പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യതഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽകേരളത്തിൽ വലിയ രീതിയിൽ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷൻ വിലയിരുത്തിയത്. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിലാണ് പ്രളയസാധ്യയുണ്ടെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.
മണിമലയാർ കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷൻ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം. 6.08 മീറ്റർ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റർ ഉയരത്തിലാണെന്നാണ് ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
അച്ചൻകോവിലാറും അപകടനിലയ്ക്ക് മുകളിൽ ഒഴുകികൊണ്ടിരിക്കുന്നു. തുമ്പമൺ എന്ന പ്രദേശത്തുകൂടിയാണ് നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം 10.5 മീറ്റർ ഉയരത്തിലാണ് നദി ഒഴുകുന്നത്. അപകടനിലയ്ക്ക് 0.50 മീറ്റർ മുകളിലാണ് നദി ഒഴുകുന്നതെന്നും ജലകമ്മീഷൻ വ്യക്തമാക്കി.
Content Highlight: Flood warning in kerala by Central Water Commission