
ആരോഗ്യത്തിന് ഏറെ നല്ലതെന്ന് പേരുകേട്ട കരിക്കിൻ വെള്ളം ലോകമെമ്പാടും വേനൽക്കാലത്തെ പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും കരിക്കിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കോവിഡ് മഹാമാരിയ്‍ക്കിടെ കരിക്കിൻ വെള്ളത്തിന് ആവശ്യക്കാർ ഏറെയാണ്.
സ്വന്തമായി തെങ്ങില്ലെങ്കിൽ ശുദ്ധമായ കരിക്കിൻ വെള്ളം എവിടെ നിന്ന് കിട്ടുമെന്നാണ് ചോദ്യം. പലരും പായ്‍ക്ക് ചെയ്ത് വരുന്ന കരിക്കിൻ വെള്ളം ഉപയോഗിക്കാറുണ്ട്. അതും ഒറിജിനൽ തന്നെയോ എന്ന് സംശയിക്കുന്നവരും ഏറെയുണ്ട്. അതിനിടയിലാണ് കൈകൾ കൊണ്ട് സ്പർശിക്കാതെ ശുദ്ധമായ കരിക്കിൻ വെള്ളം വേർതിരിച്ചു വിൽക്കുന്ന ഈ തെരുവോര കച്ചവടക്കാരൻ വ്യത്യസ്തനാകുന്നത്. പ്രത്യേക മെഷീൻ ഉപയോഗിച്ച് കരിക്കിൻ വെള്ളം വേർതിരിച്ച് കരിക്ക് വെട്ടി നൽകുന്ന വിദ്യയാണ് അർജുൻ സോണി എന്ന കരിക്ക് കച്ചവടക്കാരൻ സ്വീകരിച്ചിരിക്കുന്നത്.
വലിയ കത്തിക്ക് പകരം നൂതന ഉപകരണങ്ങളുടെ സഹായത്തോടെയാണ് അർജുൻ കരിക്ക് വെട്ടുന്നത്. കരിക്കിൽ നിന്നുള്ള വെള്ളം യന്ത്രത്തിന്റെ തന്നെ സഹായത്തോടെ അരിച്ചെടുത്ത് വൃത്തിയുള്ള ഡിസ്പോസിബിൾ ഗ്ലാസിലാണ് നൽകുന്നത് വീഡിയോയിൽ കാണാനാകും. ഒരു ഗ്ലാസിന് 50 രൂപയാണ് വില. കൈയിൽ ഗൗസും മറ്റും ധരിച്ചാണ് വിൽപ്പനക്കാരൻ കരിക്കിൻ വെള്ളം മെഷീനിൽ നിന്ന് അരിച്ച് നൽകുന്നത്.
ഫുഡി ഇൻകാർനേറ്റ് എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതുവരെ ഫേസ്ബുക്കിൽ 4.43 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധിപ്പേർ ഈ കച്ചവടക്കാരന്റെ ആശയത്തിന് കൈയടിക്കുന്നുണ്ട്.
Content Highlights: Indore Mans Hi-tech Coconut Water Cart That Requires No Touching Goes Viral














