ നടത്തുന്ന ചരൺരാജ് അവിടെനിന്ന് ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം ഉപയോഗിച്ചാണ് ഈ ദുരിതകാലത്തും നന്മചെയ്‌യുന്നത്. ഹോട്ടൽ വരുമാനം നേരത്തേയുള്ളതിനേക്കാൾ പത്തിലൊന്നായി ചുരുങ്ങിയെങ്കിലും ലോക്ഡൗൺ തീരുംവരെ ഈ സേവനം തുടരാനാണ് ഇവരുടെ തീരുമാനം.
Content Highlights: Free food delivery in kasaragod