തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാഷ്ട്രീയ കേരളം ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. പിണറായി വിജയന്റെ അജയ്യനേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഒരിക്കൽ കൂടി അധികാരത്തിൽ. യു.ഡി.എഫിനെ തകർത്തെറിഞ്ഞ്, ബി.ജെ.പിയെ നിലംപരിശാക്കി പുതു ചരിത്രമെഴുതി ക്യാപ്റ്റനും ടീമും അടുത്ത അഞ്ചു വർഷംകൂടി കേരളം ഭരിക്കും.
കെ. രാജൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
വൈകീട്ട് 3.35-ഓടെസത്യപ്രതിജ്ഞാചടങ്ങ് ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻസത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി,എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.ശേഷം നിയുക്തമന്ത്രിമാർ പേരിലെ അക്ഷരമാലാക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനും കെ. രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, വി. അബ്ദുറഹ്മാൻ,ആന്റണി രാജു,അഹമ്മദ് ദേവർകോവിൽ ദൈവനാമത്തിൽ എന്നിവർ സത്യവാചകം ചൊല്ലി.
റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്യുന്നു
ചരിത്രവിജയം സമ്മാനിച്ചവർക്ക് കോവിഡിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാനായില്ല. വീടകങ്ങളിലെ ടെലിവിഷനുകളിലും ഫോൺ സ്ക്രീനുകളിലും കേരള ജനത ചരിത്രമുഹൂർത്തം വീക്ഷിച്ചു. ഈ മഹാമാരി മാറും. അന്ന് നമ്മൾ ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാർമേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലർച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ വാക്കുകൾ സത്യമായി പുലരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.
എ.കെ. ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്യുന്നു
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകർ അണിചേർന്ന വെർച്വൽ സംഗീതാവിഷ്കാരം സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ തെളിഞ്ഞു.
ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്യുന്നു
കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമർപ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.
വി.അബ്ദുറഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്നു
ഇ.എം.എസ്. മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആൽബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യമാണ്. സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്കാരം. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. മൺമറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വർമ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.
ജി.ആർ. അനിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. എന്നാൽ, പ്രതിപക്ഷം പങ്കെടുത്തില്ല. കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി പങ്കെടുക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.
കെ.എൻ. ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്യുന്നു
ക്ഷണിക്കപ്പെട്ടവർ 2.45-ന് മുമ്പായി സെൻട്രൽ സ്റ്റേഡയത്തിലെത്തി. മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐയിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും സത്യപ്രതിജ്ഞക്ക് പുന്നോടിയായി പുഷ്പാർച്ചന നടത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം നടക്കും. നിർണായക തീരുമാനങ്ങൾ ഈ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം. ഇവർ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, ആന്റിജൻ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ടായിരുന്നു.
Content Highlights:second Pinarayi government came to power-sworn-ldf-government