കൊച്ചി > ബദൽ വികസനവും ക്ഷേമവും വാഗ്ദാനം ചെയ്ത് ട്വന്റി 20 അധികാരംപിടിച്ച ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വൻ വീഴ്ച. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ വാർഡുതല ജാഗ്രതാസമിതികളും സിഎഫ്എൽടിസികളും ഡിസിസികളും സ്ഥാപിച്ചപ്പോഴും ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകൾ അതിന് തയ്യാറായില്ല. ഈ പഞ്ചായത്തുകളിൽ രോഗവ്യാപനവും മരണനിരക്കും കൂടിയിട്ടും നിയോജകമണ്ഡലംതലത്തിൽ നടന്ന കൂടിയാലോചനകളിൽനിന്നുപോലും പഞ്ചായത്ത് ഭരണനേതൃത്വം വിട്ടുനിന്നതും പ്രതിഷേധമുയർത്തുന്നു.
തുടക്കംമുതൽ സർക്കാർ സംവിധാനങ്ങളുമായി നിസഹകരിച്ചാണ് ട്വന്റി 20 പഞ്ചായത്ത് സമിതികളുടെ പ്രവർത്തനം. ഏതാനും മാസംമുമ്പ് കുന്നത്തുനാട് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽനിന്നുപോലും പഞ്ചായത്ത് പ്രസിഡന്റും ട്വന്റി 20 അംഗങ്ങളും വിട്ടുനിന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും ഇതുതന്നെയാണ് തുടരുന്നത്.
ട്വന്റി 20 തുടർച്ചയായി ഭരണത്തിലേറിയ കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ ദിവസംമാത്രമാണ് സിഎഫ്എൽടിസി പ്രവർത്തനമാരംഭിച്ചത്. അതും നിയുക്ത എംഎൽഎ പി വി ശ്രീനിജിന്റെ നേതൃത്വത്തിൽ. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ദളിത് വിഭാഗക്കാരനായ യുവാവ് കോവിഡ് ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ തൊഴുത്തിൽക്കിടന്ന് പിന്നീട് മരിച്ച സംഭവവുമുണ്ടായി. സിഎഫ്എൽടിസി സ്ഥാപിക്കാനാവശ്യമായ വിവരങ്ങൾ ആരാഞ്ഞ് മൂന്നുമാസംമുമ്പ് ആരോഗ്യവിഭാഗം കത്തെഴുതിയിട്ടും പഞ്ചായത്തിൽനിന്ന് മറുപടി ലഭിച്ചില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. എൺപതിലേറെപ്പേരാണ് പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്.
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കലക്ടറുടെ കർശന നിർദേശത്തിലാണ് കുന്നത്തുനാട് പഞ്ചായത്തിൽ 30 കിടക്കകളുള്ള ഡിസിസി തുറന്നത്. പ്രതിപക്ഷാംഗങ്ങളുടെ ഇടപെടലിലൂടെ ഒരു പൊതു അടുക്കളയും കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചു. പ്രതിപക്ഷ വാർഡുകളിൽമാത്രമാണ് ജാഗ്രതാസമിതികളുള്ളത്. 465 കോവിഡ് രോഗികളാണ് ഇപ്പോഴുള്ളത്. 24 പേർ മരിച്ചു. മുഴുവൻ സീറ്റിലും ട്വന്റി 20 ജയിച്ച ഐക്കരനാട് പഞ്ചായത്തിൽ പി വി ശ്രീനിജിന്റെ നേതൃത്വത്തിലാണ് 100 കിടക്കകളുള്ള സിഎഫ്എൽടിസിയും 50 കിടക്കയുള്ള ഡിസിസിയും സ്ഥാപിച്ചത്. കടയിരുപ്പ് ആശുപത്രിയിലെ സംവിധാനങ്ങളാണ് അതുവരെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. നിലവിൽ ഇരുനൂറോളം കോവിഡ് രോഗികളുണ്ട്. 12 പേർ മരിച്ചു.
മഴുവന്നൂർ പഞ്ചായത്തിൽ നാൽപ്പതോളംപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ അഞ്ഞൂറോളം രോഗികളുണ്ട്. എന്നിട്ടും സിഎഫ്എൽടിസി ആരംഭിച്ചിട്ടില്ല. ഒരു ഡിസിസി അടുത്തിടെ പ്രവർത്തനമാരംഭിച്ചതൊഴിച്ചാൽ വാർഡുതല ജാഗ്രതാസമിതികളോ ഏകോപന സംവിധാനമോ ഇല്ല.
ട്വന്റി 20 അംഗങ്ങൾക്കിടയിലെ ഭിന്നതയും എകോപനമില്ലായ്മയും ഭരണപരിചയക്കുറവുമാണ് കോവിഡ് പ്രതിരോധം പാളാൻ പ്രധാനകാരണമെന്ന് ഈ പഞ്ചായത്തുകളിലെ പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. ട്വന്റി 20ക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനി എംഡിക്ക് താൽപ്പര്യമില്ലാത്തവരെ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കോലഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷൻ വനിതാ അംഗം രാജിക്കൊരുങ്ങിയിരുന്നു.