കെ.രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായി വരുന്നതാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച. ഗുരുവായൂർ ദേവസ്വത്തിൽ തോട്ടത്തിൽ രവീന്ദ്രൻ (നിയുക്ത കോഴിക്കോട് നോർത്ത് എം.എൽ.എ.) ചെയർമാനായിരുന്ന അവസരം. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കൃഷ്ണഗീതി ദിനവുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് ഞങ്ങൾ സ്പീക്കറായിരുന്ന കെ.രാധാകൃഷ്ണനെ ക്ഷണിച്ചു. ദേവസ്വം പബ്ലിക്ക് റിലേഷൻസ് വിഭാഗത്തിന്റെ ചുമതലക്കാരനും ഭക്തപ്രിയ മാസികയുടെ അസി: എഡിറ്ററുമായിരുന്നു അന്ന് ഞാൻ.
യോഗത്തിനു മുന്നെ കൃഷ്ണനാട്ടത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിരുന്നു രാധാകൃഷ്ണൻ. ഏത് വേദിയിലും കാര്യങ്ങൾ പഠിച്ച് മാത്രം പറയുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. ദേവസ്വം ചെയർമാനോടും അന്ന് ഭരണ സമതി അംഗമായ പ്രൊഫ.ടി.ആർ. ഹാരി മാഷിനോടും എന്നോടും കലയിലെ അയിത്തത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കലാമണ്ഡലത്തിലൂടെ, പൈങ്കുളം രാമചാക്യാരിലൂടെ കൂടിയാട്ടത്തിലെ ജാതിമേധാവിത്വം ഇല്ലാതെയായതുമെല്ലാം ചർച്ച ചെയ്താണ് അദ്ദേഹം വേദിയിലെത്തിയത്.
കൃഷ്ണനാട്ടത്തിലെ ജാതി വിവേചനത്തിനെതിരെ സൗമ്യമായി പ്രതികരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന പ്രസംഗം. ക്ഷേത്രത്തിന്റെ തിരുനടയിൽ വിശ്വാസികളെല്ലാം ശ്രദ്ധയോടെ വ്യക്തതയുള്ള ആ വാക്കുകൾ കേട്ടു. ആവേശവും ശാസനയുമില്ലാതെ, വേദിയിലെ ഭരണ സമിതിയോട് ഇത്തരം വിവേചനത്തിന്റെ അവശിഷ്ടങ്ങൾ ഉന്നതമായ നമ്മുടെ സാംസ്കരിക പാരമ്പര്യത്തെ മുന്നോട്ടല്ല പിറകിലേക്കാണ് കൊണ്ടുപോകുന്നതെന്ന തിരിച്ചറിവ് അനിവാര്യമാണെന്ന് മാത്രം സൂചിപ്പിച്ചു. ഈ വിവേചനത്തിൽ ഏറെ വേദനയുണ്ട്. വേദന എന്റേതു മാത്രമല്ല, കൃഷ്ണനാട്ടത്തിൽ മക്കളെ കൃഷ്ണവേഷം കെട്ടിക്കാൻ ആഗ്രഹിക്കുന്ന അമ്മമാരുടേത് കൂടിയാണ്. അദ്ദേഹം പറഞ്ഞു.
കെ.രാധാകൃഷ്ണൻ, വേദിയിൽ തെളിച്ചു പറഞ്ഞ ഈ വാക്കുകൾ കേട്ട കാതുകളെല്ലാം അത് ശരിവെച്ചു. ഭക്തിരസ പ്രധാനമായ കൃഷ്ണനാട്ടം എന്ന കലയിൽ ജാതി വിവേചനത്തെ, പ്രക്ഷോഭമില്ലാതെ ഒരു ഉദ്ഘാടന പ്രസംഗത്തിലൂടെ തുടച്ചുനീക്കാനുള്ള ചാലക ശക്തിയായി അവിടെ ഇന്നത്തെ ദേവസ്വം മന്ത്രി മാറിയെന്നത് ചരിത്രം. ദേവസ്വം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രനോട് അദ്ദേഹം പറഞ്ഞു. കൃഷ്ണനാട്ടം എന്ന കലാരൂപത്തെ ജനമനസിൽ പ്രതിഷ്ഠിക്കാൻ ജാതിയുടെ പേരിലുള്ള ഈ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ആർജ്ജവം, പുരോഗമന സർക്കാർ നാമനിർദ്ദേശം ചെയ്ത ഈ ഭരണസമിതി കാണിക്കണം. ക്ഷേത്ര ഭൂമി എന്നതോടൊപ്പം ഐതിഹാസികമായ ക്ഷേത്ര പ്രവേശനത്തിനുള്ള പോരാട്ടം നടന്ന സമരഭൂമി കൂടിയാണ് ഇത്.
രാധാകൃഷ്ണന്റെ സൗമ്യമായ ഈ വാക്കുകൾ തോട്ടത്തിലും ഹാരിമാഷും ഉൾപ്പെടുന്ന ഭരണ സമിതിക്ക് സ്വീകാര്യവും ആവേശവുമായി. നിശബ്ദ വിപ്ലവത്തിലൂടെ കൃഷ്ണനാട്ടത്തിന് കുട്ടികളെ തെരഞ്ഞെടുക്കുന്നതിലെ ജാതി നിബന്ധന അതോടെ ഇല്ലാതെയാവുകയായിരുന്നു. അതേ ഭരണ സമിതിയുടെ കാലത്താണ് സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് ക്ഷേത്ര പ്രവേശനവും അനുവദിച്ചതെന്നതും സ്മരണീയമാണ്.
content highlights:K radhakrishnan returns ending caste discrimination in krishnanattam