തിരുവനന്തപുരം: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണി യോഗം ചർച്ച ചെയ്തു തീരുമാനിച്ചതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സിപിഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം മന്ത്രിസ്ഥാനം നൽകാൻ ധാരണയായി. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിൽ മുന്നണിയിലെ ഘടകകക്ഷികൾ രണ്ടര വർഷം വീതം ടേം അടിസ്ഥാനത്തിൽ ഭരിക്കും. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവർ ആദ്യ ടേമിലും കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് പ്രതിനിധികൾ രണ്ടാമത്തെ ടേമിലും ഭരിക്കും. സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി ചേരുന്ന എൽഡിഎഫ് യോഗമാണ് ഇത്. വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു. എല്ലാ വിഭാഗത്തിനും പങ്കാളിത്തം നൽകിക്കൊണ്ടുള്ള സർക്കാർ രൂപീകരിക്കാനാണ് മുന്നണി ശ്രമം. മെയ് 18ന് വൈകുന്നേരം എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന് ഗവർണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിർദേശങ്ങൾ വാങ്ങും.
കോവിഡ് പശ്ചാത്തലത്തിൽ ആൾകൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.