മലപ്പുറം: അർധരാത്രിയോടെ നിലവിൽ വരുന്ന മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജില്ലാ അധികൃതർ പുറത്തിറക്കി.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ പ്രവർത്തിക്കൂ. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. രാത്രി ഏഴിന് ഹോട്ടലുകൾ അടക്കണം. അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം കരുതണം.
റേഷൻ കാർഡ് നമ്പർ അവസാന ഒറ്റ അക്കം ആയവർ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും അവസാന അക്കം ഇരട്ട അക്കം ആയവർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ പാടുള്ളൂ. കാർഡ് കൈവശമില്ലാത്തവർ സത്യവാങ്മൂലം കൈവശം കരുതണം തുടങ്ങിയ നിയന്ത്രമങ്ങളാണ് ഉള്ളത്.
യാത്രയുമായി ബന്ധപ്പെട്ട്
1. മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു.
2. 10 വയസിന് താഴെയുള്ളവർ , 60 വയസിന് മുകളിലുള്ളവർ എന്നിവർ അവരുടെ അടിയന്തിര മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല.
3. അവശ്യവസ്തുക്കൾ വാങ്ങിക്കുവാൻ പോവുന്ന പൊതുജനങ്ങൾ നിർബന്ധമായും കയ്യിൽ റേഷൻ കാർഡ് കരുതേണ്ടതാണ് .
4. ജില്ലാ പരിധിയിലെ ഹൈവേയിലൂടെ കടന്ന് പോകുന്ന ദീർഘദൂര യാത്രാവാഹനങ്ങൾ ജില്ലയിൽ നിർത്താൻ പാടുള്ളതല്ല.യാത്രാവേളയിൽ നിയമാനുസൃത പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്.
5. ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്.
സ്ഥാപനവുമായി ബന്ധപ്പെട്ട്
6. കോവിഡ് 19 രോഗനിർവ്യാപന / പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ , അവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവർത്തിപ്പിക്കുവാൻ പാടുളളു. ജീവനക്കാർ അവരുടെ സ്ഥാപന മേധാവി നൽകുന്ന ഡ്യൂട്ടി ഓർഡർ , ഐഡി കാർഡ് എന്നിവ യാത്രാ വേളയിൽ കൈവശം സൂക്ഷിക്കേണ്ടതാണ്.
7. പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ അകത്തും പുറത്തും കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കുന്നതിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം സ്ഥാപന / ബ്രാഞ്ച് മേധാവിക്കായിരിക്കും. ഇക്കാര്യത്തിലുള്ള അലംഭാവം ഗുരുതരമായി കണക്കാക്കുന്നതാണ്.
8. ബാങ്ക് , ഇൻഷൂറൻസ് സ്ഥാപനങ്ങൾ എന്നിവ തിങ്കൾ , ബുധൻ , വെള്ളി എന്നീ ദിവസങ്ങളിൽ ഏറ്റവും കുറവ് ജീവനക്കാരെ വെച്ച് , കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് രാവിലെ 10.00 മണി മുതൽ ഉച്ചക്ക് 01.00 മണി വരെ പ്രവർത്തിക്കാവുന്നതാണ് . ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.
9. ആശുപത്രികൾ , മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ / വ്യവസായങ്ങൾ , മെഡിക്കൽ ലാബ് , ഭക്ഷ്യ – അനുബന്ധ വ്യവസായങ്ങൾ, മീഡിയ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കാവുന്നതാണ് .
അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട്
10. പാൽ, പത്രം ,മത്സ്യം , മാംസം എന്നിവ രാവിലെ 08.00 മണിക്കകം വിതരണം പൂർത്തിയാക്കേണ്ടതാണ് . പാൽ സംഭരണം രാവിലെ 08.00 മണി വരേയും വൈകുന്നേരം 03.00 മണി മുതൽ വൈകുന്നേരം 05.00 മണി വരേയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തുന്നത് അനുവദനീയമാണ്.
11. റേഷൻ കടകൾ, ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങൾ (മിൽമ സ്ഥാപനങ്ങൾ ഉൾപ്പെടെ) ഉച്ചയ്ക്ക് 02.00 മണി വരെ മാത്രമെ പ്രവർത്തിപ്പിക്കുവാൻ പാടുളളു.
12. ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി / ഓൺ ലൈൻ പേമെന്റ് എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതാണ്.
13. ക്വാറണ്ടീനിൽ കഴിയുന്നവർ യാതൊരു കാരണവശാലും പുറത്തിറങ്ങാൻ പാടുള്ളതല്ല. അവർക്കും റേഷൻ കാർഡ് ഇല്ലാത്തവർക്കും വേണ്ട മരുന്ന് / ഭക്ഷണ സാധനങ്ങൾ ഞഞഠ അംഗങ്ങൾ അവരുടെ വീടുകളിൽ എത്തിക്കേണ്ടതാണ്. ഞഞഠ അംഗങ്ങൾക്ക് (ഒരു വാർഡിന് പരമാവധി 05 എന്ന കണക്കിൽ ) തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇൻസിഡെന്റ് കമാണ്ടർ (തഹസ്സിൽദാർ) പ്രവർത്തന പരിധി രേഖപ്പെടുത്തിയ പാസ്സ് നൽകേണ്ടതാണ്. മറ്റ് പാസ്സുകൾക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. ട്രോമാ കെയർ വളണ്ടിയർമാർക്ക് സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ് . മറ്റ് വളണ്ടിയർമാർക്ക് പ്രവർത്തന പരിധി രേഖപ്പെടുത്തിയ പാസ്സ് തഹസ്സിൽദാർ നൽകേണ്ടതാണ്
14. പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങൾ പുലർച്ചെ 03.00 മണി മുതൽ രാവിലെ 07.00 മണി വരെ പ്രവർത്തിപ്പിക്കുവാൻ പാടുളളു.
15. പൊതു ഇടങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അണുവിമുക്തമാക്കേണ്ടതാണ് . തുറന്ന് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകൾ ദിവസവും അണുവിമുക്തമാക്കേണ്ടതാണ്. പൊതു മാർക്കറ്റുകളിലേക്കുള്ള പ്രവേശനം / പുറത്ത് കടക്കൽ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തേണ്ടതാണ് . പ്രവേശന കവാടത്തിൽ , തെർമൽ സ്കാനിംഗ് , സാനിറ്റൈസേഷൻ എന്നിവക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ് . മേൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇൻസിഡെന്റ് കമാണ്ടർ / പോലീസ് / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
16. പൊതുജനങ്ങൾ നിബന്ധനകൾ പാലിച്ച് കൊണ്ട് അവശ്യ വസ്തുക്കൾ വാങ്ങി പോകുന്നതിനുള്ള സൗകര്യങ്ങൾ പോലീസ് ചെയ്ത് കൊടുക്കേണ്ടതാണ്.
17. തിങ്കൾ , ബുധൻ , വെള്ളി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തിൽ വരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തിൽ വരുന്ന കാർഡുടമകൾക്കും അവശ്യവസ്തുക്കൾ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കുന്നതാണ് .
18. റേഷൻ കാർഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല. അവശ്യവസ്തുക്കൾ വാങ്ങുന്നതിന് ഒരു റേഷൻ കാർഡ് ഉപയോഗിച്ച് ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ഒരു ദിവസം പുറത്തിറങ്ങാൻ പാടുകയുള്ളൂ.
19. ഹോട്ടലുകൾ / സാമൂഹിക അടുക്കളകൾ ഹോം ഡെലിവറിക്കായി മാത്രം രാവിലെ 07.00 മണി മുതൽ രാത്രി 07.00 മണി വരെ പ്രവർത്തിക്കാവുന്നതാണ് . വിതരണക്കാർ മാസ്ക് , ഗൗസ് , സാനിറ്റൈസർ മുതലായവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ഥാപനത്തിൽ നിന്ന് നേരിട്ടുള്ള വിതരണം / പാർസൽ സർവ്വീസ് അനുവദനീയമല്ല .
20. പ്രവർത്താനുമതിയുള്ള സ്ഥാപനങ്ങൾക്കകത്ത് ഉപഭോക്താക്കൾ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതാണ് . സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി 05 പേർ മാത്രമേ അനുവദിക്കുകയുള്ളു. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്കിടയാക്കുന്നതാണ് .
21. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാകലം പാലിക്കുന്നതിലേക്കായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങൾ (45cm diameter circles)രേഖപ്പെടുത്തേണ്ടതാണ് . ഈ അടയാളങ്ങൾ തമ്മിൽ കുറഞ്ഞത് 150 രാ അകലം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ സാനിറ്റെസർ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുളള സൗകര്യം ക്രമീകരിക്കേണ്ടതാണ് . എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതുമാണ്.
22. മാസ്ക് ധരിക്കാത്തവർക്ക് സാധനങ്ങൾ കൊടുക്കാൻ പാടുള്ളതല്ല
23. മേൽ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കിൽ പ്രസ്തുത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കുന്നതാണ് .
24. വഴിയോര കച്ചവടം , വീടുകൾ തോറും കയറിയിറങ്ങിയുള്ള വിൽപന എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
മറ്റ് നിബന്ധനകൾ
25. ഹാർബർ പ്രവർത്തിപ്പിക്കുവാൻ പാടുളളതല്ല.മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു.
26. പെട്രോൾ പമ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കാവുന്നതാണ് .
27. വിവാഹ ചടങ്ങുകൾ പരമാവധി മാറ്റി വെക്കേണ്ടതാണ്. ഒഴിവാക്കാനാവാത്ത വിവാഹങ്ങളും മരണാന്തര ചടങ്ങുകളും പരമാവധി 20 ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തേണ്ടതാണ്. മറ്റ് യാതൊരു വിധ ഒത്ത് കൂടലുകളും പാടില്ലാത്തതാണ് .
28. ജില്ലയിൽ ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
29. നിലവിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പൊതുനിർമ്മാണ പ്രവൃത്തികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തുടരുവാൻ അനുവദിക്കുന്നതാണ്.
30. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ എന്നിവ അനുവദിക്കുന്നതാണ്.
31. നെല്ല് സംഭരണം അനുവദനീയമാണ്.
32. എൽ പി ജി വിതരണം അനുവദിക്കുന്നതാണ് . വിതരണക്കാർ മാസ്ക് , ഗൗസ് , സാനിറ്റൈസർ മുതലായവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.
33. ബന്ധപ്പെട്ട വകുപ്പ് / ഏജൻസികൾക്ക് പച്ചക്കറി / ധാന്യ സംഭരണം നടത്താവുന്നതാണ്.ഞഞഠ വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പച്ചക്കറി വീടുകളിൽ എത്തിക്കാവുന്നതാണ്.
34. ദുരിതാശ്വാസം / ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ അനുവദനീയമാണ്. ദുരന്ത മേഖല സന്ദർശനം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
മുകളിൽ അനുവദിച്ചിട്ടുള്ള പ്രവൃത്തികളിൽ കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
അവശ്യവസ്തുക്കളുടെ ലഭ്യത സംബന്ധിച്ച ഉറപ്പ് വരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസർ അധിക സ്ക്വാഡുകൾ പ്രവർത്തിപ്പിക്കേണ്ടതാണ്.പ്രസ്തുത സ്ക്വാഡുകൾക്ക് നിയമവിരുദ്ധ പ്രവൃത്തികൾ കണ്ടെത്തുന്ന കടകൾ അടപ്പിക്കാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ് .
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച പൊതു അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ നൽകേണ്ടതാണ്. ഈ ഉത്തരവിലെ നിബന്ധനകൾ / ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി നൽകുന്ന അറിയിപ്പുകൾ മാത്രമേ പ്രചരിപ്പിക്കുവാൻ പാടുള്ളൂ.
മേൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി തടയൽ നിയമം , 2021 ലെ കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ് , ദുരന്ത നിവാരണ നിയമം 2005 , ഐ.പി.സി സെക്ഷൻ 188 എന്നിവ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ ഉത്തരവിലൂടെ വ്യക്തമാക്കി.