റിപ്പബ്ലിക്കിന് പുറത്താണ് കവിയുടെ സ്ഥാനമെന്ന് പ്ലേറ്റോ. റിപ്പബ്ലിക്ക് എന്ന ആശയം ഒരുക്കുന്ന ഭൂമികയ്ക്ക് പുറത്താണ് കവി വസിക്കുന്നത് അല്ലെങ്കില്‍ വസിക്കേണ്ടുന്ന ഇടം എന്നാവുമോ സോഫക്ലീസിന്റേയും യൂറിപ്പിഡിസിന്റേയും ദേശവാസി ഉദ്ദേശിച്ചിട്ടുണ്ടാവുക? കവിതയും ഭരണാധികാരവും റിപ്പബ്ലിക്കിന്റെ പുതു രൂപമായ സ്റ്റേറ്റും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണ്. റിപ്പബ്ലിക്കിനെ, ദേശരാഷ്ട്രത്തെ പാടിപ്പുകഴ്ത്താന്‍ അധികാരികള്‍ കവികളോട് ആവശ്യപ്പെടാറുണ്ട്. പലരും തയാറാകാറുമുണ്ട്. എന്നാല്‍, കവികള്‍ എക്കാലത്തും സൗവര്‍ണ പ്രതിപക്ഷമാണെന്നാണ് വൈലോപ്പിള്ളിയുടെ മതം.
സോഫക്ലീസിനെ ഏതന്‍സ് റിപ്പബ്ലിക് വിചാരണ ചെയ്ത സന്ദര്‍ഭം വിഷയമാകുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ റിപ്പബ്ലിക് എന്ന കവിതയില്‍ വിചാരണയ്‌ക്കൊടുവില്‍ നാടകകൃത്ത് ഏതന്‍സ് ജനാവലിയെ സംബോധന ചെയ്യുന്നുണ്ട്. വയസ്സ് ഏറെ ചെന്ന സോഫക്ലീസ് തന്റെ രചനയില്‍ നിന്നും പതുക്കെ വായിച്ചു തുടങ്ങുന്നു. സത്യവും അസത്യവും തെറ്റും ശരിയുമൊന്നും തീര്‍ച്ചപ്പെട്ടിട്ടില്ല ഇതേവരെ, ”എന്റേതായൊന്നുമില്ലെന്നാലെല്ലാറ്റിന്റെയുമാണ് ഞാന്‍” എന്ന ഭാവന മാത്രം ശീലിച്ച് ഉയര്‍പോറ്റിനേന്‍ എന്ന മുഖവുരയുമായി വയസേറെ ചെന്ന സോഫക്ലീസ് തന്റെ കൃതികളില്‍ നിന്നു ചിലത് ജനാവലിക്കു മുമ്പാകെ അവതരിപ്പിക്കുന്നു. ആ വരികളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു: ”ഭ്രാന്തമായ് കൊന്നും വെന്നും യുദ്ധാങ്കണങ്ങളില്‍/പഴുതേ കൊഴിയും മര്‍ത്ത്യജീവ ചൈതന്യ ഗീതികള്‍/പാറയില്‍ തെളിനീരുറ്റു പോലെ വൈരത്തിലാദ്രത/പാപിയെ ദേവനായ് മാറ്റും ത്യാഗത്തിന്റെയഗാധത/സൃഷ്ടിയാല്‍ മൃതിയെക്കാലിന്‍ കീഴില്‍ നിര്‍ത്തും പ്രബുദ്ധത;/ചിപ്പിയാം സ്മൃതിയില്‍ ദുഃഖമുള്ളു കാട്ടും പ്രസന്നത/അല്ലില്‍ നീളെ വെളിച്ചത്തെ ധ്യാനിക്കും വെള്ളമൊട്ടുകള്‍;/അന്തിതന്‍ വീര്യമാവാഹിച്ചെരിയും മണ്‍ചരാതുകള്‍….” കവി പറയുന്നു, ”ആ ദിവ്യ സ്വാതന്ത്ര്യം ശ്വസിച്ച ജനാവലിയെ സാക്ഷി നിര്‍ത്തി റിപ്പബ്ലിക്കിന്റെ അധികാരികള്‍ വിധി പ്രസ്താവിക്കുന്നു; ”ഈ രശ്മികളുതിര്‍ക്കുന്ന മനസ്സിനെങ്ങു വാര്‍ദ്ധക്യം?/ഈ മനസ്സ് തിളങ്ങുമ്പോള്‍/ഏതന്‍സിന്നെവിടെ ക്ഷയം! ഗുരോ, മാപ്പു തരൂ.” റിപ്പബ്ലിക്കിന്റെ നിയമാവലി കവിതയുടെ ദിവ്യസ്വാതന്ത്ര്യത്തിനു മുമ്പില്‍ വിനീതമാകുന്ന കാഴ്ച ഇതിഹാസങ്ങളിലുണ്ട്.
റിപ്പബ്ലിക്കിന്റെ ഭൂപടത്തിനു പുറത്ത് നൈതിക സാന്നിദ്ധ്യമായി നില്‍ക്കുന്ന കവിയുടെ കാല്‍പ്പാട് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളിലുടനീളം കാണാം. ഇന്ത്യയെന്ന വികാരം എന്നദ്ദേഹം തന്റെയൊരു സമാഹാരത്തിനു പേരിട്ടിരുന്നു. ഇന്ത്യയെന്ന വികാരത്തിന്റെ സാക്ഷാല്‍ക്കാരമായി കവി അടയാളപ്പെടുത്തുന്നത് കാളിദാസനെയും ജയപ്രകാശ് നാരായണനെയുമാണ്. രാഷ്ട്ര സങ്കല്‍പ്പം ഉള്‍ക്കൊണ്ട കവിയുടേയും രാഷ്ട്രീയത്തെ സ്വപ്നസന്നിഭമായി ദര്‍ശനം ചെയ്ത സര്‍വോദയ പ്രവര്‍ത്തകന്റെയും ദേശ സങ്കല്‍പ്പങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ ‘പ്രാണപടം” കവി അടയാളപ്പെടുത്തുന്നത്. ഈ പ്രാണപടത്തിന്റെ കാവലാളാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സങ്കല്‍പ്പത്തിലെ കവി. താന്താങ്ങളുടെ സംസ്‌കാരത്തിന്റെ, ദേശത്തിന്റെ പ്രാണപടം ബോധത്തില്‍ സൂക്ഷിക്കുന്നവര്‍ തനിക്കേറ്റവും പ്രിയപ്പെട്ടവര്‍ എന്നദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. വ്യാസനും സോഫക്ലീസും യേറ്റ്‌സും ടാഗോറും ഇടശ്ശേരിയും വൈലോപ്പിള്ളിയും അക്കൂട്ടരില്‍ പെടും. അവര്‍ വഴികാട്ടികളാണെങ്കില്‍ ചെറുനുണ മാത്രമാണ് തന്റെ കവിത എന്നദ്ദേഹം പറയുന്നുണ്ടെങ്കിലും ”ഉയിര്‍ച്ചൂടായ” തന്റെ കവിതയുടെ ലക്ഷ്യമെന്തെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ”സ്വാതന്ത്ര്യത്തിനു കാവലിരിപ്പൂ കവിത!/പെരുവയലാല്‍ അടിമത്തം കാണാ-/ക്കണ്ണികള്‍ നീര്‍ത്തിവിരിക്കും/ പകലറുതിക്കിതു രക്ഷാകവചം/പാരിനിതല്ലോ വേദം!” എന്ന് ഐറിഷ് എഴുത്തുകാരെ മുന്‍നിര്‍ത്തി എഴുതിയത് (കയ്യൊപ്പുമരം) തന്റെ കാവ്യസങ്കല്‍പ്പത്തെക്കുറിച്ച് തന്നെയാണ്.
ഒരാദ്യകാല കവിതയില്‍ (വര്‍ഷം വരുന്നു) തന്റെ മനതാരിലെ മയിലിനോട് കവി പറയുന്നുണ്ട്; ”നാളത്തെ മര്‍ത്തന്യനെഴുന്നള്ളുമ്പോള്‍, വഴിതന്‍/മാളങ്ങളില്‍ നുഴയും ഭീകര വിഷജീവികളെ/നീ കൊത്തിനുറുക്കുക, മാര്‍ഗ്ഗമൊരുക്കുക, മയിലേ!/ പഴകിയ കന്മതിലു കുതിര്‍ന്നു വിറച്ചെന്നാലും/പുതുമഴയാല്‍ മണ്ണിന്‍ ചേതന പുളകം കൊള്‍കൂ;/ പുതുവെട്ടം ജീവനില്‍, നൂതനശക്തികള്‍ സിരയില്‍!/ ഇടിനാദമനന്തത തന്നില്‍ മുഴങ്ങീടുന്നു;/ തുടരുക, തുടരുക നിന്‍ നിര്‍ഭയ നടനം മയിലേ!” ഈ നിര്‍ഭയ നടനം സാധ്യമാകുന്നത് കവിതയുടെ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളതു കൊണ്ടാണ്. എല്ലാ അധികാര ശക്തികള്‍ക്കും – സ്റ്റേറ്റ്, രാഷ്ട്രീയ പാര്‍ട്ടി, മത സംഘടനകള്‍ എന്നിങ്ങനെ പുറത്ത് അവയ്‌ക്കൊക്കെ ബദലെന്ന പോലെ കവിതയ്ക്കുണര്‍ത്താന്‍ കഴിയുന്ന ബദല്‍ രാഷ്ട്രീയമാണ് കവിയെ പ്രജാപതി ആക്കുന്നത്. അതുകൊണ്ട് കാളിദാസന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് മഹാഭാഗനും മഹാസത്വനും, പൂര്‍ണാത്മനും മനീഷിയും മഹാഗുരുവും ആകുന്നത്, (ഹേ കാളിദാസ!) ”കവിത, മതത്തിനു പകരം നില്‍ക്കണമെന്നു പ്രവചിച്ച പണ്ഡിതനോട് എനിക്ക് ആദരം തോന്നുന്നു”, എന്നദ്ദേഹം ഒരു കുറിപ്പില്‍ (എന്റെ കവിത, എന്റെ ദര്‍ശനം) എഴുതുന്നുണ്ട്. അതുകൊണ്ട് കവിതയ്ക്ക്, കവി വഴികാട്ടിയാകേണ്ടതുണ്ട്. അഥവാ, കവി ആ കര്‍മ്മത്തില്‍ നിന്നും പിന്നോക്കം പോകില്ല. ഇടശ്ശേരിയുടെ ഓര്‍മ എന്നൊരു കവിത വിഷ്ണു നാരായണന്‍ നമ്പൂതിരി എഴുതിയിട്ടുണ്ട്. ഇടശ്ശേരിയോടൊപ്പം പൊന്നാനിപ്പുഴ കടക്കവേ ആകാശത്ത് കാറും കോളും നിറയുന്നു. പുഴ കടലാവുന്നു. ഇരുട്ട് പരക്കുന്നു. അപ്പോള്‍ കവിയുടെയും സുഹൃത്തുക്കളുടേയും മുമ്പില്‍ ഇടശ്ശേരി നില്‍ക്കുന്നു – ”നിങ്ങളെയക്കരെയത്തിക്കാതില്ല ഞാന്‍ പിന്നോക്ക, മുറ്റോരേ!/ ഒരു മാത്ര – അലയേക്കാള്‍ പുഴയേക്കാള്‍ കടലേക്കാള്‍ നിലയറ്റൊരാഴത്തില്‍/ഒരു മാത്ര – നക്ഷത്രനിരയേക്കാള്‍ ഉയരത്തില്‍ നില്‍പാണിടശ്ശേരി!” അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ കവിത അവസാനിക്കുമ്പോള്‍, എല്ലായിടത്തും പെരുതായ അഴലു പരക്കവേ, അക്കരെയിക്കരെ കാണാതെ പുഴ നടുവില്‍ പകയ്ക്കവേ കവി ഇടശ്ശേരിയില്‍ തന്നെത്തന്നെ തിരക്കുകയാണ്.
ദേശത്തിന്റെ, ദേശ രാഷ്ട്രീയത്തിന്റെ, വിശദീകരണമാണ് നോവല്‍ എന്നു പറയാറുണ്ട്. കവിതയും ദേശത്തെക്കുറിച്ചുള്ള എഴുത്ത് ആയേക്കാമെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിത നമ്മോട് പറയുന്നു. ദേശ രാഷ്ട്രത്തിനൊപ്പം വളര്‍ന്ന നോവല്‍ എന്ന സാഹിത്യ മാതൃക ദേശ രാഷ്ട്രത്തെ വിശദീകരിക്കുന്നുവെങ്കില്‍ കവിത ദേശ രാഷ്ട്രത്തിന് ബദല്‍ നിര്‍മ്മിക്കുകയാണ്. വ്യാസനും കാളിദാസനും ടാഗോറും ഇടശ്ശേരിയുമൊക്കെ ദീപസ്തംഭങ്ങളായി നില്‍ക്കുന്ന ഒരു സാംസ്‌കാരിക ഭൂപടമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഇന്ത്യ. ബ്രിട്ടീഷുകാര്‍ മനുഷ്യരക്തം കൊണ്ട് വരച്ചുണ്ടാക്കിയ ദേശ രാഷ്ട്രം അല്ല ഈ ഇന്ത്യ. ഇതിഹാസങ്ങളുടെ ദേശി – മാര്‍ഗ്ഗി വഴക്കങ്ങള്‍ കഥയും കവിതയും ധാര്‍മവും ദര്‍ശനവും സംഗീതവും നൃത്തവും വഴി ജനമനസില്‍ ഉറപ്പിച്ച ദേശവികാരമാണ് കവിയുടെ വിചാരങ്ങളിലെ ഇന്ത്യ. തീര്‍ത്ഥസ്ഥലികളും തീര്‍ത്ഥാടന സമ്പ്രദായങ്ങളും യാത്രാപഥങ്ങളും പുരാവൃത്തങ്ങളും ചേരുന്ന സാങ്കല്‍പ്പികമായ മതാത്മക ഇന്ത്യയുടെ ഭൂപടത്തെപ്പറ്റി ഡയാന എക്ക് എഴുതിയിട്ടുണ്ട്. അതിനും മുമ്പ് സമുദ്ര തീര്‍ത്ഥങ്ങളും നദികളും സരസ്സുകളും സന്ദര്‍ശിച്ച് ദേശത്തെ ജീവനലീലയായി കാക്കാസാഹബ് കാലേക്കര്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. ശില്‍പകലയും ഇതിഹാസ കഥാപാത്രങ്ങളും സ്വഭാവ മാതൃകകളായി കണ്ടുകൊണ്ട് ഇന്ത്യയെ കണ്ടെത്താന്‍ ലോഹ്യ ശ്രമിച്ചിട്ടുണ്ട്. കവിയുടെ ഇന്ത്യയും ഇതൊക്കെ പോലെ അനന്യമായി ഇന്ത്യയെന്ന ദേശരാഷ്ട്രത്തിനു പുറത്ത് സ്ഥിതിചെയ്യുന്നു. ഗ്രീക്ക് സംസ്‌കൃതിയിലും കെല്‍റ്റിക് വിശ്വാസങ്ങളിലും അമേരിക്കന്‍ ഇന്ത്യന്‍ സങ്കല്‍പ്പങ്ങളിലുമൊക്കെ വിഹരിച്ച കവി മനസ്സ് തന്റേതായ രീതിയില്‍ ഈ ഇന്ത്യ സങ്കല്‍പ്പത്തെ ആധുനീകരിച്ചിട്ടുണ്ട്. വിചാരം ഭാരതീയമായിരിക്കുമ്പോഴും ഈ കവിയുടേത് ഒരു കോസ്‌മോപോളിറ്റന്‍ ലോകമാണ്.
വേദസംസ്‌കൃതിയെ പാരമ്പര്യമായി കാണുന്ന കവി താന്‍ ആധുനികനാകുന്നത് എങ്ങിനെയെന്ന് വിശദീകരിച്ചിട്ടുണ്ട്: ”ഏതനുഭവവും എന്നിലേക്കൊതുങ്ങി ലയിക്കണമെങ്കില്‍ എന്റെ പാരമ്പര്യത്തിന്റെ ബലിഷ്ഠ ദീര്‍ഘബാഹുക്കള്‍ക്കൊണ്ട് അതിനെ ആലിംഗനം ചെയ്ത് എന്നോട് ചേര്‍ക്കണമെന്ന് തോന്നുന്നു. ആധുനിക സംവേദനങ്ങളോട് ഇടയുമ്പോള്‍ എന്റെയുള്ളില്‍ ഉന്മിഷത്താകുന്നത് എന്നിലേറ്റവും ശക്തവും അടിസ്ഥാനപരവുമായതെന്തോ ആ പാരമ്പര്യമാണ്. എന്റെ ഡി.എന്‍.എയിലുള്ള അതിന്റെ നിയന്ത്രണങ്ങളില്‍നിന്ന് എനിക്ക് ആത്യന്തികമായ മോചനം ഇല്ല. ദേശാന്തരങ്ങളിലെ വായുവും വെളിച്ചവും എനിക്ക് ഉള്‍ക്കൊണ്ട് വിടരാനുള്ള കരുത്താര്‍ജ്ജിക്കണമെങ്കില്‍ ഒരു പീഠഭൂമിയില്‍ എനിക്ക് വേരോട്ടമുണ്ടായിരിക്കണം. എല്ലാ കവികളും ഇങ്ങനെ സാംസ്‌ക്കാരികമായൊരു തടത്തില്‍ വേരുറച്ചു നില്‍ക്കുന്നവരാണെന്നു തോന്നുന്നു. അത് അവരുടെ സങ്കുചിതത്വമാണെന്ന് തോന്നുന്നില്ല. ഇഖ്ബാലിനു മുസ്‌ലീമാകാനും ദാന്തേക്കു ക്രിസ്ത്യാനിയാകാനും കാളിദാസനു ശൈവനാകാനും കഴിഞ്ഞതുകൊണ്ടാണ് അവര്‍ക്ക് തലമുറകളോട് സംസാരിക്കാനുള്ള നാവുണ്ടായത്. ഞാണറ്റ വില്ലിന്റെ മുനപോലെ, നാടിന്റെ ആത്മസത്ത നിവര്‍ന്നുണരുകയാവാം, കവികളില്‍.” (എന്റെ കവിത, എന്റെ ദര്‍ശനം)
സ്വതന്ത്ര ഇന്ത്യ ‘തീപിടിച്ച പുര’ യായി മാറിയ എഴുപതുകളില്‍ എഴുതിയ ഒരു കവിതയില്‍ അദ്ദേഹം വിചാരിക്കുന്നത് ഇങ്ങനെ: ”കിണറ്റിലീ മണ്ണിന്‍ ഉറവയുണ്ടതില്‍/കുളിര്‍ക്കുകയില്ലേതു കനല്‍? പക്ഷേ, കോരി-/യെടുക്കും വിദ്യ നാം മറന്നുപോയല്ലോ!”. അറുപതുകളില്‍ എഴുപതുകളില്‍ എഴുതിയ ഒരുപാട് കവിതകളില്‍ മുഖം നഷ്ടപ്പെട്ട ജനതയെക്കുറിച്ചുള്ള അമ്പരപ്പ് നമുക്ക് കാണാം. അക്കൂട്ടത്തില്‍ താനുമുണ്ടെന്ന് കവി കണ്ടെത്തുന്നുണ്ട്. സ്വാതന്ത്ര്യദിന ചിന്തകള്‍, 1973 എന്ന കവിതയിലാകട്ടെ പടരുന്ന ഇരുട്ട് കണ്ട് ”പാതതന്‍ കാണാത്തൊരറ്റത്ത് നാളമൊന്നുണ്ടെന്നുറപ്പു നല്‍കൂ!” എന്ന് കവി ആവശ്യപ്പെടുന്നുണ്ട്. തൂണു പിളര്‍ന്ന് വരുന്നത് ദേവനാണോ ദൈത്യനാണോ മര്‍ത്ത്യനോ ജന്തുവോ എന്ന അങ്കലാപ്പിലാണ് കവിത അവസാനിക്കുന്നത്.
കിണറ്റിലെ ഉറവ, അവ കോരിയെടുക്കും വിധം ആ അന്വേഷണം പിന്നീടുള്ള കവിതകളില്‍ കാണാം. കവിതയും കവിത പോലുള്ള ജീവിതങ്ങളും തന്നെയാണ് വഴികാട്ടിയാവുന്നത്. ജയപ്രകാശ് നാരായണനും ദലൈലാമയും യുഗള പ്രസാദനും (നീ വളമായ് ചീയുകയാല്‍ ഈ മേദിനി എന്നൊരു ധാത്രി) ഗംഗാനാരായണനും ബ്രഹ്മദത്തനും മിത്രാവതിയും മേധാപട്കറുമൊക്കെ അങ്ങനെ കവിതയിലെത്തുന്നുണ്ട്, ”അവ്യക്തത്തിലുണര്‍ന്നാദിപ്പൊരുള്‍ പൊന്തി വിരിഞ്ഞപോല്‍” ധ്യാനം വിട്ടെഴുന്നേറ്റ് കാലവ്യാഘ്രത്തെ ഇണക്കി അരുവിപ്പുറം സൃഷ്ടിക്കുന്ന ”നാരായണ മഹാമുനി”യും (മഹാപഥം എന്ന കവിത) ഇക്കൂട്ടത്തില്‍ പെടും.
ഈ കവിതകളില്‍ തെളിഞ്ഞു കാണുന്ന നൈതിക ദര്‍ശനം തന്നെയാണ് ആ കവിതയുടെ രാഷ്ട്രീയം, ഇന്ത്യ എന്ന വികാരം കവിതയുടെ രാഷ്ട്രീയ വിചാരമാകുന്നു. ദേശരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയുള്ള രാഷ്ട്രീയ പടയൊരുക്കങ്ങളെ, സാമ്പത്തിക മുതലെടുപ്പുകളെ വികസന മാതൃകകളെ ഈ കവിത പ്രതിസ്ഥാനത്തു നിര്‍ത്തുന്നു, മാളവത്തില്‍ (കാളിദാസന്റെ ജന്മദേശം) വേനല്‍ കൊടുമ്പിരികൊള്ളുമ്പോള്‍ മഴമേഘങ്ങളെ പടയണിയായി ചേരാന്‍ കവി വിളിക്കുന്നുണ്ട് (ഉജ്ജയിനിയിലെ രാപ്പകലുകള്‍). ”ഞങ്ങള്‍ നാടുവാഴാന്‍ വാളെടുത്ത വെളിച്ചപ്പാടുകളല്ല/നാലു പുത്തന്നറ വില്‍ക്കും വിദഗ്ധരല്ല/പൊടിയണിക്കൂന്തല്‍ മീതേ ഒഴിഞ്ഞ കുടം പേറും/ ഒരു കന്യ: തുരുമ്പിക്കുമൊരു കലപ്പ;/ തളിര്‍നാമ്പു നുള്ളിടുമ്പോള്‍ വിറകൊള്ളും കരം;/ അന്തിക്കറിയാതെ കൂമ്പുമുള്ളില്‍ കിനിയും മൗനം. / ഇതാ ചിന്തകളാല്‍ ധൂമം, വെളിവിനാല്‍ തീപ്പൊരികള്‍/അലിവിനാല്‍ കുളിര്‍വെള്ളം, പ്രാണനാല്‍ കാറ്റും;/ ഉയിര്‍ക്കൊള്‍ക, കൊഴുത്തുയര്‍ന്നാഴി തൊട്ടകളയോളം/പരക്കെ മണ്ണിലേക്കഭിസരിക്ക വീണ്ടും!” മാളവം ഇന്ത്യ തന്നെയാകുന്നു, പ്രജാപതി കാളിദാസനും ഹിമാലയമോ എത്തിച്ചേരേണ്ടുന്ന നൈതിക സങ്കല്‍പം. റിപ്പബ്ലിക്കിനു പുറത്തു തന്നെ നില്‍ക്കണം കവി, എങ്കില്‍ മാത്രമേ മാളവത്തില്‍ വര്‍ഷം ഉറപ്പാക്കാനാവൂ. റിപ്പബ്ലിക് നേര്‍വഴിക്ക് നടക്കുകയുള്ളൂ.
(വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വൈഷ്ണവം എന്ന സമാഹാരത്തെ മുന്‍നിര്‍ത്തി ഒരു വിചാരം)
- പാഠഭേദം മാസികയുടെ 2014 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ എക്സ്പ്രസിന്റെ അസോസിയേറ്റ് എഡിറ്ററാണ് അമൃത് ലാല്‍
The post പ്രാണപടത്തിന്റെ കാവലാൾ appeared first on Indian Express Malayalam.