തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി. ഗുജറാത്ത്, ദിയു തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ടൗട്ടേ കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 15 കി.മീ വേഗതയിൽ വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് രാവിലെ 8.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ18.8°N അക്ഷാംശത്തിലും 71.5°E രേഖാംശത്തിലും എത്തിയിരിക്കുന്നു.
മുംബൈ തീരത്തുനിന്ന് 150 കി.മീ പടിഞ്ഞാറ് മാറിയും, തെക്ക് കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 260 കി.മീയും ദിയുവിൽ നിന്ന് 220 കി.മീ തെക്ക് -തെക്കു കിഴക്കായും പാകിസ്താനിലെ കറാച്ചിയിൽ നിന്നും 490 കി.മീ കിഴക്കു-തെക്കു കിഴക്കു ദിശയിലുമാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.
അതിതീവ്ര ചുഴലിയായി മാറിയ ടൗട്ടേ വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് രാത്രി 8 മണിയ്ക്കും 11 മണക്കും ഇടയിൽ ഗുജറാത്തിലെ പോർബന്തർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വരെ വേഗതയിൽ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മുൻകരുതലിന്റെ ഭാഗമായി മുംബൈ വിമാനത്താവളം വൈകീട്ട് നാലു മണി വരെ അടച്ചിട്ടുണ്ട്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നും തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.