കൊച്ചി
അഴിമതിയുടെ കളങ്കം മായ്ച്ച് കളമശേരി സമ്മാനിച്ച മഹാവിജയത്തിന്റെ ശോഭയിൽ പി രാജീവ് എൽഡിഎഫ് മന്ത്രിസഭയിലേക്ക്. യുഡിഎഫിനെമാത്രം തുണച്ചുപോന്ന കളമശേരി മണ്ഡലത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തി നേടിയ കന്നിവിജയത്തിലൂടെ രാജീവിന്റെ മന്ത്രിസഭാപ്രവേശത്തിന് തിളക്കമേറെ. സംഘടനാരംഗത്തും പാർലമെന്ററിരംഗത്തും കഴിവ് തെളിയിച്ച അമ്പത്തിരണ്ടുകാരൻ നാലുപതിറ്റാണ്ട് രാഷ്ട്രീയജീവിതത്തിലൂടെ താണ്ടിയത് സമരപൂർണവും ത്യാഗോജ്വലവുമായ കനൽപ്പാതകൾ.
സംസ്ഥാനശ്രദ്ധ നേടിയ പോരാട്ടമായിരുന്നു കളമശേരിയിലേത്. മണ്ഡലം രൂപീകരണശേഷം രണ്ടുവട്ടവും മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജയിപ്പിച്ച കളമശേരി. പാലാരിവട്ടം പാലം നിർമാണ അഴിമതിമുതൽ അനധികൃത സ്വത്തുസമ്പാദന കേസിൽവരെ പ്രതിയായി ഇബ്രാഹിംകുഞ്ഞിന് സീറ്റ് നിഷേധിച്ചപ്പോൾ, മകനെ സ്ഥാനാർഥിയാക്കി മണ്ഡലം നിലനിർത്താൻ യുഡിഎഫ് നീക്കം. അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് എൽഡിഎഫ് രാജീവിനെ സ്ഥാനാർഥിയാക്കിയതോടെ കളമശേരിയിലെ മത്സരത്തിന്റെ സ്വഭാവം മാറി. അഴിമതിയുടെ പിന്തുടർച്ചയ്ക്കോ സംശുദ്ധരാഷ്ട്രീയത്തിനോ വോട്ട് എന്നതായി പ്രധാന ചോദ്യം.
മൂന്നരപ്പതിറ്റാണ്ടിലേറെയായി കളമശേരിക്കൊപ്പം ജീവിക്കുന്ന രാജീവ്, അതിവേഗം മണ്ഡലത്തിന്റെ ഹൃദയം കവർന്നു. കണക്കില്ലാതെ പണമൊഴുക്കിയും എൽഡിഎഫിനും രാജീവിനുമെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചും ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടും മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കളമശേരി രാജീവിനെ തെരഞ്ഞെടുത്തു. 15,336 വോട്ടിന്റെ ഭൂരിപക്ഷം.
കൂത്തുപറമ്പ് വെടിവയ്പുദിവസം വൈകിട്ട് എറണാകുളത്ത് വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിച്ചതിന് പൊലീസിന്റെ കൊടിയ മർദനം രാജീവിന് ഏറ്റുവാങ്ങേണ്ടിവന്നു. പിറ്റേന്ന് പത്രങ്ങളിൽ അച്ചടിച്ചുവന്ന ചിത്രം വിദ്യാർഥിവേട്ടയുടെ ആഴം പ്രതിഫലിപ്പിക്കുന്നതായിരുന്നു. മർദനമേറ്റു മൃതപ്രായനായ രാജീവിനെ രണ്ട് പൊലീസുകാർ ചേർന്ന് ഉന്തിയും തള്ളിയും കൊണ്ടുപോകുന്ന ചിത്രമായിരുന്നു അത്.
കെ കരുണാകരൻ അബാദ്പ്ലാസയിൽ നേത്രരോഗചികിത്സകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വരുന്നതറിഞ്ഞാണ് എസ്എഫ്ഐ കരിങ്കൊടിപ്രതിഷേധത്തിന് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനമെത്തിയപ്പോൾ വിദ്യാർഥികൾ മുദ്രാവാക്യം വിളികളോടെ കരിങ്കൊടിയുമായി മുന്നിലേക്ക് ചാടി. പിന്നീട് പൊലീസിന്റെ നരനായാട്ടായിരുന്നു എംജി റോഡിൽ.
നടുറോഡിൽ രാജീവിനെയും മറ്റു പ്രവർത്തകരെയും വളഞ്ഞിട്ടുതല്ലി. ഷർട്ടും മുണ്ടും വലിച്ചുകീറി. മർദനമേറ്റ് രാജീവിന്റെ വാരിയെല്ല് ഒടിഞ്ഞു. കാൽവെള്ളയിലൂടെ ചോര വാർന്നൊഴുകുമ്പോഴും മുദ്രാവാക്യം മുഴക്കിയ രാജീവിനെ വലിച്ചിഴച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിൽ കൊണ്ടുവന്നശേഷവും മർദനമേറ്റു. അപ്പോൾ എസ്എഫ്ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു രാജീവ്.