പുതുച്ചേരി
കോവിഡ് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി എൻ രങ്കസ്വാമി മടങ്ങിയെത്തിയതോടെ പുതുച്ചേരിയിൽ മന്ത്രിസഭാ വികസന ചർച്ച തുടങ്ങി. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞചെയ്തത്. തുടർന്ന്, കോവിഡ് ബാധിച്ച് ആശുപത്രിയിലാകുകയുംചെയ്തു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം തിരിച്ചെത്തിയത്.
മുഖ്യമന്ത്രിക്കുപുറമെ മൂന്ന് മന്ത്രിസ്ഥാനത്തിനായി എൻആർ കോൺഗ്രസും ഉപമുഖമന്ത്രിയടക്കം മൂന്നു മന്ത്രി സ്ഥാനമെന്ന നിലപാടിൽ സഖ്യകക്ഷിയായ ബിജെപിയും ഉറച്ചുനിൽക്കുകയാണ്. ബിജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം അനുവദിക്കുന്നതിൽ രങ്കസ്വാമിക്ക് യോജിപ്പില്ല. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരേ പാടുള്ളൂ. ബിജെപിക്ക് രണ്ട് മന്ത്രിസ്ഥാനമാണ് എൻആർ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക കേന്ദ്ര ആഭ്യന്തരവകുപ്പിന് സമർപ്പിച്ച് അംഗീകാരം ലഭിച്ചാലേ സത്യപ്രതിജ്ഞ നടക്കൂ.
താൽക്കാലിക സ്പീക്കറായി ലക്ഷ്മീനാരായണനെ നിയമിക്കുന്നതിനുള്ള നിർദേശം ഇതുവരെ ലെഫ്. ഗവർണർ അംഗീകരിച്ചിട്ടില്ല. മന്ത്രിമാരുടെ പട്ടിക സമർപ്പിച്ചശേഷം അനുമതിയെന്ന നിലപാടിലാണ് ലെഫ്. ഗവർണർ.