തിരുവനന്തപുരം: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകുന്നത് സംബന്ധിച്ച് അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ കോവിഡ് വാക്സിൻ നൽകുന്നില്ല. അവരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോൾ പരീക്ഷണം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവർക്ക് വാക്സിൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശാവർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കും.
18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ വിഭാഗത്തിലുള്ളവരിൽ ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കാണ് വാക്സിൻ നൽകുക. അവർ കേന്ദ്രസർക്കാരിന്റെ കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അവിടെ സമർപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് www.covid19.kerala.government.in/vaccine എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും അവിടെ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുകയും വേണം.
അതോടൊപ്പം വെബ്സൈറ്റിൽ നിന്ന് കോ-മോർബിഡിറ്റി സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്ത് രജിസ്ട്രേഡ് മെഡിക്കൽ പ്രാക്റ്റീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. അതിന് പകരം മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റോ രേഖയോ സമർപ്പിച്ചാൽ അപേക്ഷ തള്ളിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 50178 പേരാണ് അപേക്ഷ സമർപ്പിച്ചത്. 45525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നവർ നിർദേശം തെറ്റുകൂടാതെ പാലിക്കാൻ ശ്രദ്ധിക്കണം. ചില പരാതികൾ, പ്രായോഗിക പ്രശ്നങ്ങൾ എന്നിവ ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും അവ പരിഗണിച്ച് എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുള്ള ആഗോള ടെണ്ടർ നടപടികൾ ആരംഭിക്കുകയാണെന്നും ടെണ്ടർ നോട്ടിഫിക്കേഷൻ ഇന്ന് തന്നെ ഇറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് കോടി ഡോസ് വിപണിയിൽ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Content Highlights: Covid Vaccine for pregnant and lactating women