തിരുവനന്തപുരം: എൽ.ഡി.എഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ചുവർഷം എല്ലാ പ്രതിസന്ധികളെയും നേരിട്ട് സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിന്റെ പ്രകടനപത്രികയുടെ ഭാഗമായി ഓരോ വർഷവും പൂർത്തിയാക്കിയ വാഗ്ദാനങ്ങൾ പ്രോഗ്രസ് റിപ്പോർട്ട് ആക്കി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിനാകെ മാതൃകയായി മാറി. പൊതുമേഖലയെ നഷ്ടക്കണക്കിന്റെ ഇടവേളകളിൽനിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയ്ൽ പൈപ്പ് ലൈനും ദേശീയ പാതാവികസനവും വൈദ്യുത പ്രസരണ പദ്ധതികളും യാഥാർഥ്യമാക്കി. അതോടൊപ്പം വിജ്ഞാനസമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെ ഫോൺ പോലുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടു പോയെന്നും അദ്ദേഹം പറഞ്ഞു.
ഓഖിയും നിപ്പയും നമ്മെ വിഷമിപ്പിച്ച ദുരന്തങ്ങളായിരുന്നു. ഏറ്റവും പ്രയാസം അനുഭവിക്കുന്ന ജനത ഉൾപ്പെടെ അണിചേർന്ന രക്ഷാമതിൽ ഉയർത്തിക്കൊണ്ടാണ് പ്രളയത്തെ നാം അതിജീവിച്ചത്. തുടർന്നാണ് കോവിഡിന്റെ വ്യാപനം. അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗൺ അടക്കമുള്ള പ്രതിരോധ നടപടികൾ നാം സ്വീകരിക്കുമ്പോൾ സ്വാഭാവികമായും ജനജീവിതം താളംതെറ്റും. അവ മറികടക്കുന്നതിനുള്ള സാമ്പത്തികസഹായങ്ങൾ ഉൾപ്പെടെ നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്ക് രാജ്യത്ത് ആദ്യമായി രൂപം നൽകാൻ നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 20,000 കോടിരൂപയുടെ പാക്കേജിനും തുടർന്നുള്ള നാട്ടിലെ ഉൽപാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ ഉൾപ്പെടെയുള്ളവ പരിഹരിക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയിലും നവോസ്ഥാനമൂല്യങ്ങളിലും അടിയുറച്ച് നിൽക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിനും സർക്കാർ ശക്തമായി ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പലഭാഗത്തും വർഗീയ സംഘർഷങ്ങൾ ആളിപ്പടർന്നപ്പോഴും മതസൗഹാർദത്തിന്റെ നാടായി കേരളത്തെ നിലനിർത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായി എന്നതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ഒരു പ്രധാനനേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights:pinarayi vijayan press meet after first cabinet meeting