എനിക്ക് ആരായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി മാസ്റ്റര്‍? മാസ്റ്റര്‍ എന്നെ കോളജില്‍ ഇംഗ്ലിഷ് പഠിപ്പിച്ചിട്ടില്ല. എന്നാല്‍ എനിക്ക് ജീവിതത്തിലെ പല വലിയ പാഠങ്ങളും ഈ ഗുരു പഠിപ്പിച്ചു തന്നു. അതെ, എന്റെ കുടുംബത്തിന്റെ ആത്മീയ ഗുരു തന്നെയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി മാസ്റ്റര്‍. അതില്‍ സംശയമേ ഇല്ല.
എംഎയ്ക്കു പഠിക്കുമ്പോള്‍ പുതുമുദ്രകള്‍ എഡിറ്റ് ചെയ്ത കവി എന്ന നിലയിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ആദ്യമായി അടുത്തറിയുന്നത്. പുതുവഴി വെട്ടുന്നവരെ പരിചയപ്പെടുത്തിയ ഈ കവിയില്‍ ആധുനികതയുടേതെന്നു മുദ്രകുത്തുന്ന പല സവിശേഷതകളും കാണുന്നില്ലല്ലോ എന്ന് വിചാരിക്കുകയും ചെയ്തു. പിന്നീട് ‘സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’ എന്ന സമാഹാരം പഠിപ്പിക്കേണ്ടി വന്നപ്പോഴാണ് ഈ കവിയെ അടുത്ത് പരിചയപ്പെടാന്‍ സാധിച്ചത്. അതിലെ പല കവിതകളും എന്നില്‍ നിറച്ചത് അദ്ഭുതാദരങ്ങളായിരുന്നു. പിന്നീട് ഇറങ്ങിയ സമാഹാരങ്ങളെല്ലാം തന്നെ- ‘ഭൂമിഗീതങ്ങഗള്‍’, ‘ഇന്ത്യ എന്ന വികാരം’, ‘മുഖമെവിടെ’, ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’, ‘ആരണ്യകം’, ‘ഉജ്ജയനിയിലെ രാപ്പകലുകള്‍’, ‘ശ്രീവല്ലി’-എല്ലാം തന്നെ ഈ ആദരം നിലനിര്‍ത്തുകയും ചെയ്തു.
എന്‍.വിയാണ് മഹാഗുരുവെങ്കിലും കവിതയില്‍ നമ്പൂതിരി മാസ്റ്റര്‍ക്ക് ഗുരുക്കളായിരുന്നവര്‍ മലയാളത്തില്‍ ഇടശേരിയും വൈലോപ്പിള്ളിയുമായിരുന്നു. അവര്‍ പലപ്പോഴും മാസ്റ്ററുടെ നിനവില്‍ വരുന്നുണ്ട്. എന്നാല്‍ വിധേയത്വമൊട്ടില്ലതാനും. സംസ്‌കൃതത്തില്‍ കാളിദാസന്‍ തന്നെയാണ് മാസ്റ്ററുടെ വരകവി. ഇംഗ്ലിഷിലാവട്ടെ യേറ്റ്‌സാണ് കവിക്കു പ്രിയങ്കരന്‍. ഇപ്രകാരം വിവിധ കാവ്യരീതികളെ സ്വാംശീകരിച്ചു എന്നതു മാത്രമല്ല വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിയുടെ ഗരിമ. ഭാരതീയ തത്വചിന്ത, വൈദേശിക തത്വചിന്തകള്‍, ഭൗതികശാസ്ത്ര വിജ്ഞാനം എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളില്‍ അഗാധമായ പരിജ്ഞാനത്തിന്റെ ഭൂമികയില്‍നിന്നാണ് അദ്ദേഹം തന്റെ കാവ്യലോകത്തെ വളര്‍ത്തിയെടുത്തത്. സമകാലീന ജീവിതത്തെ അദ്ദേഹം എത്രത്തോളം സൂക്ഷ്മമായും സ്പഷ്ടമായും മനസിലാക്കുകയും അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കവിതകളുടെ അവലോകനം വ്യക്തമാക്കിത്തരും.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏതൊരു യൗവനത്തിനും തോന്നുന്ന അഭിമാനവും ആവേശവും തുളുമ്പുന്നവയാണ് ‘സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’ എന്ന സമാഹാരത്തിലെ മിക്ക കവിതകളും. ‘ഭൂമിഗീതങ്ങള്‍’ എന്ന സമാഹാരത്തിലെ കവിതകളിലും ”അഹോ, ഉദഗ്രരമണീയാ പൃഥ്വിവീ” എന്ന കാളിദാസ വചനം തന്നെയാണ് കവിക്ക് പ്രചോദനം. ശുഭ കാമനകള്‍ പിന്നെ പതുക്കെപ്പതുക്കെ വാടുന്നതിന്റെ ദൃശ്യം ‘മുമെവിടെ’, ‘ഇന്ത്യ എന്ന വികാരം’ എന്നീ സമാഹാരങ്ങളിലെ കവിതകളില്‍ കാണാം.
‘നരബലി’, ‘ശവരാഷ്ട്രീയം’, ‘കാലനയനം നനയുന്നു’, ‘എന്റെ രാഷ്ട്രത്തോട്’, ‘ഭൂമികന്യകയെത്തേടി’ തുടങ്ങിയ നിരവധി കവിതകൾ ഉദാഹരണം.
ഈ സന്ദേഹമാണ് തനിയ്ക്കു മുഖം നഷ്ടപ്പെട്ടോയെന്ന സംശയം പോലും കവയില്‍ ഉണര്‍ത്തുന്നത്.
വാക്കുകളേക്കാള്‍ വരം, അകമേ
ദീപ്രതരം നിശിതം മൗനം
കൂടണയൂ പ്രിയ വാക്കുകളെ
(ഒരു സ്വകാര്യ കത്ത്)
എന്നിടം വരെ എത്തുന്ന നിഷ്ഫലതാ ബോധം കവിയെ പിടികൂടുകയുണ്ടായി.
എന്നാല്‍ കാളിദാസീയമായ ഒരു സംസ്‌കാരം നയിക്കുന്ന കവിയെ സംബന്ധിച്ചിടത്തോളം ഈ നിഷ്ഫലതാ ബോധത്തില്‍നിന്നും മുക്തമായി പറ്റൂ. ഈശാവാസ്യോപനിഷത്തും ഗീതാ ദര്‍ശനവും ഈ കവിക്ക് കരുത്തേകുന്നു. അത് വൈദിക പാരമ്പര്യത്തിന്റെ പിന്‍വിളി അല്ല. മറിച്ച് അനുതാപം ഉറന്നൊഴുകുന്ന, തന്റെ ചുറ്റുമുള്ള പ്രകൃതിയെ ഗാഡമായി സ്‌നേഹിച്ച ഒരു സംവേദന മനസിന്റെ വികാരങ്ങളാണ്. ചിന്തയുടെ ധൂമം, വെളിപാടിന്റെ ജ്യോതിസ്, രുദിതാനുസാരിയായ കാരുണ്യത്തിന്റെ സലിലം, ചൈതന്യത്തിന്റെ മരുത്ത് എന്നിവ ചേര്‍ന്നുണ്ടായ ഉ’ജ്ജയിനിയിലെ രാപ്പകലുകള്‍’ എന്ന കവിത മലയാളത്തിലെ മനോജ്ഞമായ കവിതകളിലൊന്നുതന്നെയാണ്. കാളിദാസ കാലത്തെ ശീതളിമയില്‍നിന്ന് സമകാല ജീവിതത്തിന്റെ ഊഷരതകളെക്കുറിച്ച് ഈ കവിത നമ്മെ ഓര്‍മപ്പെടുത്തുന്നു. ‘ഹിമ ഗന്ധം’, ‘തേഹരി’ എന്നീ കവിതകളും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
ഉതിര്‍മണികള്‍ നുള്ളിപ്പെറുക്കി പറ നിറയ്ക്കുന്നതാണ് തന്റെ കവിതയെന്ന് ‘ചാരുലത’യുടെ ആമുഖത്തില്‍ കവി പറയുന്നുണ്ട്. എന്നാല്‍ അതങ്ങനെയല്ലെന്ന് ‘ഉത്തരായണ’ത്തിന്റെ മുന്‍കുറിപ്പ് സ്പഷ്ടമാക്കുന്നു. ഹിമാലയത്തിന്റെ ഗരിമയും അത് നെയ്‌തെടുക്കുന്ന ഒരു സംസ്‌കാരത്തിന്റെ പൈതൃകവും പിന്നീടുള്ള തലമുറയ്ക്ക് എത്ര പ്രധാനമാണെന്ന് അദ്ദേഹത്തിന്റെ പല കവിതകളും ഉദാഹരിക്കുന്നു. പ്രസ്ഥാനം എന്ന വകുപ്പില്‍ പെടുന്ന ‘പിതൃയാനം’, ‘ബ്രഹ്‌മദത്തന്‍’, ‘ശോണമിത്രന്‍’, ‘ഗംഗാനാരായണന്‍’, ‘മിത്രാവതി’ എന്നീ കവിതകള്‍ പാരമ്പര്യത്തെയും അതു പകര്‍ന്നുതന്ന ഊര്‍ജത്തെയും വ്യക്തമായി മനസിലാക്കിയ മനസ്സിലേ പിറക്കൂ. എന്നാല്‍ ശാസ്ത്ര പുരോഗതിയെ നിരാകരിക്കാന്‍ ഭൗതികശാസ്ത്രം പഠിച്ച ഈ കവി ഒരിക്കലും തുനിയുന്നില്ല. അങ്ങനെ ഒരാള്‍ക്കല്ലാതെ ‘ഐന്‍സ്റ്റൈന്റെ അതിഥി’ പോലെ ഒരു കവിത രചിക്കാനാവില്ല. ഹൈസന്‍ ബര്‍ഗ്-ഐന്‍സ്റ്റീന്‍ കൂടിക്കാഴ്ചയിലൂടെ കവി ചെന്നെത്തുന്ന ഭാവമണ്ഡലം വിപുലമാണ്.
വിഷ്ണു മാസ്റ്ററുടെ കവിതകളില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട കവിതകളാണ് ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’, ‘പുതിയ കോടി’, ‘കൂരച്ചാൽ’,
‘നമ്പിപാലം പുഴ’, ‘മക്കള്‍ വരും വഴി’ തുടങ്ങിയവ. മലയാളത്തിലെ ഏറ്റവും മുന്തിയ കവിത എന്നാണ് കെ പി ശങ്കരന്‍ ‘നമ്പിപാലം പുഴ’യെ പറ്റി പരാമര്‍ശിക്കുന്നത്. പുഴ, ദേവി എന്നീ പ്രതീകങ്ങളില്‍ ജനിമൃതികളെ സമന്വയിപ്പിച്ച് ദേശകാലാദി സീമകളെ അതിവര്‍ത്തിക്കുന്ന അസ്ഥിത്വ തരംഗമാലിയായി വളരുന്ന കാഴ്ച അത്ഭുതാവഹമാണ്. സര്‍ഗലോലുതയും സംഹാര രൗദ്രഭാവവും മാറിമാറിവരുന്ന മാതൃഭാവങ്ങളിലൂടെ കവി അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്ന തലങ്ങള്‍ വിപുലമാണ്.
വിഷ്ണു നാരായണന്‍ നമ്പൂതിരി എന്ന കവിയുടെ കവിതാ ലോകത്തെ അനാദ്യന്തമായ ആകാശ വ്യാപ്തിയിലെ ഏഴ് പ്രകാശരശ്മികളോട് ബന്ധപ്പെടുത്തി, ഏഴു കുതിരകളെ പൂട്ടിയ സജിചിതാവിന്റെ സഞ്ചാരത്തോടാണ് ഡോ. എം ലീലാവതി ഉപമിക്കുന്നത്. രാഗയോഗം ശോക യോഗം, ത്യാഗയോഗം, കര്‍മയോഗം, ശര്‍മയോഗം, ഭക്തിയോഗം, മുക്തിയോഗം എന്നിങ്ങനെയാണ് ആ കവിതകളെ ടീച്ചര്‍ തരംതിരിക്കുന്നത്. കവിതയുടെ വിഷ്ണുലോകത്തെ ഇത്രയധികം വിസ്തരിച്ചുള്ള അപഗ്രഥനത്തില്‍ ആ കാവ്യ ലോകത്തിന്റെ നിരവധി കാണാക്കാഴ്ചകള്‍ ടീച്ചര്‍ വിശദീകരിക്കുന്നുണ്ട്.
ഏഴുവര്‍ണങ്ങള്‍ തന്‍മായാ-
ജാലം നോക്കെത്തുവോളവും
ഏഴ് രാഗങ്ങള്‍ തന്‍ സ്വപ്ന-
ലോകം കാതെത്തുവോളവും
കൈക്കുടന്നയിലാക്കേണം
ഇക്കാണുമഴകെന്നു താന്‍
നിശ്ചയിച്ചു തപം ചെയ്തു
നിശ്ചയം തീവ്രമുന്മുഖം
(നന്നായി വരട്ടെ)
സ്‌നേഹവാല്‍സല്യാനുരാഗവിരാഗങ്ങള്‍
മോഹമവിഷാദ ഭയങ്ങള്‍ ചിനുചിനെ
ഏഴുനിറങ്ങളണിഞ്ഞു കതിര്‍ക്കുന്ന
മാണിക്യമായതു മൗലിയില്‍ ചൂടുന്നു
(നീ വന്നു)
എന്നിങ്ങനെ ആശംസയും ആനന്ദ ധന്യതയും ചേര്‍ന്ന കവിതകളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകം എന്ന ടീച്ചറുടെ നിരീക്ഷണത്തിനപ്പുറം ഈ കാവ്യലോകത്തെ എങ്ങനെ വിലയിരുത്താന്‍.
ഭൗതികമായ ഈ പൃഥിവിയില്‍നിന്ന് പോയി മറഞ്ഞാലും ആ രശ്മികളുതിര്‍ത്ത മനസ് ജരാനരകളില്ലാതെ മലയാള സാഹിത്യത്തില്‍ വിരാജിക്കുക തന്നെ ചെയ്യും.
The post ആശംസയുടെയും ആനന്ദത്തിന്റെയും ധന്യലോകം appeared first on Indian Express Malayalam.